തര്‍ജ്ജനി

ബിനു ആനമങ്ങാട്

എടത്രത്തൊടി വീട്,
തൂത തപാല്‍,
മലപ്പുറം ജില്ല. 679 357
ഇ മെയില്‍: afgaar@gmail.com

Visit Home Page ...

കവിത

ചിലരങ്ങനെയാണ്…

ചിലരങ്ങനെയാണ്….
അനുവാദം ചോദിയ്ക്കാതെ കയറിവരും.
അറവുകാരനെന്ന്
സ്വയം പരിചയപ്പെടുത്തും.
‘ഡിറ്റാച്ച്ഡ് ലൌ‘വിന്റെ വക്താക്കളെന്ന്
സ്വയം പ്രഖ്യാപിക്കും.
ഒരു കാരണവുമില്ലാതെ
തലങ്ങും വിലങ്ങും ഓടിനടക്കും.
സകല പൊട്ടുംപൊടികളും
നുള്ളിയെടുക്കും.
വേണ്ട വേണ്ട എന്നു് തള്ളിമാറ്റിക്കൊണ്ട്
വലിച്ചടുപ്പിയ്ക്കും.
തനിയെ മഴ നനഞ്ഞു നടക്കുമ്പോള്‍
ആവശ്യപ്പെടാതെ തന്നെ
കുട നിവര്‍ത്തിത്തരും.
ഈ തണലിനെ വിശ്വസിക്കരുതെന്ന്
അടുത്ത നിമിഷം
പേര്‍ത്തും പേര്‍ത്തും പറയും.
വീണ്ടും ചേര്‍ത്തുപിടിയ്ക്കും.
എത്രയും വേഗത്തില്‍
കാറ്റായോ കടല്‍ല്‍ച്ചൊരുക്കായോ
ഒരു നിമിഷ നിമിഷത്തില്‍
പിടഞ്ഞലിയുന്ന മിന്നല്‍പ്പിണരായോ
പൊടുന്നനെ…
അരുതരുതെന്ന്
അപ്പോഴൊക്കെയും
അറവുകത്തി വീശിക്കൊണ്ടിരിയ്ക്കും.
കത്തിയുടെ മൂര്‍ച്ചയല്ല,
കണ്ണുകളിലെ പിടച്ചിലാണ്
ആദ്യം ശ്രദ്ധയില്‍പ്പെടുക.
അറവുകാരനും മനുഷ്യനാണല്ലോ എന്ന്
നമ്മള്‍ ആശ്വസിക്കും.
പിന്നെ പെട്ടെന്നൊരുനാള്‍
ജൈവികതാളം നിലച്ചെന്നോ
ചാലകശക്തി നഷ്ടപ്പെട്ടെന്നോ
ഒരു വാക്കെറിഞ്ഞ് ഇറങ്ങിപ്പോകും.
‘വടക്കുംനാഥന്റെ മുമ്പിലെ
ഇലഞ്ഞി വരെ മുറിഞ്ഞില്ലേ…
തെച്ചിമേക്കാവിന്റെ തിടമ്പുവരെ
ഇടഞ്ഞില്ലേ…
പിന്നെയാണോ ഈ അറവുകാരനെ‘ന്ന്
അവരലിഞ്ഞേ പോകും.
അരുതെന്ന ശാഠ്യത്തെ
ഇനിയൊന്നും സ്വാഭാവികമായി പ്രവഹിക്കില്ലെന്ന തത്വം
മറികടക്കും.
ഒരു ലക്ഷ്യവുമില്ലാതെ നനഞ്ഞതിനാല്‍
ഒരു കാരണവുമില്ലാതെ ആണ്ടുപോയതിനാല്‍
വേരുകള്‍ വെള്ളം തിരഞ്ഞു പായും,
നമ്മള്‍ പഴുത്തൊലിക്കും.
എന്തുചെയ്യാം,
ചിലരങ്ങനെയൊക്കെയാണ്!

Subscribe Tharjani |
Submitted by Jayesh S (not verified) on Tue, 2012-08-07 00:31.

Good one..

Submitted by iggooy (not verified) on Wed, 2012-08-08 11:29.

കാരണമൊന്നും ഇല്ലാതാണോ എന്നു നിശ്ചയം ഇല്ല. കവിത ഇഷ്ടപ്പെട്ടു.