തര്‍ജ്ജനി

കെ.ആര്‍. ഹരി

സൌഗന്ധികം,
ലോകനാഥ് വീവേഴ്സിനു സമീപം,
ചൊവ്വ,
കണ്ണൂര്‍ 670 006
ഇ മെയില്‍: leodynasty@yahoo.com

Visit Home Page ...

കഥ

അളവുതൂക്കങ്ങള്‍

മെര്‍ക്കുറി വീണ്ടും ഉയര്‍ന്നിരിക്കുന്നു. ഊണുകഴിഞ്ഞ് കൈകഴുകാന്‍ പോയപ്പോള്‍ അയാള്‍ വീണ്ടുംനോക്കി. ഇപ്പോള്‍ അതൊരു പതിവായിരിക്കുന്നു. റോഡിനപ്പുറത്ത് മൈതാനം കുട്ടികളുടെ കായികമത്സരങ്ങള്‍കഴിഞ്ഞ് വിജനതയിലേക്ക് മാണ്ടുകിടന്നു. രാവിലെ കോറിയിട്ട ചോക്കുപൊടിയുടെ കളങ്ങള്‍ ചെമ്മണ്ണുപൊടികള്‍ക്കിടയില്‍ ശിഥിലമായ കാഴ്ചകളായി. പത്രത്തിലെ പ്രാദേശികപേജിന്റെ മൂലയില്‍ കൊടുത്തിരുന്ന ഒരു ചെറിയ വാര്‍ത്തയായിരുന്നു വെള്ളക്കരം കുടിശ്ശികയുള്ളവര്‍ 15 ാം തീയതിക്കുമുമ്പ് അടച്ചുതീര്‍ക്കണമെന്ന്. അത് കണ്ണില്‍പ്പെട്ടില്ലായിരുന്നുവെങ്കില്‍ പിഴയടയ്ക്കേണ്ടിവന്നേനേ , അവരുടെ ഭീഷണിയുംകഴിഞ്ഞ്. ജല അതോറിറ്റിയുടെ ഓഫീസിലേക്ക് വെയിലുംകൊണ്ട് നടക്കുമ്പോള്‍ അയാള്‍ ഓര്‍മ്മിച്ചു. പിഴയടച്ചു ബില്ലു കെട്ടുന്നത് അയാള്‍ക്ക് ഇഷ്ടമായിരുന്നില്ല. ബില്ലിനുള്ള തുകയുടെ കൃത്യം കാശ് ചില്ലറസഹിതം അയാള്‍ കൈയ്യില്‍കരുതും. അതും അയാളുടെ ഒരു ശീലമായിരുന്നു.നഗരത്തിലെ ജലവിതരണത്തിന് ഒരു നേരും നെറിയും ഇല്ലെങ്കിലും ബില്ലടയ്ക്കുന്നതില്‍ വീഴ്ചവരുത്തിക്കൂടാ--എങ്കില്‍ പിഴ ചുമത്തും !

ക്യൂവില്‍ ഇത്തിരിനേരം നില്ക്കുമ്പോഴെല്ലാം അയാള്‍ അക്ഷമനായിപ്പോകാറുണ്ട്. ഒന്നുകില്‍ മുന്നില്‍ നില്ക്കുന്നവന്റെ കൈയില്‍ ചില്ലറയില്ല, അല്ലെങ്കില്‍ ഒരായിരം സംശയങ്ങള്‍; വഴിമുടക്കികള്‍--- അങ്ങനെയുള്ള അവസരങ്ങളില്‍ അയാള്‍ അവരോട് കയര്‍ത്തുപോകും. എന്തിനും ധൃതി, അല്ലെങ്കില്‍ അക്ഷമ. എത്രതന്നെ ശ്രദ്ധിച്ചാലും അത് അയാളുടെ ഒരു സ്വഭാവമായി മാറിയിരിക്കുന്നു. ഇടയ്ക്ക് ഭാര്യ ഉപദേശിക്കും -'ഇത്തിരി ക്ഷമയുളളത് എപ്പോഴും നല്ലതാണ്, എന്തിനും ഇങ്ങനെ ടെന്‍ഷനടിച്ച്--'. ഇപ്പോള്‍ ATM കൗണ്ടറുകളുടെ മുന്നില്‍ച്ചെന്നാലും കാണാം ക്യൂ. പണ്ട് കാശെടുക്കാന്‍ ബാങ്കുകളുടെ കൗണ്ടറുകളുടെ മുന്നില്‍ എത്രനേരം കാത്തുനിന്നിരുന്നു! കാര്‍ഡുകളും കോര്‍ ബാങ്കിംഗും വന്നപ്പോള്‍ എത്ര പെട്ടെന്നായി പണമിടപാടുകള്‍! പക്ഷെ ഇതാ വീണ്ടും ക്യൂ. ഈ നഗരത്തിന് ക്യൂവില്‍‌നിന്നും ഒരിക്കലും മോചനമില്ല. ATM കള്‍ക്കുമുന്നില്‍ ഇത്തിരി നേരംപോലും കാത്തുനില്ക്കാനുള്ള ക്ഷമ അയാള്‍ക്കുണ്ടായിരുന്നില്ല. ജീവിതവേഗത്തില്‍ വന്നമാറ്റങ്ങളേ !

മെര്‍ക്കുറിയുടെ നിരപ്പില്‍ വീണ്ടും നേരിയകയറ്റമായിരുന്നു. ഇടയ്ക്ക് ജനാലയുടെ അരികില്‍ ചെല്ലുമ്പോഴെല്ലാം ഭിത്തിയില്‍ തൂക്കിയിരുന്ന തെര്‍മ്മോമീറ്ററിന്റെ അളവുകളെ അയാള്‍ ശ്രദ്ധിച്ചു. അതിലെ അങ്കനങ്ങള്‍ കൃത്യമായി കാണാന്‍ കഴിയാത്തതുപോലെ. കണ്ണുപിടിക്കുന്നില്ല. കണ്ണട ഉയര്‍ത്തിപ്പിടിച്ചുനോക്കി. കണ്ണുപരിശോധന നടത്തിയിട്ട് രണ്ടുവര്‍ഷമാകുന്നു. അപ്പോഴാണ് ഓര്‍ത്തത് മകളെ ദന്തഡോക്ടറെ കാണിക്കേണ്ടത് നാളെയാണ്. ഇതുവരെ ബുക്കുചെയ്തിട്ടില്ല. ഇനി രാവിലെ ഏഴുമണിക്കുതന്നെ ചെന്ന് ടോക്കണെടുക്കണം. ക്യുവില്ലാതിരുന്നാല്‍ ഭാഗ്യം ! റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ നല്കാനുള്ള സര്‍ട്ടിഫിക്കറ്റ് ഇതുവരെ കിട്ടിയിട്ടില്ല. നാളെ മുനിസിപ്പല്‍ ആപ്പീസില്‍ച്ചെന്ന് വീണ്ടും അവരുടെ കാലുപിടിക്കണം. ഇതിനിടയില്‍ മേശപ്പുറത്തുവന്ന എണ്ണക്കടിയും ചായയും ധൃതിയില്‍ അകത്താക്കി ഫയലിലേക്ക് അയാള്‍ മടങ്ങി. സൂപ്രണ്ട് ചീത്തപറയുന്നതിനുമുമ്പ് ഈ ഫയല്‍ തിരികെനല്കണം. അഞ്ചു് ഫയലുകള്‍കൂടി നോക്കിതീര്‍ത്തതിനുശേഷം കഴിവതുംനേരത്തെ ഇറങ്ങിയാലേ മകന്റെ കണക്ക് ട്യൂഷനുള്ള ഏര്‍പ്പാട് ചെയ്യാന്‍ പറ്റുകയുള്ളൂ. കണക്കില്‍ അവന്‍ മണ്ടനാണ്. കണക്കിന് 100/100 വാങ്ങണം. അതയാളുടെ നിര്‍ബ്ബന്ധമാണ്.

അളവുതൂക്കങ്ങളുടെ വകുപ്പില്‍ ജോലിചെയ്യുന്നതുകൊണ്ടാണോ, എല്ലാറ്റിനേയും അളന്നുമുറിച്ചും തൂക്കിതിട്ടപ്പെടുത്തിയും കാണാന്‍ശീലിച്ചത് എന്നയാള്‍ ഇടയ്ക്ക് ആലോചിച്ചുപോകാറുണ്ട്, ജീവിതത്തേയും! മേശപ്പുറത്തെ ഡസ്ക് റീഫില്ലിന്റെ പേജുകള്‍ ഇടത്തേക്ക് മറിഞ്ഞുകിടക്കുന്നതെല്ലാം കൊഴിഞ്ഞുപോയ ദിവസങ്ങളുടേതാണ്. കൈകളിലെടുത്ത് അവയുടെ കനംനോക്കി അത്ഭുതപ്പെട്ടുപോയി. പുതുവര്‍ഷം തുടങ്ങി എത്രപെട്ടെന്നാണ് നാലുമാസങ്ങള്‍ കടന്നുപോയത്, ഹൊ! ഒരു ദിവസം രാവിലെ കണ്‍തുറക്കുമ്പോള്‍ മുതല്‍ ഓട്ടം തുടങ്ങുകയാണ്. പാഞ്ഞുപോകുന്ന ദിവസത്തിന് പിന്നാലെ ഓടിയെത്താന്‍. പണ്ട് ദൂരയുള്ള ഓഫീസില്‍ ജോലിചെയ്തിരുന്ന കാലത്ത് രാവിലെ ബസ്സ് പിടിക്കാന്‍ നടത്തിയിരുന്ന തത്രപ്പാടുപോലെ. 4 മാസങ്ങള്‍ എന്ന് മനസ്സില്‍ വന്നപ്പോഴാണ് ബാങ്കിലിരിക്കുന്ന സ്വര്‍ണ്ണത്തിന് പലിശ കുറെ കയറിയിട്ടുണ്ടാകും എന്ന് ഒരു കത്തലോടെ അയാള്‍ ഓര്‍മ്മിച്ചത്. ഉടന്‍ തന്നെ മൊബൈല്‍ എടുത്ത് ധൃതിയില്‍ ഡയല്‍ചെയ്ത് ബാങ്കുമാനേജരെ വിളിക്കാന്‍ ശ്രമിച്ചു. കിട്ടുന്നില്ല. കുറെനേരം വിളിച്ചപ്പോഴേക്കും അയാള്‍ അസ്വസ്ഥനായി. പിന്നെ വീട്ടിലേക്ക് വിളിച്ച് ഒരു സമാധാനത്തിനെന്നവണ്ണം ഭാര്യയെ അക്കാര്യം ഉണര്‍ത്തിച്ചു.

'അല്ലാ, ഇന്ന് സെന്‍സക്സ് കണ്ടില്ലേ? '' - ഭാര്യയില്‍ നിന്ന് മറുചോദ്യം.

'' എന്താണ്, എന്തുപറ്റി ? ''

'' സെന്‍സക്സും , നിഫ്റ്റിയും എല്ലാം താഴോട്ടാണ്. 300 പോയിന്റോളമാണ് ഇടിഞ്ഞത് '

'' അയ്യോ, ഞാന്‍ നോക്കുമ്പോള്‍ നേരിയ ഉയര്‍ച്ചയായിരുന്നല്ലോ ? ''

ഇന്നലെയും ഓഹരികള്‍ വന്‍തകര്‍ച്ചയിലായിരുന്നു. മൂന്ന് യൂണിറ്റ് ലിങ്ക്ഡ് പോളിസികള്‍ കിടന്ന് ചാഞ്ചാടുകയാണ്. നിക്ഷേപിച്ച പണംപോലും തിരികെകിട്ടുന്ന ലക്ഷണമില്ല. അയാള്‍ അങ്കലാപ്പിലായി.

' അരവിന്ദാ .........'' മൊബൈലില്‍ അയാള്‍ ഏജന്റിനെ വിളിച്ചു. ഫണ്ട് സ്വിച്ച് ചെയ്യാന്‍ അയാള്‍ അരവിന്ദനെയാണ് ഏല്പിച്ചിരിക്കുന്നത്. തകര്‍ച്ച എന്നുകേട്ടപ്പോഴേ അയാള്‍ക്ക് ദേഷ്യം വന്നിരുന്നു.

ഓഫീസിലേക്കുള്ള പടികള്‍ ചവിട്ടിക്കയറുമ്പോഴെല്ലാം അയാള്‍ കിതച്ചു. വൈകുന്നേരം ആകുമ്പോഴേക്കും ക്ഷീണം ഉറഞ്ഞുകൂടിയ ശരീരവുമായി അയാള്‍ ആയാസപ്പെട്ടു. പെട്ടെന്നു എഴുന്നേല്ക്കുമ്പോഴോ, തിരിയുമ്പോഴോ എല്ലാം തലകറങ്ങുന്നതുപോലെ. ഭാര്യയുടെ നിര്‍ബ്ബന്ധം കൊണ്ടാണ് അയാള്‍ ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്. ഡോക്ടറുടെ മുറിയുടെ വേര്‍തിരിക്കപ്പെട്ട നിശബ്ദതയില്‍ ബി പി അപ്പാരട്ടസിലെ മെര്‍ക്കുറി ഒരാവേശത്തോടെ ഉയര്‍ന്നുവന്ന് പുതിയ ചില അളവുകളെ അയാള്‍ക്ക് കാട്ടിക്കൊടുത്തു. അളവുകള്‍ക്കിടയില്‍ ഡോക്ടര്‍ അയാളെ നോക്കിചിരിച്ചു. പതിയെ തോളില്‍ത്തട്ടി.
'' നമുക്ക് ഒരു ഹെല്‍ത്ത് ചെക്കപ്പ് തന്നെ നടത്തിക്കളയാം'' -- ഡോക്ടര്‍ സൗമ്യഭാവം വിടാതെതന്നെ മൊഴിഞ്ഞു. പിറ്റേന്ന് വെറുംവയറ്റില്‍ വന്ന് കാലത്തു മുതല്‍ അയാള്‍ കാത്തിരിന്നു. വൈക്കോല്‍ നിറത്തില്‍ അയാളുടെ മൂത്രം ഒരു കുപ്പിയില്‍ അടച്ചുവാങ്ങി. കയ്യില്‍ ഒരു ബാന്‍ഡ് ഇട്ട് മുറുക്കി ഞരമ്പ് തെളിച്ച് അയാളുടെ രക്തം ഊറ്റിയെടുത്തു. പിന്നീട് ഭാര്യയുമായി വന്ന് റിസള്‍ട്ടിനുവേണ്ടി മണിക്കൂറുകളോളം കാത്തിരിന്നു, ഇത്തിരി ഭയത്തോടെ.

മൂന്നുപേജുകളുള്ള പരിശോധനാഫലം വാങ്ങുമ്പോള്‍ അയാളുടെ കൈകള്‍ വിറച്ചു. അപ്പോഴും ഭാര്യ അടക്കത്തില്‍ പറഞ്ഞു -'ഇങ്ങനെ ടെന്‍ഷനടിക്കാതെ. അതിന് നിങ്ങള്‍ക്ക് അസുഖമൊന്നുമില്ലല്ലോ'. അയാളുടെ കണ്ണുകള്‍ സംഭ്രമത്തോടെ അതിലൂടെ ഓടിനടന്നു. കൊളസ്ട്രോള്‍ (ടോട്ടല്‍) സീറം, ട്രൈഗ്ലിസറൈഡ് , വി.ൽ.ഡി.ൽ , എച്ച് .ഡി.എല്‍, എല്‍.ഡി.ൽ, ബ്ലഡ് ഷുഗര്‍, അങ്ങനെ നീളുകയാണ്. ഇത്രയേറെ അളവുകള്‍ തന്റെ ശരീരത്തില്‍ ലീനമായിക്കിടന്നോ! മിക്കവാറും എണ്ണം വലത്തേയറ്റത്ത് പരിധിക്കുപുറത്ത് രേഖപ്പെടുത്തിയിരിന്നു. അപകടകരമായ നിലയിലേക്ക് കൂടുകയാണ്. ഏറ്റവും മുകളില്‍ അയാളുടെ പേരിനും വയസ്സിനും താഴെയായി, അയാളുടെ തൂക്കവും അതില്‍ രേഖപ്പെടുത്തിയിരുന്നു. ഡോക്ടര്‍ അതിലൂടെ അലക്ഷ്യമായി പേന ഓടിച്ചുകൊണ്ട് ഓരോന്ന് പറയുന്നുണ്ടായിരുന്നു. അവസാനം അത് മടക്കിത്തരുമ്പോള്‍ അയാള്‍ ഒന്നുകൂടിപ്പറഞ്ഞു- 'ജീവിതത്തെ കുറെക്കൂടി ലാഘവത്തോടെ കാണുക. ആവശ്യമില്ലാത്ത പിരിമുറുക്കങ്ങളെല്ലാം ഉപേക്ഷിച്ച്. '.

അടുത്തത് ഇ. സി.ജി ക്കുള്ള നിര്‍ദ്ദേശമായിരുന്നു. ഡോക്ടര്‍ അയാളെ വിടാനുള്ള ഭാവമില്ലായിരുന്നു. ഇ.സി.ജി യുടെ യന്ത്രം കാവലിരുന്ന മുറിയില്‍ ബെല്‍റ്റും വാച്ചും, പോക്കറ്റിലെ നാണയങ്ങളും മോതിരവും, അയാള്‍ കരുതലോടെ സൂക്ഷിക്കുന്ന താക്കോല്‍ക്കൂട്ടവും മാറ്റിവച്ച് മലര്‍ന്നുകിടന്നു. വ്യാളീഹസ്തങ്ങള്‍ എന്നപോലെ അതിന്റെ സെന്‍സറുകള്‍ അയാളുടെ ശരീരത്തില്‍ അങ്ങിങ്ങ് അമര്‍ത്തിപ്പിടിച്ചു. വരിഞ്ഞുമുറുക്കിയിട്ട ഒരു ഇരയെപ്പോലെ നിസ്സഹായനായി അയാള്‍കിടന്നു. ആ യന്ത്രം അയാളുടെ ശരീരത്തിന്റെ പുതിയ അളവുകളെ രേഖപ്പെടുത്താന്‍ തുടങ്ങി.

Subscribe Tharjani |