|
മിഴിയടയ്ക്കുന്നു സഹ്യന്‍
തീ വീണു കത്തിപ്പോയ
പുരികങ്ങളില്‍
കോപതാപങ്ങള്‍ സ്പന്ദിക്കുന്നു
മഴയും മിന്നല്‍പ്പാടും
വറ്റിയ നെറ്റിത്തടം
പുതിയാകാശം
വാതങ്ങളാല്‍ ഭദ്രം ക്ഷുദ്രം
അശ്രുപര്‍വ്വം പോലെ
നില്ക്കയാണിപ്പോള്‍ പ്രാണന്‍
സ്വപ്നവും സ്വത്തും പോലെ
പകുത്തോന്‍ മഹാഗിരി
ഇടറും മൌനത്തിന്റെ
നേര്‍മ്മയാല്‍ മൂടല്‍മഞ്ഞിന്‍
പുടവകുത്തില്‍ നോക്കി-
യിരുന്നു ദുഃഖാചലം
ജനസാഗരം ദൂരെ നിശ്ചലം നരക്കുമ്പോള്‍
ഹൃദയം വാക്കായ് പൊടിഞ്ഞാറില്‍ തിളയ്ക്കുന്നു
ഞാനാണ് സഹ്യന്‍
നദികളുടെ അച്ഛന്‍
സ്നേഹപൂര്‍വ്വം നിനക്കന്നവും വെള്ളവും
ആടലും പാടലും ഔഷധസസ്യവും
തേനും തപസ്സും വൈഡൂര്യവും തന്നവന്‍
ഞാനാണ് സഹ്യന്‍.
എന്റെ തോള്‍ തോറും
മുകില്‍ക്കറുപ്പാര്‍ന്നവര്‍
സ്നേഹിച്ചു കാമിച്ചു
പെറ്റു പെരുകുന്നതും
മുനിയറയ്ക്കുള്ളിലുറങ്ങാന്‍ കിടന്നതും
അറിവാനിനിയേതു
പുലിയുണ്ടു് പൂവുണ്ടു്
പുതിയ കിളിയുണ്ടെന്നു
തേടി നടന്നതും
ഓര്‍മ്മയുണ്ടാകണം ചന്ദ്രന്‍
ന്‌ലാമരം പോലെ വെളിച്ചം
തുളുമ്പിയ രാക്കളും
|
എന്റെ വക്ഷസ്സിലെ ചെങ്കീരി
പന്നഗം വന്നവഴിക്കു
വാല്‍വട്ടം വരച്ചതും
നാടിറങ്ങിപ്പോയ പൂച്ചകള്‍
പിന്നെ വന്നാടലകറ്റാന്‍
മരപ്പൊത്തണഞ്ഞതും
ഈട്ടിയില്‍ ചാരി മദിച്ച കളഭമായ്
രാത്രികള്‍ വന്നു തടാകം കടന്നതും
ഓര്‍മ്മയുണ്ടാകണം ചെന്താരകത്തിന്
നീലക്കൊടുവേലി നീന്തിയേറുന്നതും.
ഞാനാണ് സഹ്യന്‍
ഭുജങ്ങളില്‍ പൂവിട്ടു മാവും പിയണിയും-
മഞ്ഞളും കൂവയും
തീയിലും തീരാത്ത പുല്ലാഞ്ഞിവള്ളിയില്‍
കേറിയിറങ്ങിക്കളിച്ചു വില്ലൂന്നികള്‍
വാനരങ്ങള്‍ മനം പോലാടി മംഗലം
പൂവനമെന്നു വിളിച്ചു തീര്‍ത്ഥാടകര്‍
ഓര്‍മ്മയുണ്ടാകണം സൂര്യനു്
പെണ്‍മക്കളോടിയൊളിച്ച
ശിലോദ്യാനഭംഗികള്‍.
ഞാനിന്നസഹ്യന്‍
നിനക്കെന്തു കാര്യമെന്‍
മക്കളെ വില്‍ക്കാന്‍
വിലങ്ങു വയ്ക്കാന്‍
നീരു വറ്റിച്ചൊതുക്കാന്‍
വിഷപ്പിച്ചു കൊല്ലുവാന്‍
പൂമരം കൊയ്തു വിനാശം വിതയ്ക്കുവാന്‍
ജീവിതത്തിന്റെയിളം ഞാറു നുള്ളുവാന്‍?
ഞാനിന്നസഹ്യന്‍
മനസ്സിലിരമ്പുന്നു
ഭൂമിയെയമ്മാനമാടുമാപത്തുകള്‍.
കണ്ണുകലക്കിയടയ്ക്കുന്ന കാലമേ
അന്ധകാരം നീ വരുത്താതിരിക്കണേ
കാറ്റേ കൊടുമ്പിരിക്കൊള്ളാതിരിക്കണേ
ചൂട്ടുവെട്ടങ്ങള്‍ കെടുത്താതിരിക്കണേ
മൂകം മിഴിനീര്‍ നിയന്ത്രിച്ചു നിര്‍ത്തുവാന്‍
പാടുപെടും ഞാന്‍ അസഹ്യന്‍
|