തര്‍ജ്ജനി

മുഖമൊഴി

കലാകാരന്മാര്‍ക്കു് വോട്ടു ചെയ്യേണ്ട ഫോര്‍മാറ്റ്

കലോത്സവങ്ങളുടെ കാലം ആരംഭിക്കുകയായി. കേരളോത്സവം, സ്കൂള്‍ കലോത്സവം എന്നിങ്ങനെ കേരളത്തിലുടനീളം ഉത്സവമായി കലാവതരണങ്ങള്‍ നടക്കും. കേരളോത്സവത്തിനു് പകിട്ടു കുറഞ്ഞു പോയിരിക്കുന്നു. സ്കൂള്‍കലോത്സവത്തില്‍ കലാതിലകവും പ്രതിഭവും വേണ്ട എന്നു നിശ്ചയിച്ചതിനാല്‍ അവിടെയും വലിയ താരോദയങ്ങള്‍ കാണാനില്ല. കലോത്സവമാന്വലുകളിലെ വ്യവസ്ഥകളുടെ ലംഘനവും പക്ഷപാതിത്വവും ആരോപിച്ചു് കോടതിയെ സമീപിക്കുന്നവരുടെ എണ്ണത്തില്‍ എന്നാലും കുറവു വന്നിട്ടില്ല. ഇതെല്ലാം പഴങ്കഥകളാക്കി ടെലിവിഷനിലെ റിയാലിറ്റി ഷോകള്‍ പുതിയ വിധിനിര്‍ണ്ണയവ്യവസ്ഥകള്‍ അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ടു്. എസ്എം.എസ് ജനാധിപത്യമാണു് അവിടെ വിജയികളെ നിശ്ചയിക്കുന്നതു് എന്നാണു് സങ്കല്പം. എന്നോ പരാജയപ്പെട്ടു പുറത്തായവര്‍ക്കു് കഥയറിയാതെ പിന്തുണയര്‍പ്പിച്ചു് വോട്ടു ചെയ്യുന്ന നിഷ്കളങ്കപൊതുജനവിധികര്‍ത്താക്കള്‍ എന്ന പുതിയ സാമൂഹികസംവര്‍ഗ്ഗം തന്നെ കേരളത്തില്‍ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ടു്. മത്സരമാന്വലുകളിലെ വ്യവസ്ഥകളും പക്ഷപാതിത്വം ആരോപിക്കപ്പെടുന്ന വിധികര്‍ത്താക്കളും കോടതിയും ഇനി എസ്.എം.എസ് പൊതുജനത്തിനു് വഴിമാറിക്കൊടുക്കേണ്ടി വരുമോ?

നികുതികുടിശ്ശിക തീര്‍ത്തവരായിരുന്നു പണ്ടുകാലത്തു് നമ്മുടെ നാട്ടില്‍ സമ്മതിദായകരായിരുന്നതു്. നികുതിയടക്കാനുള്ള വസ്തുവകകളില്ലാത്തവനു് ഭരണത്തില്‍ എന്തു കാര്യം എന്ന സാമാന്യയുക്തിയാണു് അവിടെ ജനാധിപത്യസങ്കല്പത്തിന്റെ ആധാരശിലയായി വര്‍ത്തിച്ചതു്. സര്‍ക്കാര്‍ഖജനാവില്‍ ഒടുക്കേണ്ട നികുതി സമയാസമയങ്ങളില്‍ ഒടുക്കുന്നതില്‍ വീഴ്ചവരുത്തിയവന്‍ സമ്മതിദാനാവകാശം വിനിയോഗിക്കുവാന്‍ യോഗ്യനുമല്ല. സ്വന്തം ഉത്തരവാദിത്തം നേരാംവണ്ണം പാലിക്കാനാവാത്താവനാണോ നാട്ടുകാര്യത്തില്‍ ന്യായം പറയേണ്ടതു്? ഈ സമവാക്യവും യുക്തിസഹം തന്നെ. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഭരണഘടന നിലവില്‍ വന്നതിനുശേഷമാണു് പ്രായപൂര്‍ത്തി വോട്ടവകാശം എന്ന ആശയം പ്രാവര്‍ത്തികമായതു്. ജനാധിപത്യത്തിന്റെ മൂല്യസങ്കല്പത്തില്‍ തുല്യത കൈവരിച്ച പൗരസമൂഹം സമ്മതിദായകരായി വിലപ്പെട്ടരായി മാറുന്നതു് തെരഞ്ഞെടുപ്പുകാലത്താണു്. അതിനു് ശേഷം അവനു് കെട്ടിയാടാനുള്ള വേഷം പൊതുജനം എന്ന കഴുതവേഷം തന്നെ. പലതരം വിടുവായത്തങ്ങളും അവകാശവാദങ്ങളുമായി ഭരണകര്‍ത്താക്കള്‍ കാണിക്കുന്ന കോപ്രായങ്ങളെല്ലാം സഹിക്കുവാന്‍ ബാദ്ധ്യസ്ഥമായ കഴുതജന്മം.

കലാകാരന്മാരും സാഹിത്യകാരന്മാരും ഈ പൊതുജനം എന്ന സംവര്‍ഗ്ഗത്തിന്റെ പരിധിക്കുള്ളിലല്ല . പഴയ സങ്കല്പമനുസരിച്ചു് അവര്‍ മൗലികമായ ദര്‍ശനമുള്ളവരാണു്. അവര്‍ ലോകത്തിന്റെ നിയമങ്ങള്‍ സൃഷ്ടിക്കുന്നവരാണു്. സത്യദ്രഷ്ടാക്കളാണു്. അവരെ രാജാക്കന്മാര്‍ സംരക്ഷിച്ചു പോന്നു. ബ്രാഹ്മണരെ സംരക്ഷിക്കാന്‍ ശ്രുതിസ്മൃതിസംഹിതകളിലെ വിധിയനുസരിച്ച് രാജാക്കന്മാര്‍ ബാദ്ധ്യസ്ഥരായിരുന്നു. എന്നാല്‍ കവികളേയും കലാകാരന്മാരെയും സംരക്ഷിച്ചതു് കലാരസികതകാരണവും നടപ്പുരീതി പിന്തുടര്‍ന്നുമാണു്. ആ പാരമ്പര്യം ജനാധിപത്യകാലത്തും അവിഘ്‌നം തുടരുന്നു. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ കലാകാരന്മാരെയും എഴുത്തുകാരെയും പലതരം പുരസ്കാരങ്ങള്‍ നല്കി ആദരിക്കുന്നു. പ്രത്യുപകാരമായി, രാജാവിനു് സ്തുതിപാടുക എന്ന സേവനം സര്‍ഗ്ഗപ്രതിഭകള്‍ ചെയ്തുപോന്നിരുന്നു. ദീപസ്തംഭം മഹാശ്ചര്യം, നമ്മുക്കും കിട്ടണം പണം എന്നു എളുപ്പവഴിയില്‍ ക്രിയചെയ്തു് പണ്ടു് കഞ്ചന്‍നമ്പ്യാര്‍ അതില്‍ പോലും തമാശകാണിച്ചിട്ടുണ്ടു്. നാണം കെട്ടു പണം നേടിയാല്‍ നാണക്കേടു് ആ പണം മാറ്റിക്കൊള്ളും എന്നു മലയാളി പണ്ടേ കണ്ടുപിടിച്ചിട്ടുണ്ടല്ലോ. അതിനാല്‍ നാണക്കേടിനെക്കുറിച്ച് ശങ്കിച്ച് മടിച്ചു നില്‍ക്കേണ്ടതില്ല.

പൊതുഖജനാവിലെ പണംകൊടുത്തു് ഇങ്ങനെ പുരസ്കര്‍ത്താക്കളാകുന്നതിന്റെ മര്യാദകേടു് ചൂണ്ടിക്കാണിച്ചു് ചിലരെങ്കിലും ആധുനികകാലത്തു് ഇതിനെ എതിര്‍ക്കാതിരുന്നിട്ടില്ല. ആദര്‍ശവാന്മാര്‍ ആധുനികകാലത്തും കുറ്റിയറ്റു പോയിട്ടില്ല. എങ്കിലും തരം കിട്ടിയപ്പോള്‍ അവരെല്ലാം സര്‍ക്കാരിനു വേണ്ടിയുള്ള പുരസ്കാരദാനധര്‍മ്മം നടത്തിപ്പുകാരായോ പുരസ്കാരജേതാക്കളായി സമ്മാനിതരാവുകയോ ചെയ്യാതിരുന്നിട്ടുമില്ല. എം. പി. നാരായണപിള്ളയാണു് ഇക്കാര്യത്തില്‍ കടുംപിടുത്തം കാണിച്ചതു്. പൊതുഖജനാവിലെ കാശു് വാങ്ങില്ല. അവാര്‍ഡു് മാത്രം മതി, കാശു് ഖജനാവില്‍ അടച്ചു് രശീതി ഹാജരാക്കണം എന്ന വ്യവസ്ഥവെച്ചു് കുഞ്ചന്‍നമ്പ്യാരെപ്പോലും അദ്ദേഹം തോല്പിച്ചു കളഞ്ഞു.

പുരസ്കാരം എന്നാല്‍ ഒരു സാക്ഷ്യപത്രവും കാശുമാണു്. അതോടൊപ്പം ഒരു ശില്പം ചിലപ്പോള്‍ നല്കിയെന്നും വരാം. പുരസ്കാരത്തിന്റെ കേമത്തം അതിന്റെ കാശിലാണു്. അതിനാലാണു് പഴയകാലത്തു് മുപ്പതിനായിരത്തി മുന്നൂറ്റിമുപ്പത്തിമൂന്നു് രൂപയുടെ പുരസ്കാരം മുട്ടത്തു വര്‍ക്കിയുടെ പേരിലുള്ള അവാര്‍ഡായി നല്കിയപ്പോള്‍ മുട്ടത്തു വര്‍ക്കിയോടു് അശേഷം മതിപ്പില്ലാത്തവര്‍ പോലും അതു സ്വീകരിക്കാനായി പോയതു്. ഒരു കാലത്തു് മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം വയലാറിന്റെ പേരിലുള്ളതായിരുന്നു. അദ്ദേഹം സിനിമാപ്പാട്ടെഴുത്തുകാരനായിരുന്നുവെന്നതും കേമനായ കവിയല്ല എന്നും അഭിപ്രായമുള്ളവര്‍ അവാര്‍ഡു് സ്വീകരിക്കാതിരുന്നിട്ടില്ല. അയ്യപ്പപണിക്കര്‍ മാത്രമാണു് എനിക്കു് ഈ അവാര്‍ഡ് വേണ്ട എന്നു പറഞ്ഞതു്.

സ്വന്തം പ്രവര്‍ത്തനത്തിന്റെ കേമത്തം അംഗീകരിച്ചു് നല്കപ്പെടുന്നവയാണു് അവാര്‍ഡുകള്‍ എന്നാണു് വെപ്പു്. അതിനാല്‍ അവാര്‍ഡിനു വേണ്ടി ശുപാര്‍ശപറയുക, പാദസേവ ചെയ്യുക എന്നിവയെല്ലാം മോശമാണു് എന്നാണു് പൊതുവില്‍ വിശ്വസിക്കുന്നതു്. നിഷ്പക്ഷമായ വിധിനിര്‍ണ്ണയമാണു് പുരസ്കാരദാനത്തിനു പിന്നിലെന്നു വരുത്താന്‍ ദാതാക്കളും ശ്രമിക്കാറുണ്ടു്. ആരെങ്കിലും വന്നു് മാര്‍ക്കിട്ടല്ല സമ്മാനം കൊടുക്കുന്നതു് എന്നു കാണിക്കുവാന്‍ സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കളുടെ പേരും യോഗ്യതയും മത്സരം തുടങ്ങുന്നതിനു് മുമ്പു് വിളിച്ചു പറയണം എന്നു് ഒരു ചട്ടം തന്നെ ഉണ്ടാക്കിയിട്ടുണ്ടു്. എന്നാലും ആളുകള്‍ കോടതിയില്‍ പോയി തര്‍ക്കം ഉന്നയിച്ചു് പരിഹാരം തേടുന്ന പതിവു് ഇല്ലാതായിട്ടില്ല. സമ്മാനത്തിനു് വേണ്ടി ഇങ്ങനെ കോടതി കയറുന്നതു് ഉചിതമായ കാര്യമല്ല എന്നു് ആരും പറയാറില്ല. സമ്മാനത്തിനു് വേണ്ടി മത്സരിക്കുന്നു, യോഗ്യതയുണ്ടായിട്ടും തന്നില്ല, ഇതു് അന്യായമാണു്, അതിനാല്‍ മറ്റു് ഏതു് അന്യായത്തിന്റെ കാര്യത്തിലുമെന്നപോലെ കോടതിയെ നീതിക്കു വേണ്ടി സമീപിക്കുന്നു. ഇതില്‍ അനൗചിത്യമൊന്നുമില്ല.

ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം എന്നു കേളികേട്ട സ്കൂള്‍ കലോത്സവത്തിലെ തിലകം, പ്രതിഭ പട്ടങ്ങള്‍ പോയി. എസ്എസ്.എല്‍.സി പരീക്ഷയിലെ റാങ്ക് ജേതാക്കളും ഇല്ലാതായി. അങ്ങനെ മാറ്റങ്ങള്‍ പലതും സംഭവിച്ചു കൊണ്ടിരിക്കുന്നതു് കാണാതിരുന്നുകൂട. ഇനിയും പരിഷ്കാരങ്ങള്‍ വരട്ടെ. നൂറു് പൂക്കള്‍ വിരിയട്ടെ. അങ്ങനെ നിരവധി താരോദയങ്ങളുമായി റിയാലിറ്റി ഷോകള്‍ ടെലിവിഷവിലെ കണ്ണുനീരിയലുകളെയും സ്ത്രീരിയലുകളേയും (പ്രയോഗം കഥാകൃത്തായ പി. കെ. നാണുവിന്റെ ഒരു കഥയില്‍ നിന്നും കടം കൊണ്ടതു്) നിഷ്പ്രഭമാക്കി അരങ്ങു തകര്‍ക്കുകയാണു്. സ്കൂള്‍ കലോത്സവം പോലെ ഒരു സര്‍ട്ടിഫിക്കറ്റല്ല ജേതാക്കള്‍ക്കു് കിട്ടുന്നതു്. സമ്മാനത്തിന്റെ മൂല്യം രണ്ടു് കോടി രൂപയോളം വരെ എത്തിയിരിക്കുന്നു. ഇക്കാലത്തു്, സര്‍ക്കാര്‍ നക്കാപ്പിച്ചയും നല്കി എഴുത്തുകാരെക്കൊണ്ടു് ഏത്തമിടുവിക്കുന്നതു് അവരെ മാനിക്കുവാനല്ല അപമാനിക്കുവാനാണു് എന്നു് ആരെങ്കിലും പറഞ്ഞാല്‍ ഏതു നിഷ്കളങ്കനും അതു വിശ്വസിച്ചു പോകും. റിയാലിറ്റിഷോകളില്‍ ഇടയ്ക്കു് പുറത്താകുന്നവര്‍ പോലും വാങ്ങിപ്പോകുന്നതിനോളം വരില്ല പല കേമപ്പെട്ട അവാര്‍ഡുകളും എന്നും കാണേണ്ടതുണ്ടു്. ദിവസങ്ങളോളം ടെലിവിഷന്‍ സ്ക്രീനില്‍ താരപ്രഭയോടെ തിളങ്ങി പുറത്തിറങ്ങിയ ഒരു പാട്ടുകാരനു്/കാരിയ്ക്കു് അതോടെ വമ്പിച്ച വിപണിമൂല്യം ഉണ്ടാകുന്നു. പണ്ടൊക്കെ പിന്നണിഗായകര്‍ എന്ന പേരില്‍ പാട്ടുകാര്‍ വാങ്ങുന്നതിനു തുല്യം, പലപ്പോഴും അതിലപ്പുറം പ്രതിഫലം നല്കിയാണു് പിന്നീടവര്‍ വേദികളിലെത്തുന്നതു്. കലാകാരന്മാര്‍ക്കു് ഇതുപോലെ ഒരു നല്ലകാലം ഇനി വരാനില്ല. അതിനിടയില്‍ സത്യദ്രഷ്ടാക്കളായ സാഹിത്യകാരന്മാരാണു് ഇതിലൊന്നും പങ്കെടുക്കാന്‍ പോലുമാവാതെ ഓരങ്ങളില്‍ തള്ളിമാറ്റപ്പെട്ടതു്. ഏതാനും ആയിരങ്ങളുടെ തുച്ഛപ്രലോഭനത്തിന്റെ പരിധിക്കപ്പുറത്തു് സ്വപ്‌നം കാണാന്‍പോലും ത്രാണിയില്ലാത്ത സാഹിത്യകാരന്മാരാണു് അവാര്‍ഡുകളില്‍ മോഹിച്ചുനടക്കുന്നവര്‍ എന്നു പറയേണ്ടിയിരിക്കുന്നു. പത്രവാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ചെറുകിട രാഷ്ട്രീയനേതാക്കള്‍ പോലും കോടികള്‍ കൈപ്പറ്റുന്ന ഈ കാലഘട്ടത്തില്‍ സാഹിത്യകാരന്മാര്‍ ഇങ്ങനെ സ്വയം വിലകെടുത്താന്‍ പാടില്ലാത്തതാണു് .

കോടികളുടെ സമ്മാനം സ്വന്തം കഴിവിന്റെ മാത്രം അടിസ്ഥാനത്തിലല്ല, ജനപിന്തുണയുടെ ബലത്തില്‍ കൂടിയാണു് കിട്ടുന്നതു് എന്ന സങ്കല്പം കൂടി ഇക്കൂട്ടത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ടു്. പാട്ടു പാടിയാല്‍ മാത്രം പോര, വേഷം കെട്ടുകയും ആടുകയും ചാടുകയും പലതരം കോപ്രായങ്ങള്‍ കാണിക്കുകയും ചെയ്തു് ഒടുവില്‍ കാണികളുടെ വോട്ടു് അഭ്യര്‍ത്ഥിച്ചു് വിജയിക്കുന്നവര്‍ക്കാണു് ഈ വലിയ സമ്മാനങ്ങള്‍ കിട്ടുക. കാണികളുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണു് മത്സരത്തിന്റെ അടുത്ത ഘട്ടത്തില്‍ കടക്കുകയുള്ളൂവെന്നും, അതിനാല്‍ പ്ലീസ്, എനിക്കു് നിങ്ങളുടെ സപ്പോര്‍ട്ട് വേണം, എനിക്കു് വോട്ടു ചെയ്യേണ്ട ഫോര്‍മാറ്റ് ........ എന്നു അഭ്യര്‍ത്ഥിക്കുന്ന സമകാലകലാപ്രതിഭള്‍ക്കു് ഈ സന്ദര്‍ഭത്തില്‍ തെരഞ്ഞെടുപ്പുകാലത്തെ സ്ഥാനാര്‍ത്ഥിയുടെ വേഷം കൂടി കെട്ടേണ്ടി വരുന്നു. ജനാധിപത്യത്തിന്റെ കാലത്തു് അതൊരു നാണക്കേടായി കണക്കാക്കാനില്ല. മത്സരത്തില്‍ ജയിച്ചാലും പാതിവഴിയില്‍ പുറത്തു പോകേണ്ടി വന്നാലും കിട്ടാനുള്ളതു് എന്തെന്നു് നോക്കിയാലും അതിലൊരു മാനക്ഷയം കാണേണ്ടതില്ല. ഏതായാലും മത്സരിക്കാന്‍ തീരുമാനിച്ചു് ഇറങ്ങിയവര്‍ ജയിച്ചുകേറാനുള്ള വിദ്യയാണു് പയറ്റേണ്ടതു്. കലോത്സവങ്ങളുടെ നിറപ്പകിട്ടു കുറഞ്ഞു പോയതിനെക്കുറിച്ചാണല്ലോ തുടക്കത്തില്‍ പറഞ്ഞതു് അതിലേക്കു് തന്നെ തിരിച്ചു വരാം. തര്‍ക്കങ്ങളില്ലാതെയാണു് റിയാലിറ്റിഷോകള്‍ നടക്കുന്നതു്. എല്ലാവരുടേയും അഭിപ്രായങ്ങള്‍ക്കു് മതിയായ പരിഗണനയും നല്കുന്നുണ്ടു്. എസ്.എം.എസ് വഴി ജനാധിപത്യം ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ടു്. എന്തുകൊണ്ടു് മത്സരമാന്വലുകള്‍ പരിഷ്കരിക്കുമ്പോള്‍ എസ്എം.എസ് വഴി വോട്ടു ചെയ്യാന്‍ കാണികള്‍ക്കു് അവസരം കൊടുക്കുന്നതിനെപ്പറ്റി ആലോചിച്ചു കൂട ? പക്ഷെ കേവലം ഒരു സര്‍ട്ടിഫിക്കറ്റിനും ഗ്രേസ് മാര്‍ക്കിനുമായി ആരെങ്കിലും ഇങ്ങനെ മത്സരത്തില്‍ പങ്കെടുക്കാന്‍ വരുമെന്നു പ്രതീക്ഷിക്കരുത്. കോടികള്‍ സമ്മാനമായി നല്കാന്‍ തയ്യാറാവുകയും വേണം. ഉഗ്രപ്രതാപത്തോടെ സ്കൂള്‍ കലോത്സവവും കേരളോത്സവവും തിരിച്ചുവരിക തന്നെ ചെയ്യും.

Subscribe Tharjani |
Submitted by Subrahmanya Sharma (not verified) on Thu, 2008-10-09 11:46.

Profits from consumer goods and easy terms of credit for satellite lease/rental by international bank consortia , feed this popular assault on culture from the skies.
It is little surprise that viewers are consumers .Each show will push viewers towards uniform mass culture . Mass culture produces ideal consumers . Buying a soap is using a choice . Democracy is exercise of choice . Janadhipatyam is a vast exaggeration .
We have similarly misleading terms for " market rule " in other languages as well .
Subrahmanya Sharma

Submitted by Anonymous (not verified) on Thu, 2008-10-09 16:44.

എന്തൊക്കെയാണെങ്കിലും “അമേരിക്കന്‍ ഐഡല്‍ “മോഡല്‍ ഇന്ത്യയിലും കേരളത്തിലും പരീക്ഷിക്കപ്പെട്ട് വിജയിച്ചതു വഴി കുറേ പരസ്യക്കമ്പനിക്കാര്‍ക്കും വ്യവസായികള്‍ക്കും ടെലിവിഷന്‍ ചാനലുകാര്‍ക്കും നല്ല പണിയും പണവും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം കേരളത്തിലെ പുരുഷന്മാരോടും കൊച്ചുങ്ങളോടും ഉള്ള സ്ത്രീകളുടെ അവഗണന വൈകീട്ട് 7 മുതല്‍ 10 വരെ ആരംഭിക്കുകയും ചെയ്യുന്നു (പണ്ട് സ്ത്രീ എന്ന മെഗാ സീരിയലിലൂടെ പാകി വച്ചതാണ് ഈ അവഗണനയുടെ വിത്ത് എന്നത് അനുസ്മരിക്കേണ്ടതാണ് )