തര്‍ജ്ജനി

പി. മാധവന്‍

THE ENGLISH AND FOREIGN LANGUAGES UNIVERSITY
Hyderabad - 500007
Andhra Pradesh , India

Visit Home Page ...

സംസ്കാരം

കൂടിയാട്ടം - രണ്ട്‌

കൂടിയാട്ടവിധിപ്രകാരമുള്ള സംസ്കൃതനാടകാവതരണത്തിന്റെ സമ്പ്രദായം മനസ്സിലാക്കാണമെങ്കില്‍ ഒരു നാടകത്തിലെ ഒരങ്കമെടുത്ത്‌ അതിന്റെ ക്രമദീപികയും ആട്ടപ്രകാരവും സൂക്ഷ്മമായി പരിശോധിക്കുകയാണ്‌ വേണ്ടത്‌. തോരണയുദ്ധം എന്ന കഥാഭാഗം എങ്ങനെയാണ്‌ അവതരിപ്പിക്കാറുള്ളത്‌ എന്ന്‌ സംക്ഷിപ്തമായി താഴെ വിവരിക്കാം. രാമായണകഥ മുഴുവന്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി തോരണയുദ്ധം അവതരിപ്പിക്കുന്നതും ഈ ഭാഗം മാത്രം നാലഞ്ചുരാത്രികൊണ്ട്‌ ചെയ്യുന്നതും തമ്മില്‍ ചിട്ടകളുടെ കാര്യത്തില്‍ കുറച്ചേറെ വ്യത്യാസമുണ്ട്‌. പൂര്‍വ്വകഥ പറയുന്ന 'ന്‍ ഇര്‍വഹണം' എന്ന ഭാഗത്തിന്റെ കാര്യത്തില്‍ വിശേഷിച്ചും. തോരണയുദ്ധം മാത്രം അവതരിപ്പിക്കുമ്പോള്‍ എങ്ങനെയായിരിക്കും എന്നതാണ്‌ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്‌.

ആട്ടം തുടങ്ങുന്നതിനു മുന്‍പ്‌ പൂര്‍വ്വരംഗം എന്നറിയപ്പെടുന്ന ചില ചടങ്ങുകളുണ്ട്‌. മിഴാവ്‌, ഇലത്താളം, ഇടയ്ക്ക, കുറുങ്കുഴല്‍ എന്നീ വാദ്യവിശേഷങ്ങളുടെ ഒരുക്കലും ഗാനം ആലപിക്കുന്നവരുടെ സ്വരസ്ഥാനങ്ങള്‍ ക്രമീകരിക്കലും ഒക്കെയാണ്‌ അവ. അതു കഴിഞ്ഞ്‌ നമ്പ്യാര്‍ വന്ന്‌ നാന്ദീശ്ലോകം ചൊല്ലും. അരങ്ങുതളി എന്നും പറയും ഇതിനെ. ശ്ലോകം ചൊല്ലുന്നതോടൊപ്പം അരങ്ങില്‍ തീര്‍ത്ഥം തളിച്ച്‌ ശുദ്ധമാക്കലും ഉണ്ട്‌. തോരണയുദ്ധത്തിലെ നാന്ദീശ്ലോകം ഇപ്രകാരമാണ്‌.

സീതാമാശ്വാസ്യ വാക്യൈഃ സ്വയമപിമുദിതസ്താം പ്രണമ്യ പ്രയാസ്യന്‍
സഞ്ചൂര്‍ണ്ണ്യോദ്യാനപാലാന്‍ പുനരഹിതഗണാന്‍ കിങ്കരാദീന്‍സ്തഥാക്ഷം
ഹത്വാ ബ്രഹ്മാസ്ത്രബന്ധാദചലധൃതഗതീ രാവണം ധൃഷ്ടമുക്ത്വാ
ദഗ്ദ്ധ്വാ ലങ്കാം പ്രതസ്ഥേ നിശിചരനഗരീം യോ ഹനൂമാന്‍ സ വോവ്യാത്‌

ഈ അങ്കത്തില്‍ അടങ്ങിയ കഥമുഴുവന്‍ ഇതില്‍, ഈയൊറ്റശ്ലോകത്തില്‍ ഒതുക്കിയിരിക്കുന്നുവെന്നു കാണാം.

തോരണയുദ്ധം
ഭാസന്റെ അഭിഷേകനാടകത്തിലെ മൂന്നാമങ്കമാണ്‌ തോരണയുദ്ധം. ശങ്കുകര്‍ണ്ണന്‍ എന്ന കഥാപാത്രമാണ്‌ ആദ്യമായി രംഗത്തു വരുന്നത്‌. ശങ്കുകര്‍ണ്ണന്‍ അശോകവനികയുടെ മുഖ്യ ഉദ്യാനപാലകനാണ്‌. ഹനൂമാന്‍ തന്റെ ആഗമനം രാവണനെ എങ്ങനെ അറിയിക്കണം എന്നു ചിന്തിച്ച്‌ ഉദ്യാനഭഞ്ജനം ചെയ്യുന്നു. ഇതുകണ്ട്‌ സംഭീതനായ ശങ്കുകര്‍ണ്ണന്‍ വിവരം രാവണനെ അറിയിക്കുന്നതിനായി വിജയ എന്ന പ്രതിഹാരിയെ വിളിച്ച്‌ ഇപ്രകാരം പറയുന്നു :

�വിജയേ നിവേദ്യതാം നിവേദ്യതാം മഹാരാജായ ലങ്കേശ്വരായ ഭഗ്നപ്രായാ അശോകവനികേതി�

എന്നിട്ട്‌ അശോകവനിക ഏതുവിധത്തിലുള്ളതാണെന്നും അതിന്റെ ഇപ്പോഴത്തെ സ്ഥിതി എങ്ങനെയാണെന്നും ഈ ശ്ലോകത്തിലൂടെ വിവരിക്കുന്നു.

�യസ്യാം ന പ്രിയമണ്ഡനാപി മഹിഷീ ദേവസ്യ മണ്ഡോദരീ
സ്നേഹാല്ലുമ്പതി പല്ലവാന്ന ച പുനര്‍ബീജന്തി യസ്യാം ഭയാത്‌
വീജന്തോ മലയാനിലോ രവികരൈരസ്പൃഷ്ടബാലദ്രുമാ
സേയം ശക്രരിപോരശോകവനികാ ഭഗ്നേതി വിജ്ഞാപ്യതാം.�

(അര്‍ത്ഥം : മഹാറാണി മണ്ഡോദരി അലങ്കാരങ്ങള്‍ ഇഷ്ടപ്പെടുന്നവളല്ലെങ്കിലും ഈ ഉദ്യാനത്തിനോടുള്ള സ്നേഹം നിമിത്തം ഇതില്‍ നിന്ന്‌ ഒരു തളിര്‍ പോലും നുള്ളാറില്ല. രാജഭയം മൂലം മലയമാരുതന്‍ ഇവിടെ വീശാറില്ല, സൂര്യന്‍ തന്റെ രശ്മികള്‍ ഇവിടത്തെ ഇളം വൃക്ഷലതാദികളില്‍ പതിപ്പിക്കാറില്ല. ഇന്ദ്രശത്രുവായ രാവണമഹാരാജാവിന്റെ അപ്രകാരമെല്ലാമുള്ള ഉദ്യാനം നശിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന്‌ പോയി അറിയിക്കുക)

തുടര്‍ന്ന്‌ ഈ ശ്ലോകം വിസ്തരിച്ച്‌ അഭിനയിക്കുകയാണ്‌. ഓരോ വരിയും എടുത്ത്‌ മുറിച്ച്‌, ആകാംക്ഷിച്ച്‌, അന്വയിച്ച്‌ മുന്നേറുന്ന രീതിയാണ്‌. ഈ ശ്ലോകത്തിന്റെ അഭിനയത്തില്‍
പകര്‍ന്നാട്ടത്തിന്‌ ധാരാളം വഹയുണ്ട്‌. �പ്രിയമണ്ഡനാപി പല്ലവാല്‍ ന ലുമ്പതി� എന്നിടത്ത്‌ മണ്ഡോദരിയായി പകര്‍ന്നാടുന്ന (തുടര്‍ന്നുള്ള വരികളില്‍ രവണനായും സൂര്യനായും ഉദ്യാനപാലകരായും ഒക്കെ മാറി മാറി അഭിനയിക്കും) അലങ്കാരങ്ങളില്‍ തത്പരയെങ്കിലും എന്നത്‌ വളരെ വിശദമായി അഭിനയിക്കും. മുടി വേറിടുത്ത്‌ ചീകിക്കെട്ടുന്നതും സീമന്തരേഖയില്‍ കുങ്കുമമണിയുന്നതും ഭംഗിയായിട്ടില്ലേ എന്ന്‌ സഖികളോടാരായുന്നതും ക്രമത്തില്‍ കണ്ണ്‌, പുരികം, എന്നിവ എഴുതുന്നതും കൈകളില്‍ വള, കഴുത്തില്‍ മാല, ഉരസ്സില്‍ ചന്ദനച്ചാറ്‌ എന്നിവ അണിയുന്നതും കാലില്‍ മെയിലാഞ്ചി ഇടുന്നതും നൂപുരമണിയുന്നതും എല്ലാം വളരെ വിസ്തരിച്ച്‌ ഒടുക്കം സഖികളിലൊരുവള്‍ പറയുന്നു � അയ്യോ കാതിലൊന്നും അണിയിച്ചില്ലല്ലോ, ഒരു തളിരു പൊട്ടിച്ചു തൂക്കിയാല്‍ നന്നായിരിക്കും.� മണ്ഡോദരി അതു ശരി വയ്ക്കുകയും തളിരു പൊട്ടിക്കാനായി തുടങ്ങുകയും ചെയ്യുന്നു. പിന്നെ സ്വയം തടഞ്ഞ്‌ �വേണ്ട തളിരു പൊട്ടിച്ചാല്‍ ഈ ചെടി വാടും� എന്നു പറയുന്നു. ഇത്രയും ആടി കഴിഞ്ഞാല്‍ �പ്രിയമണ്ഡനാപി സ്നേഹാത്‌ പല്ലവാന്‍ ന ലുമ്പതി� എന്ന്‌ ഒന്നുകൂടി ചൊല്ലി അടുത്തവിഷയമായ മലയാനിലനിലേയ്ക്ക്‌ കടക്കുന്നു. ഇനി രാവണനായിട്ടാണ്‌ ആട്ടം. സര്‍വരാജചിഹ്നങ്ങളോടും പരിവാരങ്ങളോടും കൂടി രാവണന്‍ അശോകവനികയില്‍ വരുന്നതും അവിടെ നടക്കവേ ചെടികള്‍ വാടിയതായി കണ്ട്‌ ഉദ്യാനപാലകരോട്‌ കയര്‍ക്കുന്നതും പിന്നീട്‌ സൂര്യതാപം നിമിത്തമാണ്‌ അവ വാടിയതെന്നറിഞ്ഞ്‌ സൂര്യനെ വധിക്കാന്‍ വാളോങ്ങുന്നതും ആടുന്നു. പേടിച്ചരണ്ട സൂര്യന്‍ രാവണന്റെ കാല്‍ക്കല്‍ വീണ്‌ ക്ഷമ യാചിക്കുന്നതും അപ്പോള്‍ ഇനി മേലില്‍ ലങ്കയില്‍ പ്രവേശിച്ചുകൂടാ എന്ന താക്കീതോടെ വിട്ടയയ്ക്കുന്നതും ആടുന്നു. ഈ ഘട്ടത്തില്‍ ആദിത്യനായും ലങ്കേശ്വരനായും മാറി മാറി അഭിനയിക്കും.

ഇത്രയും കഴിഞ്ഞാല്‍ �സേയം ശക്രരിപോരശോകവനികാ ഭഗ്നേതി വിജ്ഞാപ്യതാം� എന്നു വീണ്ടും ചൊല്ലി അവസാനിപ്പിക്കുന്നു. ഇത്‌ മുകളില്‍ കൊടുത്തവിധം വിസ്തരിച്ച്‌ ആടിത്തീര്‍ക്കുമ്പോഴേയ്ക്കും ആദ്യദിവസത്തെ ഘട്ടം പൂര്‍ണ്ണമായി. ശങ്കുകര്‍ണ്ണന്റെ പ്രവേശം മാത്രമാണ്‌ ഒരു രാത്രികൊണ്ട്‌ ആടുന്നത്‌. (കഥകളി പോലെയല്ല, കൂടിയാട്ടം പുലരും വരെ പതിവില്ല. ഏതാണ്ട്‌ മൂന്നു മൂന്നരയോടെ തീരും. ചാക്യാര്‍ക്ക്‌ നേരത്തെ കുളിച്ച്‌ സന്ധ്യാവന്ദനാദികള്‍ ചെയ്യണം.)

നിര്‍വഹണം

രണ്ട്‌, മൂന്ന്‌, നാല്‌ രാത്രികളില്‍ ശങ്കുകര്‍ണ്ണന്റെ നിര്‍വഹണമാണ്‌. കഴിഞ്ഞ കഥ ഓര്‍മ്മിക്കുകയാണ്‌ നിര്‍വഹണത്തില്‍. ഫ്ലാഷ്‌ ബാക്ക്‌ എന്നു പറയാം. അല്ലെങ്കില്‍ വാരികകളിലും മറ്റും കാണുന്ന 'കഥ ഇതുവരെ'. ഇത്രദിവസം കൊണ്ട്‌ നിര്‍വഹണം തീര്‍ക്കണം എന്നു നിയമമൊന്നുമില്ല. തോരണയുദ്ധത്തിലെ ശങ്കുകര്‍ണ്ണന്‍ മൂന്നുദിവസമെടുക്കാറുണ്ട്‌. �സേയം ശക്രരിപോരശോകവനികാ� എന്നതിന്റെ വിശദീകരണമാണ്‌ ഈ മൂന്നുദിവസവും. ഇപ്രകാരമുള്ള അശോകവനിക, എപ്രകാരമുള്ളത്‌? രാവണന്റെ ചരിത്രം വിസ്തരിക്കാന്‍ ഇത്‌ അവസരമൊരുക്കുന്നു. പിന്നിലേയ്ക്ക്‌ പിന്നിലേയ്ക്ക്‌ പോകുന്ന ഒരു കഥാകഥനശൈലിയാണ്‌ ഇവിടെ സ്വീകരിക്കുന്നത്‌. ഇതിന്‌ അനുക്രമം എന്നാണ്‌ പറയുക. വൈശ്രവണനെ ലങ്കയില്‍ നിന്നു ഓടിച്ചതു വരെയുള്ള ഭാഗം ഇങ്ങനെ പിന്നിലേയ്ക്ക്‌ പറഞ്ഞു പോയതിനു ശേഷം സംക്ഷേപം ആടുകയായി. രാക്ഷസവംശത്തിന്റെ ഉദ്ഭവം മുതല്‍ തുടങ്ങി മാലിസുമാലിമാരെ വിഷ്‌ണു വധിച്ചതും മാല്യവാന്‍ പാതാളത്തില്‍ പോയി ഒളിച്ചതും വിശ്രവസ്സിന്‌ കൈകസിയില്‍ മൂന്നു പുത്രന്മാരും ഒരു പുത്രിയും ജനിച്ചതും രാവണാദികളുടെ ഘോര തപസ്സ്‌, വരപ്രാപ്തി എന്നിവയും വിവരിച്ച്‌ വൈശ്രവണനെ വെല്ലുവിളിക്കാന്‍ രാവണന്‍ ലങ്കയുടെ ഗോപുരത്തില്‍ എത്തുന്നതു വരെയുള്ള കഥയാണ്‌ സംക്ഷേപം. തുടര്‍ന്ന്‌ അ'നുക്രമം' വിസ്തരിച്ച്‌ പകര്‍ന്നാട്ടത്തോടെ തുടങ്ങും. നങ്ങ്യാരുടെ ശ്ലോകം ചൊല്ലലിലൂടെയും ചാക്യാരുടെ ആട്ടത്തിലൂടെയും മുന്നേറുന്ന ഈ നിര്‍വഹണം അവസാനിക്കുക രാവണന്‍ ദേവലോകത്തെ ആക്രമിച്ച്‌ കീഴടക്കി കല്‍പവൃക്ഷം പറിച്ചുകൊണ്ടു വന്ന്‌ അശോകവനികയില്‍ നടുന്നതോടെയാണ്‌. അപ്രകാരമുള്ള അശോകവനിക എന്നതിലേയ്ക്ക്‌ ഇങ്ങനെ ബന്ധപ്പെടുത്തിയ ശേഷമാണ്‌ തോരണയുദ്ധത്തിലെ കഥാഭാഗം മുന്നോട്ടു നീങ്ങാന്‍ തയ്യാറാവുക. നാലാം ദിവസം മദ്ധ്യത്തോടെ ഈ ഘട്ടത്തിലെത്തും തുടര്‍ന്ന്‌ രാവണന്റെ രംഗപ്രവേശമാണ്‌.

�അയേ അയം മഹാരാജോ ലങ്കേശ്വര ഇത ഏവ ആവിര്‍ഭവതി. യ ഏഷഃ
അമലകമലസന്നിഭോഗ്രനേത്രഃ കനകമയോജ്ജ്വല ദീപികാ പുരോഗഃ
ത്വരിതമഭിപതത്യസൗ സരോഷോ യുഗപരിണാമ സമുദ്യതോ യഥാര്‍ക്കഃ�

ഇതാണ്‌ രാവണന്റെ പ്രവേശനരംഗത്തിലെ ശ്ലോകം. രാവണന്റെ പ്രവേശം വളരെ ആഘോഷമായിട്ടാണ്‌. ലങ്കേശ്വരന്റെ പ്രതാപം വിളിച്ചറിയിക്കുന്ന വാദ്യഘോഷങ്ങളോടെയും ഇതര പ്രൗഢിചിഹ്നങ്ങളുടെ അകമ്പടിയോടെയും. ധീരോദാത്തനായ നായകന്‌ വിധിച്ചിട്ടുള്ള കത്തിവേഷം തന്നെയാണ്‌ രാവണന്‌, കഥകളിയിലെന്നപോലെ. �പ്രവേശകം� എന്ന ചിട്ടയും കൂടിയാട്ടത്തിലെ വീരരസപ്രധാനങ്ങളായ വേഷങ്ങള്‍ക്കുണ്ട്‌. മുഷ്ടി ചുരുട്ടി ഇളക്കിക്കൊണ്ടും അലറിക്കൊണ്ടും മുന്നിലേയ്ക്കോടി വരുന്നതായി മൂന്നുവട്ടം കാണിക്കും.

രാവണന്‍ പ്രവേശിച്ചുകഴിഞ്ഞ ശേഷം ശങ്കുകര്‍ണ്ണനുമായുള്ള സംവാദമാണ്‌. ഏതോ ഒരു വാനരന്‍ വന്ന്‌ ഉദ്യാനം തല്ലിത്തകര്‍ത്ത കഥ പേടിച്ചുവിറച്ചു കൊണ്ട്‌ ശങ്കുകര്‍ണ്ണന്‍ അറിയിക്കുന്നു. അക്ഷകുമാരനെ വധിച്ച വാര്‍ത്തയും. രോഷാകുലനായ രാവണന്‍ കുരങ്ങനെ പിടിച്ചു കെട്ടിക്കൊണ്ടു വരാന്‍ ആജ്ഞാപിക്കുന്നു. അതോടൊപ്പം തന്നെ വിഭീഷണനെ വിളിച്ചുകൊണ്ടു വരുവാനും ആളെ അയയ്ക്കുന്നു. ഇതോടെ അഞ്ചാം ദിവസത്തെ കൂടിയാട്ടം അവസാനിക്കുന്നു.

ആറാംദിവസം
ആറാമത്തെയും (അവസാനത്തെയും) ദിവസമാണ്‌ ലങ്കാദഹനം. ഇതു കാണിക്കാറില്ല. ശങ്കുകര്‍ണ്ണനോട്‌ �വാലില്‍ തീകൊളുത്തി വിട്‌ ഈ വാനരനെ� എന്ന്‌ ആജ്ഞാപിക്കുന്നതായിട്ടാണ്‌ പാഠം.

(ശങ്കുകര്‍ണ്ണ, ലാംഗൂലമാദീപ്യ വിസൃജ്യതാമയം വാനര:) ഭാസന്‍ വരുത്തിയിട്ടുള്ള ഒരു വ്യതിയാനം വിഭീഷണന്റെ രാമപക്ഷത്തേയ്ക്കുള്ള കൂറുമാറ്റം നേരത്തെയാക്കി എന്നതാണ്‌. ഹനൂമാന്റെ വാക്കുകേട്ട്‌ സീതാദേവിയെ തിരിച്ചു രാമസന്നിധിയിലെത്തിക്കുന്നതാണ്‌ ശരി എന്ന സദുപദേശം രാവണനു രസിക്കാതെ വന്നപ്പോള്‍ വിഭീഷണന്‍ സ്വയം എന്നാല്‍ ഞാന്‍ ലങ്ക വിടുന്നു എന്ന പ്രഖ്യാപനത്തോടെ ആകാശമാര്‍ഗമായി പോവുന്നിടത്താണ്‌ ഈ അങ്കം പര്യവസാനിക്കുന്നത്‌.

ഹനൂമാനും വിഭീഷണനുമാണ്‌ ആറാം ദിവസം രംഗത്തുവരുന്ന വേഷങ്ങള്‍. (ശങ്കുകര്‍ണ്ണനും രാവണനും കൂടാതെ) ആദ്യത്തില്‍ രാവണന്‍ പാര്‍വതീദേവിയും നന്ദികേശ്വരനും ഒരു വാനരന്‍ മൂലമാകട്ടെ നിന്റെ ലങ്കയുടെ നാശം എന്നു ശപിച്ച കഥ ഓര്‍ക്കുന്നു. ഈ സന്ദര്‍ഭത്തില്‍ പടപ്പുറപ്പാടും ദേവലോകത്തെ ആക്രമിച്ചു തോല്‍പിച്ചതും കൈലാസോദ്ധാരണവും ആടാന്‍ അവസരമുണ്ട്‌. (നേരത്തെ ശങ്കുകര്‍ണ്ണന്റെ നിര്‍വഹണത്തില്‍ ഇവ ആടിയിരുന്നു എന്നോര്‍ക്കുക)

ജിത്വാ ത്രൈലൊക്യമാജൗ സസുരദനുസുതം
യന്മയാ ഗര്‍വിതേന
ക്രാന്ത്വാ കൈലാസമീശം സ്വഗണപരിവൃതം
സാകമാകമ്പ്യ ദേവ്യാ
ലബ്ദ്വാ തസ്മാദ്‌ പ്രസാദം പുനരഗസുതയാ
നന്ദിനാനാദൃതത്വാത്‌
ദത്തം ശാപഞ്ച താഭ്യാം യദി കപിവികൃതി
ഛത്മനാ തന്മമ സ്യാത്‌

ഈ ശ്ലോകം ആടിക്കഴിയുന്നിടത്താണ്‌ വിഭീഷണന്റെ പ്രവേശം. തുടര്‍ന്ന്‌ ഹനൂമാന്റെ പ്രവേശം. രാവണനെ നേരില്‍ കാണാന്‍ താന്‍ സ്വയം ബന്ധിക്കപ്പെടാന്‍ സമ്മതിച്ചു കൊടുത്തതാണ്‌ എന്ന്‌ കാണിച്ച ശേഷം ഉദ്യാനഭംജനം വിസ്തരിച്ച്‌ ആടാറുണ്ട്‌. അതിനു ശേഷം രാവണനോട്‌ താന്‍ മരുത്സുതനായ ഹനുമാനാണെന്നും രഘുവീരന്റെ ദൂതനായി വന്നതാണെന്നും അറിയിക്കുന്നു. എവിടെ പോയി ഒളിച്ചാലും ശരങ്ങളെക്കൊണ്ട്‌ നിന്റെ ശരീരത്തെ കീറി മുറിച്ച്‌ യമലോകത്ത്‌ എത്തിക്കുന്നുണ്ട്‌ എന്ന രാമവാക്യവും ഹനുമാന്‍ അറിയിക്കുന്നു. വിഭീഷണന്‍ ഇടപെട്ട്‌ രാവണന്‌ സല്‍ബുദ്ധി ഉപദേശിക്കുന്നുവെങ്കിലും അതു വക വെയ്കാതെ ദൂതനെ വധിക്കനുദ്യമിക്കുകയും, പിന്നെ വാലില്‍ തീ കൊളുത്തി പുറത്താക്കാന്‍ നിശ്ചയിക്കുകയും ചെയ്യുന്നു. ഹനുമന്‍ രംഗം വിട്ട ശേഷം, വിഭീഷണനും ശ്രീരാമസന്നിധിയിലേയ്ക്കു പുറപ്പെടുന്നതോടെ ആറാം ദിവസത്തെ അവതരണത്തിനു തിരശ്ശീല വീഴുന്നു.

സംഭവബഹുലമായ തോരണയുദ്ധം പോലുള്ള ഒരു കഥ അവതരിപ്പിക്കുന്നത്‌ ഏതു വിധമാണ്‌ എന്നു മനസ്സിലാക്കാനാണ്‌ ഇത്‌ ഇത്ര വിശദമായി പ്രതിപാദിച്ചത്‌. മന്ത്രാങ്കം പോലുള്ളവ ഇതിലും എത്രയോ ഏറെ ക്ഷമയും പരിശ്രമവും കാണികളില്‍ നിന്ന്‌ ആവശ്യപ്പെടുന്നുണ്ട്‌. ഇന്നത്തെ കാലത്തെ സഹൃദ്ര‍യുചിക്കിണങ്ങാത്ത കുറെയേറെ ഭാഗങ്ങള്‍ കൂടിയാട്ടത്തിലുണ്ട്‌. അവയെ ആധുനികരുചിക്കു പാകത്തില്‍ പരിഷ്കരിക്കാവുന്നതാണെന്ന്‌ ഈ ലേഖകന്‌ അഭിപ്രായമില്ല. കൂടിയാട്ടത്തെ അതിന്റെ നിജസ്ഥിതിയില്‍ തന്നെ വിടുകയും അതിന്റെ മേന്മയില്‍ ആകൃഷ്ടരായി വരുന്നവര്‍ക്ക്‌ പഠിക്കാനും ആസ്വദിക്കാനും അവസരമൊരുക്കുകയുമാണ്‌ കലാപ്രീമികള്‍ ചെയ്യേണ്ടത്‌.

* വിവരങ്ങള്‍ക്ക്‌ എല്‍ എസ്‌ രാജഗോപാലന്റെ "കൂടിയാട്ടം" എന്ന ഗ്രന്ഥത്തോട്‌ കടപ്പാട്‌.

ചിത്രങ്ങള്‍: കെ. ആര്‍. വിനയന്‍

Subscribe Tharjani |