തര്‍ജ്ജനി

പുസ്തകം

പുസ്തകപരിചയം

യു.പി.ജയരാജ് ഗോവര്‍ദ്ധനയച്ച കത്തുകള്‍

ആധുനികമലയാളചെറുകഥയില്‍ നവ-ഇടതുപക്ഷഭാവുകത്വത്തിന്റെ ഊര്‍ജ്ജസ്വലമാതൃകകള്‍ സൃഷ്ടിച്ച കഥാകൃത്താണു് യു. പി. ജയരാജ്. മുഖ്യധാരാസാഹിത്യചര്‍ച്ചകളില്‍ ഒഴിച്ചു നിറുത്തപ്പെട്ട ഈ കഥാകാരന്റെ സര്‍ഗ്ഗജീവിതം ഇനിയും വിലയിരുത്തലിനു വിധേയമായിട്ടില്ല. അദ്ദേഹത്തിന്റെ എഴുത്തിനെയും ഔദ്യോഗികജീവിതത്തെയും അടുത്തറിയാന്‍ ലഭ്യമായ അപൂര്‍വ്വലിഖിതങ്ങളാണു് കൂട്ടുകാരനായ ചലച്ചിത്രപ്രവര്‍ത്തകന്‍ ഗോവര്‍ദ്ധനു് എഴുതിയ കത്തുകള്‍. സാഹിത്യവും രാഷ്ട്രീയവും തൊഴില്‍കാര്യങ്ങളും വ്യക്തിജീവിതവും പരാമൃഷ്ടമാകുന്ന ഈ കുറിപ്പുകള്‍ എഡിറ്ററുടെ കത്രികയിലൂടെയല്ല കടന്നു പോന്നിട്ടുള്ളതു്.

98 പുറങ്ങള്‍, വില : 60 രൂപ
ഹരിതം ബുക്‌സ്, മാവൂര്‍ റോഡ്, കോഴിക്കോട്- 4.

രാവുണ്ണി

അകാലത്തില്‍ പൊലിഞ്ഞുപോയ നാടകപ്രതിഭയാണു് പി.എം.താജ്. ജി. ശങ്കരപിള്ളയ്ക്കു ശേഷമുള്ള തലമുറയില്‍ സാമൂഹികപ്രമേയം ഗൌരവമായി കൈകാര്യം ചെയ്ത ഈ എഴുത്തുകാരന്‍ മലയാളരാഷ്ട്രീയനാടകചരിത്രത്തിലെ വ്യതിരിക്തസ്വരമാണു്. താജിന്റെ മികച്ച രചനകളിലൊന്നായ രാവുണ്ണിയുടെ പുതിയ പതിപ്പു്. കടം എന്നതു് സാമ്പത്തികപ്രശ്നത്തിനപ്പുറം ഒരു തത്വശാസ്ത്രം തന്നെയായിത്തീരുന്ന സമകാലിക ജീവികമാണു് ഈ നാടകത്തില്‍ അനാവൃതമാകുന്നതു്.

താജിന്റെ നാടകങ്ങള്‍ക്കു് കെ.ഇ.എന്‍ എഴുതിയ ആമുഖലേഖനം ഈ പതിപ്പില്‍ എടുത്തു ചേര്‍ത്തിട്ടുണ്ടു്.

രാവുണ്ണി
പി.എം.താജ്
ആമുഖം: കെ.ഇ.എന്‍.
പുറം: 64
വില: 30 രൂപ
പ്രസാധനം: ലിപി പബ്ലിക്കേഷന്‍സ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്.2

Subscribe Tharjani |