തര്‍ജ്ജനി

കഥ

അര നാള്‍

ഈജിപ്ഷ്യന്‍ കഥ

നോബല്‍ സമ്മാനജേതാവായ നജീബ്‌ മഹ്ഫൂസ്‌ കീറോയിലെ ജമാലിയ ജില്ലയിലാണ്‌ ജനിച്ചത്‌. ഈജിപ്തിലെ നിരവധി സര്‍ക്കാരുദ്യോഗങ്ങള്‍ വഹിച്ചിരുന്ന അദ്ദേഹം 1972ല്‍ വിരമിച്ച ശേഷം മുഴുസമയഎഴുത്തുകാരനായി. മുപ്പതിലേറെ നോവലുകളും നൂറിലേറെ ചെറുകഥകളും അറബിസാഹിത്യത്തിനു് സംഭാവന ചെയ്ത മഹ്ഫൂസിനു് 1988ലാണു് നോബല്‍ സമ്മാനം ലഭിച്ചതു്‌. ലോകത്തിലെ പ്രധാനഭാഷകളിലെല്ലാം മഹ്ഫൂസിന്റെ രചനകള്‍ ഇന്നു് ലഭ്യമാണു്‌.

നരജീവിതത്തിന്റെ ക്ഷണികതയെ മനോഹരമായി പ്രതീകവത്ക്കരിക്കുന്ന കഥയാണ്‌. അരനാള്‍. ഒരു മനുഷ്യന്‍ വിദ്യാലയത്തില്‍ ചിലവിടുന്ന ഒരു പ്രഭാതം, ജീവിതവിദ്യാലയത്തിലെ ഒരായുഷ്ക്കാലത്തിന്റെ രൂപകമായി ചിത്രീകരിക്കുന്ന കഥ !

അച്ഛന്റെ വലതുകയ്യില്‍ തൂങ്ങിയാണു് ഞാന്‍ നടന്നതു്‌. നീണ്ടകാലടികള്‍ വെച്ചു് നടക്കുന്ന അച്ഛനോടൊപ്പമെത്താന്‍ പലപ്പോഴും എനിക്കു് ഓടേണ്ടിവന്നു.പുത്തനുടുപ്പാണ്‌ ഞാന്‍ അണിഞ്ഞിരുന്നതു്‌. കറുത്ത ഷൂസും പച്ച യൂണിഫോമും ചുവന്ന തൊപ്പിയും. ഉടുപ്പിന്റെ പത്രാസില്‍ തുള്ളിച്ചാടാനൊന്നും എനിക്കു് തോന്നിയില്ല. കാരണം ഞങ്ങളുടെ യാത്ര സല്ക്കാരത്തിനായിരുന്നില്ല. മറിച്ചു് ഞാന്‍ ആദ്യമായി സ്കൂളില്‍ പോകുന്ന ദിവസമായിരുന്നു അതു്. ഞങ്ങള്‍ പോകുന്നതു് നോക്കിക്കൊണ്ടു് അമ്മ ജനാലയ്ക്കല്‍ തന്നെ നില്പുണ്ടായിരുന്നു. ഞാന്‍ ഇടക്കിടെ അമ്മയെ തിരിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു. 'എന്നെ അയക്കല്ലേ അമ്മേ' എന്ന അപേക്ഷയായിരുന്നു ആ നോട്ടം.

പൂച്ചെടികള്‍ അതിരിട്ടു നില്ക്കുന്ന നിരത്തിലൂടെയാണു് നടത്തം. ഇരുവശത്തും സമൃദ്ധമായി വളരുന്ന തോട്ടങ്ങള്‍. മുള്ളുള്ള സബര്‍ല്ജില്ലി ചെടികള്‍, മെയിലാഞ്ചി മരങ്ങള്‍, ഈന്തപ്പനകള്‍ എല്ലാം വിളഞ്ഞു നില്ക്കുന്നു.

'എന്തിനാണു് സ്കൂളില്‍ പോകുന്നതു് ‌?'
ഞാന്‍ എന്റെ എതിര്‍പ്പു് അച്ചനോടു് തുറന്നു പറഞ്ഞു.
'അച്ഛനെ ബുദ്ധിമുട്ടിക്കുന്ന ഒന്നും ഞാന്‍ ഒരിക്കലും ചെയ്യില്ല'

'ഞാന്‍ നിന്നെ ശിക്ഷിക്കുകയല്ല മോനെ' ചിരിച്ചുകൊണ്ടായിരുന്നു അച്ഛന്റെ മറുപടി.
'സ്കൂള്‍ ഒരു ശിക്ഷയല്ല. അതൊരു ഫാക്ടറി ആണു്‌. കൊച്ചു കുട്ടികളെ ഉത്തമപൗരന്മാരാക്കി വാര്‍ത്തെടുക്കുന്ന ഫാക്ടറി.'
'അച്ഛനെപ്പോലെ, ഏട്ടന്മാരെ പോലെ ആയിത്തീരാന്‍ നിനക്കു് മോഹമില്ലേ?'

എന്നിട്ടും എനിക്ക്‌ ബോദ്ധ്യമായില്ല. ഞാനുമായി അലിഞ്ഞിരിക്കുന്ന വീട്ടില്‍ നിന്നു് എന്നെ പറിച്ചെടുത്തു്‌, ഈ നിരത്തിന്റെ അറ്റത്തു് കാണുന്ന കെട്ടിടത്തിലേക്കു് എന്നെ വലിച്ചെറിയുന്നതു് ഒരു നല്ല കാര്യമാണെന്നു് എനിക്കു് തോന്നിയതേയില്ല. കനത്ത മതില്ക്കെട്ടിനകത്തു് ഭീമാകാരമായ കോട്ടപോലെ നില്ക്കുന്ന ആ കെട്ടിടം എന്നെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.

ഗേറ്റിലെത്തിയപ്പോള്‍ ആദ്യം കണ്ടതു് വിശാലമായ മുറ്റം. നിറയെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും.

'മോന്‍ അകത്തേക്കു പൊയ്ക്കോളൂ.' അച്ഛന്‍ പറഞ്ഞു. 'അവരോടൊപ്പം ചേരൂ. മുഖത്തു് ഒരു പുഞ്ചിരി വരട്ടെ. മോന്‍ മറ്റുള്ളവര്‍ക്കു് ഒരു മാതൃകയാവണം.'

ഞാന്‍ മടിച്ചു നിന്നു. അച്ഛന്റെ കയ്യില്‍ മുറുകെ പിടിച്ചു. പക്ഷേ അദ്ദേഹം പതുക്കെ എന്നെ തള്ളി മാറ്റി.

'ആണുങ്ങളെപ്പോലെ ചെല്ലടാ' അച്ഛന്‍ പറഞ്ഞു. 'ഇന്നാണു് സത്യത്തില്‍ നീ ജീവിതം തുടങ്ങുന്നതു്‌. തിരിച്ചു പോകാന്‍സമയമാവുമ്പോള്‍ അച്ഛന്‍ ഇവിടെയുണ്ടാകും.'

ഞാന്‍ ഒന്നു രണ്ടടികള്‍ മുമ്പോട്ടു് നടന്നു. പെട്ടെന്നു് നിന്നു. പിന്നെ തിരിഞ്ഞു നോക്കുമ്പോള്‍ പിറകില്‍ ആരുമില്ല. പിന്നെ കുട്ടികളുടെ മുഖങ്ങള്‍ മാത്രം. എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു. അവരില്‍ ആരേയും എനിക്കറിഞ്ഞുകൂടാ. ആര്‍ക്കും എന്നേയും അറിഞ്ഞുകൂടാ. വഴിതെറ്റി വന്ന ഒരപരിചിതനെപ്പോലെ അവര്‍ക്കിടയില്‍ ഞാന്‍ നിന്നു. പക്ഷേ ആകാംഷ നിറഞ്ഞ അനേകം കണ്ണുകള്‍ എന്റെ നേരെ നീണ്ടുവന്നു.

ഒരാണ്‍കുട്ടി അടുത്തേക്കു വന്നു് ചോദിച്ചു
'ആരാ നിന്നെ കൊണ്ടുവന്നതു് ‌?'
'എന്റെ അച്ഛന്‍'- ഞാന്‍ പതുക്കെ പറഞ്ഞു.

'എന്റെ അച്ഛന്‍ മരിച്ചുപോയി'-നിസ്സാരമട്ടിലാണു് ആ കുട്ടി പറഞ്ഞതു്‌.

പിന്നെന്താണു് പറയേണ്ടതെന്നു് എനിക്കറിയുമായിരുന്നില്ല. അപ്പോഴേക്കും ദയനീയമായി നിലവിളിച്ചുകൊണ്ടു് ഗേറ്റ്‌ അടഞ്ഞു. പല കുട്ടികളും വിങ്ങിപ്പൊട്ടി. മണി മുഴങ്ങി. ഒരു സ്ത്രീ കടന്നുവന്നു. പിന്നാലെ ഒരു കൂട്ടം പുരുഷന്മാരും. അവര്‍ ഞങ്ങളെ പല വിഭാഗങ്ങളായി തിരിച്ചു. ആ വലിയ മൈതാനത്തു് ഞങ്ങളാകെ കുഴഞ്ഞുമറിഞ്ഞ സംഘങ്ങളായി. മൂന്നു് ഭാഗത്തും ഒരുപാടു് നിലകളുള്ള കെട്ടിടങ്ങള്‍ തലയുയര്‍ത്തി നിന്നു. ഓരോ നിലയിലും തടിയില്‍ തീര്‍ത്ത നീണ്ട ബാല്‍ക്കണികള്‍ ഞങ്ങളെ നിരീക്ഷിക്കുകയായിരുന്നു.

'ഇതാണു് നിങ്ങളുടെ പുതിയ വീടു്‌.' ആദ്യം കണ്ട സ്ത്രീ പറഞ്ഞു. 'ഇവിടേയും നിങ്ങള്‍ക്കു് അച്ഛന്മാരും അമ്മമാരുമുണ്ടു്‌. ഇവിടെയുള്ളതെല്ലാം നിങ്ങള്‍ക്കു് ആസ്വദിക്കാനുള്ളതാണു്‌. നിങ്ങളുടെ അറിവിനും മതത്തിനും ഉപകരിക്കുന്നവ. എല്ലാവരും കണ്ണുനീര്‍ തുടച്ചാട്ടെ. എന്നിട്ടു് ജീവിതത്തെ ആഹ്ലാദപൂര്‍വ്വം നേരിടൂ.'

യഥാര്‍ത്ഥ്യങ്ങള്‍ക്കുമുമ്പില്‍ ഞങ്ങള്‍ സ്വയം സമര്‍പ്പിച്ചു. ആ സമര്‍പ്പണം ക്രമേണ ഞങ്ങള്‍ക്കു് ആശ്വാസം നല്കി. ഓരോ ജീവിയും മറ്റു ജീവിതങ്ങളിലേക്കു് അടുത്തു. തുടക്കത്തില്‍ തന്നെ മനസ്സിനിണങ്ങിയ കൂട്ടുകാരെ എനിക്കു കിട്ടി. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി എനിക്കു് കിട്ടേണ്ട കൂട്ടുകാരെ തന്നെയാണു് എനിക്കു കിട്ടിയതു്‌. എന്റെ സംശയങ്ങള്‍ക്കു് യാതൊരു അടിസ്ഥാനവുമില്ലെന്നു് പെട്ടെന്നു് എനിക്കു് ബോദ്ധ്യമായി.

സ്കൂളില്‍ ഇത്രയേറെ വൈവിദ്ധ്യമുണ്ടാകുമെന്നു് ഞാനറിഞ്ഞിരുന്നില്ല. പല തരം കളികളില്‍ ഞങ്ങള്‍ ഏര്‍പ്പെട്ടു. ഊഞ്ഞാലാട്ടം, കുതിരച്ചാട്ടം, പന്തുകളി, അങ്ങനെയങ്ങനെ.. പാട്ടുമുറിയില്‍ ചെന്ന്‌ ആദ്യത്തെ പാട്ടു് പാടി. ഭാഷയുമായി ഞങ്ങള്‍ ആദ്യമായി പരിചയപ്പെട്ടു. ഭൂഗോളത്തിന്റെ കറങ്ങുന്ന മാതൃക കണ്ടു. വിവിധ വന്‍കരകളും രാജ്യങ്ങളും അതിലുണ്ടായിരുന്നു. അക്കങ്ങള്‍ പഠിച്ചു തുടങ്ങി. പ്രപഞ്ചസ്രഷ്ടാവിനെക്കുറിച്ചുള്ള കഥ വായിച്ചു കേട്ടു. സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചു. അല്പനേരം മയങ്ങി. ഉണര്‍ന്നശേഷം പിന്നെയും തുടര്‍ന്നു.. സൗഹൃദം, സ്നേഹം കളികള്‍, പഠനം...

ഞങ്ങളുടെ വഴി ഞങ്ങള്‍ക്കു മുമ്പില്‍ വെളിവായി. ഇങ്ങനെയൊക്കെയാണെങ്കിലും സമ്പൂര്‍ണ്ണമായി മധുരം മാത്രമായിരുന്നില്ല ഞങ്ങള്‍ അവിടെ കണ്ടതു്‌. കണക്കുകൂട്ടിയതു പോലെ എല്ലാം തെളിഞ്ഞ കാഴ്ചകളുമായിരുന്നില്ല. പൊടി നിറഞ്ഞ കാറ്റുകളും അപ്രതീക്ഷിതമായ ചില അപകടങ്ങളും പൊടുന്നനേ വന്നു ചേര്‍ന്നു. അതുകൊണ്ട്‌ ഞങ്ങള്‍ക്കു് എപ്പോഴും ജാഗ്രത വേണമായിരുന്നു.

ഞങ്ങള്‍ക്കു ചുറ്റും കളിയും തമാശയും മാത്രമായിരുന്നില്ല. ശത്രുതകള്‍ ഉണ്ടായി വന്നതോടേ, വേദനയും വെറുപ്പും പിന്നാലെ വന്നു. അതു് ഏറ്റുമുട്ടലുകളായി വളര്‍ന്നു. മിക്കപ്പോഴും ചിരിച്ചുകൊണ്ടിരുന്ന ആ സ്ത്രീ ചിലപ്പോഴൊക്കെ കോപിക്കാനും ശകാരിക്കാനും തുടങ്ങി. ഇടക്കിടെ കായികമായി ശിക്ഷകളും അവര്‍ നടപ്പാക്കി.

എല്ലാറ്റിനും പുറമെ, മനസ്സുമാറാനുള്ള സമയം കടന്നുപോയിക്കഴിഞ്ഞിരിക്കുന്നു. സ്വന്തം വീടെന്ന സ്വര്‍ഗ്ഗത്തിലേക്കു് എന്നെങ്കിലും തിരിച്ചു പോകുന്ന പ്രശ്നമേ ഇനി ഉദിക്കുന്നില്ല. ഞങ്ങള്‍ക്കു മുമ്പില്‍ ഓരേയൊരു വഴിയേ ഉള്ളൂ. ആസ്വാദനം, പോരാട്ടം, സ്ഥിരോത്സാഹം.. കഴിവുള്ളവരൊക്കെ വിജയിക്കാനുള്ള അവസരങ്ങള്‍ വിനിയോഗിച്ചു. ബദ്ധപ്പാടുകള്‍ക്കിടയിലും അതവര്‍ക്കു് ആഹ്ലാദം നല്കി.

വീണ്ടും മണി മുഴങ്ങി. ഒരു ദിവസം കടന്നുപോയതിന്റെ മുഴക്കം. അന്നത്തെ ജോലി അവസാനിക്കുന്നതിന്റെയും. ഗേറ്റിനു മുമ്പിലേക്ക്‌ കുട്ടികള്‍ തള്ളിത്തിരക്കിയെത്തി. ഗേറ്റ്‌ അപ്പോഴെക്കും തുറന്നിരുന്നു. ഞാന്‍ കൂട്ടുകാരോടു് മധുരമായി യാത്ര പറഞ്ഞു് ഗേറ്റ്‌ കടന്നു. നാലുപാടും നോക്കിയിട്ടും അച്ഛനെ കാണുന്നില്ല. ഇവിടെ കാത്തുനില്ക്കുമെന്നു് അച്ഛന്‍ പറഞ്ഞിരുന്നതല്ലേ? അല്പം മാറി ഞാന്‍ കാത്തുനിന്നു. ഏറേനേരം കഴിഞ്ഞിട്ടും ഫലമമില്ലെന്നു കണ്ടതോടെ തനിച്ചു് വീട്ടിലേക്കു് പോകാന്‍ തന്നെ തീരുമാനിച്ചു. അല്പദൂരം നടന്നപ്പോള്‍ ഒരു മദ്ധ്യവയസ്കന്‍ എതിരെ വരുന്നു. ഇയാളെ ഞാനറിയുമല്ലോ എന്നെ പെട്ടെന്നോര്‍ത്തു. പുഞ്ചിരി തൂകിക്കൊണ്ട്‌ അയാള്‍ അടുത്തേക്കു വന്നു. എന്റെ കൈപിടിച്ച്‌ അഭിവാദ്യം ചെയ്തുകൊണ്ട്‌ പറഞ്ഞു: 'ഒരുപാട്‌ കാലമായില്ലേ കണ്ടിട്ട്‌? എന്തൊക്കെയുണ്ടു് വിശേഷം?'
ശരിയെന്ന മട്ടില്‍ തലകുലുക്കിക്കൊണ്ട്‌ ഞാന്‍ തിരിച്ചു ചോദിച്ചു 'താങ്കള്‍ക്കോ? സുഖമാണോ?'
'നിനക്കു് കാണാമല്ലോ. അത്രയേറെ മെച്ചമൊന്നും ഇല്ല. എങ്കിലും ദൈവത്തിനു സ്തുതി.'
പിന്നെയും ഹസ്തദാനം ചെയ്തു് അയാള്‍ നടന്നുനീങ്ങി. ഞാന്‍ ഏതാനും അടികള്‍ കൂടി നടന്നതേയുള്ളൂ. സ്തംഭിച്ചു നിന്നുപോയി.
'ഈശ്വരാ.. ഇരുവശത്തും പൂച്ചെടികള്‍ നിറഞ്ഞ ആ തെരുവു് എവിടേയായിരുന്നു? അതിപ്പോള്‍ അപ്രത്യക്ഷമായതെങ്ങനെ? അവിടം മുഴുവന്‍ എ വാഹനങ്ങള്‍ കയ്യടക്കിയതെപ്പോഴാണു്‌? ഈ ആള്‍ക്കൂട്ടം മുഴുവന്‍ തെരുവില്‍ വന്നുനിറഞ്ഞതു് എപ്പോഴാണു്‌? റോഡിനിരുവശത്തും മാലിന്യങ്ങളുടെ കുന്നുകള്‍ വന്നതെങ്ങനെ? പാതയോരത്തെ ചോളപ്പാടങ്ങള്‍ എവിടെയായിരുന്നു?

മാനം മുട്ടുന്ന കെട്ടിടങ്ങള്‍ വന്നിരിക്കുന്നു. തെരുവില്‍ കുട്ടികള്‍ ആര്‍ത്തിരമ്പുന്നു. ശല്യപ്പെടുത്തുന്ന ശബ്ദങ്ങള്‍ അന്തരീക്ഷത്തെ വിറപ്പിക്കുന്നു. വഴിയില്‍ പലേടത്തായി ഇന്ദ്രജാലക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നു. ചെപ്പടിവിദ്യകള്‍ കാട്ടിയും കുട്ടകളില്‍ നിന്നു് പാമ്പുകളെ പുറത്തുകാട്ടിയും അവര്‍ ആളുകളെ മയക്കുന്നു. അപ്പോഴേക്കും ഒരു സര്‍ക്കസ്സിന്റെ ആരംഭം കുറിച്ചുകൊണ്ടു് പെരുമ്പറ മുഴങ്ങി. കോമാളികളും ഭാരോദ്ധ്വഹനക്കാരും മുമ്പിലെത്തി. കേന്ദ്രസുരക്ഷാസേനയുടെ വാഹനവ്യൂഹം രാജകീയപ്രൗഢിയോടെ നീങ്ങുന്നതുകണ്ടു. ഒരു അഗ്നിശമനയന്ത്രം സൈറണ്‍ മുഴക്കിപ്പാഞ്ഞു. പക്ഷേ ഈ തിരക്കു് ഭേദിച്ചു് തീകെടുത്തുന്നിടത്തേക്കു് ആ വാഹനം എങ്ങനെ എത്തുമെന്നറിയില്ല. ഒരു ടാക്സിഡ്രൈവറും അതിലെ യാത്രക്കാരനും തമ്മില്‍ കലഹം. യാത്രക്കാരന്റെ ഭാര്യ സഹായത്തിനായി നിലവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല.

ഈശ്വരാ.. ഞാനാകെ പകച്ചു നിന്നുപോയി. തലചുറ്റുന്നതു പോലെ.... സമനിലനഷ്ടപ്പെട്ടതു് പോലെ.. അരനാള്‍ കൊണ്ടു് ഇത്രയൊക്കെ സംഭവിച്ചതെങ്ങനെ? ഒരു പ്രഭാതത്തിനും അസ്തമയത്തിനുമിടയില്‍ ? വീട്ടിലെത്തട്ടെ; അച്ഛനോടു് ചോദിച്ചറിയാം. പക്ഷെ, എവിടെയായിരുന്നു എന്റെ വീടു്? കൂറ്റന്‍ കെട്ടിടങ്ങളും ജനക്കൂട്ടവും മാത്രമെ കാണുന്നുള്ളൂ. പൂന്തോട്ടങ്ങള്‍ക്കപ്പുറത്തെ അബുഖോദ കവലയിലേക്കു് ഞാന്‍ തിരക്കിട്ടു നടന്നു. കവല മുറിച്ചു കടന്നുവേണം എന്റെ വീട്ടിലെത്താന്‍. കാറുകളുടെ പ്രവാഹം നിലയ്ക്കുന്നില്ല. ഫയര്‍എഞ്ചിന്റെ സൈറണ്‍ വമ്പിച്ച ശബ്ദത്തിലാണു് ഇപ്പോള്‍ മുഴങ്ങുന്നതു്‌. പക്ഷെ അപ്പോഴും നീങ്ങുന്നതു് ഒച്ചിന്റെ വേഗതയിലാണെന്നു് മാത്രം.

ഞാന്‍ സ്വയം പറഞ്ഞു: 'അഗ്നി വല്ലതും ഭക്ഷിക്കുന്നതില്‍ ആഹ്ലാദം കൊള്ളട്ടെ.' എപ്പോഴാണ്‌ കവല മുറിച്ചുകടക്കാന്‍ കഴിയുകയെന്നോര്‍ത്ത്‌ ഞാന്‍ അങ്ങേയറ്റം അസ്വസ്ഥനായി. ദീര്‍ഗ്ഘനേരം ഒരേ നില്പുതുടര്‍ന്നു. അപ്പോഴാണു് തൊട്ടപ്പുറത്തു് ഇസ്തിരിക്കടയില്‍ ജോലി ചെയ്യുന്ന പയ്യന്‍ ഇറങ്ങി വന്നതു്‌. എന്റെ നേരെ ആദരവോടെ കൈ നീട്ടി അവന്‍ പറഞ്ഞു:

'മുത്തച്ഛാ, ഞാന്‍ കവല കടത്തിത്തരാം.'

മൊഴിമാറ്റം: എ.പി. അഹമ്മദ്‌

Subscribe Tharjani |