തര്‍ജ്ജനി

കെ. ആര്‍. വിനയന്‍

405 B, Solanki Gulmohar Apartments,
Brahmanwadi,
Begumpet P O,
Hyderabad 16

Phone: 09440871969
Email: kr_vinayan@yahoo.com

Visit Home Page ...

കാഴ്ച

റിഫ്ലക്‍ഷന്‍ : നിമിഷങ്ങളില്‍ ജീവിക്കുന്നതിന്റെ കാഴ്ചകള്‍


ശരീരം ശബ്ദത്തെക്കാള്‍ ഉറക്കെ സംസാരിക്കുന്നു, ഈ കാഴ്ചപ്പാടുമായാണ് യൂനിവേഴ്‌സിറ്റി ഓഫ് ഹൈദരബാദിലെ സരോജിനി നായിഡു സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സിലെ മാസ്റ്റര്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അവസാനവര്‍ഷവിദ്യാര്‍ത്ഥികള്‍ റിഫ്ലക്‍ഷന്‍ എന്ന ദൃശ്യപരമ്പര ചിട്ടപ്പെടുത്തിയത്. ജമ്മു-കാഷ്മീര്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നും വന്ന ആറുപേരാണ് ഈ വിദ്യാര്‍ത്ഥികള്‍. സ്വന്തം അനുഭവങ്ങളും ആശയങ്ങളും സമകാലികമായ നിശ്ചലദൃശ്യങ്ങളും ചേര്‍ത്ത് രൂപപ്പെടുത്തിയ റിഫ്ലക്‍ഷന്‍ അരങ്ങില്‍ വേറിട്ട ഒരു അനുഭവമായി. വൈയക്തികാനുഭവത്തെ സമകാലികസാഹചര്യവുമായി ചേര്‍ത്ത് വിശകലനംചെയ്തും പുന:സൃഷ്ടിച്ചും ഓരോരുത്തരും രൂപപ്പെടുത്തിയ ദൃശ്യങ്ങള്‍ക്ക് അവരവരുടേതായ ഭാഷയില്‍ സംഭാഷണങ്ങളും അവര്‍ രചിച്ചു. പഠനത്തിന്റെ ഭാഗമായി പരിശീലിച്ച പാഠങ്ങളുടെ സര്‍ഗ്ഗാത്മകാവിഷ്കാരമായി ഈ രംഗഭാഷ്യങ്ങളെ അവര്‍ മാറ്റിയെടുത്തു.



ശാരീരികനടനകല (Physical Theatre)യുടെ അഭിനയസങ്കേതങ്ങളാണ് റിഫ്ലക്‍ഷന്‍ ചിട്ടപ്പെടുത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ അവലംബിച്ചത്. അമ്പത്തിയഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള രംഗാവതരണമാണിത്. അതാവട്ടെ, വിവിധഭാഷകളിലുള്ള സംഭാഷണങ്ങളും സംഗീതവുംകൊണ്ട് കൂട്ടിയിണക്കപ്പെട്ട ദൃശ്യങ്ങളിലൂടെ പുരോഗമിക്കുന്നതുമാണ്. ശരീരമാണ് ഇവിടെ അഭിനയത്തിന്റെ പ്രാഥമികമായ വിഭവം. ശരീരത്തിന്റെ സാദ്ധ്യതകളിലൂടെ ദൃശ്യവത്കരിക്കുന്ന ആന്തരികമായ ജീവിതമാണ് ഓരോ അഭിനേതാവും അരങ്ങിലെത്തിക്കുന്നത്. വൈയക്തികതയുടെ വേര്‍തിരിവുകള്‍ അലിഞ്ഞില്ലാതായി എല്ലാ ശരീരവും ഒന്നായിത്തീരുന്ന ഏകശരീരാവസ്ഥയിലേക്ക് രംഗാവതരണം പുരോഗമിക്കുന്നു.

ചുറ്റുപാടുമുള്ള സംഭവങ്ങളില്‍ നിന്നും വൈയക്തികാനുഭവത്തിന്റെ അനുസ്മരണത്തില്‍നിന്നും ഉരുവപ്പെടുന്ന ശില്പമാണ് വിദ്യാര്‍ത്ഥികള്‍ അരങ്ങില്‍ അവതരിപ്പിക്കുന്നത്. സ്വാനുഭവതീക്ഷ്ണമായ ദൃശ്യങ്ങളായി അവ പരിണമിക്കുന്നു. ഒരേ സമയം വൈയക്തികവും അതോടൊപ്പം ലോകസാധാരണവുമായ അനുഭവമണ്ഡലമാണ് അവര്‍ അവതരിപ്പിക്കുന്നത്. അനുഭവത്തിന്റെ നേര്‍പകര്‍പ്പല്ല, സര്‍ഗ്ഗാത്മകപുന:സൃഷ്ടിയാണത്. രംഗഭാഷയുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാവുന്നതും അരങ്ങിന്റെ സാദ്ധ്യതകളെ ചൂഷണം ചെയ്യുന്നതുമായ രൂപമാണ് അങ്ങനെ രചിക്കപ്പെടുന്നത്.


ഇഴയുന്ന ശരീരം, വേദനയനനുഭവിക്കുന്ന ശരീരം എന്നിങ്ങനെ ശരീരത്തിന്റെ രണ്ട് ഭാവങ്ങള്‍ ഈ രംഗാവതരണം അടിവരയിടുന്നു. കുട്ടിക്കാലം മുതല്‍ ജീവിതാന്ത്യംവരെ ശരീരം അനുഭവിക്കുന്ന ഭൗതികപീഢകളാണ് ഇഴയുന്ന ശരീരം അവതരിപ്പിക്കുന്നത്. വ്യക്തിശരീരം എന്ന നിലയില്‍ ഭൗതികാസ്തിത്വത്തിന്റെ പ്രശ്‌നങ്ങള്‍ ഒരു വശത്ത്, അതിനപ്പുറം സാമൂഹികജീവിയെന്ന നിലയില്‍ സ്ഥാപനങ്ങളുടെ മൂല്യങ്ങളുടേയും കാവല്‍ക്കാരനായും ഉപഭേക്താവായും ലംഘകനായും പെരുമാറുന്ന വേറൊരുതലം മറുവശത്തും. ഇതിനിടയില്‍ പുഴുവിനെപ്പോലെ ഇഴയുകയാണ് മാനവന്‍.


ജീവിതത്തിന്റെ വിവിധതലങ്ങളില്‍ ശരീരത്തിന്റെ നിലനില്പിനെ ആധാരമാക്കിയുള്ള കീഴടക്കലുകളും കീഴടങ്ങലുകളും ഉയര്‍ച്ചയും താഴ്ചയും പരിശോധിക്കുകയാണ് വേദന അനുഭവിക്കുന്ന ശരീരം എന്ന ഖണ്ഡത്തില്‍. ക്രിയാംശത്തിന്റെ ആഴവും പരപ്പും ചെറുചലനങ്ങളുലൂടെ അറിയിക്കുകയും വെളിവാക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ അഭിനയത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. യാന്ത്രികവും സങ്കീര്‍ണ്ണവും ശക്തവും സ്വപ്‌നം നിറഞ്ഞതുമായ ഈ ശാരീകാവിഷ്കാരത്തില്‍ സദൃശകല്പനകളും ആത്മീയസങ്കല്പങ്ങളും ഇഴചേര്‍ന്നുനില്ക്കുന്നു. ശരീരം എന്ന പ്രതിഭാസത്തിന്റെ സൗന്ദര്യാത്മകമായ പുന:സൃഷ്ടിയായി ഈ ഖണ്ഡം മാറുന്നു.

നിമിഷങ്ങളില്‍ ജീവിക്കുക എന്ന അഭിനയതത്വത്തിന്റെ പ്രയോഗമാണ് റിഫ്‌ളഷനില്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. അരങ്ങില്‍ സൃഷ്ടിക്കപ്പെടുന്ന നിമിഷങ്ങള്‍ക്ക് ജീവന്‍ നല്കുകയാണ് അഭിനേതാവിന്റെ കര്‍ത്തവ്യം. അഭിനേതാവിലൂടെ മാത്രമേ അത് സാദ്ധ്യമാവൂ. അഭിനേതാവിന്റെ ശരീരമാണ് അതിന്റെ അധിഷ്ഠാനം. അതിനാല്‍ സംഭാഷണാവതരണത്തെക്കാള്‍ ഊന്നല്‍ ഈ രംഗാവതരണത്തില്‍ അഭിനേതാക്കള്‍ക്ക് അവരുടെ ശാരീരികസാദ്ധ്യതകള്‍ക്കായി തുറന്നുകിട്ടുന്നു. രംഗജംഗമങ്ങളും സാങ്കേതികാംശങ്ങളും പരിമിതപ്പെടുത്തിയും ചിട്ടപ്പെടുത്തിയ റിഫ്ലക്‍ഷന്റെ പ്രൊഡഷന്‍ ഡിസൈനും സംവിധാനവും എസ്. എന്‍. സ്കൂളിലെ തിയ്യേറ്റര്‍ ആര്‍ട്‌സ് വിഭാഗത്തില്‍ റീഡറായ നൗഷാദ് മുഹമ്മദാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. യൂനിവേഴ്‌സിറ്റി ഓഫ് ഹൈദരബാദ് ഡീന്‍ ഡോ. ബി. അനന്തകൃഷ്ണന്റെ പിന്തുണയോടെ രൂപീകരിച്ച റെപ്പര്‍ട്ടറി തിയ്യേറ്റര്‍ ഈ രംഗാവതരണം കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധസംസ്ഥാനങ്ങളില്‍ ശ്രദ്ധേയമായ നാടകോത്സവങ്ങളിലും സമ്മേളനങ്ങളിലും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു.

Subscribe Tharjani |