തര്‍ജ്ജനി

കെ. വി. സുമിത്ര

എഡിറ്റർ ഇൻ ചാർജ്ജ്,
യൂത്ത് & ലൈഫ് ലൈറ്റ് മാഗസിൻ,
കൊച്ചി.
ഇ മെയില്‍ : sumithra469@gmail.com
ബ്ലോഗ് : www.athimaram.blogspot.com

Visit Home Page ...

കവിത

ശിഷ്ടസൂചിക

ചെറുബാഷ്പീകരണമാണ്
ഈ ഓടയില്‍.
ഒട്ടിയമര്‍ന്ന സിമന്റില്‍
ഒതുക്കത്തില്‍
വഴുതി വീണുടഞ്ഞ
ഒരു പെണ്ണുടല്‍..............

വാക്ക് ചാലിച്ച മഷിപടര്‍പ്പില്‍
മുങ്ങിമരിച്ചവളുടെ
പതിനാറു വര്‍ഷപ്പാര്‍പ്പുകള്‍.

ഈണമായും ഇണക്കമായും
ഒപ്പം ചേര്‍ന്ന ദേഹശീലങ്ങള്‍.
കൊള്ളിമിന്നല്‍ പോലെന്തൊരു
വേഗമായിരുന്നു അതിനൊക്കെയും ...

ഒക്കെയസ്തമിച്ചില്ലേ !
ഒറ്റജന്മകേളിക്കൊട്ടുകള്‍ .

ഓടയിലൂടെയിപ്പൊഴും നല്ലപോലോതുങ്ങി
ഒഴുകാന്‍, അമ്മ പഠിപ്പിച്ചെത്രയോ
വ്രതനിഷ്ഠകള്‍, അരുതായ്മകള്‍.

അവളൊതുങ്ങിയൊതുങ്ങി
ഒഴുകുകയല്ലേ, വാളറ്റത്തിലൂടെ
കണ്ണടയ്ക്കുളിലൂടെ ..

കായലിലോ പുഴയിലോ
ചെന്നുപെടുംവരെ ഭൂഗോളപ്രപഞ്ചത്തില്‍
അവളജ്ഞാത.

കാത്തിരുന്നുള്ളില്‍ തീപുകയ്ക്കാന്‍
വീട്ടില്‍ അടുപ്പത്തമ്മ.

വരും, വരാതിരിക്കില്ല,
മഴ നനഞ്ഞു
വെയിലേറ്റോ
കാറ്റുവീശിയോ
അവള്‍ വരാതിരിക്കില്ല!

'മിടിച്ചു മിടിച്ചെന്റെ
ചങ്കുവറ്റിയല്ലോ!
അങ്ങിനെയൊന്നുണ്ടെന്നു്
അറിയാത്തതെന്തവള്‍??

കലങ്ങിമറിഞ്ഞ കായലിലപ്പോള്‍
തിരിച്ചറിഞ്ഞ ഒരു ജഡമെന്നു
നാട്ടുകാര്‍ ...
പരബ്രഹ്മസ്വരൂപംപോലൊരു പെണ്‍കുട്ടി !!

Subscribe Tharjani |
Submitted by Anonymous (not verified) on Sat, 2012-09-01 00:07.

കാവ്യഭാഷയുടെ വശ്യഭംഗകള്‍ വശമായ ഒരു എഴുത്തുകാരിയാണ് സുമിത്ര.
ഓരോ വരിയും അനുഭവത്തിന്റെ സംവേദനതീക്ഷ്ണത പകരുന്നു.
നന്ദി. സുമിത്ര.
നന്ദി. തര്‍ജ്ജനി.

Submitted by sumithra (not verified) on Sat, 2012-09-01 09:25.

നന്ദി..... വായിച്ചതിന് .............. ഇഷ്ടപ്പെട്ടുവെന്നതിന് ......
സുമിത്ര