തര്‍ജ്ജനി

സുനില്‍ കെ ചെറിയാന്‍

ഇ-മെയില്‍: sunilkcherian@yahoo.com
വെബ്ബ്: http://varthapradakshinam.blogspot.com/

Visit Home Page ...

ലേഖനം

പകല്‍ വിളക്കേന്തി ഒരാള്‍ നടന്നു പോകുന്നു -2

കഴിഞ്ഞലക്കത്തില്‍ നിന്നും തുടര്‍ച്ച

ഭാഗം നാല് : മൊണ്ടെയ്‌ന്‍, ആത്മവിശ്വാസം

പ്രധാനമായും മൂന്ന് കാര്യങ്ങളാണ് നമ്മുടെ ആത്മവീര്യം കെടുത്തുന്നതെന്ന് ഫ്രഞ്ച്ചിന്തകന്‍ മിഷേല്‍ മൊണ്ടെയ്‌ന്‍ (1533 - 1592) പറഞ്ഞു. പരിഷ്‌കൃതമായ സന്ദേഹത്തോടെ ജീവിതത്തിന്റെ ഏടുകളെ നിരീക്ഷിച്ച ലേഖനരൂപത്തിന്റെ കര്‍ത്താവെന്നു വിശേഷിക്കപ്പെടുന്ന മൊണ്ടെയ്‌ന്‍ ഷേക്‌സ്‌പിയറെയും മറ്റും സ്വാധീനിച്ച ചിന്തകന്മാരുടെ പട്ടികയില്‍ ഒന്നാമനാണ്.

നമ്മെ തളര്‍ത്തുന്നതായി മൊണ്ടെയ്‌ന്‍ പറഞ്ഞ മൂന്ന് കാര്യങ്ങള്‍ ഇവയാണ്: ശാരീരികമായ അപര്യാപ്തത; സാമൂഹികമാതൃകകള്‍ക്ക് അനുസൃതമായി ജീവിക്കുന്നതില്‍ സംഭവിക്കുന്ന പരാജയങ്ങള്‍; ബുദ്ധിപരമായ അപകര്‍ഷത.

ഡോക്യുമെന്റെറികാരന്‍ ഒരു ഫ്രഞ്ച് വിനോദസഞ്ചാരകേന്ദ്രത്തിലെ റെസ്റ്ററന്റിലാണിപ്പോള്‍. സ്ത്രീകള്‍ കൂടിയിരുന്നുഭക്ഷണം കഴിക്കുന്ന ഭാഗത്തേക്ക് ഒരു പരന്ന പാത്രത്തില്‍ മൂടിവച്ച വിഭവവുമായിവരുന്ന അവതാരകനെ കാണാം. ഇതൊരു അന്താരാഷ്ട്രഡിഷ് എന്ന് പറഞ്ഞ് സന്ദേഹവതികളായ ഭക്ഷണക്കാരുടെ മുന്നില്‍വച്ച് ഇത് കഴിക്കാന്‍ എന്നോടൊപ്പം കൂടുന്നോ എന്നുംചോദിച്ച് അദ്ദേഹം - അലൈന്‍ ഡി ബോട്ടന്‍ - പാത്രത്തിന്റെ മൂടിതുറക്കുന്നു. അതൊരു ആടിന്‍തലയാണ്. പച്ചിലകളുടെ പരവതാനിയിലായിട്ടും ആ അന്താരാഷ്ട്രടൂറിസ്റ്റുകളുടെ കണ്ണ് മഞ്ഞളിപ്പിച്ച ഒരു ആടിന്റെ ശിരസ്സ്.

എന്തിനായിരിക്കും സംവിധായകന്‍ ഈ കടുംകൈ ചെയ്തത്? നമ്മെ ഷോക്കടിപ്പിക്കാനോ? വഴിയില്ല. അത് അലൈന്‍ ഡി ബോട്ടന്റെ വഴിയല്ല. ബോട്ടന്‍ ശിരസ് നമ്മോട് പറയുന്നു: അന്ധരായ മള്‍ട്ടികള്‍ച്ചറലിസ്റ്റുകള്‍ ആവരുത് നമ്മള്‍. ലോകത്ത് ഒരുപാട് സാധാരണമായ അംശങ്ങളുണ്ട്. അവയെ സ്വീകരിക്കുക; നമ്മിലെ സാധാരണതയെ അനുവദിക്കുക. വലിയ റോള്‍മോഡലുകളൊന്നും ഇക്കാലത്ത് കിട്ടാനില്ല. നമുക്കുതന്നെ നമ്മുടെ റോള്‍മോഡലുകളാവാമെന്ന് വ്യംഗ്യം. എന്തുകൊണ്ട് ഞാനയാളെ സ്നേഹിച്ചു എന്നതിനു്, സ്നേഹിച്ചത് ഞാനും സ്നേഹിക്കപ്പെട്ടത് അയാളുമാണെന്നേ ഉത്തരമുള്ളൂ എന്നാണ് മൊണ്ടെയ്‌ന്‍ പറഞ്ഞത്.

ഭാഗം അഞ്ച്: ഷോപ്പന്‍ഹോവര്‍, സ്നേഹം

ആത്മ എന്ന് പേരായ ഒരു നായ്ക്കുട്ടി ഷോപ്പന്‍ഹോവറിനുണ്ടായിരുന്നു (ആര്‍തര്‍ ഷോപ്പന്‍ഹോവര്‍, 1860ല്‍ മരിച്ചു. ജര്‍മ്മന്‍ തത്വചിന്തകന്‍. ഭാരതീയദര്‍ശനങ്ങള്‍ സ്വാധീനിച്ചു). ശൂന്യതയിലേക്ക് വിലയം പ്രാപിക്കുമെന്ന് ഷോപ്പന്‍ഹോവര്‍ 'കണ്ടുപിടിച്ച' ജീവിതത്തില്‍ (കാരണം കാമത്തിന്റെ അപൂര്‍ത്തീകരണമായ ചക്രം തീര്‍ക്കുന്ന അയുക്തികമായ ഒരു ഇച്ഛ നമ്മെ ഭരിക്കുന്നു) സഹാനുഭൂതിയെ അടിസ്ഥാനമാക്കിയ ധാര്‍മ്മികതയ്ക്കേ സ്ഥാനമുള്ളൂ എന്ന് കരുതി ഷോപ്പന്‍ഹോവര്‍. അതിന് ആത്മ മറുപടിയില്ലാത്ത കൂട്ടായി.

ഷോപ്പന്‍ഹോവറിന്‍റെ സഹാനുഭൂതിചിന്ത ഇന്നത്തെ ലോകത്തില്‍ എങ്ങനെ ചിത്രീകരിക്കുമെന്ന് ഡോക്യുമെന്റെറികാരന് സംശയമില്ല. മിഷേല്‍ എന്ന് പേരായ ഒരു യുവതിയെ നാം കാണുന്നു. ഒരു കത്തിലൂടെ കാമുകനാല്‍ ഉപേക്ഷിക്കപ്പെട്ട പെണ്ണാണ് മിഷേല്‍. തിരിച്ചെടുക്കാന്‍ കഴിയാത്തവിധം എല്ലാം കാമുകന് കൊടുത്ത അവള്‍ സ്വന്തം കട്ടിലില്‍ ചടഞ്ഞുകൂടിയിരിക്കുന്നതായാണ് അവതരിപ്പിക്കുന്നത്.

സംവിധായകന്‍ പരമകാരുണികനായി അവളോട് ഷോപ്പന്‍ഹോവറിന്റെ കഥപറയുന്നു. അങ്ങനെയാണ്, ആ സഹാനുഭൂതികാരന്റെ കഥ നമ്മളും കേള്‍ക്കുക. പെസിമിസം ഗ്രസിക്കുന്നതിന്, മുമ്പ് ഷോപ്പന്‍ഹോവറിനുണ്ടായിരുന്നു ഇഷ്ടപ്പെട്ടവള്‍. തിരിഞ്ഞുനോക്കാത്തവള്‍.

നിന്റെ ശാരീരികസ്വത്വത്തെ മാത്രമേ കാമുകന്‍ ഉപേക്ഷിച്ചിട്ടുള്ളൂ. ആത്മസ്വത്വത്തെ സ്പര്‍ശിച്ചിട്ടേയില്ല. നിനക്കൊന്നും പറ്റിയിട്ടില്ല, സംവിധായകന്‍ മിഷേലിനോട് പറയുന്നു. മിഷേലിനെ അത് സ്പര്‍ശിച്ചുവോ? ഇല്ലെന്ന് തോന്നുന്നു. നമ്മെ അത്ഭുതകരമായി ഷോക്കടിപ്പിച്ച് സംവിധായകന്‍ അവളെ ഡിന്നറിന് ക്ഷണിക്കുകയും അവള്‍ തലയാട്ടുകയും ചെയ്യുന്നു.

ഭാഗം ആറ്: നീച്ചേ, ക്ലേശം

കഷ്ടപ്പാടിനെ ഇത്രമേല്‍ സൌന്ദര്യവല്‍ക്കരിച്ച മറ്റൊരു ചിന്തകനുണ്ടാവില്ല. എന്റെ സുഹൃത്തുക്കള്‍ക്ക് ഞാനാശംസിക്കുന്നത് നിരാശ്രയം, പരിതാപം, ആത്മനിന്ദ, പീഡ, ദ്രോഹം, അനാദരം, യാതന, ദുരിതം എന്നിവയാണെന്ന് പറഞ്ഞു നീച്ചേ. 1900ല്‍ അന്ത്യം. അടിമ-ധാര്‍മ്മികതയെ തിരസ്ക്കരിച്ച്, ദൈവം മരിച്ചു എന്ന് ആഹ്വാനം ചെയ്ത് ഇനി സൂപ്പര്‍മാന്‍ എന്ന് ഉദ്‌ഘോഷിച്ച ജര്‍മ്മന്‍ചിന്തകന്‍ നാസിസത്തിന്റെ പ്രയോക്താവാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ അറിവന്വേഷണം അവന്റെ അബോധതാല്പര്യങ്ങളുടെ പൂര്‍ത്തീകരണമാണെന്ന് പറഞ്ഞ നീച്ചേയുടെ ക്ലേശസൂക്തങ്ങള്‍ മാത്രമേ അലൈന്‍ ഡി ബോട്ടന്‍ ഡോക്യുമെന്‍ററിയില്‍ ചിത്രീകരണവിധേയമാക്കുന്നുള്ളൂ.

മുതുകില്‍ മാറാപ്പുമായി ഒരു സ്വിസ്സ്മല കയറുന്നതായി നാം അവതാരകനെ കാണുമ്പോഴാണ്, വോയ്‌സ് ഓവറായി സൌന്ദര്യത്തിന്റെ ഭ്രാന്തുള്ള ചിന്തകള്‍ നാം കേള്‍ക്കുന്നത്. അവതാരകന്‍ പിന്നെ ഒരു ചെടിവളര്‍ത്തുകാരന്റെ അടുക്കല്‍പ്പോയി മുകള്‍വശത്തെ പൂക്കളും താഴത്തെ വൃത്തികെട്ട വേരുകളും ക്ലോസപ്പില്‍ കാണിച്ച് പറയുന്നു: നമ്മള്‍ ജീവിതത്തെ പുഷ്പിപ്പിച്ചെടുക്കുകയാണ് വേണ്ടത്. കഷ്ടപ്പാടിലല്ല, കഷ്ടപ്പാട് ഓരൊരുത്തരും അനുഭവിക്കുന്ന രീതിയിലാണ് സൌന്ദര്യം.

നീച്ചേയുടെ വീട്ടിലും ശവക്കല്ലറയിലും നമ്മെ കൊണ്ടുപോയി കാണിച്ചാണ് ബോട്ടന്‍ ഇതൊക്കെ പറയുന്നത്. ഡോക്യുമെന്റെറി അവസാനിക്കാറായി. ബോട്ടന്‍ ഇപ്പോള്‍ ആ സ്വിസ്സ്മലയുടെ, നീച്ചേക്കിഷ്ടപ്പെട്ട മലയുടെ, മുകളിലെത്തി. അവിടെ നിന്നുള്ള കാഴ്ച ആഹ്ലാദകരമാണ്, നമുക്ക്. മല കയറിയയാള്‍ക്ക് അതിലപ്പുറവും. സഹനക്ലേശങ്ങള്‍ വെറുതെയായില്ല. മഞ്ഞുമലകളെ മൂടിയ മേഘപാളികള്‍ വെയിലില്‍ ഉറയുമ്പോള്‍ പനോരമിക് സൌന്ദര്യം സ്ക്രീന്‍നിറയുന്നത് നമ്മുടെ മനസ്സ് നിറച്ചുകൊണ്ട്.

Subscribe Tharjani |