തര്‍ജ്ജനി

ഫൈസല്‍ ബാവ

അറക്കക്കാട്ടില്‍ ഹൗസ്‌,
ആമയം,
ചെവറല്ലൂര്‍ പി.ഒ,
മലപ്പുറം ജില്ല.
പിന്‍: 679 575
ഇ മെയില്‍: faisalbava75@gmail.com
ബ്ലോഗ്: faisalbavap.blogspot.com
വെബ് സൈറ്റ്: www.epathram.com

Visit Home Page ...

ലേഖനം

വിദ്യാഭ്യാസം : മാഞ്ഞുപോയ സേവനമേഖല

ആഗോളീകരണത്തിന്റെ കനത്ത ആഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഒരു സാമൂഹ്യസേവനമേഖലയാണ് വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ ഇന്ന് അത് ഒരു സേവനമേഖലയല്ല പകരം കച്ചവടവല്ക്കരണത്തിന്റെയും ആഗോളീകരണത്തിന്റെയും മേഖലയായി ചുരുങ്ങി. നിര്‍ഭാഗ്യവശാല്‍ കേരളമാണ് ഈ ആഘാതത്തിന്റെ പിടിയിലമര്‍ന്നുകഴിഞ്ഞ പ്രധാനമേഖല. വിദ്യാഭ്യാസം ലാഭംകൊയ്യാനുള്ള ഒരു രംഗമാക്കി പരിവര്‍ത്തിപ്പിക്കുക എന്ന മുതലാളിത്ത ആശയം കേരളത്തിലെ പ്രധാന രാഷ്ട്രീയകക്ഷികള്‍തന്നെ ഏറ്റെടുക്കുകയായിരുന്നു. അതിന്റെ ഫലമായി വിദ്യാഭ്യാസവകുപ്പ്‌ അതത് കാലങ്ങളിലെ മാറിമാറിവന്ന മുഖ്യമന്ത്രിമാരുടെയോ സമുദായങ്ങളുടെയോ താല്പര്യത്തിലൂന്നി മതങ്ങള്‍ക്കോ സമുദായങ്ങള്‍ക്കോ പതിച്ചുകൊടുക്കുകയാണ് ഉണ്ടായത്‌. ഈ പതിച്ചുകൊടുക്കല്‍ അതാത് സമുദായങ്ങളിലെ വരേണ്യവിഭാഗങ്ങള്‍ ഈ കച്ചവടത്തിലൂടെ തടിച്ചുകൊഴുത്തപ്പോള്‍ സാധാരണക്കാരന് വിദ്യാഭ്യാസമെന്നത് വന്‍സാമ്പത്തികബാദ്ധ്യതയായി മാറി. സ്വകാര്യവിദ്യാലങ്ങളുടെയും കലാലയങ്ങളുടെയും വളര്‍ച്ചക്കുവേണ്ടി നമ്മുടെ പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ തന്ത്രപൂര്‍വ്വം ഭരണകൂടത്തെ ഉപയോഗിച്ചു. സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ശോചനീയാവസ്ഥ സാധാരണക്കാരെപ്പോലും പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്നും അകറ്റിയപ്പോള്‍ സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണായി കേരളം മാറുകയായിരുന്നു. മക്കളുടെ വിദ്യാഭ്യാസം മലയാളികളുടെ പ്രധാനലക്ഷ്യമായതിനാല്‍ സ്വകാര്യമേഖല തന്ത്രപൂര്‍വം വിദ്യാഭ്യാസക്കച്ചവടം സാധാരണക്കാരനിലേക്കും വ്യാപിപ്പിച്ചു. വിദ്യാഭ്യാസരംഗത്തെ കച്ചവടവല്ക്കരണവും വര്‍ഗ്ഗീയവല്ക്കരണവും വളര്‍ന്നുവരുന്ന തലമുറയുടെ ഭാവി ഇരുളടഞ്ഞതാക്കും. വര്‍ണ്ണങ്ങള്‍ മനസ്സിനെ കൂടുതല്‍ സ്വാധീനിക്കാന്‍ കഴിയുന്ന ഒന്നാണ്. ഓരോ വര്‍ഗ്ഗീയസമുദായ ശക്തികളും ഒരു നിറത്തെ ദത്തെടുക്കുകയും അത് പ്രതീനിധീകരിക്കുന്നത് തങ്ങളെയാണ് എന്ന് ധ്വനിപ്പിക്കുകയും ചെയ്യുന്നു. അതാണ്‌ അതാത് കാലത്തെ ഭരണകൂടങ്ങള്‍ തങ്ങളുടെ ചില നിറങ്ങളെ അമിത പ്രാധാന്യം നല്കി തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നവര്‍. ഗുജറാത്തില്‍ കാവിവല്ക്കരിക്കുന്നു എന്ന് പരിതപിക്കുന്നവര്‍ തന്നെയാണ് ഇവിടെ നിറങ്ങളുടെ പേരില്‍ വിവാദം ഉണ്ടാക്കുന്നത്. ഇന്ന് ഉന്നതവിദ്യാഭ്യാസരംഗം മാത്രമല്ല നേഴ്സറിക്ലാസ്സില്‍നിന്നുതന്നെ ഈ വേര്‍തിരിവ് നടക്കുന്നു. വിദ്യാഭ്യാസത്തിലൂടെ ഒരാള്‍ നേടിയെടുക്കേണ്ട സാമൂഹികപ്രതിബദ്ധതയെ ഒരു വിലയും കല്പിക്കാതെ കുഴിച്ചുമൂടികൊണ്ടിരിക്കുകയാണ്. ധാര്‍മ്മികതയും ധൈഷണികതയും ഉയര്‍ന്നുനിന്നിരുന്ന സമ്പന്നമായ ഒരു കാലത്തിന്റെ ബാക്കിപത്രമാണ് ഇന്ന് അവശേഷിക്കുന്ന നന്മയുടെ കാതല്‍. ലക്ഷങ്ങള്‍ കോഴകൊടുത്ത് ഉന്നതവിദ്യാഭ്യാസത്തിന് അവസരം തേടുന്ന ഒരാള്‍ക്ക് സാമൂഹികപ്രതിബദ്ധതയെപ്പറ്റി ചിന്തിക്കാന്‍ കഴിഞ്ഞെന്നുവരില്ല.

ഉന്നതവിദ്യാഭ്യാസത്തിന്റെ പേരില്‍ പുതുതായി ഉയര്‍ന്നുവന്ന പല കോഴ്സുകളും ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. കലാലയങ്ങള്‍ കമ്പോളതാല്പര്യത്തിനനുസരിച്ച് ജീവിക്കാന്‍ ഉതകുന്നവര്‍ക്കായുള്ള പരിശീലനക്കളരിയായി മാറുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ വിമര്‍ശനബുദ്ധിയെ തല്ലിക്കെടുത്താനും പകരം കമ്പോളതാല്പര്യത്തെ വളര്‍ത്തിക്കൊണ്ടുവരാനുമുള്ള ശ്രമം നടക്കുന്നുണ്ട്. ഒരു കാലത്ത്‌ സാമ്രാജ്യത്വ- മുതലാളിത്തശക്തികള്‍ക്കെതിരെ ശബ്ദിച്ചുകൊണ്ടിരുന്ന കാമ്പസുകള്‍ ഇന്നില്ല. പകരം ഫാഷന്‍പരേഡും മുതലാളിത്ത ആശയങ്ങളും അവയെ കീഴടക്കിക്കൊണ്ടിരിക്കുന്നു. ബദല്‍ സാദ്ധ്യതകളൊന്നും ഉയര്‍ന്നുവരാത്ത വേദിയായി ഇന്ന് കലാലയങ്ങള്‍ ചുരുങ്ങികൊണ്ടിരിക്കുന്നു. കാമ്പസ്‌ സംവാദങ്ങള്‍ വെറും ഉപരിപ്ലവമായ കാര്യങ്ങളില്‍ തട്ടി നില്ക്കുകയാണ്.

വിദ്യാര്‍ത്ഥിരാഷ്ട്രീയം ബോധനവിദ്യ ഉള്‍കൊണ്ട്, കച്ചവടവത്ക്കരണത്തിലൂടെയുള്ള ദുഷ്ടലക്ഷ്യത്തെ തിരിച്ചറിയേണ്ടതിനു പകരം അരാഷ്ട്രീയവത്കരണത്തിന്റെ പിടിയിലമര്‍ന്നു കൊണ്ടിരിക്കുകയാണ്. അരാഷ്ട്രീയവത്കരിക്കപ്പെട്ട ഒരു സമൂഹത്തിനുമുന്നില്‍ വിദ്യാലയങ്ങള്‍ പൊതുസ്വത്തല്ല. ആഗോളവിപണിക്കുതകുന്ന ചിന്തകളെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രങ്ങളാണ്. വിദ്യാഭ്യാസരംഗത്തെ ഈ മൂല്യത്തകര്‍ച്ച ഇന്ന് ഏറെക്കുറെ യാഥാര്‍ത്ഥ്യമായി കഴിഞ്ഞിരിക്കുന്നു. അതിന്റെ അനന്തരഫലം നമ്മുടെ പൊതുസമൂഹത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു. ആഗോളീകരണത്തിന്റെ ചിഹ്നങ്ങള്‍ വിദ്യാഭ്യാസമാതൃകകളായി കേരളത്തില്‍ അവതരിക്കുന്നു. പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കേണ്ട ഒരു പദ്ധതിയും സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നില്ല. സേവനമേഖലയായി വര്‍ത്തിക്കേണ്ടതാണ് വിദ്യാഭ്യാസം എന്ന ചിന്തപോലും നമ്മളില്‍ നിന്നും മാഞ്ഞുപോയിക്കൊണ്ടിരിക്കുന്നു. സര്‍ക്കാരിന് ന്യായമായ നിയന്ത്രണങ്ങള്‍പോലും നിലനിര്‍ത്താനാവാത്ത സ്ഥിതി വളര്‍ന്നുകഴിഞ്ഞു. ഇതൊരു യാഥാര്‍ത്ഥ്യമായതോടെ സാധാരണക്കാരന്‍പോലും തന്റെ മക്കളുടെ വിദ്യാഭ്യാസമോഹം സഫലമാക്കാന്‍ ലോണെടുത്തും സ്വകാര്യപണമിടപാട്‌ സ്ഥാപനങ്ങളെ ആശ്രയിച്ചും കടക്കെണിയില്‍ കുടുങ്ങുന്നു. ഈ ബാദ്ധ്യത താങ്ങാനാവാതെ വരുമ്പോള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു.

വിദ്യാര്‍ത്ഥികളുടെ ജൈവികവും രാഷ്ട്രീയവുമായ പ്രതിരോധത്തെ നിര്‍വീര്യമാക്കാനേ നിലവിലെ വിദ്യാഭ്യാസനയങ്ങള്‍ ഉപകരിക്കുകയുള്ളൂ. വിദ്യാര്‍ത്ഥിരാഷ്ട്രീയം അവരുടെ യഥാര്‍ത്ഥ അവകാശത്തെ ഹൈജാക്ക് ചെയ്തത് അടിമകളാക്കുന്ന മുഖ്യധാരാരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ രീതിയെ വിമര്‍ശനബുദ്ധിയോടെ നേരിടാന്‍ ശക്തിയുള്ള രാഷ്ട്രീയബോധം വളര്‍ന്നുവരണം. അരാഷ്ട്രീയവാദത്തെ പൂര്‍ണ്ണമായും തള്ളിക്കളയാനുള്ള തന്റേടം ഇതോടൊപ്പം കാണിക്കണം. എങ്കിലേ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയൂ. കേരളത്തിലെ ജനകീയവിദ്യാഭ്യാസത്തിന്റെ ആണിക്കല്ല് സര്‍ക്കാര്‍ തന്നെയാവണം. നമ്മുടെ സാമൂഹ്യനന്മക്ക് പൊതുവിദ്യാഭ്യാസമേഖല തകരാതെ നോക്കണം. പുതുതായി അധികാരമേല്ക്കുന്നവര്‍ ഇനിയെങ്കിലും ഇക്കാര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ഇനിയെങ്കിലും വിദ്യാഭ്യാസവകുപ്പിനെ കക്ഷിരാഷ്ട്രീയതാല്പര്യമനുസരിച്ച് പങ്കുവെക്കുന്ന രീതി അവസാനിപ്പിച്ച് ഈ വകുപ്പിനെ നയിക്കാന്‍ കരുത്തുള്ള വിദ്യാഭ്യാസവിചക്ഷണരെ വകുപ്പിന്റെ തലപ്പത്തിരുത്തണം. എന്നാല്‍ നമ്മുടെ രാഷ്ട്രീയനേതൃത്വം പലപ്പോഴും അതിനു ധൈര്യം കാണിക്കാറില്ല. നിര്‍ഭാഗ്യവശാല്‍ ഇത്തവണയും പങ്കുവെപ്പ് തുടര്‍ന്നു. വിദ്യാഭ്യാസവകുപ്പ്‌ ഒരു വിഭാഗത്തിന്റെമാത്രം സ്വത്താക്കി മാറ്റാന്‍ അവര്‍ ശ്രമിക്കുന്നു. എന്നാണു് നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി ഒരു വിദ്യാഭ്യാസവകുപ്പ്‌ ഉണ്ടാകുക?

Subscribe Tharjani |
Submitted by nanmandan (not verified) on Mon, 2012-09-03 00:13.

നന്ദി..ഉപകാരപ്രദമായ ഈ ലേഖനം.തുടരുക.ആശംസകള്‍.

Submitted by Abdulla Yousaf (not verified) on Sun, 2012-09-09 10:00.

വളരെ സത്യസന്ധമായ നിരീക്ഷണം. കേരളം വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ കച്ചവടത്കരണം നടത്തിവരികയാണ്, ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ലേഖകന്‍ ഇക്കാര്യം വളരെ നന്നായി പറഞ്ഞിരിക്കുന്നു. പക്ഷെ ഇത്തരം ലേഖനങ്ങള്‍ എത്ര പേര്‍ വായിക്കുന്നുവെന്നതാണ് സംശയം.... തുടര്‍ന്നും ഇത്തരം ഗുണപരമായ ലേഖനങ്ങള്‍ ഇങ്ങനെ എഴുതാന്‍ കഴിവുള്ളവരെക്കൊണ്ടുതന്നെ തര്‍ജ്ജനി എഴുതിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

അബ്ദുള്ള യൂസഫ്‌

Submitted by neeraja (not verified) on Mon, 2012-09-17 09:30.

ഇനി ഒരിക്കലും മാറ്റപ്പെടാന്‍ സാദ്ധ്യത ഇല്ലാത്ത ഒരു വിഷയത്തെപ്പറ്റി ഫൈസല്‍ ബാവ എഴുതുന്നു, ജനങ്ങള്‍ വിദ്യാഭ്യാസത്തെ ഒരു കച്ചവടമായി കണ്ടുപോയി, ദരിദ്രനും സാധാരണക്കാരനും ഇതൊരു യാഥാര്‍ത്ഥ്യമെന്നു കരുതുന്നു. അതിനാല്‍ ഇനിയൊരു മാറ്റം ഉണ്ടാകുമെന്ന് സംശയം, അതിനാല്‍ വിലപ്പെട്ട ഈ ലേഖനം വായിക്കാന്‍ കൊള്ളാം. നല്ല ഭാഷ, നല്ല നിരീക്ഷണം. പൊതുവേ ഫൈസല്‍ ബാവയുടെ എഴുത്ത് നല്ല ലേഖനങ്ങള്‍ നല്കാറുണ്ട്. ഇതും നല്ല ലേഖനം തന്നെ. പക്ഷെ പ്രയോഗികമാകാന്‍ പ്രയാസം എന്ന് തുറന്നു പറയാതെ വയ്യ. അത്രക്കൊന്നും വിപ്ലവകരമായ ഒരു മാറ്റത്തിന് ഇന്നത്തെ മലയാളി ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം... മലയാളി കൂടുതല്‍ പ്രബുദ്ധരായതിനാല്‍ എന്തും വില്ക്കും... ലാഭമാണ് ഇന്ന് മലയാളിയുടെ കണ്ണിലുണ്ണി. പെട്ടിക്കടക്കാരനും വലിയ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനും അമിതലാഭം മോഹിക്കുന്നു. അതിനായി പണംമുടക്കി പഠിപ്പിക്കുന്നു.... ഈ കച്ചവടം ഈ നില്ക്കണമെങ്കില്‍ നമ്മുടെ മൊത്തം മനോഭാവം മാറണം.... ഈ സുഖലോലുപതയില്‍ കഴിയുന്ന മലയാളി അതിനു മുതിരില്ല കൂടിയാല്‍ കടം കേറി ആത്മഹത്യ ചെയ്യും എന്നാലും?

:- നീരജ

Submitted by thulasivanamkr (not verified) on Wed, 2012-09-19 10:05.

നല്ല ലേഖനം,ആശംസകള്‍.