തര്‍ജ്ജനി

പുസ്തകം

നഷ്ടപ്പെടലുകള്‍, സര്‍ക്കസ് കഥകള്‍ പിന്നെ നാട്ടറിവുകളും

കവയത്രിയും ചെറുകഥാകൃത്തുമായ ഡോ. മായയുടെ ഇരുപത്തിയൊന്ന് കഥകളുടെ സമാഹാരം.

ഏറെ പരിചിതമല്ലാത്ത അനുഭൂതിതലങ്ങളിലേക്ക് നയിക്കുന്ന സുന്ദരശില്പങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചെറുതും വലുതുമായ കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രണയവും രതിയും മരണവും ഇഴുകിച്ചേരുന്ന ജീവിതാവസ്ഥകളുടെ നേര്‍ക്കാഴ്ചകളാണ് ഈ കഥകളെല്ലാം. തീര്‍ത്തും വ്യത്യസ്തവും സമ്മോഹനവുമായ പ്രതിപാദനരീതിയിലൂടെ ലാളിത്യത്തിന്റെ പ്രതീകമാവുന്നു ഡോ. മായയുടെ ഈ രചനകള്‍.

നഷ്ടപ്പെടലുകള്‍
ഡോ. മായ
175 പേജുകള്‍
വില : 130 രൂപ
പ്രസാധനം : പാപ്പിറസ് ബുക്സ്.
വിതരണം: എന്‍. ബി. എസ്., കോട്ടയം.

സര്‍ക്കസിന്റെ ലോകം സ്വാനുഭവതീക്ഷ്ണതയോടെ മലയാളത്തില്‍ ആവിഷ്കരിച്ച എഴുത്തുകാരനാണ് ശ്രീധരന്‍ ചമ്പാട്. സര്‍ക്കസില്‍ ട്രപ്പീസ് കലാകാരനും പിന്നീട് ഓഫീസ് ജീവനക്കാരനുമായിരുന്ന ഇദ്ദേഹത്തിന്റെ അനുഭവലോകത്തിന്റെ വൈവിദ്ധ്യവും പരപ്പും രചനകളുടെ ജീവവായു ആക്കിമാറ്റാന്‍ ഇദ്ദേഹത്തിന് സാധിച്ചു. പല കാലങ്ങളിലായി സര്‍ക്കസ് പശ്ചാത്തലമാക്കി എഴുതിയ ശ്രീധരന്‍ ചമ്പാടിന്റെ കഥകള്‍ സമാഹരിച്ച് പ്രസാധനരംഗത്ത് ആദ്യചുവട് വെക്കുകയാണ് തലശ്ശേരിയിലെ ഓപ്പണ്‍ ബുക്സ്. അതിജീവനം നേരിടുന്ന വെല്ലുവിളികളും സാഹസികമായ പരിശ്രമങ്ങളും സഹനവും അനിശ്ചിതത്വവും സര്‍ക്കസ് കൂടാരത്തിലെ ജീവിതത്തിന്റെ സവിശേഷതകളാണെന്ന് ഈ കഥകള്‍ വ്യക്തമാക്കുന്നു. പരാജിതരും കീഴടങ്ങിയവരും ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിയാന്‍ വിധിക്കപ്പെടുന്നു. പുറംലോകത്തിന്റെ നേര്‍പകര്‍പ്പ് എന്നതിനെക്കാള്‍ കടുംവര്‍ണ്ണങ്ങളിലുള്ള ചിത്രം എന്നുവേണം ഈ ലോകത്തെ വിശേഷിപ്പിക്കാന്‍.

ശ്രീധരന്‍ ചമ്പാടിന്റെ സര്‍ക്കസ് കഥകള്‍
ശ്രീധരന്‍ ചമ്പാട്
134 പേജുകള്‍
വില : 100 രൂപ
പ്രസാധനം: ഓപ്പണ്‍ ബുക്സ്, എം.ജി. റോഡ്, തലശ്ശേരി.

മലയാളത്തിലെ സാമ്പ്രദായികമായ നാട്ടറിവുപഠനപുസ്തകങ്ങളില്‍നിന്നും വ്യത്യസ്തതപുലര്‍ത്തുന്നതാണ് ഡോ. അജു കെ. നാരായണന്റെ ഫോക്‍ലോര്‍ പാഠങ്ങള്‍ പഠനങ്ങള്‍. ചെറി ജേക്കബ്. കെ ഈ പുസ്തകത്തിനെഴുതിയ പിന്‍കുറിപ്പില്‍ ഏത് തരം വെല്ലുവിളികളാണ് ഈ പുസ്തകം അഭിമുഖീകരിച്ചിട്ടുള്ളതെന്ന് വിശദീകരിക്കുന്നു. പല പ്രസിദ്ധീകരണങ്ങളിലായി മുമ്പ് പ്രകാശിപ്പിച്ച പതിമൂന്ന് ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. നാട്ടറിവ് പഠനം എന്നാല്‍ ദത്തസമാഹരണവും അതിനെക്കുറിച്ചുള്ള വിവരണവുമെന്ന സാമ്പ്രദായികധാരണയെ നിരാകരിച്ച് വിശകലനാത്മകവും സൈദ്ധാന്തികവുമായ പ്രതിപാദനത്തിന് ഗ്രന്ഥകാരന്‍ സന്നദ്ധനാവുന്നു.

ഫോക്‍ലോര്‍ വിദ്യാര്‍ത്ഥികള്‍ക്കും സംസ്കാരപഠനതല്പരര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ പുസ്തകം.
ഫോക്‍ലോര്‍ പാഠങ്ങള്‍ പഠനങ്ങള്‍
ഡോ. അജു കെ. നാരായണന്‍
120 പേജുകള്‍
വില : 85 രൂപ
പ്രസാധനം : നാഷണല്‍ ബുക് സ്റ്റാള്‍, കോട്ടയം.

ഭൂത-വര്‍ത്തമാന-ഭാവികാലങ്ങളെക്കുറിച്ച് ജ്യോതിഷത്തെ അടിസ്ഥാനമാക്കി വിശദീകരിക്കുന്ന കേരളത്തിലെ ഒരു പ്രമുഖ സമുദായമാണ് കണിയാന്മാര്‍ എന്നു വിളിക്കപ്പെടുന്ന ജ്യോതിഷികള്‍. ത്രികാലജ്ഞാനികള്‍ എന്ന അര്‍ത്ഥത്തില്‍ ദൈവജ്ഞര്‍ എന്ന സവിശേഷസ്ഥാനവും ഈ സമുദായത്തിനുണ്ട്. ജ്യോതിഷം കൈകാര്യം ചെയ്യുന്നത് കുലത്തൊഴിലായ ഈ സമുദായത്തിന്റെ ജീവിതവും സംസ്കാരവുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പി. എച്ച്.ഡി ബിരുദത്തിനായി നടത്തിയ ഗവേഷണമാണ് ഈ പുസ്തകരചനയ്ക്ക് അടിസ്ഥാനം. ഗവേഷണത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിയ ഡോ. കെ. കെ. കരുണാകരന്‍ പുസ്തകത്തിന് അവതാരിക എഴുതിയിട്ടുണ്ട്.

കണിയാന്മാരുടെ ജീവിതവും സംസ്കാരവും
ഡോ. എം. വി. ലളിതാംബിക
448 പേജുകള്‍
വില : 220 രൂപ
പ്രസാധനം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

ഉര്‍വ്വരതാരാധാനയുടെ വൈവിദ്ധ്യമാര്‍ന്ന രൂപങ്ങള്‍ ഇന്ത്യയിലുടനീളമുണ്ട്. കേരളത്തിലെ തിരുവാതിര അക്കൂട്ടത്തില്‍പ്പെടുന്നു. കാമദേവനെ പൂജിക്കുന്ന സവിശേഷമായ ആചാരാനുഷ്ഠാനങ്ങള്‍ തിരുവാതിരയുമായി ബന്ധപ്പെട്ട് നിര്‍വ്വഹിക്കപ്പെടുന്നു. തിരുവാതിരയുടെ ഉല്പത്തിയും ആചാരവിശേഷങ്ങളും കലാവതരണവുമെല്ലാം സവിസ്തരമായ പഠനത്തിന് വിധേയമാക്കിയിട്ടുണ്ട് ഡോ. ആര്‍. ഗീതാദേവിയുടെ ഈ പുസ്തകത്തില്‍.

പഴയതും പുതിയതും ഉള്‍പ്പെടെ നൂറ്റിരുപത് തിരുവാതിരപ്പാട്ടുകള്‍ പഠനത്തിന് അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവാതിര - കലയും അനുഷ്ഠാനവും
ഡോ. ആര്‍. ഗീതാദേവി
142 പേജുകള്‍
വില : 100 രൂപ
പ്രസാധനം : കേരള ഫോക്‍ലോര്‍ അക്കാദമി, കണ്ണൂര്‍.

Subscribe Tharjani |