തര്‍ജ്ജനി

മുഖമൊഴി

ചലച്ചിത്രഅവാര്‍ഡുകൊണ്ട് എങ്ങനെ വിവാദങ്ങളുണ്ടാക്കാം?

കേരളസര്‍ക്കാര്‍ നല്കുന്ന ചലച്ചിത്ര അവാര്‍ഡ് കഴിഞ്ഞ കുറച്ചുകാലമായി വലിയ വിവാദങ്ങള്‍ ഉയര്‍ത്താറില്ല. അവാര്‍ഡിന് സിനിമ സമര്‍പ്പിച്ച് കാത്തിരുന്നവര്‍ അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ പരാതിപറയാതെ, കോലാഹലങ്ങള്‍ സൃഷ്ടിക്കാതെ പിന്‍വാങ്ങുകയായിരുന്നു. അവാര്‍ഡ് സിനിമ എന്നത് പരിഹാസദ്യോതകമായ പദപ്രയോഗമായാണ് മുഖ്യധാരാസിനിമക്കാര്‍ ഇവിടെ ഉപയോഗിച്ചുപോന്നത്. മുന്തിരി പുളിക്കുമെന്ന് പറഞ്ഞ് പിന്‍വാങ്ങിയ പഴംകഥയിലെ കുറുക്കനെപ്പോലെ കിട്ടാത്തതിനാല്‍ വേണ്ട എന്നുവെച്ച് പിന്‍മാറിയതാവും അവര്‍. അതുമാത്രമല്ല കാരണം. ഇടിയും കാറോട്ടവും പാട്ടും കണ്ണീരും അട്ടഹാസങ്ങളുമെല്ലാം ചേര്‍ത്ത് അവര്‍ നിര്‍മ്മിക്കുന്നതുപോലുള്ള സിനിമകള്‍ക്കല്ല അവാര്‍ഡ് നല്കുന്നതെന്നതിനാല്‍ നിര്‍ജ്ജീവവും വിരസവുമായ സിനിമ എന്ന അര്‍ത്ഥത്തിലാണ് മുഖ്യധാരാസിനിമക്കാര്‍ അവാര്‍ഡ്‌സിനിമ എന്ന പദം ഉപയോഗിച്ചിരുന്നത്.

ഇപ്പോള്‍ മുഖ്യധാരാസിനിമയുടെ മേഖലയില്‍നിന്നും ഒരു നടന്‍ സിനിമാകാര്യം കൈകാര്യം ചെയ്യുന്ന കേരളത്തിലെ മന്ത്രിയായിരിക്കുന്നു. പതിവിനു വിപരീതമായി ഇത്തവണ വിവാദകോലാഹലങ്ങള്‍തന്നെ ഉയര്‍ന്നുവന്നതിനു കാരണം അതുതന്നെയാവാം. അവാര്‍ഡ്കാര്യത്തില്‍ മാത്രമല്ല, കുറേ വര്‍ഷങ്ങളായി കേരളത്തില്‍ നടന്നുവരുന്ന ചലച്ചിത്രോത്സവത്തിന്റെ ഇക്കഴിഞ്ഞ വര്‍ഷത്തെ സംഘാടനത്തിലും സിനിമകളുടെ തെരഞ്ഞെടുപ്പിലും വിവാദങ്ങളുണ്ടായി. തന്റെ പ്രവര്‍ത്തനമേഖല എന്ന നിലയില്‍ സവിശേഷമായ താല്പര്യങ്ങള്‍ സിനിമാക്കാര്യത്തില്‍ മന്ത്രിക്കുണ്ടെന്നതാവാം വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനത്തിനും സമാപനത്തിനും എക്കാലത്തും രാഷ്ട്രീയക്കാര്‍ ഭരണാധികാരികളെന്നനിലയില്‍ പങ്കെടുക്കാറുണ്ട്. ആരെങ്കിലും എഴുതിക്കൊടുക്കുന്ന പ്രസംഗം ആകാവുന്നത്ര അലങ്കോലമായി വായിച്ചുതീര്‍ത്ത് അവര്‍ തങ്ങളുടെ ദൗത്യം നിര്‍വ്വഹിക്കും. സെര്‍ജി ഐസന്‍സ്റ്റീനിനെ ഐന്‍സ്റ്റീന്‍ എന്ന് പറഞ്ഞ് പ്രസംഗിച്ച മുഖ്യമന്ത്രിയോട് കേള്‍വിക്കാര്‍ക്കാര്‍ക്കും പരാതിയോ പരിഭവമോ വിമര്‍ശനമോ ഉണ്ടായില്ല. പാവം, മുഖ്യമന്ത്രിയെന്ന് തോന്നുകയേ ചെയ്തിട്ടുണ്ടാവൂ. എന്നാല്‍ ഇത്തവണ സിനിമാമന്ത്രി പ്രസംഗിക്കുമ്പോള്‍ സദസ്സ് പ്രതികരിക്കുകതന്നെ ചെയ്തു. സദസ്സിന്റെ പ്രതികരണത്തില്‍ പ്രകോപിതനായി മന്ത്രി ചില പ്രഖ്യാപനങ്ങള്‍ വരെ നടത്തുകയുണ്ടായി. നേരത്തെ ഗതാഗതവകുപ്പ് കൈകാര്യം ചെയ്തയാളാണ് ഇപ്പോഴത്തെ സിനിമാക്കാര്യമന്ത്രി ഗണേശ് കുമാര്‍. നല്ല മന്ത്രിയെന്ന് പേരുകേള്‍പ്പിച്ച ആ ഗണേശ് കുമാര്‍ സിനിമാക്കാര്യം കൈകാര്യം ചെയ്യുമ്പോഴെങ്ങനെയാണ് വിവാദനായകനാവുന്നത്?

ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള എന്ന പേരില്‍ ചലച്ചിത്രമേള കേരളത്തില്‍ തുടങ്ങുമ്പോള്‍ നാഷനല്‍ ഫിലിം ആര്‍ക്കൈവിന്റെ ക്യൂറേറ്ററായി വിരമിച്ച ശ്രീ. പി. കെ. നായരായിരുന്നു അതിന്റെ ആദ്യന്തചുമതലക്കാരന്‍. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ എന്ന ടൂറിംഗ് ഫെസ്റ്റിവലായിരുന്നു അതിനു മുമ്പ് നമ്മുക്കുണ്ടായിരുന്നത്. അത് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കയ്യില്‍ സംഘടിപ്പിക്കുന്നതായിരുന്നു. ദില്ലിയിലും മുംബെയിലുമൊക്കെയായി നടന്നുപോന്ന ആ ഫെസ്റ്റിവല്‍ തിരുവനന്തപുരത്തും സംഘടിപ്പിക്കപ്പെടുകയുണ്ടായി. കേരളത്തിലെ ചലച്ചിത്രപ്രബുദ്ധത നമ്മുക്ക് സമാനമായ ഒരു ഫെസ്റ്റിവല്‍ ആസൂത്രണംചെയ്ത് നടത്താവുന്ന സാദ്ധ്യത വെളിപ്പെടുത്തുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ അന്തര്‍ദ്ദേശീയ ചലച്ചിത്രമേള ആരംഭിക്കുന്നത്. അതിനു മുമ്പേ, മറ്റു സംസ്ഥാനങ്ങളിലൊന്നും ഉണ്ടായിട്ടില്ലാത്ത ചില കാര്യങ്ങള്‍ ചലച്ചിത്രകലയുടെ മേഖലയില്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. നാഷനല്‍ ഫിലിം ആര്‍ക്കെവിന് മേഖലാ ഓഫീസുകളായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. കേരളത്തില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനം സജീവമായതിനാല്‍ കേരളത്തിന് മാത്രമായി ഒരു ഓഫീസ് നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് തിരുവനന്തപുരത്ത് ആരംഭിക്കുകയുണ്ടായി. ഫിലിം സൊസൈറ്റി പ്രസ്ഥാനം ഇതരസംസ്ഥാനങ്ങളേക്കാള്‍ കേരളത്തില്‍ സജീവമായിരുന്നതിനാല്‍ കേരളത്തിന്റെ കാര്യം കൈകാര്യം ചെയ്യാനായി ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, കേരളത്തിന് സംസ്ഥാനതല ഓഫീസ് ആരംഭിച്ചു. ഇതൊന്നും ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും നടന്നിട്ടില്ലാത്ത കാര്യങ്ങളാണ്. കേരളത്തിന്റെ ചലച്ചിത്രപ്രബുദ്ധത മാത്രമല്ല, ദേശീയതലത്തില്‍ മികച്ച സിനിമയ്ക്ക് നല്കുന്ന അവാര്‍ഡ് അടൂര്‍ ഗോപാലകൃഷ്ണനും അരവിന്ദനും ഊഴമിട്ട് കേരളത്തിലേക്ക് കൊണ്ടുവന്നിരുന്ന കാലമാണത്. കലാമൂല്യമുള്ള സിനിമയ്ക്ക് വളക്കൂറുള്ള മണ്ണ് എന്ന ഖ്യാതി കേരളത്തിനായിരുന്നു. സത്യജിത്ത് റായിയും മൃണാള്‍ സെന്നും ശ്യാം ബെനഗലും സിനിമ നിര്‍മ്മിച്ചുകൊണ്ടിരുന്ന കാലത്തെ അവസ്ഥയാണത്. ലോകത്തിലെ മികച്ച സിനിമകളോടൊപ്പം പ്രദര്‍ശിപ്പിക്കുകയും അവയോടൊപ്പം മത്സരിക്കുകയും ചെയ്യുന്ന സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്ന കേരളത്തില്‍ അക്കാലത്തും കണ്ണുനീരും പ്രതികാരവും അട്ടഹാസവും കാറോട്ടവും നൃത്തവും കോലാഹലങ്ങളും വൈകാരികമായി ഇളക്കിമറിക്കാവുന്നവിധത്തില്‍ കൂട്ടിച്ചേര്‍ത്ത് സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടായിരുന്നു. അത്തരം സിനിമകളോടൊപ്പം കലാമൂല്യമുള്ള സിനിമകളും കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ റീലീസ് ചെയ്യപ്പെടുകയും തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. അവയൊക്കെ വലിയ ബോറടികളാണെന്ന് സ്വയം ബോദ്ധ്യപ്പെടുത്താന്‍ കച്ചവടസിനിമയുടെ പ്രേക്ഷകര്‍, ഓ, കുതിരേ, നീയെങ്കിലും ഒന്ന് ഉരിയാട് എന്ന് വലിയ തമാശയും പറയുമായിരുന്നു. എന്നാല്‍ അതൊന്നും ഇക്കാലത്ത് സിനിമാക്കാരുടെ പലതരം സംഘടനകള്‍ പ്രവര്‍ത്തിച്ച് സൃഷ്ടിച്ചതുപോലെ ശത്രുത സൃഷ്ടിച്ചിരുന്നില്ല. ഇഷ്ടമില്ലാത്ത സിനിമയെ കൂവിത്തോല്പിക്കുന്ന ചലച്ചിത്രപ്രവര്‍ത്തനം അക്കാലത്തെ കേരളത്തില്‍ ഉണ്ടായിരുന്നില്ല. അഭിനേതാക്കള്‍ക്ക് ഊരുവിലക്കും ഉണ്ടായിരുന്നില്ല.

കേരളത്തിലെ ഫിലിം ഫെസ്റ്റിവല്‍ എന്നതുപോലെ ചലച്ചിത്രഅവാര്‍ഡും ദേശീയതലത്തില്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്റെ മാതൃകയിലാണ് ആരംഭിച്ചത്. കച്ചവടവിജയമോ ജനപ്രീതിയോ നേടിയ ചലച്ചിത്രങ്ങള്‍ക്കല്ല, കലാപരമായ മൗലികതയും മികവും പ്രകടമാക്കുന്ന ചലച്ചിത്രങ്ങള്‍ക്കാണ് അവാര്‍ഡുകള്‍ നല്കുന്നത്. കലാപരമായ മികവ് നിശ്ചയിക്കുവാനുള്ള യോഗ്യതയുള്ള ജൂറിമാരുടെ പാനല്‍ ആയിരിക്കും അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കുക. മികച്ച കച്ചവടവിജയം നേടുകയും പ്രേക്ഷകപ്രീതിനേടുകയുംചെയ്ത ചിത്രങ്ങള്‍ ജനപ്രിയതയുടെ സൂത്രവാക്യങ്ങള്‍ക്കനുസരിച്ച് നിര്‍മ്മിക്കപ്പെടുന്നവയാണ് എന്നതിനാല്‍ അവയൊന്നും സാധാരണനിലയില്‍ അവാര്‍ഡ് പരിഗണനയ്ക്ക് വരാറില്ല. തങ്ങള്‍ക്ക് അവാര്‍ഡ് കിട്ടുമോ എന്നതിനെക്കാള്‍ തങ്ങളുടെ സിനിമ ബോക്‌സ് ഓഫീസ് വിജയം കൈവരിക്കുമോ എന്നതാണ് ജനപ്രിയസിനിമയുടെ നിര്‍മ്മാതാക്കളും അഭിനേതാക്കളും ശ്രദ്ധിച്ചിരുന്നത്. സിനിമാപ്രസിദ്ധീകരണങ്ങള്‍ അവാര്‍ഡ് നല്കാന്‍ തുടങ്ങിയതോടെയാണ് ജനപ്രിയസിനിമകള്‍ അവാര്‍ഡിനായി പരിഗണിക്കപ്പെടുന്നത്. അത്തരം അവാര്‍ഡുകള്‍ ചലച്ചിത്രകലയെക്കാള്‍ ചലച്ചിത്രവ്യവസായത്തെയാണ് പരിഗണിച്ചിരുന്നത്. അങ്ങനെ അവാര്‍ഡുകളുടെ രണ്ടുവഴികള്‍ രൂപപ്പെട്ടു. പിന്നെ ഫിലിം ക്രിട്ടിക്‌സ് എന്ന പേരിലും മറ്റും വ്യവസായത്തെ പരിചരിക്കുന്ന പുരസ്കാരങ്ങള്‍ നിരവധി വേറെയും ഉണ്ടായി. അവയില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു മാനം സര്‍ക്കാര്‍ നല്കുന്ന പുരസ്കാരത്തിനുണ്ട്.

സ്വതന്ത്രഭാരതത്തില്‍ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ മുന്‍കയ്യിലാണ് കലാസാഹിത്യങ്ങളുടെ പരിപോഷണത്തിനായി അക്കാദമികള്‍ സ്ഥാപിക്കപ്പെട്ടത്. സാഹിത്യം, സംഗീതം-നാടകം, ലളിതകലകള്‍ എന്നിവയ്കാണ് അക്കാദമികള്‍ ആരംഭിച്ചത്. കേന്ദ്ര അക്കാദമിയുടെ മാതൃകയില്‍ സംസ്ഥാനങ്ങളിലും പ്രാദേശിക അക്കാദമികള്‍ ആരംഭിച്ചു. ഈ അക്കാദമികളുടെ വാര്‍ഷികപരിപാടിയായിരുന്നു അവാര്‍ഡ്ദാനം. മികച്ച എഴുത്തുകാരെയും കലാകാരന്മാരെയും സര്‍ക്കാര്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഈ പരിപാടി അക്കാലത്തുതന്നെ എതിര്‍പ്പുകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ എഴുത്തുകാരെയും കലാകാരന്മാരെയും സര്‍ക്കാര്‍ പുരസ്കാരം നല്കുന്നതിലൂടെ രാജഭരണത്തിന്റെ രീതി അനുവര്‍ത്തിക്കുകയാണെന്നും തങ്ങളോട് വിധേയത്വം പുലര്‍ത്തുന്നവരെ സൃഷ്ടിച്ചെടുക്കുകയാണ് ഇതിന്റെ ഉദ്ദേശ്യമെന്നും വിമര്‍ശിക്കപ്പെട്ടു. വിമര്‍ശനങ്ങള്‍ അധികം വൈകാതെ നേര്‍ത്തുനേര്‍ത്ത് ഇല്ലാതായി. കേരളത്തില്‍ അക്കാദമിസങ്കല്പത്തിന്റെ രണ്ട് വലിയ വിമര്‍ശകരായിരുന്നു നോവലിസ്റ്റും കഥാകൃത്തും നാടകൃത്തുമെല്ലാമായിരുന്ന പി. കേശവദേവും കഥാകൃത്ത് ടി. പത്മനാഭനും. അക്കാദമി ആരംഭിക്കുന്ന കാലത്ത് പത്മനാഭന്‍ വലിയ കഥാകൃത്തായി പ്രശസ്തനായിക്കഴിഞ്ഞിരുന്നില്ല. എന്നാല്‍ കേശവദേവ് അങ്ങനെയായിരുന്നില്ല. പക്ഷെ, കാലാന്തരത്തില്‍ കേശവദേവ് കേരളസാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷപദവി സ്വീകരിച്ചു. അക്കാലത്ത്, സാഹിത്യ അക്കാദമി നല്കിയ ചെറുകഥയ്ക്കുള്ള അവാര്‍ഡ് നേരത്തെസൂചിപ്പിച്ച എതിര്‍പ്പുകള്‍ എടുത്തുപറഞ്ഞ് ടി. പത്മനാഭന്‍ നിരസിച്ചു. അക്കാദമിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നതിലേ അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നുള്ളൂ. സാഹിത്യപരിഷത്ത് അവാര്‍ഡും വയലാര്‍ അവാര്‍ഡും, എന്തിന് മുട്ടത്തുവര്‍ക്കി അവാര്‍ഡും അദ്ദേഹം സ്വീകരിച്ചു. ഏറ്റവും ഒടുവിലായി സാഹിത്യ അക്കാദമിയുടെ അംഗീകാരവും സ്വീകരിക്കുവാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചു.

സ്വന്തം കര്‍മ്മമേഖലയില്‍ അംഗീകരിക്കപ്പെടുവാനുള്ള ആഗ്രഹം സ്വാഭാവികമാണ്. അത്തരം അംഗീകരണമാണ് അവാര്‍ഡുകള്‍ എന്നതിനാല്‍ അത് ഒരു പ്രലോഭനമായിത്തീരുന്നു. സിനിമയുടെ കാര്യത്തില്‍ ഈ പ്രലോഭനത്തിന്റെ ഫലമായാണ് മികച്ച ജനപ്രീതിനേടിയസിനിമയ്ക്ക് പുരസ്കാരം ഏര്‍പ്പെടുത്തിയതും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മുഖ്യധാരാസിനിമ എന്ന ഒരു വിഭാഗം തിരുകിക്കയറ്റിയതും. അതിന്റെ പിന്നാമ്പുറത്ത് അമിതാഭ് ബച്ചനും രാജീവ് ഗാന്ധിയും തമ്മിലുള്ള സൗഹൃദമാണെന്ന് അക്കാലത്ത് പറഞ്ഞുകേട്ടിരുന്നു. വലിയ സിനിമാക്കാരനായ തന്റെ കൂട്ടുകാരന്റെ സിനിമ അവാര്‍ഡിനും ചലച്ചിത്രോത്സവത്തിനും വരാത്തത് രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് അംഗീകരിക്കാനായില്ല. താന്‍ ഭരിക്കുമ്പോള്‍ തന്റെ സ്വന്തക്കാര്‍ക്ക് ഗുണം കിട്ടണം എന്ന ചിന്ത ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് എതിരാണ്. തന്റെ ഭരണത്തിന്റെ ഗുണം ജനതയ്ക്ക് മൊത്തത്തിലാണ് കിട്ടേണ്ടത്. ഗാന്ധിജിയുടെ രീതിയില്‍ പറഞ്ഞാല്‍, ഒരു കാര്യം ചെയ്യുമ്പോള്‍ അത് ഈ രാഷ്ട്രത്തിലെ ദരിദ്രരില്‍ ദരിദ്രനായ ഒരുവന് ഏത് രീതിയില്‍ പ്രയോജനപ്രദമായിരിക്കുമെന്ന് ആലോചിക്കേണ്ടതുണ്ട്. തനിക്കും തന്റെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും സില്‍ബന്തികള്‍ക്കും എന്ത് പ്രയോജനം കിട്ടുമെന്ന ആലോചനയില്‍ നിന്നാണ് അഴിമതികളെല്ലാം മുളപൊട്ടുന്നത്. അപ്പോഴാണ് ഉന്നതമായ മൂല്യങ്ങളില്‍നിന്നും സമൂഹം ജീര്‍ണ്ണതയുടെ അഗാധഗര്‍ത്തത്തിലേക്ക് പതിക്കുക. ജനാധിപത്യഭരണത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ ആരംഭിച്ച പതനപരമ്പരയുടെ ഫലമായി ഔന്നത്യം എന്ന ഒരു വാക്കല്ലാതെ ആ വാക്കിനെ സാര്‍ത്ഥകമാക്കുന്ന സങ്കല്പം നമ്മുക്ക് എന്നോ കൈമോശംവന്നുപോയി. ജീര്‍ണ്ണതയുടെ സംസ്കാരം സമകാലികജീവിതത്തിന്റെ പ്രമാണമായിക്കഴിഞ്ഞു. അതിനാല്‍ ആദര്‍ശാത്മകത നമ്മുടെ കാലത്ത് സാമാന്യത്തില്‍ നിന്നുമുള്ള അപവാദമാണ്. അക്കാരണത്താലാണ് ആദര്‍ശാത്മകത വാര്‍ത്തയായി മാറുന്നത്.

ഗണേശ് കുമാര്‍ സിനിമാക്കാര്യം കൈകാര്യം ചെയ്യുന്നത് ഗതാഗതവകുപ്പോ മറ്റേതെങ്കിലും വകുപ്പോ ഭരിക്കുന്നതുപോലെയാവില്ല. കാരണം സിനിമ അദ്ദേഹത്തിന്റെ തൊഴിലും പ്രവര്‍ത്തനമേഖലയുമാണ്. സമീപകാലത്ത് കേരളത്തിലെ ചലച്ചിത്രരംഗത്തെ സംഘടനകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊക്കെ സക്രിയനായിരുന്ന ഒരു വ്യക്തിയെന്നനിലയില്‍ അദ്ദേഹത്തിന് സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ഈ വിഷയത്തിലുണ്ട്. അതില്‍ ഏറെയും തര്‍ക്കവിഷയങ്ങളാണ്. തര്‍ക്കവിഷയത്തിലെ നിലപാട് എന്നാല്‍ വിഭാഗീയമായ കാഴ്ചപ്പാട് എന്നുതന്നെവേണം അര്‍ത്ഥം പറയാന്‍. തിലകനും അഭിനേതാക്കളുടെ സംഘടനയും തമ്മിലുള്ള പോര് മാത്രം ഉദാഹരണമായി എടുത്താല്‍ മതി. ഒരു ഭരണാധികാരിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത്തരം നിലപാടുകള്‍ തന്റെ പ്രവര്‍ത്തനം നിഷ്പക്ഷമായും നീതിപൂര്‍വ്വകമായും നിര്‍വ്വഹിക്കുന്നതില്‍ പ്രതിബന്ധമാവുന്നുണ്ടോ എന്ന് പരിശോധിക്കുവാന്‍ മന്ത്രി ബാദ്ധ്യസ്ഥനാണ്. അങ്ങനെയല്ല എന്ന തോന്നല്‍ ഉണ്ടാവുന്നിടത്താണ് വിവാദങ്ങള്‍ പൊട്ടിമുളയ്ക്കുന്നത്.

എഴുപതുകളില്‍ മലയാളസിനിമയില്‍ ഉണ്ടായതിനു തുല്യമായ ഒരു തരംഗം ഇന്ന് വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വൃദ്ധനടന്മാര്‍ ബാലികമാരോടൊപ്പം കോളേജുകുമാരന്മാരായി പാടുകയും ആടുകയും ചെയ്ത് കണ്ണീരും സംഘര്‍ഷവും നിറഞ്ഞ "കുടുംബകഥകള്‍" അവതരിപ്പിച്ചുകൊണ്ടിരുന്ന എഴുപതുകളിലാണ് മലയാളത്തില്‍ നവതരംഗസിനിമകള്‍ രംഗത്തുവന്നത്. അടൂര്‍ ഗോപാലകൃഷ്ണനും അരവിന്ദനും ദേശീയതലത്തിലും അന്തര്‍ദ്ദേശീയതലത്തിലും മലയാളസിനിമയുടേയും ഇന്ത്യന്‍സിനിമയുടേയും പതാകാവാഹകരായി സഞ്ചരിക്കുമ്പോള്‍ അവര്‍ക്കു തൊട്ടുപിന്നിലായി പത്മരാജന്‍, ഭരതന്‍, പി.എ.ബക്കര്‍ തുടങ്ങി ഒരുനിര സംവിധായകരുണ്ടായിരുന്നു. മലയാളസിനിമാഭാവുകത്വത്തെ തിരുത്തിക്കുറിച്ച ഈ കലാകാരന്മാരെല്ലാം ഫിലിം സൊസൈറ്റിക്കാലഘട്ടത്തില്‍ വേണ്ടവിധത്തില്‍ കേരളീയസമൂഹത്തില്‍ അംഗീകരിക്കപ്പെട്ടു. കമ്പോളസിനിമയുടെ പ്രമേയങ്ങളും പ്രതിപാദനരീതിയും മാറ്റിത്തീര്‍ക്കുവാന്‍ ഈ കലാകാരന്മാരുടെ സാന്നിദ്ധ്യം വഴിയൊരുക്കി. മലയാളസിനിമ മറ്റ് ഇന്ത്യന്‍ഭാഷാസിനിമകളില്‍ നിന്നും വ്യത്യസ്തമായ ഭാവഗൌരവം നേടിയെടുത്ത ആ കാലത്തിന് സദൃശമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഒരുനിര യുവസംവിധായകരും അഭിനേതാക്കളും കടന്നുവന്നിരിക്കുന്നു! കൊമ്പും കുഴലും ആരവവുമായി പ്രദര്‍ശനത്തിനെത്തുന്ന താരനായകന്മാരുടെ സിനിമകള്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ സിനിമാശാലകളില്‍ ഊണും ഉറക്കവുമാക്കിയാല്‍പ്പോലും വിജയിപ്പിക്കാനാകാതെ പരാജയപ്പെടുമ്പോള്‍ ഈ യുവസംവിധായകരുടെ സിനിമകള്‍ വിജയം കൊയ്യുകയാണ്. കൂട്ടത്തില്‍ ചിലര്‍ ദേശീയതലത്തിലും അന്തര്‍ദ്ദേശീയതലത്തിലും അംഗീകരിക്കപ്പെടുന്നു. അവരെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഈ യാഥാര്‍ത്ഥ്യം അംഗീകരിച്ചേ മതിയാവൂ. തന്നോട് ഇടഞ്ഞുനില്ക്കുന്ന അയല്‍പക്കക്കാരന്റെ വീട്ടിലെ കല്യാണംമുടക്കാന്‍ നിലാവുമായി അയല്‍ഗ്രാമത്തില്‍ പോയി മിടുക്കുകാണിച്ച പഴംകഥയിലെ പ്രമാണിയെപ്പോലെ പ്രവര്‍ത്തിക്കുന്നവര്‍ സഹതാപാര്‍ഹരാണ്. താന്‍ നിശ്ചയിച്ചേടത്തു നില്ക്കുന്നതല്ല ലോകം എന്ന തിരിച്ചറിവ് കലാ-സാംസ്കാരികരംഗത്ത് പ്രവര്‍ത്തിക്കുന്നവരെങ്കിലും പ്രകടമാക്കേണ്ടതാണ്. ആകാശത്തെ ചന്ദ്രന്‍ തന്നെ പിന്തുടരുകയാണെന്ന മിഥ്യാധാരണ ഉപേക്ഷിക്കാനാവില്ലെങ്കില്‍ അത് ആത്മവിനാശകമായിത്തീരുമെന്ന് സ്വാനുഭവത്തിലൂടെ ബോദ്ധ്യപ്പെടേണ്ടതായിവരും.

ഗണേശ് കുമാറിനു മുമ്പ് സിനിമാക്കാര്യവും സംസ്കാരവും വിദ്യാഭ്യാസവുമെല്ലാം കൈകാര്യംചെയ്ത എം. എ. ബേബിയെന്ന മന്ത്രിയെ അപേക്ഷിച്ച് ഗണേശ് കുമാര്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്നല്ല മനസ്സിലാക്കേണ്ടത്. ബേബിയുടെ കാര്യത്തില്‍ താന്‍ കൈകാര്യം ചെയ്ത വകുപ്പുകളിലൊന്നും അദ്ദേഹത്തിന്റെ കര്‍മ്മമേഖലയല്ല. വെറുതേ, രണ്ടാം മുണ്ടശ്ശേരിയെന്ന് കുറേ സ്തുതിപാഠകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുകയായിരുന്നു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പരീക്ഷകള്‍ നല്ലനിലയില്‍ ജയിക്കുകയും കോളേജില്‍ അദ്ധ്യാപകനാവുകയും ചെയ്തു. മലയാളത്തിലെ എണ്ണം പറഞ്ഞ നിരൂപകനും പ്രഭാഷകനുമൊക്കെയായിരുന്നു, അദ്ദേഹം. ഇതൊന്നുമല്ല എം. എ. ബേബിയെന്ന് എല്ലാവര്‍ക്കും അറിയാം; അതുപോലെ അദ്ദേഹം കൈകാര്യംചെയ്ത വകുപ്പുകളിലൊന്നും അദ്ദേഹത്തിന്റെ കര്‍മ്മമേഖലയല്ലയെന്നും. അതിനാല്‍ അവിടെ അദ്ദേഹത്തിന്റെ വൈയക്തികമായ താല്പര്യങ്ങള്‍ക്ക് ഇടമില്ല. എന്നാല്‍ സിനിമാക്കാരന്‍ മന്ത്രിയാവുകയും സിനിമ അദ്ദേഹത്തിന്റെ വിഷയമാവുകയും ചെയ്യുമ്പോള്‍ നടപടികള്‍ നിഷ്പക്ഷമായാല്‍പ്പോര, അത് അങ്ങനെയാണെന്ന് കാണുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍ക്ക് തോന്നുകയും വേണം. അല്ലെങ്കില്‍ മറ്റെല്ലാ വകുപ്പുകളിലുമെന്നതുപോലെ ഇവിടെയും അഴിമതിയും സ്വജനപക്ഷപാതവും തന്നെയെന്ന് പൊതുജനം വിശ്വസിക്കും. അവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല.

Subscribe Tharjani |