തര്‍ജ്ജനി

ഷുക്കൂര്‍ പെടയന്‍ഗോഡ്

പറമ്പറ വീട്ടില്‍,
ഇരിക്കൂര്‍ പി.ഒ.
കണ്ണൂര്‍ ജില്ല. 670 593
ഫോണ്‍: 9249137697

Visit Home Page ...

കവിത

വീട്


ചിത്രീകരണം:കെ. ആര്‍. ബാബു

വീടുകളെല്ലാം
സ്വപ്നങ്ങള്‍ തിന്നുതിന്നു്
ഭ്രാന്തിയായവളുടെ ഹൃദയമാണു്.
പുലമ്പലില്‍ നിന്നു് മൗനത്തിലേക്കും
കരച്ചിലില്‍ നിന്നു് പൊട്ടിച്ചിരിയിലേക്കും
ഇരുളിന്‍ ഉള്ളറയില്‍ നിന്നു് വെളിച്ചത്തിലേക്കു്
കാല്‍നീട്ടിവെക്കും.

പല്ലികളുടെ നിലവിളിപോലെ
മുത്തശ്ശിയുടെ നാമജപങ്ങളില്‍
മരണം തൊട്ടുനോക്കി കടന്നു പോകും.

എത്രയെത്ര നിശ്വാസക്കുമിളകളാണു്
ഈ ഇറയക്കല്ലില്‍ തട്ടി ഉടഞ്ഞുപോയതു്.

പടികടന്നു പോയവര്‍ക്കായി
ഒരു കോടിമുണ്ടു്
അയയില്‍ തൂങ്ങിക്കിടപ്പുണ്ടാകും.
മുഖം തുടച്ചു മിനുക്കിയ കൈലേസ്
അടുക്കളയില്‍ നിന്നു് കൈക്കലത്തുണിയായി
കോലയയിലേക്കു് എടുത്തെറിയും വരെ.

വെള്ളിനൂലില്‍ തീര്‍ത്ത മാറാലയില്‍
പിടഞ്ഞുതീരും വരെ.

പെയ്മുഖങ്ങളില്‍ നിന്നു് വര്‍ത്തമാനപ്പത്രികയില്‍
ഒപ്പുവെച്ചു കൊണ്ടേയിരിക്കും.

അപ്പോഴും
ഒരു കോണില്‍ ആരോ ഒരാള്‍
ആരും പാടാത്ത
ഒരു പ്രണയഗസലിന്‍വരികള്‍
എഴുതിവെച്ചിട്ടുണ്ടാകും.

പുറം തിരിഞ്ഞു നടക്കരുതു്.
വഴുതിവീഴാന്‍
ഇനിയൊരു മുറ്റം മാത്രം.

Subscribe Tharjani |
Submitted by Rajesh.P.P (not verified) on Sun, 2008-10-12 10:54.

അഞ്ചാം തരം വരെ മാത്രം ഔപചാരികവിദ്യാഭ്യാസം നേടിയ ഒരാളില്‍ നിന്നും ഇത്രത്തോളം ഉള്‍ക്കാഴ്ചകള്‍ നിറഞ്ഞതും ഭാവതീവ്രവുമായ വരികള്‍ രൂപപ്പെടുന്നുവെന്നത് ശ്രദ്ധേയമാണു്. പ്രതീക്ഷകള്‍ നല്കുന്ന കവിയാണു് ഷുക്കൂര്‍ എന്നു പറയാന്‍ സന്തോഷം. അനുമോദനങ്ങള്‍.