തര്‍ജ്ജനി

പുസ്തകം

തനതുലിപിയും വളപട്ടണം കഥകളും നാട്ടറിവുകളും

കേരളത്തില്‍ പലകാലങ്ങളിലായി നടപ്പില്‍വരുത്തിയ വിദ്യാഭ്യാസപരിഷ്കാരങ്ങള്‍ മാതൃഭാഷാപഠനത്തെ പ്രശ്നസങ്കുലമാക്കിയിട്ടുണ്ട്. മലയാളം അക്ഷരമാല, അക്ഷരമാലാക്രമത്തില്‍ കുട്ടികള്‍ പഠിക്കേണ്ടതില്ലെന്നാണത്രെ വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദ്ദേശം. പണ്ട് ഭാഷാപഠനത്തിന്റെ ഭാഗമായിരുന്ന കേട്ടെഴുത്ത്, കോപ്പിയെഴുത്ത് എന്നിവയെല്ലാം ഇല്ലാതായിരിക്കുന്നു. പുതിയലിപിയും ഈ പരിഷ്കാരങ്ങളുമെല്ലാം ചേര്‍ന്ന് അലങ്കോലമാക്കിയ മലയാളം എഴുത്തിന്‌ പ്രതീക്ഷനല്കുന്ന സാങ്കേതികവികാസമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അഡോബിന്റെ ഡിടിപി ആപ്ലിക്കേഷനില്‍ യൂനിക്കോഡ് എന്‍കോഡിംഗിന്റെ അടിസ്ഥാനത്തിലുള്ള മലയാളത്തിനുള്ള പിന്തുണ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഓപ്പണ്‍സോഴ്സില്‍ സ്ക്രൈബസിലും മലയാളം പിന്തുണയായി. ഇനി മലയാളം അച്ചടി പുതിയ ലിപി ഉപേക്ഷിച്ച് മലയാളത്തിന്റെ തനതുലിപിയിലേക്ക് മാറും. ഈ സാഹചര്യത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഭാഷാതല്പരര്‍ക്കുമായി ലിപിപരിചയം തയ്യാറാക്കിയിരിക്കുകയാണ് കെ. എച്ച്. ഹുസ്സൈന്‍. വിപുലമായ മറ്റൊരു പതിപ്പ് തയ്യാറാക്കുവാനുള്ള ശ്രമത്തിലാണ് ഇദ്ദേഹവും സുഹൃത്തുക്കളും.
ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ
ഹുസ്സൈന്‍. കെ. എച്ച്
48 പേജുകള്‍
വില : 20 രൂപ
പ്രസാധനം : എപിക്, മാഞ്ഞാലി.

മലബാറിലെ വളപട്ടണം എന്ന പ്രദേശം മലയാളകഥാസാഹിത്യത്തില്‍ ഇടംനേടിയ നിരവധി എഴുത്തുകാരുടെ ജന്മദേശമാണ്. ചിലരുടെ കര്‍മ്മഭൂമിയും. ഈ ദേശത്തിന്റെ കഥാകാരന്മാരുടെ രചനകള്‍ സമാഹരിച്ച പുസ്തകമാണ് സൈകതം ബുക്സ് പ്രകാശിപ്പിച്ച വളപട്ടണം കഥകള്‍. ഇത് പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ്. കഥാസാഹിത്യത്തിന്റെ ആദ്യഘട്ടത്തിലെ എം. ആര്‍. കെ. സി ഉള്‍പ്പെടെ പതിനേഴ് എഴുത്തുകാരുടെ രചനകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അകാലത്തില്‍ പൊലിഞ്ഞുപോയ പ്രേംസൂറത്തിന്റെ കഥയും ഇതില്‍ ഉള്‍പ്പെടുന്നു. കഥകള്‍ ഓരോന്നും മൌലികമായ വ്യത്യസ്തത പുലര്‍ത്തുന്നു. ആരും ആരെയും അനുകരിക്കുന്നില്ല; പിന്തുടരുന്നില്ല. അറിയപ്പെടുന്നവരും അത്രത്തോളം പ്രശസ്തരല്ലാത്തവരും ഈ സമാഹാരത്തിലെ കഥാകാരന്മാരിലുണ്ട്. ഇയ്യ വളപട്ടണമാണ് സമാഹര്‍ത്താവ്.
വളപട്ടണം കഥകള്‍
എഡിറ്റര്‍:ഇയ്യ വളപട്ടണം
126 പേജുകള്‍
വില : 100 രൂപ
പ്രസാധനം: സൈകതം ബുക്സ്, കോതമംഗലം. 686 691.
തെയ്യത്തെക്കുറിച്ചുള്ള വിശകലനാത്മകമായ പഠനമാണ് യു. പി. സന്തോഷിന്റെ തെയ്യം പ്രകൃതി സ്ത്രീത്വം. ഫോക്‍ലോര്‍ പഠനങ്ങള്‍ വിവരണാത്മകതയില്‍ അഭിരമിക്കുമ്പോള്‍ വഴിമാറി സഞ്ചരിക്കാനുള്ള ധീരത സന്തോഷ് പ്രകടമാക്കുന്നു. നരവംശശാസ്ത്രം, പരിസ്ഥിതിവാദം എന്നിവയുടെ ഉള്‍ക്കാഴ്ചകള്‍ ഗ്രന്ഥകാരന്‍ പ്രയോജനപ്പെടുത്തുന്നു. പതിനാറ് തെയ്യങ്ങളുടെ പുരാവൃത്തം പുസ്തകത്തിന് അനുബന്ധമായി നല്കിയിട്ടുണ്ട്. നവീനജ്ഞാനങ്ങളെ നമ്മുടെ കലയും സാഹിത്യവും സംസ്കാരവും ജീവിതവും പഠിക്കുവാന്‍ ഉപയോഗപ്പെടുത്തിയ ഗവേഷകനും നിരൂപകനുമായ ഡോ. ടി. പി. സുകുമാരനാണ് ഈ പുസ്തകം സമര്‍പ്പിക്കപ്പെട്ടതെന്നത് ഏത് ദിശയിലാണ് ഈ എഴുത്തുകാരന്‍ സഞ്ചരിക്കുന്നുവെന്നത് വ്യക്തമാക്കുന്നു.
തെയ്യം പ്രകൃതി സ്ത്രീത്വം
യു. പി. സന്തോഷ്
96 പേജുകള്‍
വില : 75 രൂപ
പ്രസാധനം : കബനി ബുക്സ്, കൈരളി ബുക്സ്, താളിക്കാവ് റോഡ്, കണ്ണൂര്‍.
ഉത്തരകേരളത്തിലെ അനുഷ്ഠാനകലാരൂപമായ തെയ്യത്തെ സമാന്യമായി പരിചയപ്പെടുത്തുന്ന കൃതിയാണ് പയ്യന്നൂര്‍ കുഞ്ഞിരാമന്റെ പെരുങ്കളിയാട്ടം. തെയ്യങ്ങളുടെ പുരാവൃത്തം മുതല്‍ തുളുനാടന്‍ തെയ്യവും കുടകില്‍ നിന്നുവന്ന തെയ്യവും തെയ്യത്തിന്റെ അണിയലങ്ങളും മറ്റും ഈ പുസ്തകത്തിന്റെ പ്രതിപാദ്യമാവുന്നു. രണ്ട് ഭാഗങ്ങളായി തിരിച്ച ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗം തെയ്യങ്ങളുമായി ബന്ധപ്പെട്ട പുരാവൃത്തങ്ങളും ഐതിഹ്യങ്ങളും അവതരിപ്പിക്കുന്നു. നിരവധി ചിത്രങ്ങളോടെ തയ്യാറാക്കുപ്പെട്ട പെരുകളിയാട്ടം തെയ്യത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള കൈപ്പുസ്തകമാണ്.

പെരുംകളിയാട്ടം
പയ്യന്നൂര്‍ കുഞ്ഞിരാമന്‍
136 പേജുകള്‍
വില : 95 രൂപ
പ്രസാധനം : ഗ്രീന്‍ ബുക്സ്, അയ്യന്തോള്‍, തൃശ്ശൂര്‍.

മദ്ധ്യതിരുവിതാംകൂറിലെ അനുഷ്ഠാനകലാരൂപമായ പടയണിയെക്കുറിച്ചുള്ളതാണ് ബി. രവികുമാറിന്റെ ചൂട്ടുപടയണി. പടയണിയുടെ ചരിത്രവും രാഷ്ട്രീയവും, പുരാവൃത്തവും ക്രിയാംശവും, കോലങ്ങള്‍ എന്നിവ ഈ പുസ്തകത്തില്‍ സവിസ്തരമായ പ്രതിപാദനത്തിന് വിഷയമായിരിക്കുന്നു. പടണിയിലെ നാടോടിനാടകങ്ങള്‍, കാലന്‍കോലം ഒരു സമ്പൂര്‍ണ്ണനാടകം എന്നീ അദ്ധ്യായങ്ങള്‍ നാടകത്തിന്റെ സ്വഭാവസവിശേഷതകള്‍ പടയണിയില്‍ കണ്ടെത്താനുള്ള പരിശ്രമമാണ്.

പടയണിയെ മനസ്സിലാക്കാനും പഠിക്കാനും ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് ഈ പുസ്തകം.

ചൂട്ടുപടയണി
ബി. രവികുമാര്‍
144 പേജുകള്‍
വില : 200 രൂപ
പ്രസാധനം : റെയിന്‍ബോ ബുക് പബ്ലിഷേഴ്സ്, ചെങ്ങന്നൂര്‍.

Subscribe Tharjani |