തര്‍ജ്ജനി

കുഞ്ഞൂസ്

Visit Home Page ...

സിനിമ

മരണാനന്തരം : അവയവദാനത്തെക്കുറിച്ചൊരു അവബോധം

അമരത്വം നേടാനുള്ള ത്വര ആദിമമനുഷ്യന്‍ മുതല്‍ പ്രകടമായിരുന്നു. അതിനായുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയും പരീക്ഷണങ്ങള്‍ തുടരുകയുംചെയ്യുന്നു. ഇപ്പോള്‍ ആശാവഹമായ ഒരുവഴി, 'അവയവദാനം' എന്ന മഹത്തായ ഒരു വഴി നമുക്ക് മുന്നില്‍ തെളിഞ്ഞു നില്ക്കുന്നുണ്ട്. ഈ ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ജോയ്. കെ. മാത്യുവിന്റെ ശ്രമമാണ് 'മരണാനന്തരം' എന്ന ഹൃസ്വചിത്രം. (നല്ലചിത്രത്തിനും സംവിധായകനും ഉള്ള ഫൊക്കാനയുടെ അവാര്‍ഡുകള്‍ ഈ ചിത്രത്തിന് ലഭിച്ചുവെന്ന അനൗദ്യോഗികഅറിയിപ്പ് കിട്ടിയിട്ടുണ്ട്)

രോഗം പ്രകൃതിയുടെ നിയമമാണ് . പക്ഷേ, സ്നേഹംകൊണ്ട് ഈ പ്രകൃതി നിയമത്തെ മറികടക്കാനാവുമെന്നതാണ് മനുഷ്യന്റെ മഹത്വം. മാറ്റിവെക്കാന്‍ അവയവം ലഭ്യമല്ലാത്തതിനാല്‍ മാത്രം ഓരോ മിനിട്ടിലും പതിനെട്ടുപേര്‍ വീതമാണ് നിസ്സഹായരായി ഈ ഭൂമിയില്‍നിന്നും പ്രിയപ്പെട്ടവരെ പിരിഞ്ഞുപോകുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ സേവനത്തിന്റെ, വിവേകത്തിന്റെ നല്ലൊരു മാര്‍ഗ്ഗമാണ് അവയവദാനം. മനുഷ്യസേവതന്നെയാണ് മാധവസേവ എന്നത് അവയവദാനത്തിലൂടെ സാര്‍ത്ഥകമാക്കാന്‍ കഴിയണം. പലപ്പോഴും നാം സ്വാര്‍ത്ഥരാണ് എന്നതില്‍ തര്‍ക്കമില്ല. എങ്കില്‍പ്പോലും തനിക്കും തന്റെ പ്രിയപ്പെട്ടവര്‍ക്കും രോഗങ്ങള്‍ വരാം എന്ന സാദ്ധ്യതയെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കിയാല്‍, നമ്മുടെ മനസ്സുകള്‍ അവയവദാനത്തിന് തീര്‍ച്ചയായും സന്നദ്ധമാകും. ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും അവയങ്ങള്‍ ദാനംചെയ്യാന്‍ കഴിയുമെന്നത്, മറ്റൊരാള്‍ക്ക് ജീവനും ജീവിതവും കൊടുക്കുന്നതിനു തുല്യം തന്നെ.... രക്തം, വൃക്ക എന്നിവ ജീവിച്ചിരിക്കുമ്പോള്‍ ദാനം ചെയ്യാമെങ്കില്‍ മരണശേഷം കണ്ണ്, കരള്‍, ഹൃദയം, ത്വക്ക്, മജ്ജ തുടങ്ങിയവ ദാനംചെയ്തു മരണത്തിന്റെ കരാളവക്ത്രത്തില്‍ നിന്നും ആയിരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിയും. അങ്ങിനെ ജന്മങ്ങളില്‍ നിന്നു ജന്മങ്ങളിലേക്കു അവനവനെ പകരാനും...

തന്റെ വൃക്കകളില്‍ ഒന്ന്, ഷംസുദ്ദീന് നല്കിക്കൊണ്ട് ശ്രീ. കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പ്രദര്‍ശിപ്പിച്ച മാനവസ്നേഹം ഇന്നൊരു തരംഗമായി പടരുകയാണ്. മരണാനന്തരം കണ്ണുകള്‍ ദാനംചെയ്യാനും മസ്തിഷ്ക്കമരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനംചെയ്യാനും ബന്ധുക്കള്‍ തയ്യാറാവുന്നതും എല്ലാം സേവനത്തിന്റെ, സ്നേഹത്തിന്റെ പുതിയപാതയില്‍ തെളിയുന്ന പൊന്‍കിരണങ്ങളായി മാറുന്നു. രോഗികള്‍ക്ക് പ്രതീക്ഷയുടെ പുത്തനുണര്‍വുകള്‍ നല്കുന്നു.

അവയവദാനം എന്ന മഹത്തായ ദൌത്യം ഏറ്റെടുക്കാന്‍ നമ്മുടെ മനസ്സുകള്‍ സന്നദ്ധമാക്കാനും അവയവദാനത്തെക്കുറിച്ചുള്ള അവബോധം വ്യാപകമാക്കാനും മദര്‍വിഷന്റെ ബാനറില്‍ ജീസന്‍ ജോസ് നിര്‍മിച്ച്, ജോയ്. കെ. മാത്യു സംവിധാനം ചെയ്യുന്ന ഹൃസ്വസന്ദേശചിത്രമാണ് 'മരണാനന്തരം'. മലയാളസിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മ, കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി, ലോകടേബിള്‍ടെന്നീസ് താരം മരിയ റോണി, അഡ്വ. എ. എം. ആരിഫ്, കാവാലം നാരായണപ്പണിക്കര്‍ , വയലാര്‍ ഗോപാലകൃഷ്ണന്‍ , അഗസ്റ്റിന്‍ കടമക്കുടി, ജോസ് തെറ്റയില്‍ തുടങ്ങിയവര്‍ ഈ ചിത്രത്തിലൂടെ അവയവദാനം എന്ന മഹത്തായ ആശയം പ്രേക്ഷകഹൃദയങ്ങളിലേക്ക് എത്തിക്കുന്നു. ചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം എറണാകുളം ഗസ്റ്റ്ഹൌസ് ഹാളില്‍ വെച്ച് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. പ്രശസ്ത സംവിധായകന്‍ ശ്രീ. സിബി മലയില്‍ പ്രകാശനകര്‍മ്മം ചെയ്തു.

സമൂഹത്തിന്റെ പങ്കാളിത്തം ഏറെ ആവശ്യമുള്ള അവയവദാനം എന്ന സേവനത്തിലേക്ക് ജനശ്രദ്ധ ക്ഷണിക്കുന്ന ഈ ചിത്രം സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ച് തീയേറ്ററുകളിലൂടെയും ടെലിവിഷനിലൂടെയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും ഉടന്‍ പ്രദര്‍ശനത്തിനെത്തും.

Subscribe Tharjani |
Submitted by റീനി മമ്പലം (not verified) on Thu, 2012-08-16 03:27.

ഈയിടെ നടന്ന ഫോക്കാന കണ്‍‌വെന്‍ഷനോട് അനുബന്ധിച്ച് നടത്തിയ ലഘുചിത്രമത്സരത്തില്‍ ബെസ്റ്റ് ലഘുചിത്രമായി ആസ്ടേലിയയില്‍ നിന്നുള്ള ‘മരണാനന്തരവും’ ബെസ്റ്റ് സംവിധായകനായി പ്രസ്തുതചിത്രം സംവിധാനം ചെയ്ത ‘ജോയ് കെ മാത്യുവും‘ കരസ്ഥമാക്കി എന്ന റിപ്പോര്‍ട്ട് വായിച്ചിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് ന്യൂജേര്‍സിയില്‍ നടന്ന വെടിവെപ്പില്‍ നിര്യാതനായ ഡെന്നിസ് എന്ന യുവാവിന്റെ എല്ലാ അവയവങ്ങളും മാതാപിതാക്കള്‍ ദാനം ചെയ്യുകയും മാസങ്ങള്‍ക്ക് ശേഷം അവയവങ്ങള്‍ കിട്ടിയവരെല്ലാം ഡെന്നിസിന്റെ ഫാമിലിയെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കയും ചെയ്തിരുന്നു.