തര്‍ജ്ജനി

കഥ

രോഗഗ്രസ്തനായമാന്യന്റെ അവസാനസന്ദര്‍ശനം

ഇറ്റാലിയന്‍ കഥ
രോഗബാധിധനായ മാന്യനെന്നു ഞങ്ങള്‍ വിളിച്ചിരുന്ന മനുഷ്യന്റെ യഥാര്‍ത്ഥപേര് ആര്‍ക്കും ഒരിക്കലും അറിയാമായിരുന്നില്ല. അയാളുടെ ആകസ്മികമായ അന്തര്‍ധാനത്തോടൊപ്പം, അയാളുടെ അവിസ്മരണീയമായ പുഞ്ചിരിയും ഒരു രോമകുപ്പായത്തിന്റെ മൃദുച്ഛായയില്‍ പാതിമറഞ്ഞ്, ഉറങ്ങുന്ന ഒരാളുടെ ഒരു കൈ താഴേയ്ക്കു വീണുകിടക്കുന്നതുപോലെ; കയ്യുറ ധരിച്ച ഒരു കൈ മനഃപ്പൂര്‍വ്വം താഴേയ്ക്കിട്ടുകൊണ്ടു ചിത്രീകരിച്ചിരിക്കുന്ന സെബാസ്റ്റിയാനോ ഡെല്‍ പിയോമ്പോയുടെ ഒരു ഛായാചിത്രം ഒഴികെ , എല്ലാം , അയാളുടേതായി ഉണ്ടായിരുന്നതൊക്കെ, അതുപോലെതന്നെ അപ്രത്യക്ഷമായി. അനന്യസാധാരണമാം മഞ്ഞനിറത്തില്‍, സുതാര്യമായ അയാളുടെ തൊലിയും, മിക്കവാറും സ്ത്രൈണലാഘവത്തില്‍ അയാള്‍ ചുവടുവെയ്ക്കുന്നതും, ശൂന്യതയാര്‍ന്ന അയാളുടെ സ്ഥിരം നോട്ടവും കൂടി,സത്യത്തില്‍ അയാളെ സ്നേഹിച്ചിരുന്ന കുറച്ചു ചിലര്‍, ( അവരില്‍ ഒരാളായി ഞാന്‍ സ്വയം കണക്കാക്കുന്നു) ഓര്‍മ്മിക്കുന്നുണ്ടു്. ഒടുവിലൊക്കെ, മണിക്കൂറുകളോളം സംസാരിക്കുന്നതു് അയാള്‍ ആസ്വദിച്ചിരുന്നെങ്കിലും, അയാളുടെ വാക്കുകളുടെ പൂര്‍ണാര്‍ത്ഥം ആരും തന്നെ ഗ്രഹിച്ചിരുന്നില്ല. അയാളെ മനസ്സിലാക്കാന്‍ ആഗ്രഹമില്ലാതിരുന്ന ചിലരെയൊക്കെ എനിക്കറിയാമായിരുന്നു; കാരണം അത്ര ബീഭത്സത ഉണര്‍ത്തുന്ന കാര്യങ്ങളായിരുന്നു അയാള്‍ പറഞ്ഞിരുന്നതു്. ലളിതമായ കാര്യങ്ങളില്‍പ്പോലും അയാളുടെ സാമീപ്യം ഭ്രമാത്മകച്ഛായ പടര്‍ത്തി: അയാളുടെ കൈ ഒരു പദാര്‍ത്ഥത്തെ തൊടുമ്പോള്‍ അതു് സ്വപ്നലോകത്തില്‍ സന്നിവേശിച്ചു് സ്വപ്നമുണര്‍ത്തുന്നതുപോലെ കാണപ്പെട്ടു. അയാളുടെ സാമീപ്യത്തിലുണ്ടായിരുന്ന വസ്തുക്കളെയായിരുന്നില്ല, മറിച്ച് അയാളൊടൊപ്പമുണ്ടായിരുന്നവര്‍ കണ്ടിട്ടില്ലാത്ത അജ്ഞാതമായ മറ്റു വിദൂരവസ്തുക്കളായിരുന്നു അയാളുടെ മിഴികള്‍ പ്രതിഫലിപ്പിച്ചിരുന്നതു്. അയാളുടെ അസുഖമെന്തായിരുന്നെന്നോ അഥവാ എന്തുകൊണ്ടാണു് അയാളതു ചികിത്സിച്ചു ഭേദപ്പെടുത്തുവാന്‍ ശ്രമിക്കാതിരുന്നതെന്നോ ഒരിക്കലും ആരും അയാളോടു ചോദിക്കുകയുണ്ടായില്ല. രാത്രിയും പകലും നിര്‍ത്താതെ നടന്നുകൊണ്ടാണു് അയാള്‍ തന്റെ സമയം പാഴാക്കിയിരുന്നതു്. അയാള്‍ താമസിച്ചിരുന്നതു് എവിടെയായിരുന്നെന്നു് ആര്‍ക്കും അറിവില്ലായിരുന്നു; അയാളുടെ മാതാപിതാക്കളെയോ സഹോദരീസഹോദരന്മാരെയോ ആരും തന്നെ കണ്ടുമുട്ടിയിരുന്നില്ല. ഒരു ദിവസം നഗരത്തില്‍ അയാള്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുകയും, കുറെ വര്‍ഷങ്ങള്‍ക്കുശേഷം, മറ്റൊരു ദിവസം അയാള്‍ തിരോഭവിക്കുകയുമാണുണ്ടായത്. അന്തര്‍ധാനം ചെയ്യുന്നതിന്റെ തലേന്നാള്‍ വെളുപ്പിനു് വെള്ളകീറിത്തുടങ്ങിയപ്പോള്‍ , എന്നെ ഉണര്‍ത്തുവാന്‍ അയാള്‍ എന്റെ മുറിയിലേയ്ക്കു കടന്നുവന്നു. രോമാവൃതമായ പുറങ്കുപ്പായം ധരിച്ചു്, ചുണ്ടുകളില്‍ പരേതമായൊരു പുഞ്ചിരി പടര്‍ത്തി, എന്റെ മുന്നില്‍ നിന്നിരുന്ന അയാളുടെ കയ്യുറയുടെ മൃദുസ്പര്‍ശം എന്റെ നെറ്റിയില്‍ എനിക്ക് അനുഭവവേദ്യമായി. എന്നത്തെക്കാളും കൂടുതല്‍ അസാന്നിദ്ധ്യം പ്രകടിപ്പിക്കുന്നതായിരുന്നു അയാളുടെ കണ്ണുകള്‍. കൈകള്‍ വിറക്കുകയും, ജ്വരത്താല്‍ ദേഹമാസകലം ത്രസിക്കുകയും ചെയ്തിരുന്ന അയാളുടെ ചുവന്നുതുടുത്ത കണ്‍ പോളകള്‍ കണ്ടപ്പോള്‍, നേരം പുലരുന്നതിനായി അത്യന്തം ആകാംഷയോടെ അയാള്‍ ഉറക്കമിളച്ചു കാത്തിരിക്കുകയായിരുന്നിരിക്കാം എന്നെനിക്കു മനസ്സിലായി.

"എന്താണു് പ്രശ്നം ? " ഞാന്‍ ചോദിച്ചു.
"സാധാരണത്തേക്കാളും കൂടുതലായി താങ്കളുടെ അസുഖം താങ്കളെ കഷ്ടപ്പെടുത്തുന്നുണ്ടോ? "
"എന്റെ അസുഖം," അയാള്‍ മറുപടി പറഞ്ഞു. " എന്റെ അസുഖമോ? എനിക്കസുഖമുണ്ടെന്നു മറ്റുള്ളവരെപ്പോലെ താങ്കളും വിശ്വസിക്കുന്നുണ്ടോ? എന്തിനു് അസുഖമാക്കുന്നു, ഞാന്‍ സ്വയം കഷ്ടപ്പെടുത്തുന്നില്ലെന്നു എന്തുകൊണ്ടു പറയുന്നില്ല? വാസ്തവത്തില്‍ യാതൊന്നുമില്ല എനിക്കു സ്വന്തമായിട്ടു് ! അതായതു്, ഈ ഞാന്‍ പോലും മറ്റൊരാളുടെ സ്വന്തമാണു്, ആ മറ്റൊരാളാണു എന്റെ യജമാനന്‍ ! "

അയാളുടെ വിചിത്രമായസംസാരം പരിചിതമായിരുന്നതിനാല്‍ ഞാനൊന്നുമുരിയാടിയില്ല. അയാളെ നോക്കുന്നതു് ഞാന്‍ തുടര്‍ന്നു കൊണ്ടേയിരുന്നു . എന്നാല്‍ എന്റെ നോട്ടം മാന്യമായിരുന്നതിനാല്‍ അയാള്‍ എന്റെ കട്ടിലിനരികിലേയ്ക്ക് കുറേക്കൂടി അടുത്തുവന്നു് ഉറയിട്ടിരുന്ന കയ്യാല്‍ വീണ്ടും എന്റെ നെറ്റിയില്‍ മൃദുവായി സ്പര്‍ശിച്ചു.

"നിങ്ങള്‍ക്കു് ചൂടുള്ളതായി തോന്നുന്നില്ല," അയാള്‍ പറഞ്ഞു. "പരിപൂര്‍ണ്ണആരോഗ്യവാനും ശാന്തനുമാണു് നിങ്ങള്‍. രക്തധമനികളിലൂടെ നിങ്ങളുടെ രക്തം ശാന്തമായി ഒഴുകുന്നു. അതുകൊണ്ടു് ഒരുപക്ഷെ നിങ്ങളെ ഭയപ്പെടുത്തിയേക്കാവുന്ന ചിലതെല്ലാം നിങ്ങളോടെനിക്കു് പറയാനാകും: ഞാനാരാണെന്നു നിങ്ങളോടു ഞാന്‍ പറയാം. ഒരേ കാര്യംതന്നെ രണ്ടുവട്ടം ആവര്‍ത്തിയ്ക്കാന്‍ എനിക്കു കഴിയാത്തതു് കൊണ്ടു് ദയവായി ശ്രദ്ധിച്ചു കേള്‍ക്കുക. ഒരു പ്രാവശ്യമെങ്കിലും ഞാനതു് പറയേണ്ടതു് അത്യാവശ്യമാണു്. "

ഇതോടെ, എന്റെ കട്ടിലിനരികില്‍ കിടന്നിരുന്ന ധ്രുമ്രവര്‍ണ്ണകൈക്കസാലയില്‍, മിക്കവാറും സ്വയം വീണുകൊണ്ടു് ഒരു കനത്ത ശബ്ദത്തില്‍ അയാള്‍ തുടങ്ങി.

ഞാന്‍ ഒരു യഥാര്‍ത്ഥമനുഷ്യനല്ല . മറ്റു മനുഷ്യരെപ്പോലെ മജ്ജയും മാംസവുമുള്ള, ഒരമ്മയ്ക്കു പിറന്ന, ഒരു മനുഷ്യനല്ല ഞാന്‍. ഞാനീ ലോകത്തിലേയ്ക്കു് കടന്നുവന്നതു് താങ്കളുടെ സഹാവാസികളെപ്പോലെയല്ല. എന്നെ തൊട്ടിലിലിട്ടാട്ടി താരാട്ടുപാടിയുറക്കുയയോ അഥവാ ഞാന്‍ വളര്‍ന്ന വര്‍ഷങ്ങള്‍ കണ്ണിലെണ്ണയൊഴിച്ചു ആരും നിരീക്ഷിക്കുകയോ ഉണ്ടായിട്ടില്ല. കൗമാരകാലത്തിന്റെ അസ്വസ്ഥതകള്‍ ഞാന്‍ അറിയുകയോ അഥവാ കുടുംബബന്ധങ്ങളുടെ സൗഖ്യം തലോടുകയോ ചെയ്തിട്ടില്ല. ഒരു സ്വപ്നരൂപിയല്ലാതെ മറ്റൊന്നുമല്ല ഞാന് ‍! അക്ഷരാര്‍ത്ഥത്തില്‍ ഷേക്സ്പീയറുടെ പ്രതീകം ദുരന്തപരമായി എന്നില്‍ പരിപൂര്‍ണ്ണതയിലെത്തുന്നു. സ്വപ്നങ്ങളെ മെനഞ്ഞെടുത്ത ദ്രവ്യമാണു് ഞാന്‍.

ആരോ ഒരാള്‍ സ്വപ്നം കാണുന്നതിലാണു് എന്റെ അസ്തിത്വം. ഞാന്‍‌ ഈ വാക്കുകള്‍ ഉച്ചരിക്കുന്ന സമയത്തു് ഉറങ്ങിക്കൊണ്ടിരിക്കുന്ന ഒരാള്‍, ഞാന്‍ ചുറുചുറുക്കോടെ ഓടിനടന്നു് ജീവിതവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതു് സ്വപ്നം കാണുകയാണു്. ആരെങ്കിലും സ്വപ്നം കാണാന്‍ തുടങ്ങുമ്പോള്‍ ഞാന്‍‌ എന്റെ അസ്തിത്വത്തിനു നിദാനം കുറിക്കുകയായി.

അയാള്‍ ഉണരുമ്പോള്‍ ഞാന്‍ അസ്തമിക്കുന്നു.... അയാളുടെ നീണ്ട രാക്കിനാക്കളിലെ സങ്കല്പസൃഷ്ടിയായ ഒരു അതിഥിയാണു് ഞാന്‍ . ഈ ആരോ ഒരാളുടെ നീണ്ടുപോകുന്ന സ്വപ്നം മഹത്തായ ഒരു തീവ്രപരിണാമത്തിലെത്തുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവര്‍ക്കുപോലും ഞാന്‍ ദൃഷ്ടിഗോചരനാകുന്നു.

ഇന്ദ്രിയഗോചരവും അസഭ്യവുമായ നിങ്ങളുടെ ജീവിതത്തിനിടയില്‍ എനിക്കു് അസ്വാസ്ഥ്യമനുഭവപ്പെടുന്നു. ഉറങ്ങുന്ന എന്റെ സ്രഷ്ടാവിന്റെ ആത്മാവില്‍ എന്റെ ജീവിതം മന്ദമായി ഒഴുകുകയാണു്.....

ഗൂഢാര്‍ത്ഥത്തിലോ അഥവാ പ്രതീകാത്മകമായോ ആണു് ഞാന്‍‌ സംസാരിക്കുന്നതെന്നു് കരുതരുതു്. ലളിതവും എന്നാല്‍ ഭയങ്കരവുമായ സത്യങ്ങളാണു് ഞാന്‍‌ പറയുന്നതൊക്കെ."
"സ്വപ്നത്തില്‍ ഒരു നടനാകുക എന്നതല്ല എന്നെ കൂടുതല്‍ വേദനപ്പെടുത്തുന്നതു്. ഒരു സ്വപ്നത്തിന്‍റെ നിഴല്‍ക്കൂത്താണു് മനുഷ്യജീവിതം എന്നു പറഞ്ഞ കവികളുണ്ടു്. എല്ലാ യാഥാര്‍ത്ഥ്യങ്ങളും മായാദൃശ്യങ്ങളാണെന്നു് സൂചിപ്പിച്ച തത്വചിന്തകരുണ്ടു്. അതേസമയം മറ്റൊരു ചിന്തയാണു് എന്നെ വേട്ടയാടപ്പെടുന്നതു്‌. എന്നെ സ്വപ്നം കാണുന്ന ഈ മറ്റൊരാള്‍ ആരാണു് ? തന്റെ ക്ഷീണിച്ചുതളര്‍ന്ന മസ്തിഷ്ക്കത്തിന്റെ ഇരുളില്‍ നിന്നും എന്നെ പൊടുന്നനെ പുറത്തേയ്ക്കു കൊണ്ടുവന്ന; ഉറക്കം വെടിഞ്ഞുള്ള തന്റെ ഉണരല്‍, കാറ്റിലൊരു തീനാളംപോലെ പൊടുന്നനെ എന്റെ അറുതിക്കിടവരുത്തിയേക്കാവുന്ന, എന്നെ സ്വന്തമാക്കി വെച്ചിരിക്കുന്ന പേരില്ലാത്ത ഈ അജ്ഞാതജീവന്‍ ഏതാണ്? നിദ്രപൂണ്ടിരിക്കുന്ന എന്റെ യജമാനനെക്കുറിച്ചു് ആലോചിച്ചും; ക്ഷണികമായ എന്റെ ജീവിതഗതിയില്‍ കര്‍മ്മനിരതനായിരിക്കുന്ന ആ സ്രഷ്ടാവിനെക്കുറിച്ചു് ഓര്‍ത്തും എത്രയെത്ര ദിനങ്ങള്‍ ഞാന്‍‌ ചിലവഴിച്ചിരിക്കുന്നു ! തന്റെ ഒറ്റ രാത്രികൊണ്ടു് ഒരു മനുഷ്യന്റെ ജീവിതം മുഴുവനും ജീവിച്ചുതീര്‍ക്കാന്‍ കെല്പുള്ള ആരോ ഒരാളായിരിക്കും അദ്ദേഹം. ശക്തനും മഹാനുമായ അദ്ദേഹത്തിനു് വര്‍ഷങ്ങള്‍ നിമിഷങ്ങളായിരിക്കും. യാഥാര്‍ത്ഥമെന്നു് കാണപ്പെടുന്നതുപോലെ പ്രതിച്ഛായകളെ വാര്‍ത്തെടുക്കാന്‍ കഴിയുന്നവിധം അത്ര ഉജ്ജ്വലവും, പ്രബലവും , ഗഹനവുമായിരിക്കും അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍. അദ്ദേഹത്തിനു സദൃശരായവര്‍ കണ്ടുകൂട്ടുന്ന കിനാക്കള്‍ സമ്മേളിക്കുന്നതിന്റെ പരിണതഫലമാകാം ഒരുപക്ഷെ നിത്യവും രൂപാന്തരം ഭവിക്കുന്ന ഈ സമസ്തലോകം. എന്നാല്‍ ഞാന്‍‌ സാമാന്യവല്ക്കരിക്കുന്നില്ല; വീണ്ടുവിചാരമില്ലാത്ത തത്വചിന്തകരുടെ ആദ്ധ്യാത്മികനിരര്‍ത്ഥകതയെ നമുക്കു കൈവിടാം! ഉത്തമനായ ഒരു മഹാസ്വപ്നദര്‍ശിയുടെ ഭാവനാസൃഷ്ടിയായ ഒരു ജീവിയാണു് ഞാനെന്നറിയുന്നതു തന്നെ എന്നെ സംബന്ധിച്ചിടത്തോളം എനിക്കേറെ തൃപ്തിയേകുന്നു."

" എന്നാല്‍ അദ്ദേഹമാരാണ്? എന്നെ മെനഞ്ഞെടുത്തിരിക്കുന്ന ദ്രവ്യത്തിന്റെ സഹജഗുണം ഞാന്‍‌ കണ്ടുപിടിച്ചതു മുതല്‍ ആ ഒറ്റ പ്രശ്നം വളരെ നാളുകളായിട്ടു് എന്നെ അലട്ടികൊണ്ടിരിക്കുന്നു. എങ്ങനെയാണ് ഈ ചോദ്യം എനിക്കെത്രമാത്രം പ്രധാന്യമേറിയതെന്നു തീര്‍ച്ചയായും താങ്കള്‍ക്കു് മനസ്സിലാകുമോ? അതിനുള്ള മറുപടിയിലാണു് പൂര്‍ണമായും എന്റെ ഭാഗധേയം തൂങ്ങിനില്ക്കുന്നതു്. വലിയൊരളവുവരെ എന്റെ സ്വതന്ത്രമായ ഇച്ഛകൊണ്ടല്ലാതെ, സ്വപ്നത്തിലെ നടന്മാര്‍ മതിയാവോളം സ്വാതന്ത്ര്യമനുഭവിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടു് എന്റെ ജന്മം പൂര്‍ണ്ണമായും നിര്‍ണ്ണയിക്കപ്പെടുന്നില്ല. എന്നിരുന്നാലും എന്നെ സ്വപ്നം കാണുന്നതു് ആരാണെന്നതനുസരിച്ച് എന്റെ ജീവിതരീതി തെരഞ്ഞെടുക്കുവാന്‍ അദ്ദേഹമാരാണെന്നു് എനിക്കു് അറിയേണ്ടതുണ്ടു്. ഒരു ചെറിയ കാര്യം പോലും അദ്ദേഹത്തെ ഉണര്‍ത്തി എന്റെ ജീവിതത്തിനു നാശം വിതയ്ക്കുമെന്ന ആശയത്താല്‍ ആദ്യമൊക്കെ ഞാന്‍ ഭയന്നിരുന്നു. ഒരു ശബ്ദം, ഒരു മന്ത്രണം, ഒരൊച്ചയിടല്‍, അങ്ങനെ എന്തും പൊടുന്നനെ എന്നെ ശൂന്യതിയിലേയ്ക്കു് വലിച്ചെറിയാം. എന്റെ യജമാനന്റെ വികാരങ്ങളും, അഭിരുചികളും ഊഹിച്ചെടുക്കാന്‍ ശ്രമിച്ചു്, അദ്ദേഹത്തെ തൃപ്തിപ്പെടുത്തുന്ന വിധമുള്ള രൂപലക്ഷണങ്ങള്‍ എന്റെ അസ്തിത്വത്തില്‍ സന്നിവേശിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടു് അക്കാലങ്ങളില്‍ ഞാനെന്നെ വൃഥാ പീഢിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തെ വ്രണപ്പെടുത്തുന്ന അഥവാ പേടിപ്പെടുത്തുന്ന പ്രവൃത്തി ചെയ്തു് ഞാനദ്ദേഹത്തെ ഉണര്‍ത്തുമെന്ന ചിന്ത സദാസമയവും എന്നെ കിടിലം കൊള്ളിച്ചു. പിതൃതുല്യനായ മൂര്‍ത്തിയാണു് അദ്ദേഹമെന്നു സങ്കല്പിച്ചു്, ചിലസമയം പുണ്യാത്മാക്കളുടെ പവിത്രജീവിതം പിന്തുടരാന്‍ ഞാന്‍ ശ്രമിച്ചു. മറ്റുസമയങ്ങളില്‍ പൗരാണിക വിഗ്രഹോപാസകനായ ഒരു വീരപുരുഷനായി അദ്ദേഹത്തെ ചിത്രീകരിച്ചു്, മദ്യത്തെ വാഴ്ത്തിപ്പാടി, വനാന്തരങ്ങളില്‍ അപ്സരസ്സുകളോടൊപ്പം നൃത്തമാടി. ശ്രേഷ്ഠമായ ആത്മീയലോകത്തില്‍ അടക്കിവാണു ജീവിക്കുന്ന ഒരു അനശ്വരപുണ്യാത്മാവിന്റെ സ്വപ്നത്തിന്റെ ഭാഗമായിരുന്നു ഞാനെന്നു് ഒരിക്കല്‍ വിശ്വസിച്ചു്, ഭൂമി അളന്നു തിട്ടപ്പെടുത്തിയും നക്ഷത്രങ്ങളെണ്ണിയും ജീവികളെങ്ങനെയാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു് എന്നു കണ്ടുപിടിക്കാന്‍ ശ്രമിച്ചുകൊണ്ടും നീണ്ട ഉറക്കമില്ലാത്ത രാത്രികള്‍ ഞാന്‍ ചിലവിട്ടു. "

"എന്നാല്‍ ഒടുവില്‍ ഞാന്‍ പരിക്ഷീണനായി. അജ്ഞാതനും അദൃശ്യനുമായ ഈ യജമാനന്റെ കാഴ്ചവസ്തുവല്ലാതെ മറ്റൊന്നുമല്ല എന്ന കൊടിയ ചിന്ത മാനഹാനിക്കിടവരുത്തി. ഒരു ജീവിതത്തിന്റെ കല്പിതകഥ അത്തരം തരംതാണ അധമമായ മുഖസ്തുതിയ്ക്കു് ഉചിതമായിരുന്നില്ലെന്നു ഞാന്‍ തിരിച്ചറിഞ്ഞു. അദ്ദേഹത്തെ ഉണര്‍ത്തുമെന്നു തുടക്കത്തില്‍ എന്നെ നടുക്കിയിരുന്ന അതേ കാര്യത്തിനായി ഞാന്‍ ഉത്ക്കടമായി ആഗ്രഹിച്ചു. അദ്ദേഹം ഉറക്കം വിട്ടു് ഉണരുമെന്നതു് തുടക്കത്തില്‍ എന്നെ അത്രമാത്രം ഭീതിപ്പെടുത്തിയിരുന്നുവെങ്കിലും അതിനായിത്തന്നെ തീക്ഷ്ണമായി ഞാന്‍ ആഗ്രഹിക്കാന്‍ തുടങ്ങി. കേവലം ഉഗ്രഭീതി അദ്ദേഹത്തെ ഉണര്‍ത്തിയേക്കമെന്നതിനാല്‍ മനഃപൂര്‍വം എന്റെ ജീവിതം ഞാന്‍ ബീഭത്സമായ രൂപങ്ങള്‍ കൊണ്ടു നിറച്ചു. ഉന്മൂലനത്തിന്റെ ശാന്തി കൈവരിയ്ക്കാനായി ഞാന്‍ എല്ലാം ചെയ്യാന്‍ ശ്രമിച്ചു. എന്റെ മിത്ഥ്യാജീവിതത്തിന്റെ വിഷാദാത്മകഹാസ്യനാടകത്തിനു വിഘ്നം വരുത്തുവാന്‍, ഏതുവിധേനയും മനുഷ്യരോടു് എന്നെ താരതമ്യപ്പെടുത്തുന്ന നിന്ദാപാത്രമായ ജീവിതകീടത്തെ നശിപ്പിക്കുവാന്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ പ്രയത്നിച്ചു. "

" ഒരു കുറ്റകൃത്യവും ഞാന്‍ സ്പര്‍ശിക്കാതെ വിട്ടിട്ടില്ല. ഒരു അപകീര്‍ത്തിയും ഞാന്‍ അനുഭവിച്ചറിയാതിരുന്നിട്ടില്ല. കറതീര്‍ന്ന പീഢനമുറകളാല്‍ നിര്‍ദ്ദോഷികളായ വൃദ്ധരെ ഞാന്‍ കൊന്നൊടുക്കി. നഗരങ്ങളിലെ സര്‍വ്വജലാശയങ്ങളിലും ഞാന്‍ വിഷം കലര്‍ത്തി. നൂറുകണക്കിനു സ്ത്രീകളുടെ കാര്‍കൂന്തലില്‍ ഞാന്‍ തീ കൊളുത്തി. വന്യമായ എന്റെ മരണവാഞ്ഛയില്‍ സഞ്ചാരപഥങ്ങളില്‍ കണ്ടുമുട്ടിയ കുഞ്ഞുങ്ങളെ എന്റെ ദംഷ്ട്രകള്‍ കൊണ്ടു ഞാന്‍ രണ്ടായി കടിച്ചുകീറി. മനുഷ്യവിസ്മൃതിയില്‍ മറഞ്ഞു കഴിഞ്ഞിരുന്ന കറുത്ത ഭീകരരാക്ഷസന്മാരുമായി ഞാന്‍ ചങ്ങാത്തം തേടി. വെളുത്ത എല്ലുകളാല്‍ ചുറ്റപ്പെട്ട, തകര്‍ന്ന നഗ്ന താഴ്വരയിലേയ്ക്ക്, ഒരു കുന്നിന്റെ നെറുകയില്‍ നിന്നു ഞാന്‍ സ്വയം വലിച്ചെറിഞ്ഞു. ധീരന്മാരായ മനുഷ്യരുടെ ഹൃദയങ്ങളില്‍പ്പോലും ഭയം കുത്തിനിറച്ച വന്യമൃഗങ്ങളുടെ അലമുറകള്‍ എങ്ങനെ അനുകരിയ്ക്കാമെന്നു രാക്ഷസികള്‍ എന്നെ പഠിപ്പിച്ചു. എന്നാല്‍ സാധാരണക്കാരെ ഭയപ്പെടുത്തുന്ന അത്തരം കാര്യങ്ങള്‍ എന്നെ സ്വപ്നം കാണുന്നവര്‍ ഭയപ്പെട്ടിരുന്നില്ല എന്നു് കാണപ്പെട്ടിരുന്നു. ഒരുപക്ഷെ ഭീകരദൃശ്യങ്ങള്‍ കാണുന്നതു് എന്റെ സ്വപ്നദര്‍ശി ആസ്വദിച്ചിരുന്നിരിക്കാം. ഒരുപക്ഷെ അതയാളെ ബാധിക്കുകയോ അയാള്‍ അതു കൂട്ടാക്കുകയോ ചെയ്തിരുന്നില്ലായിരിക്കാം. ഈ ദിവസം വരേയ്ക്കും അയാളെ ഉണര്‍ത്താന്‍ എനിക്കു കഴിഞ്ഞിട്ടില്ല ; അതിനാല്‍ മ്ലേച്ഛവും അഭിശപ്തവുമായ ഈ അയഥാര്‍ത്ഥജീവിതം മുന്നോട്ടു വലിച്ചുകൊണ്ടുപോകുവാന്‍ ഞാന്‍ നിര്‍ബന്ധിതനായിത്തീരുന്നു.

"എന്റെ സ്വപ്നദര്‍ശകനില്‍ നിന്നു് ആരു് എന്നെ സ്വതന്ത്രനാക്കും? അദ്ദേഹത്തിന്റെ ജോലിയവസാനിപ്പിക്കാനുള്ള പ്രഭാതം എന്നു പൊട്ടിവിടരും? അദ്ദേഹത്തെ ഉണര്‍ത്താനുള്ള കോഴികൂവുന്ന ശബ്ദം അഥവാ മണിനാദം എന്നു മുഴങ്ങും? വളരെ നാളായി എന്റെ സ്വാതന്ത്ര്യത്തിന്റെ ദിനത്തിനുവേണ്ടി ഞാന്‍ കാത്തിരിക്കുവാന്‍ തുടങ്ങിയിട്ടു് ! വിരസമായ ഈ അപഹാസസ്വപ്നത്തിന്റെ ഒരു ഭാഗം അഭിനയിക്കുന്നതു് അവസാനിപ്പിക്കുവാന്‍ വളരെ ആകാംഷയോടെ ഞാന്‍ കാത്തിരിക്കുകയാണ് !"

"ഇപ്പോള്‍ ഞാനിതിലേര്‍പ്പെട്ടിരിക്കുന്നതു് എന്റെ അവസാനശ്രമമായിട്ടാണ്. ഞാന്‍ ഒരു സ്വപ്നമാണെന്നു് എന്റെ സ്വപ്നദര്‍ശകനോടു് പറയുന്നു. അത്തരം ചിലതൊക്കെ മനുഷ്യര്‍ക്കു് സംഭവിക്കുന്നില്ലേ ? അവര്‍ ഉണരാതെ തന്നെ സ്വപ്നം കാണുകയാണെന്നു് ഒരിക്കല്‍ അവര്‍ തിരിച്ചറിയുകയില്ലേ ? അതുകൊണ്ടാണു് താങ്കളെ വന്നു് കണ്ടു് ഞാന്‍ താങ്കളോടെല്ലാം പറഞ്ഞതു്. ഞാന്‍ യഥാര്‍ത്ഥമനുഷ്യനായി നിലനില്ക്കുന്നില്ലെന്നു് എന്നെ സൃഷ്ടിച്ചിരിക്കുന്നയാള്‍ ഈ നിമിഷം മനസ്സിലാക്കുമെന്നു ഞാന്‍ വിശ്വസിക്കുകയും അയാള്‍ അതു തിരിച്ചറിയുന്ന മാത്രയില്‍ ഒരു അയഥാര്‍ത്ഥപ്രതിച്ഛായയായിപ്പോലും ഞാന്‍ നിലകൊള്ളുന്നതു് അവസാനിക്കുകയും ചെയ്യും. ഞാന്‍ വിജയിക്കുമെന്നു താങ്കള്‍ കരുതുന്നുണ്ടോ ?

" അത് ഇടതടവില്ലാതെ വിളിച്ചുകൂവുന്നതുകൊണ്ടു് അദൃശ്യനായ എന്റെ യജമാനനെ ഉണര്‍ത്തുവാന്‍ കഴിയുമെന്നതില്‍ ഞാന്‍ വിജയിക്കുമെന്നു താങ്കള്‍ കരുതുന്നുണ്ടോ?"
ഈ വാക്കുകള്‍ ഉച്ചരിക്കുന്നതിനിടയില്‍ കൂടുതല്‍ കൂടുതല്‍ ശൂന്യത പടരുന്ന കണ്ണുകളോടെ അയാള്‍ എന്റെ കണ്ണുകളിലേക്കു തുറിച്ചുനോക്കി. ഇടതു കയ്യുറ വീണ്ടും വീണ്ടും ഊരിയും അണിഞ്ഞും, രോഗഗ്രസ്തനായ മാന്യന്‍ കൈക്കസാലയിലിരുന്നു് കറങ്ങിയാടി. ഭീകരവും ആശ്ച്യര്യകരവുമായ എന്തോ ഒന്നു് ഏതുനിമിഷത്തിലും സംഭവിക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ടു് എന്നതുപോലെയായിരുന്നു അതു്. മരണവേദനയുടെ ഭാവം അയാളുടെ മുഖത്തു കളിയാടി. വിയര്‍പ്പണിഞ്ഞ നെറ്റി പരിഭ്രമത്തോടെ ഒരു കൈകൊണ്ടു് തുടച്ചുകൊണ്ടു്‌ ലോലമായ വായുവില്‍ തന്റെ ശരീരം അലിഞ്ഞുതീരുമെന്നു പ്രതീക്ഷിക്കുന്നതുപോലെ ഇടയ്ക്കിടെ അയാള്‍ സ്വന്തം ദേഹത്തില്‍ തുറിച്ചുനോക്കികൊണ്ടിരുന്നു.

"ഇതെല്ലാം സത്യമായിരിക്കുമെന്നു താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ?" അയാള്‍ എന്നോടു് ചോദിച്ചു. "അഥവാ ഞാന്‍ നുണ പറയുകയാനെന്നു് താങ്കള്‍ കരുതുന്നുണ്ടോ ? എന്നാല്‍ അന്തര്‍ധാനം ചെയ്യാനാവാതെ, എന്തുകൊണ്ട് എനിക്കിതില്‍ നിന്നൊക്കെ വിമുക്തനാകാന്‍ കഴിയുന്നില്ല ? അമരനായ ഒരു സ്വപ്നശീലന്റെ ഒരു അനശ്വരകനവിന്റെ ഭാഗമായിരിക്കുമോ ഞാന്‍? ബീഭത്സമായ ഈ ധാരണ ദുരീകരിക്കാന്‍ എന്നെ സഹായിക്കില്ലേ ? എനിക്കുവേണ്ടി എന്തെങ്കിലും പദ്ധതി കണ്ടെത്തി, ഈ കൊടും ഭീകരതയില്‍ നിന്നും എന്നെ കരകയറ്റുവാന്‍ സഹായിക്കുകയില്ലേ ! എന്നെ സഹായിക്കുവാന്‍ ദയവായി ഞാന്‍ താങ്കളോടു് അഭ്യര്‍ത്ഥിക്കുന്നു ! ഈ പാവം അറുമുഷിപ്പന്‍ മായാരൂപിയോടു് ആരും ദയ കാണിക്കില്ലേ ?"

ഞാന്‍ നിശ്ശബ്ദനായിരിക്കുന്നേരം, വീണ്ടും ഒരുവട്ടം കൂടി എന്റെ നേരെ തുറിച്ചുനോക്കിയിട്ടു് അയാള്‍ എഴുന്നേറ്റു. മിക്കവാറും സുതാര്യമായ അയാളുടെ തൊലി ഒരു പ്രാവശ്യം കൂടി ഞാന്‍ ശ്രദ്ധിച്ചു. അയാള്‍ക്കു മുമ്പത്തെക്കാളും ഉയരമേറിയതുപോലെ കാണപ്പെട്ടു. അയാള്‍ ഭയങ്കരമായി ക്ലേശമനുഭവിക്കുകയാണെന്നു് കാണുമ്പോള്‍ തോന്നുമായിരുന്നു. അയാളുടെ ശരീരം മുഴുവനും കോച്ചിവലിക്കുന്നതുപോലെ കാണപ്പെട്ടു. അയാളെ കാണുമ്പോള്‍ ഒരു വലയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു മൃഗത്തെപ്പോലെ തോന്നിച്ചു. മൃദുവായ കയ്യുറ ധരിച്ചിരുന്ന അയാള്‍ അവസാനമായി എനിക്കു് ഹസ്തദാനമേകി. എന്തോ പിറുപിറുത്തുകൊണ്ടു് അയാള്‍ വളരെ മാന്യതയോടെ എന്റെ മുറി വിടുന്നതിനുമുമ്പു് ഒരു വ്യക്തി മാത്രമെ അയാളെ കണ്ടിരുന്നുള്ളൂ.

Subscribe Tharjani |
Submitted by Anony (not verified) on Fri, 2008-10-10 07:16.

ഇറ്റാലിയന്‍ കഥയ്ക്ക് ജൂബ്ബാക്കാരനെ വരച്ച് വച്ച ചിത്രകാരന്റെ ഭാവന കൊള്ളാം ...