തര്‍ജ്ജനി

ഡോ.സുജ ശ്രീകുമാര്‍

ഇ മെയില്‍ : suja.thekkegramam@gmail.com

Visit Home Page ...

ലേഖനം

മഴപ്പെഴ


ഫോട്ടോ : ഹരി വാലെത്ത്

കൈയില്‍ പുസ്തകവും പൊതിച്ചോറുമായി കൊട്ടിപ്പാടുന്ന മഴയില്‍ തൂശനിലക്കുടയും ചൂടി നടവരമ്പത്തുകൂടി നടക്കുന്ന കുട്ടി. ഒ.എന്‍.വി വാക്കുകള്‍കൊണ്ടു് ഇങ്ങനെ വരച്ചിട്ട കുട്ടിയെ ഈയിടെ വീണ്ടുമൊന്നു കണ്ടുമുട്ടി. നേരിലല്ല ...... കവിയുടെ വരികളില്‍ത്തന്നെ. നേരില്‍ക്കാണാന്‍ ഇനിയൊരിക്കലുമാവാത്ത മഴച്ചിത്രമാണു് ഇതെന്ന നേരിനെ ഒരിക്കല്‍ കൂടിയോര്‍ത്തുപോയി. ആ ഓര്‍മ്മ നല്കിയ നേരിയതല്ലാത്ത നോവാണ് എന്നെക്കൊണ്ട് ഈ മഴപ്പെഴയെഴുതിച്ചത്. നടത്തവും നടവരമ്പുമെന്തെന്നറിയാത്ത ചോക്ലേറ്റുകുട്ടികള്‍ക്ക് തിമിര്‍ത്തുന്ന പെയ്യുന്ന മഴയെന്തെന്നും അറിയാനിടയില്ലാത്ത കാലമല്ലേയിതെന്ന ആകുലതയോടെയാണു് ഇതെഴുതുന്നത്. ഒ.എന്‍.വി ഭയക്കുന്നതുപോലെ ഇന്ന് കുട്ടികളെ കൊത്തിപ്പറിക്കാനൊരു മഴക്കാറ്റിന്റെ കാക്കക്കൂട്ടവുമെത്താനിടയില്ല.

ഇടതടവില്ലാതെ പെയ്യേണ്ട ഇടവം ഇപ്പോള്‍ ഇടഞ്ഞുനില്ക്കുകയാണ്. മിഥുനത്തിന് മദിച്ചുപെയ്യാനും ആവുന്നില്ല. ദുര്‍ഘടമുണ്ടാക്കാതെ കര്‍ക്കിടകവും മാറിയാല്‍ കര്‍ക്കിടകം കഴിഞ്ഞാലും ദുര്‍ഘടം മാറില്ലെന്നു് ഉറപ്പുതന്നെ. മലയാളത്തിന്റെ മഴക്കണക്കില്‍ മൂന്നില്‍ രണ്ടും പൊഴിച്ചുതരുന്നത് ഈ മാസത്രയമാണ്. ഇടവത്തിലെ അശ്വതിയിലിടുന്ന വിത്തും കട്ടില്ക്കാപല്ക്കനല്‍ കെട്ടിയടച്ചു വച്ച കല്ലന്‍ഭരണിയിലെ മാങ്ങയും ഒരുകാലത്തും കേടുവരില്ലന്ന് മുത്തശ്ശി പറഞ്ഞുകേട്ടിട്ടുണ്ട്. ആ ഉപ്പുമാങ്ങയില്‍ കാന്താരി മുളക് പൊട്ടിച്ചു വെളിച്ചെണ്ണയില്‍ ചാലിച്ചത് കൂട്ടിക്കുടിച്ച കഞ്ഞിയുടെ രുചി ഇന്നും നാവിന്‍തുമ്പില്‍ നിന്ന് മാഞ്ഞിട്ടില്ല.

ഇടവത്തിന് ഒടുവിലെത്തേണ്ട മകയിരം ഞാറ്റുവേലയെക്കുറിച്ച് വേവലാതികൊണ്ട് പൂമുഖത്തുലാത്തുന്ന കാര്‍ന്നോപ്പാടിന്റെ ഉറച്ച കാലടിയൊച്ചകള്‍ ഓര്‍മ്മകളിലിന്നും മുഴങ്ങാറണ്ട് . മിഥുനം ഏഴോടെ തിരുവാതിര ഞാറ്റുവേല തുടങ്ങണം. തിരിമുറിയാത്ത തോരാമഴ പൊഴിയണം. തിരുവാതിര തിരുതകൃതിയായി പെയ്തൊഴിയുമ്പോള്‍ നെല്‍വിരിപ്പൂ കൃഷി നല്ലോണം നെല്ല് തരുമത്രേ….. ഓണം നല്ലോണമുണ്ണാനുമാവും. കാരമുള്ള കുരുമുളകും തഴച്ചുവളരും. കര്‍ക്കടകമഴ ഇരുട്ടുകുത്തി ചൊരിയണം. ചുമ്മാതെ ചൊരിഞ്ഞാല്‍ പോര കോരിച്ചോരിയണം. ഉച്ചയ്ക്കുപോലും അല്പം തോര്‍ച്ച പാടില്ല. മുറപോലെ, മുറിയാതെ തകര്‍ത്തുപെയ്യുന്ന ഈ മഴയെയാണ് പേമാരിയെന്നും പെരുമഴയെന്നുമെല്ലാം വാഴ്ത്തിപ്പറയുന്നത്‌. കര്‍ക്കിടകത്തിലെ പൂയം ഞാറ്റുവേലയും കേഴ്വിയുള്ളതാണ്.കര്‍ക്കിടകമഴ അറിയാതെ പിഴയ്ക്കുന്നതും ഈ ഞാറ്റുവേലയിലത്രെ.


ഫോട്ടോ : പ്രദീപ് അഡൂര്‍

പണ്ടു മിഥുനം കര്‍ക്കിടകത്തില്‍ തേങ്ങ നന്നേ കുറയും. അങ്ങുമിങ്ങും ഒന്നും ഒറ്റയുമായിക്കിടക്കുന്ന 'കൂരിത്തേങ്ങ'യിടുവിക്കാന്‍ തെങ്ങുകയറ്റക്കാരന്റെ പിന്നാലെ പാഞ്ഞു കാലുതേഞ്ഞ കാര്യവും മുത്തച്ഛന്‍ ഒരു തവണയല്ല, ഒരായിരം തവണ പറഞ്ഞുകേട്ടിട്ടുണ്ട്. ഈ മാസങ്ങളുടെ അറുതിയില്‍ തേങ്ങാവറുതി തീരുമല്ലോ എന്ന ധൈര്യവും അന്നുണ്ടായിരുന്നു. എന്നാലിന്നോ? തേങ്ങയുമില്ലാതാകുന്നു എന്ന ഉത്കണ്ഠയാണ് മനസ്സില്‍ തിങ്ങിനിറയുന്നത്. പണ്ട് കര്‍ക്കിടകത്തില്‍ പട്ടിണികൊണ്ട് പൊറുതിമുട്ടുന്നവര്‍ ഉള്ളവന്റെ പറമ്പിലെ കിഴങ്ങ് കട്ടുമാന്തിയിരുന്നു. ഇന്ന് കര്‍ക്കിടകമഴയില്ലെങ്കിലെന്താ ........ കട്ട് മാന്താനുള്ള ആന്തല്‍ ഉള്ളവനും ഇല്ലാത്തവനുമെല്ലാമില്ലേ? 'കര്‍ക്കിടകത്തില്‍ പത്തുണക്ക് 'എന്ന പഴമൊഴി 'കര്‍ക്കിടകം മൊത്തവുമുണക്ക് 'എന്ന പുതുമൊഴിക്ക് വഴി മാറുമോ ?!!! മണ്ണിനെ പൊന്നാക്കിയ പഴമക്കാരെ കാലം കവര്‍ന്നെടുത്തിരിക്കുന്നു. അവരെത്തിരഞ്ഞു മഴയും പടിയിറങ്ങിയോ?

ചിങ്ങത്തിലെ ചിണുങ്ങിമഴയില്ലെങ്കില്‍ വലിയ കുഴപ്പമുണ്ടോ ആവോ? ഉത്തരം കിട്ടണേല്‍ പഴമക്കാരുടെ പുറകെത്തന്നെ പോകണം. മുച്ചിങ്ങം മഴയില്ലെങ്കില്‍ അച്ചിങ്ങം മഴയില്ലെന്നാണ് അവരുടെ പക്ഷം. കള്ളനും കൊള്ളാത്ത വെയില്‍ച്ചൂട് കന്നിയില്‍ മാത്രമല്ലിന്ന്. ആണ്ടറുതിവരെ കൊണ്ടേ തീരൂ... കന്നിപ്പൂരത്തില്‍ പുണ്യാഹം തളിക്കാന്‍ പോലും മഴ കനിയാറില്ല.

തുലാമഴയില്ലെങ്കില്‍ തുലഞ്ഞതു തന്നെ കാര്യം. മലയാളിയുടെ വിശപ്പടക്കാനുള്ള വിഭവങ്ങള്‍ കിട്ടണേല്‍ തുലാമഴ പൊഴിയണം. തുലാത്തിലെ ചോതിയില്‍ ഞാറ്റുവേല കനക്കണം. വാഴയ്ക്കും തെങ്ങിനുമൊക്കെ വേരുകള്‍ പൊടിക്കുന്നത് ഈ മഴയത്താണത്രെ. മണ്ണില്‍ വേരാഴ്ത്തിത്തഴയ്ക്കുന്ന സസ്യജാലങ്ങളാണല്ലോ നമ്മുടെ ഭക്ഷണശീലങ്ങളുടെ നാരായവേര്! ഈ നേരറിയുന്നവര്‍ കുറവാകയാല്‍ ആര്‍ക്കും തുലാമഴ പെയ്തില്ലെങ്കിലും ആകുലതകളില്ല. തുലാച്ചിത്തിര കഴിഞ്ഞാലും പാറപോലെ ഉറച്ച മണ്ണില്‍ എന്താണ് നട്ടുണ്ടാക്കുകയെന്ന വേവലാതികളില്ല. തുലാവിഷു കഴിഞ്ഞുവരുന്ന പത്താമുദയത്തില്‍ 'പുത്തരി'പോയിട്ട് 'പൂത്തരി 'യെങ്കിലുമുണ്ണാനാവുമോ എന്ന ആശങ്കകളില്ല . 'പുത്തരിയും'' പൂത്തരിയും' എന്താണെന്നറിയാത്തോര്‍ക്കെന്തു് തുലാപ്പത്ത്! പിലാപ്പൊത്തിലൊളിക്കാന്‍ തുലാപ്പത്ത് കഴിയാന്‍ കാക്കേണ്ട കാര്യവുമില്ലാതായി. തോര (തുവര)പോലും പൂക്കാതെ തുലാം കടന്നുപോകുമ്പോള്‍ തുവര പൊളിക്കാനും ഉപ്പേരി ഉണ്ടാക്കാനും നേരമില്ലാതോടുന്ന വെള്ളക്കോളര്‍പ്പണിക്കാര്‍ക്ക് ചേതമൊന്നുമുണ്ടാവാനിടയില്ല. തോരയോടൊപ്പം പൂവണിയാതെ പോകുന്നത് മണ്ണിനോട് മല്ലിടുന്ന പാവം കൃഷിക്കാരന്റെ ചെറിയ വലിയ സ്വപ്നങ്ങളാണ്. തുലാത്തിലും തട്ടുന്ന വെള്ളിടിക്കു പകരം അവരുടെ നെഞ്ചിടിപ്പുകളാണ് കേള്‍ക്കേണ്ടിവരിക.


വിക്ടര്‍ ജോര്‍ജ്ജിന്റെ പ്രശസ്തമായ ഒരു മഴച്ചിത്രം

വൃശ്ചികത്തിലും ധനുവിലും ചെറുമഴകളുണ്ടാകുന്ന പതിവും തെറ്റിത്തുടങ്ങിയിട്ടുണ്ട്. പെയ്യാത്ത മഴയെക്കുറിച്ചുള്ള ആധിക്കിടയില്‍ മകരത്തില്‍ മഴപൊഴിയാതിരിക്കാനാണ് മനമുരുകേണ്ടത്‌. വിരോധാഭാസമെന്നുതന്നെ തോന്നും. ഈ പ്രമാണം തെറ്റിയാല്‍ മലയാളക്കര മുടിഞ്ഞുപോകുമത്രേ. ഇതൊന്നും വെറുതെ പറയുന്നതല്ല. നെല്ല് വിളഞ്ഞു കൊയ്തെടുക്കുന്നത്‌ മകരത്തിലാണ്. മകരത്തിലെ മഴ കൊയ്ത്തുമുടക്കും. സസ്യലതാദികളുടെ പൂകൊഴിയും. മലയാളമണ്ണ് വിളഞ്ഞുവിളങ്ങണേല്‍ മകരത്തില്‍ മഴ പെയ്യരുതെന്ന് മനമുരുകിയേ തീരൂ. മകരത്തില്‍ മാത്രമല്ല മറ്റൊരു മാസത്തിലും മഴ പെയ്യാതായത് കൊണ്ട് ഇന്നാര്‍ക്കും മനമുരുകേണ്ടതുമില്ല. മലയാളമക്കള്‍ മുടിഞ്ഞുതുടങ്ങിയെന്ന സൂചന നല്കി മകരം മുഴുവന്‍ മുടിഞ്ഞ മഴപെയ്ത ആണ്ടുകളും കടന്നുപോയിട്ടുണ്ട്.
കുംഭമഴയ്ക്ക്‌ കുപ്പയില്‍ മാണിക്യം വിതറാനാവുമത്രേ. അന്ന് നെല്ല് തന്നെയാണ് മാണിക്യം. നെല്‍വിളവു നന്നായാല്‍ മണ്ണിന്റെമക്കളുടെ കണ്ണുകള്‍ മാണിക്യംപോലെ തിളങ്ങാതിരിക്കുമോ? മാണിക്യത്തിളക്കമുള്ള ഈ കുംഭമഴത്തുള്ളികളും പൊഴിയാതായിത്തുടങ്ങിയില്ലേ? മീനച്ചുടിലുരുകുമ്പോള്‍ കുളിര് പകര്‍ന്നിളരുന്ന വേനല്‍മഴയും നമ്മെ മറന്നു കഴിഞ്ഞു!

കൃഷിയിറക്കുന്നതിനു് ഉതകുംമട്ടിലാണ് മേടമഴ പൊഴിയേണ്ടതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. മേടത്തിലെ അശ്വതിനാളില്‍ ഒരു വിതമഴ പെയ്യണം. വിത്തിനെകാത്തിരിക്കുന്ന മണ്ണിനെയും കൃഷിക്കാരന്റെ ഹൃത്തിനെയും ഒരുപോലെ ആര്‍ദ്രമാക്കുന്നവയാണ് ഈ വിതമഴത്തുള്ളികള്‍! വിത കഴിഞ്ഞാലുടനെ ചാറ്റല്‍മഴ പൊഴിഞ്ഞിരിക്കണം. വിത്ത്‌ മിഴിതുറക്കണേല്‍ ഈ ചാറ്റല്‍മഴ ഒഴിവാക്കാനാവില്ല.

മണ്ണിന്റെ ആത്മാവിലേക്ക് ഇത്ര സൂക്ഷ്മതയോടെ പൊഴിഞ്ഞിറങ്ങിയിരുന്ന മഴയിന്നെന്തേ ഇങ്ങനെയാവാന്‍ !

പെയ്താലും കുറ്റം
ഇല്ലേലും കുറ്റം
മഴേടമ്മയ്ക്ക് എപ്പോഴും കുറ്റം
മഴേടച്ഛനുമെപ്പോഴും കുറ്റം!
ഇങ്ങനെയുള്ള കുറ്റപ്പാടുകള്‍ പണ്ടേ മഴയെത്ര കേട്ടിരിക്കുന്നു? എന്നിട്ടും കാലത്ത് പെയ്യാതെയും കാലംതെറ്റിപ്പെയ്തും മാളോരെക്കൊണ്ട് പഴിപറയിച്ചും മഴയിങ്ങനെ പിണങ്ങി നിന്നിട്ടില്ലല്ലോ! ഒരു കണക്കിന് മഴയെയെ എന്തിനിങ്ങനെ പഴിക്കണം? മാനവും മഴയും നോക്കി കൃഷിപ്പണി ചെയ്യാത്തോരും മണ്ണിനെ കണ്ണായി കാണാത്തോരുമുള്ള മണ്ണിലേക്കെന്തിനു പെയ്തിറങ്ങുന്നുവെന്നു് മഴയും കരുതിക്കാണണം.

Subscribe Tharjani |
Submitted by Anonymous (not verified) on Tue, 2012-09-04 00:40.

മനോഹരം.......... കാല്പനികം......

കേരളത്തനിമയിലേക്കുള്ള ഈ ഓര്‍മ്മപ്പെടുത്തലിന് ഡോ. സുജയ്ക്കും തര്‍ജ്ജനിക്കും നന്ദി.