തര്‍ജ്ജനി

വാര്‍ത്ത

തര്‍ജ്ജനി കാവ്യസന്ധ്യ 2008

ഹൈദ്രബാദില് സെന്‍ട്രല്‍ കോര്‍ട്ട് ഹോട്ടലില്‍ ഇക്കഴിഞ്ഞ ആഗസ്ത് 31 നു് തര്‍ജ്ജനി മാസികയുടെ ആഭിമുഖ്യത്തില്‍ കാവ്യസന്ധ്യ സംഘടിപ്പിച്ചു. 2003 ല്‍ അച്ചടിപ്പതിപ്പായി ആരംഭിച്ച മാസികയാണു് തര്‍ജ്ജനി. 2005 ജനുവരിയില്‍ വെബ്ബ് മാസികയായി ചിന്ത.കോമിനോടൊപ്പം പ്രസിദ്ധീകരണം ആരംഭിച്ച തര്‍ജ്ജനി ഇപ്പോള്‍ പ്രതിമാസം അമ്പതിനായിരത്തിലേറെ മലയാളികള്‍ ഗുണനിലവാരമുള്ള വെബ്ബുള്ളടക്കത്തിനായി സന്ദര്‍ശിക്കുന്ന മാസികയായി വളര്‍ന്നിരിക്കുന്നു. തികച്ചും സന്നദ്ധപ്രവര്‍ത്തനമായി ഒരു സംഘം വ്യക്തികള്‍ ഇക്കഴിഞ്ഞ മൂന്നു് വര്‍ഷം മുടക്കം കൂടാതെ തര്‍ജ്ജനി പ്രസിദ്ധീകരിച്ചു. മാസികയുടെ ആഭിമുഖ്യത്തില്‍ നടന്ന കാവ്യസന്ധ്യ ഹൈദരബാദിലെ മലയാളികള്‍ക്കു് അവിസ്മരണീയമായ സാംസ്കാരികാനുഭവമായി.

പതിനായിരക്കണക്കിനു് മലയാളികള്‍ ഹൈദരബാദ് നഗരത്തിലുണ്ടെങ്കിലും മലയാളസാഹിത്യം ഈ പ്രവാസിസമൂഹത്തില്‍ ഗണ്യമായ സാംസ്കാരികസാന്നിദ്ധ്യമായി കടന്നു വരാറില്ല. മലയാളത്തിന്റെ കലയും സാഹിത്യവും പ്രവാസിസമൂഹത്തിലേക്കു് എത്തിക്കുക എന്ന ഉദ്ദേശ്യവുമായാണു് സാഹിത്യസംഗമവും കാവ്യസന്ധ്യയും ഒരുക്കാന്‍ തര്‍ജ്ജനി നിശ്ചയിച്ചതു്. ആധുനികാനന്തരകാവ്യഭാവുകത്വത്തിന്റെ ശില്പികളായ കവികള്‍ കെ. സച്ചിദാനന്ദന്‍, കെ.ജി.ശങ്കരപിള്ള, ഡി.വിനയചന്ദ്രന്‍, റോസ് മേരി എന്നിവര്‍ കാവ്യസന്ധ്യയെ ധന്യമാക്കി. പ്രശസ്ത ചെറുകഥാകൃത്തു് അക്‌ബര്‍ കക്കട്ടില്‍, നിരൂപകന്‍ കെ.എസ്.രവികുമാര്‍ എന്നിവരോടൊപ്പം തമിഴിലെ കഥാകൃത്തായ ഇന്ദ്രനും സാഹിത്യസംഗമത്തില്‍ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട സാഹിത്യകുതുകികളാണു് സാഹിത്യസംഗമത്തിന്റെ ശ്രോതാക്കളായിരുന്നതു്. ഗതകാലത്തിന്റെ സ്മരണകള്‍ മനസ്സിലുണര്‍ത്തിക്കൊണ്ടു് രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന സാഹിത്യോത്സവം നിറഞ്ഞ മനസ്സോടെ സദസ്സു് ഹൃദയത്തില്‍ സ്വീകരിച്ചു.

കവി ഡി.വിനയചന്ദ്രന്‍ സഹജമായ ചടുലതയും മുഴക്കവും ഒരിക്കല്‍കൂടി പ്രകടമാക്കിക്കൊണ്ടു് ഗണപതീസ്തവം അവതരിപ്പിച്ചു. കാവ്യസന്ധ്യയുടെ തുടക്കം അവിടെയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ഈ ഗണപതികീര്‍ത്തനത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കിക്കൊണ്ടു് നിരവധി ഗണപതിപ്രതിമകള്‍ ഗണേശോത്സവത്തിന്റെ ഭാഗമായി ആഘോഷപൂര്‍വ്വം നിമജ്ജനത്തിനു് നഗരവീഥികളിലൂടെ എഴുന്നള്ളിക്കപ്പെടുകയായിരുന്നു. റോസ് മേരിയുടെ കവിതകളിലെ ആത്മകഥാംശം ഹൃദയപൂര്‍വ്വമായി സദസ്സു് ഏറ്റുവാങ്ങി. പുരുഷാധിപത്യമനസ്സോടെ മലയാളിസമൂഹം പെണ്ണിനെ താന്തോന്നിത്തത്തോടെ കാണുന്നതിനെതിരെ വിരല്‍ചൂണ്ടലായും റോസ് മേരിയുടെ കവിതകള്‍ മാറി. സംസ്കൃതമായ നര്‍മ്മബോധത്താല്‍ ദീപ്തമായ കഥാവായനയാണു് അബര്‍ കക്കട്ടില്‍ നിര്‍വ്വഹിച്ചതു്. നാളിതുവരെ സൃഷ്ടിക്കപ്പെട്ട മികച്ച കഥാപാത്രം ദൈവമാണു് എന്നു അബര്‍ കക്കട്ടില്‍ പറഞ്ഞു. തന്റെ കുടുംബത്തില്‍ ചിത്തഭ്രമത്തിന്റെ പാരമ്പര്യമുണ്ടെന്നും തന്റേതു് കഥകളായി അവതരിക്കുയാണു് എന്നു് ഒരിക്കല്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞതും അബര്‍ അനുസ്മരിച്ചു.

എഴുതപ്പെട്ട ഭാഷയുടെ അതിരുകള്‍ക്കപ്പുറത്തു സംക്രമിക്കുവാനുള്ള കഴിവാണു് കവിതയുടെ സവിശേഷതയെന്നു് സച്ചിദാനന്ദന്‍ കാവ്യാലാപനത്തിനു് മുമ്പു് സംസാരിക്കുമ്പോള്‍ എടുത്തുകാട്ടി. ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ താന്‍ പരിചയപ്പെട്ട കൊറിയന്‍ കവിയെ അദ്ദേഹം അനുസ്മരിച്ചു. കൊലക്കയറില്‍ നിന്നും ഭാഗ്യത്താല്‍ രക്ഷപ്പെട്ട ആ കവിയെക്കുറിച്ചു് താന്‍ കവിതയെഴുതിയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. തന്റെ കവിതകളുടെ രചനാപ്രക്രിയയെക്കുറിച്ചാണു് കെ.ജി.ശങ്കരപിള്ള സംസാരിച്ചതു്. കവിയ്ക്കു് തന്നെ ഒരു പക്ഷെ അവ്യക്തമായ സംഭവങ്ങളുടെ നെടുനീളന്‍ ശൃംഖല ഓരോ കവിതയ്ക്കും പിറകിലുണ്ടാകാമെന്നു് അദ്ദേഹം വിശദമാക്കി. അച്ഛന്റെ ആകസ്മികമായ മരണം തന്നില്‍ ഉണ്ടാക്കിയ വൈകാരികാഘാതം എപ്രകാരം തന്റെ അക്കാലത്തെ കവിതകളുടെ ഭാവാന്തരീക്ഷത്തെ നിര്‍ണ്ണയിച്ചുവെന്നു് അദ്ദേഹം അനുസ്മരിച്ചു. തമിഴ് കഥാകൃത്തു് ഇന്ദ്രന്‍ എഴുത്തു് ഗൗരവമായി താന്‍ കണക്കാക്കാന്‍ കാരണം തിരുവന്തപുരത്തെ തമിഴ് സംഘം തന്റെ ഒരു രചനയ്ക്കു് നല്കിയ അവാര്‍ഡാണെന്നു വിശദീകരിച്ചു. അക്കാലത്തു് അദ്ദേഹം മുംബെയില്‍ ബാങ്ക് മാനേജറായി ജോലി ചെയ്യുകയായിരുന്നു. കാവ്യാത്മകാവിഷ്കാരത്തിന്റെ വൈവിദ്ധ്യത്തെക്കുറിച്ചാണു് കെ.എസ്.രവികുമാര്‍ സംസാരിച്ചതു്. വേദിയിലെ മലയാളകവികള്‍ വര്‍ത്തമാനകവിതയുടെ ബഹുമുഖവൈവിദ്ധ്യത്തിന്റെ നിദര്‍ശമാണു് എന്നും അദ്ദേഹം നിരീക്ഷിച്ചു.

വിനയചന്ദ്രന്റെ ആവേശഭരിതമായ കാവ്യാലാപനങ്ങളോടെയാണു് കാവ്യസന്ധ്യ സമാപിച്ചതു്. ഒരു അക്ഷരം മലയാളം അറിയാത്തവര്‍ തന്റെ കവിതകള്‍ അവയുടെ താളവും ഈണവും കൊണ്ട് ആസ്വദിച്ചത് അദ്ദേഹം അനുസ്മരിച്ചു. മാതാപിതാക്കളോടൊപ്പം വന്ന കൊച്ചുകുട്ടികളേയും വിനയചന്ദ്രന്‍ കവിതകള്‍ ചൊല്ലി ആനന്ദിപ്പിച്ചു. പ്രവാസി മലയാളികള്‍ക്കു് സമര്‍പ്പണം എന്ന നിലയില്‍ മടക്കം എന്ന കവിതയോടെയാണു് അദ്ദേഹത്തിന്റെ കാവ്യാലാപനം അവസാനിപ്പിച്ചതു്. തര്‍ജ്ജനി മാസികയ്ക്കു വേണ്ടി എം.കെ.പോള്‍ കൃതജ്ഞത രേഖപ്പെടുത്തി.

Subscribe Tharjani |