![]() |
|||||
ഉഷപ്രതിഭ, |
കഥ
വേപ്പുമരത്തെക്കുറിച്ചു പറയുമ്പോഴെല്ലാം അമ്മയുടെ കണ്ണുകളില്‍ ഒരു ഗ്രാമം പ്രകാശിച്ചു നില്ക്കുമായിരുന്നു. താനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു ഗ്രാമം. അവിടെ നടവഴികള്‍ക്കിരുവശവും തഴച്ചുവളര്‍ന്ന വേപ്പുമരങ്ങള്‍. അവയ്ക്കു് ചുവട്ടില്‍ മാവിലത്തോരണങ്ങള്‍ക്കിടയില്‍ മഞ്ഞള്‍ പൂശിയിരിക്കുന്ന അമ്മദൈവങ്ങള്‍.
“എല്ലാം തന്നതവരാണ്”. അമ്മ പറയും. “ഈ ശരീരോം ഈ ജീവനും”. ഒടുവില്‍ ഒരു കുസൃതിയോടെ അച്ഛനെ നോക്കിക്കൊണ്ട് അമ്മ പറയും “പിന്നെ നിന്റെ അച്ഛനേയും”
അമ്മ അത് പറയുമ്പോള്‍ അച്ഛന്റെ കണ്ണുകളിലും പൂത്തിരികള്‍ തെളിയും. അതുകൊണ്ടാണു് ടീച്ചര്‍ ഏതു് മരം വേണമെന്നു് ചോദിച്ചപ്പോള്‍ വേപ്പ് എന്നു് വേഗം ഉത്തരം പറയാന്‍ അവനു് കഴിഞ്ഞതു്.
രാമു എന്ന പേരിന് നേരെ ടീച്ചര്‍ വേപ്പ് എന്നു് മനോഹരമായ കൈയ്യക്ഷരത്തില്‍ എഴുതിയതു് കണ്ടപ്പോള്‍ അവനു് സമാധാനമായി. അവധി കഴിഞ്ഞ് വരുമ്പോള്‍ എല്ലാവര്‍ക്കും വൃക്ഷത്തൈകള്‍ തരും. ടീച്ചര്‍ ഉറപ്പ് നല്കി.
നല്ല മഴയുള്ള ഒരു ദിവസമാണു് സ്കൂള്‍ തുറന്നതു്. അവധി തീരുന്ന കാര്യം മഴ ഇത്ര കൃത്യമായി അറിയുന്നതെങ്ങിനെയാണവോ? രാമു അത്ഭുതപ്പെട്ടു. പുതിയ ഉടുപ്പും പുസ്തകവുമെല്ലാം നനയും. എന്നാലും അവനു് മഴയോടു് ദ്വേഷ്യമൊന്നും തോന്നിയില്ല. അവന്റെ മരം വളരാന്‍ മഴ വേണ്ടേ?
ശ്രദ്ധിച്ച് വളര്‍ത്തണം. തൈകള്‍ വിതരണം ചെയ്യാന്‍ വന്ന മന്ത്രി കുട്ടികളോടു് പറഞ്ഞു. മരം വളരുമ്പോള്‍ പക്ഷികള്‍ അതില്‍ ചേക്കേറാന്‍ വരും. അതങ്ങനെ ഒരു ലോകമായി മാറും. ഒരു മരം വളര്‍ത്തുമ്പോള്‍ നിങ്ങളൊരു ലോകത്തെയാണു് വളര്‍ത്തുന്നതു്.
അതെനിക്കറിയാം. തനിക്ക് കിട്ടിയ വേപ്പിന്‍ തൈ മാറോടണച്ചു കൊണ്ട് രാമു സ്വയം പറഞ്ഞു. ഇതെന്റെ അമ്മയുടെ സ്വപ്നങ്ങളിലെവിടേയോ ബാക്കിയുള്ള ഒരു ലോകമാണു്.
മുറ്റത്തോട് ചേര്‍ന്നു് ഒരു കുഴിയെടുത്തു് രാമു വേപ്പിന്‍തൈ നട്ടു.
“അതാണു് നല്ല സ്ഥലം” അമ്മ പറഞ്ഞു. ”വേപ്പിന്റെ ഇലകളില്‍ തട്ടി വരുന്ന കാറ്റു് തട്ടിയാല്‍ ഒരു സൂക്കേടും വരില്ല. എല്ലാ ദിവസവും രാവിലെ രാമു അതിനെ ചെന്നു നോക്കും; മഴയാണെങ്കിലും ഒരു തുള്ളി വെള്ളം കുഞ്ഞിലകളിലേക്കു് കുടഞ്ഞു് തെറിപ്പിക്കും. താനിവിടെയുണ്ടെന്നതിനോടു് പറയുന്നത് പോലെ.
വേപ്പില്‍ പുതിയ ഇല വിരിഞ്ഞ ദിവസം അവന്‍ ഡയറിയിലെഴുതി:
“അവന്‍ എന്നെ നോക്കി ചിരിക്കുന്നു”.
കര്‍ക്കിടകം കറുത്തുനിന്ന ദിവസങ്ങളില്‍ അവന്‍ വേപ്പ്മരത്തോട് സ്വകാര്യം പറഞ്ഞു.
പേടിക്കേണ്ട കേട്ടൊ; ഈ മഴ വേഗം മാറും. പിന്നെ വെയിള്‍ വരും. ഓണം വരും, അപ്പോള്‍ നമുക്കൊരുമിച്ചു് പൂക്കളം ഒരുക്കമല്ലൊ. കാര്യം മനസ്സിലായതു പോലെ വേപ്പ് നനഞ്ഞ ചില്ലകളാട്ടി സമ്മതമറിയിച്ചു.
മഴക്കാലം കഴിയുമ്പോഴേയ്ക്കും ആ വേപ്പ്ചെടി അവന്റെ മുട്ടോളം വളര്‍ന്നിരുന്നു.
“അവന്‍ ഒരു സുന്ദരനാണ്”. രാമു ഡയറിയിലെഴുതി.
“ഇലകള്‍ക്കു് തിളങ്ങുന്ന പച്ച നിറം. മെലിഞ്ഞതെങ്കിലും കരുത്തുള്ള ഉടല്‍. ഒരു ദിവസം അവന്‍ ഈ വീടിനോളം വലുതാവും. അന്നു് ആ തണല്‍ നല്കുന്ന തണുപ്പില്‍ എന്റെ ഉച്ചകള്‍ സ്വപ്നങ്ങള്‍ കൊണ്ടു് നിറയും”
മഴക്കാലത്തിനു യാത്രയയപ്പു് നല്കാന്‍ മഞ്ഞിന്‍പാളികള്‍ ആട്ടിന്‍പറ്റങ്ങളെപ്പോലെ ചക്രവാളമിറങ്ങി വന്നു. രാമു മുടങ്ങാതെ വേപ്പിനു് വെള്ളം കോരി. വേനല്‍ തുടങ്ങിയപ്പോള്‍ രണ്ടുമൂന്നിലകള്‍ കൊഴിഞ്ഞു, പകരം ഒരു പാട് പുതിയ ഇലകള്‍വന്നു. രാമുവിനു് സന്തോഷമായി. പക്ഷേ ആ ചെറിയ കോളനിയിലെ കൊച്ചു മനുഷ്യരുടെ ജീവിതത്തിനു് മുകളിലേക്ക് ഒരു നിഴല്‍ വളരാന്‍ തുടങ്ങിയതു് പെട്ടെന്നായിരുന്നു. അച്ഛനും അയല്‍ക്കാരും ചേര്‍ന്നു് ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ ആദ്യമൊന്നും രാമുവിനു് മനസ്സിലായില്ല.
ഒടുവില്‍ അമ്മയാണ്‍ അവനോടത് പറഞ്ഞത് :
“നമുക്കീ വീടൊഴിഞ്ഞ് പോവേണ്ടി വരും മോനേ”
"പോവ്വേ? നമ്മളെങ്ങോട്ട് പോവും അമ്മേ''?
അതു് അമ്മയ്ക്കുമറിയില്ല.
അതേ ചോദ്യം അമ്മ അയല്‍ക്കാരോടു് ചോദിച്ചു. അവര്‍ക്കുമറിയില്ല. പക്ഷേ പോവേണ്ടിവരുമെന്ന കാര്യം എല്ലവര്‍ക്കും തീര്‍ച്ചയായിരുന്നു. കടലിനക്കരെ നിന്നും വലിയ കമ്പനിക്കാര്‍ വരുന്നു. അവരിവിടെ വ്യവസായം തുടങ്ങും. ഒരു വ്യവസ്ഥ മാത്രം. കമ്പനിക്കാര്‍ക്കു് ആവശ്യമുള്ള സ്ഥലം സര്‍ക്കാര്‍ കൊടുക്കണം. അവിടേക്കു് റോഡുണ്ടാക്കാനും സ്ഥലം വേണം. അതിനാണു് ഇപ്പോള്‍ കോളനിയിലുള്ളവരെ ഒഴിപ്പിക്കുന്നതു്.
വലിയ കമ്പനി വന്നാല്‍ നമുക്കൊക്കെ അവിടെ ജോലി കിട്ടുമോ?അച്ഛന്‍ ആരോടൊക്കേയോ ചോദിച്ചു. അതിനു് വലിയ പഠിത്തം വേണം. അങ്ങനെയാണത്രെ ആളുകള്‍ പറയുന്നതു്.
“നമുക്ക് പകരം ഭൂമി തരുമായിരിക്കും.” അച്ഛന്‍ അമ്മയെ ആശ്വസിപ്പിച്ചു.
“എവിടായിരിക്കും”? അമ്മ ചോദിച്ചു.
“അതറിയില്ല” അഛന്‍ നിസ്സംഗനായി മറുപടി നല്കി.
“ചിലപ്പോള്‍ കടപ്പുറത്തായിരിക്കും”
അതു കേട്ടപ്പോള്‍ രാമുവിനു് പരിഭ്രമമായി. കടക്കരയിലെ ഉപ്പു കാറ്റു് ആ വേപ്പ്മരത്തെ കൊന്നുകളഞ്ഞാലോ?
നീ പേടീക്കേണ്ട. രാമു അതിനോടു് പറഞ്ഞു. എവിടേയോ ജനിച്ച നീ ഇവിടെ എത്തിയില്ലേ. ഇനി നമ്മള്‍ ഒരു പുതിയ വീട്ടിലേക്കു് പോവും. അവിടേയും ഞാന്‍ നിന്നെ പൊന്നു് പോലെ നോക്കും.
ദിവസങ്ങള്‍ കടന്നുപോയി; കാര്യങ്ങള്‍ ഒരു തീരുമാനത്തിലും എത്തിയില്ല. എല്ലാവര്‍ക്കും ആധിയും സംശയങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഒരു ദിവസം കോട്ടും സൂട്ടുമിട്ട ഉദ്യോഗസ്ഥന്മാര്‍ കോളനിയിലെത്തി.
സ്വന്തം പേരില്‍ ഭൂമിയുള്ളവര്‍ക്കെല്ലാം നാളെ പുതിയ സ്ഥലം കിട്ടും. അവര്‍ അറിയിച്ചു.അച്ഛന്‍ വച്ചു നീട്ടിയ കടലാസുകള്‍ നോക്കി. അവരിലൊരാള്‍ ലേശം പരിഹാസത്തോടെ പറഞ്ഞു.
“ ഈ ഭൂമി നിങ്ങളുടേതാണെന്നു് ആര് പറഞ്ഞു? ഇതു് സര്‍ക്കാര്‍ ഭൂമിയാണു്”.
തലയില്‍ ഇടി വീണതുപോലെ അച്ഛന്‍ മണ്ണില്‍ തളര്‍ന്നിരുന്നു.
“അപ്പോള്‍ ഞങ്ങള്‍ക്കു്.....”അച്ഛന്‍ വിറക്കുന്ന സ്വരത്തിലാണു് ചോദിച്ചതു്.
ഇല്ല; നിങ്ങള്‍ക്കു് ഭൂമി കിട്ടില്ല. അയാള്‍ തീര്‍ത്തു പറഞ്ഞു. ഈ വീടിനു് ഞങ്ങളൊരു വില നിശ്ചയിക്കും. അത് വാങ്ങി നിങ്ങള്‍ ഇവിടെ നിന്നൊഴിയണം.
“ഇല്ലെങ്കില്‍.....” അച്ഛന്‍ അതു് ചോദിച്ചതു് വല്ലതെ കനത്ത സ്വരത്തിലായിരുന്നു.
ഒഴിഞ്ഞില്ലെങ്കില്‍ അവര്‍ ഒഴിപ്പിക്കും. റോഡിനപ്പുറം നില്ക്കുന്ന പോലീസുകാരെ ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു.
“ഇല്ലാ; പകരം ഭൂമി കിട്ടാതെ ആരു വന്നാലും ഞങ്ങള്‍ ഒഴിഞ്ഞു തരില്ല.”
അച്ഛന്‍ കാലടികള്‍ അമര്‍ത്തിച്ചവിട്ടി വരാന്തയിലേക്ക് നടന്നു കയറി. അമ്മയും രാമുവും അദ്ദേഹത്തെ പിന്തുടര്‍ന്നു.
രാമു അച്ഛന്റെ കണ്ണുകളിലേക്കു് നോക്കി. അവിടെ കനലെരിയുന്നതവന്‍ കണ്ടു.
“അച്ഛാ” അവന്‍ പതുക്കെ വിളിച്ചു.
“ഈ ഭൂമി സര്‍ക്കാറിന്റേതു് ആണെങ്കില്‍ നമ്മുടീതും കൂടിയല്ലേ. സര്‍ക്കാര്‍ നമ്മുടേതു് ആണെന്നു് ഞ്ങ്ങടെ ടീച്ചര്‍ പറയാറുണ്ടല്ലൊ”
അച്ഛന്‍ അവനെ ചേര്‍ത്തുപിടിച്ചു. വിറക്കുന്ന ചുണ്ടുകള്‍ കൊണ്ട് മൂര്‍ദ്ധാവില്‍ ഉമ്മ വച്ചു.
“നമുക്ക് ഒന്നുമില്ലെടാ മോനേ, ഒന്നുമില്ല. ഭൂമീമില്ല, ആകാശോം ഇല്ല.”
"നമുക്ക് തിരിച്ചു പോവാം''. അമ്മ പറഞ്ഞു. "നമ്മടെ നാട്ടിലേക്കു് ''.
“ഇല്ല. അച്ഛന്‍ തീര്‍ത്തുപറഞ്ഞു. "അവിടെയും നമുക്കൊരു പിടി മണ്ണില്ലല്ലോ,സ്വന്തമെന്നു കരുതിയ ഈമണ്ണില്‍ കിടന്നു് നമുക്കു് ചാവാം”
രാമു മുറ്റത്തിറങ്ങി. സാവധാനം വേപ്പിന്‍തൈ പറിച്ചു് കുപ്പയത്തിനുള്ളില്‍ നെഞ്ചോടു് ചേര്‍ത്തുവച്ചു.
"ഇല്ല നിന്നെ ഞാനാര്‍ക്കും കൊടുക്കില്ല. സര്‍ക്കാരിനും കമ്പനിക്കാര്‍ക്കും ആര്‍ക്കും കൊടുക്കില്ല''.
നിനച്ചിരിക്കാത്ത നേരത്താണു് യന്ത്രങ്ങള്‍ വീട്ടിനുമുന്നില്‍ പ്രത്യക്ഷപ്പെട്ടതു്. നീളന്‍ കഴുത്തുകളുള്ള ലോഹവ്യാളികള്‍. അവര്‍ ചുമരില്‍ ആഞ്ഞു കുത്തിയപ്പോള്‍ ഉത്തരവും ഓടുകളും ഉതിര്‍ന്നു വീണു. അമ്മ ഉറക്കെ നിലവിളിച്ചു. നെഞ്ചോട് ചേര്‍ന്നിരുന്ന വേപ്പിന്‍തൈ രാമുവിനോടു് ദയനീയമായി ചോദിച്ചു. ഇനി ഞാന്‍ എവിടെ വളരും?
അകലെയിരുന്ന് ഭരണാധികാരി പറഞ്ഞു. വികസനം വരാന്‍ എല്ലാവരും ത്യാഗങ്ങള്‍ സഹിക്കേണ്ടി വരും.
നന്നായി...ഇന്നത്തെ ജീവസമൂഹത്തിന്റെ പരിഛേദം ടീച്ചറ് കഥയിലൂടെ കാണിച്ചു തരുന്നു.വികസനം എന്നത് വലിയൊരശനിപാതമായി ഇല്ലാത്തവന്റെ തലയിൽ വന്നു പതിക്കുന്നു..ഉള്ളവര് യന്ത്രക്കൈകളാൽതിമിർത്താടുമ്പോൾ”നമ്മളും സർക്കാറും ഒന്നാണെന്ന് “ടീച്ചറ് പറഞ്ഞിട്ടുണ്ടല്ലോ എന്ന നിഷ്ക്കളങ്കമായ കുഞ്ഞിന്റെ ചോദ്യം കൊള്ളുന്നത് കണ്ണും,കാതും,വാക്കും പണയപ്പെടുത്തിയ മലയാളിയുടെ നെഞ്ചിലാണു്.....