തര്‍ജ്ജനി

മുഖമൊഴി

വെളിപ്പെടുത്തലുകള്‍, കുറ്റാരോപണങ്ങള്‍ പിന്നെ ആത്മപരിശോധനയും

ഇക്കഴിഞ്ഞ കുറേ നാളുകളായി കേരളത്തില്‍ ഭൂതകാലം വെളിപ്പെടുത്തലുകളും അതിന്റെ ഭാഗമായുള്ള കുറ്റാരോപണവും വിമര്‍ശനങ്ങളും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധത്തില്‍ അരങ്ങുതകര്‍ക്കുകയാണ്. ടി.പി. ചന്ദ്രശേഖരന്‍വധത്തെത്തുടര്‍ന്ന് കേരളീയര്‍ സാമാന്യമായും പാര്‍ട്ടി അണികള്‍ വിശേഷിച്ചും സി. പി. ഐ (എം) നെ സംശയിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ പാര്‍ട്ടിക്ക് ഈ കൊലപാതകത്തില്‍ പങ്കില്ലെന്ന് പ്രസ്താവിച്ചു. അതോടൊപ്പം ക്വട്ടേഷന്‍ സംഘമാണ് ഇതിന് പിന്നിലെന്നും വെളിപ്പെടുത്തി. എവിടെനിന്നാണ് ഈ അറിവ് അവര്‍ക്ക് ലഭിച്ചതെന്ന് അവര്‍ വെളിപ്പെടുത്തിയില്ല. കൊലപാതകത്തിനുപിന്നിലെ തീവ്രവാദബന്ധം അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു. കൊലപാതകികള്‍ ഉപയോഗിച്ച വാഹനത്തിനു പിന്നില്‍ മാശ അല്ലാഹ് എന്ന് അറബിക്കില്‍ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചുവെച്ചിരുന്നു. അന്വേഷണത്തെ വഴിതെറ്റിക്കാനായി കൊലയാളിസംഘംതന്നെയാണ് ഈ സ്റ്റിക്കറിനുപിന്നിലെന്ന് പോലീസ് കണ്ടെത്തി. കോഴിക്കോട്ടെ ഒരു ദൃശ്യമാദ്ധ്യമപ്രവര്‍ത്തകന് സംഭവത്തിലുള്ള പങ്ക് അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു. പ്രസ്തുതലേഖകന്‍ ആരോപണം ഉന്നയിച്ച നേതാവിനാല്‍ ഒരു പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ ആക്രമിക്കപ്പെട്ടവനാണെന്ന വസ്തുത പൊതുജനങ്ങളുടെ ഓര്‍മ്മയില്‍നിന്നും മാഞ്ഞുപോയിട്ടില്ല. ചുരുക്കത്തില്‍ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ധരിപ്പിക്കാനായി പറഞ്ഞുവെച്ചവയെല്ലാം തിരിഞ്ഞുകുത്തുന്ന ആയുധങ്ങളായി. അന്വേഷണസംഘം തെളിവുകളുടെ അടിസ്ഥാനത്തില്‍ ചെന്നെത്തുന്നതെല്ലാം പാര്‍ട്ടി നേതാക്കളിലും പ്രവര്‍ത്തകരിലും. വാര്‍ത്താമാദ്ധ്യമങ്ങള്‍ ഓരോ വിശദാംശവും ഒട്ടും വൈകാതെ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇതിനിടയിലാണ് വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന എം. എം. മണിയുടെ പ്രസംഗം. കൊന്നാല്‍ അന്തസ്സായി അത് പറയും എന്ന് തെളിയിക്കാനായാണ് പാര്‍ട്ടിശത്രുക്കളുടെ പട്ടിക തയ്യാറാക്കി ഒന്നാമത്തവനെ വെടിവെച്ചുകൊന്നു, രണ്ടാമത്തവനെ തല്ലിക്കൊന്നു, മൂന്നാമത്തവനെ കുത്തിക്കൊന്നുവെന്ന് മണി അണികളെ ആവേശഭരിതരാക്കാന്‍ വിളിച്ചു പറഞ്ഞത്. വാസ്തവത്തില്‍ നടന്ന കൊലപാതകങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, കേസ് എങ്ങനെ കൈകാര്യം ചെയ്യും എന്നെല്ലാം അത്യാവേശത്തില്‍ വിളിച്ചുപറയുകയും ചെയ്തു. പോലീസുകാരുമായുള്ള ബന്ധം, എതിരാളികളെ നേരിടുന്ന രീതി എന്നിവയെക്കുറിച്ചെല്ലാം വിളിച്ചു പറഞ്ഞ ആ പ്രസംഗം, അതുവരെ നിഷേധപ്രസ്താവന നടത്തിയവരുടെ മുഴുവന്‍ വാദങ്ങളെയും തകര്‍ത്തുകളഞ്ഞു. എതിരാളികളെ കൊല്ലുക എന്നത് പാര്‍ട്ടിയുടെ നയമല്ല എന്ന് പാര്‍ട്ടി സെക്രട്ടറിയും ചില നേതാക്കളും പറയുക, ഒരു ജില്ലാ സെക്രട്ടറി എതിരാളികളെ പട്ടിക തയ്യാറാക്കിക്കൊല്ലും എന്ന് ഉദാഹരണസഹിതം പ്രസംഗിക്കുക. പ്രതിരോധിക്കാന്‍ നടത്തുന്ന ശ്രമങ്ങളോരോന്നും കൂടുതല്‍ കടുത്ത പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന അവസ്ഥ. അതിനിടയിലാണ്, അരിയാഹാരം കഴിക്കുന്നവര്‍ പാര്‍ട്ടിനേതാക്കളുടെ നിഷേധം വിശ്വസിക്കുകയില്ലെന്ന്, പൊതുജനങ്ങളോടൊപ്പം ചേര്‍ന്ന് പാര്‍ട്ടിയുടെ സ്ഥാപകരിലൊരാളായ വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞത്.

എം. എം. മണിയുടെ പ്രസ്താവനയെത്തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിപദവികളില്‍ നിന്നും ഒഴിവാക്കി. അതിനെക്കുറിച്ച് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത് എം. എം. മണിയുടെ പ്രസംഗശൈലിയില്‍ പാര്‍ട്ടിനയത്തില്‍ നിന്നും വ്യതിയാനമുണ്ടായി എന്നാണ്. പ്രസംഗത്തിലെ വസ്തുതയോ പ്രസംഗശൈലിയോ, ഇതിലേതാണ് പിഴച്ചത്? പ്രസംഗത്തിന്റെ ഉള്ളടക്കം വസ്തുതാവിരുദ്ധമാണെന്നോ തെറ്റാണെന്നോ മണിയുടെ വ്യക്തിഗതമായ തോന്നലുകളാണെന്നോ ഒന്നും അദ്ദേഹം പറഞ്ഞില്ല. മണി പറഞ്ഞ കൊലപാതകങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ നടന്നതാണ്. പക്ഷെ, അതിനെക്കുറിച്ച് പാര്‍ട്ടിക്ക് ഒരു നയമുണ്ട്, അതല്ല മണി പറഞ്ഞത് എന്നാണ് പാര്‍ട്ടി സെക്രട്ടറിയുടെ വിശദീകരണം കേട്ടാല്‍ മനസ്സിലാവുക. ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് പാര്‍ട്ടി അണികളെ പാര്‍ട്ടിനയം അനുസരിച്ച് വിശ്വസിപ്പിക്കാന്‍ പുറപ്പെട്ട് പാര്‍ട്ടിനയത്തിനെതിരായി സംസാരിച്ചുപോയ എം. എം. മണിയുടെ വെളിപ്പെടുത്തലുകളില്‍ നിന്നാണ് സമകാലികകേരളത്തിലെ വെളിപ്പെടുത്തല്‍ പരമ്പര ആരംഭിക്കുന്നത്.

വടക്കന്‍ കേരളത്തില്‍ കണ്ണൂരില്‍ നിന്നാണ് വെളിപ്പെടുത്തലിന്റെ രണ്ടാം അദ്ധ്യായം ആരംഭിക്കുന്നത്. മുന്‍ മന്ത്രിയും ഇപ്പോള്‍ എം. പിയുമായ കെ. സുധാകരന്റെ മുന്‍ഡ്രൈവറാണ് വെളിപ്പെടുത്തല്‍ നടത്തിയത്. അദ്ദേഹം ഒരു ടെലിവിഷന്‍ ചാനലിനാണ് തന്റെ വെളിപ്പെടുത്തല്‍ ആദ്യം നല്കിയത്. വിവരമറിഞ്ഞെത്തിയ എല്ലാ ചാനലുകള്‍ക്കും അദ്ദേഹം വെളിപ്പെടുത്തല്‍ നല്കി. തൃശ്ശൂരിനപ്പുറത്തുള്ള ഒരു ക്വട്ടേഷന്‍ സംഘത്തെ വിളിച്ചുകൊണ്ടുവരുവാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും താനതിന് തയ്യാറായില്ല എന്നുമാണ് വെളിപ്പെടുത്തല്‍. അതിനോടൊപ്പം മുമ്പ് കണ്ണൂരില്‍ നടന്ന രണ്ട് കൊലപാതകങ്ങളില്‍ ഗൂഢാലോചന, ആസൂത്രണം എന്നിവ സുധാകരന്‍ നടത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ കണ്ണിലെ കരടാണ് കെ. സുധാകരന്‍. പാര്‍ട്ടിക്കാരുടെ പ്രവര്‍ത്തന ശൈലിയില്‍ പ്രതിപ്രവര്‍ത്തനം നടത്തി വേരുറപ്പിച്ചയാളാണ് സുധാകരന്‍. അതിനാല്‍ പാര്‍ട്ടിക്കാര്‍ അദ്ദേഹത്തെ കൊലയാളി എന്ന ഓമനപ്പേരോടെയാണ് സാധാരണനിലയില്‍ വിളിക്കുക. അതൊന്നും വലിയ കാര്യമായി നാട്ടുകാര്‍ കണക്കാക്കത്തതിനാല്‍ സുധാകരന്‍ കണ്ണൂരില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് നിയമസഭാംഗവും മന്ത്രിയും പിന്നീട് ലോസഭാംഗവും മറ്റുമായി. പണ്ടേ പറഞ്ഞുകേള്‍ക്കുന്ന കഥകള്‍ തന്നെയാണ് സുധാകരന്റെ മുന്‍ ഡ്രൈവര്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്താണ് ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ ഇപ്പോള്‍ നടത്താന്‍ കാരണം എന്ന് അദ്ദേഹം പറഞ്ഞില്ല. എല്ലാവരും പലേ കാരണങ്ങളാല്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നു, എന്നാല്‍ ഞാനും നടത്താം ഒരു വെളിപ്പെടുത്തല്‍ എന്നതാവാം എന്ന് നിഷ്കളങ്കര്‍പോലും വിശ്വസിക്കില്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണങ്ങളാലാണ് ഈ വെളിപ്പെടുത്തലുകള്‍ എന്നാണ് ഉപശാലാവൃത്താന്തം.

ഇതിനിടയില്‍ പല വീഡിയോ വെളിപ്പെടുത്തലുകളും ടെലിവിഷന്‍ ചാനലുകള്‍ പുറത്തുകൊണ്ടുവന്നിരുന്നു; ലീഗിന്റെ ഒരു എം.എല്‍.എ നടത്തിയ പ്രസംഗം, ഒഞ്ചിയത്ത് സി.പി.ഐ (എം) നേതാക്കള്‍ നടത്തിയ പ്രസംഗം എന്നിവ. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന് എതിര്‍കക്ഷികള്‍ പ്രസ്താവനയിലും നിയമസഭയിലും ആവശ്യപ്പെട്ടിരുന്നു. ക്രിമിനല്‍സ്വഭാവമുള്ള കാര്യങ്ങളില്‍ പോലീസ് നടപടിസ്വീകരിക്കണമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. എതിരാളിയുടെ നടപടിയില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ സ്വന്തംപക്ഷക്കാരുടെ കാര്യത്തില്‍ ഉദാരമായ സമീപനം ആവശ്യപ്പെടുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നതിനെ നീതീകരിക്കാനാവില്ല. എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും കുറ്റകരമായ പ്രവര്‍ത്തനങ്ങളാണെന്നും അതിനെതിരെ നടപടി കൈക്കൊള്ളുക എന്നത് സര്‍ക്കാരിന്റേയും പോലീസ് സംവിധാനത്തിന്റെയും ഉത്തരവാദിത്തമാണെന്നും ഉത്തരവാദപ്പെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ എന്ന നിലയില്‍, ജനങ്ങളോടുള്ള ജനാധിപത്യപരമായ ഉത്തരവാദിത്തം എന്ന നിലയില്‍, തങ്ങള്‍ അത് അംഗീകരിക്കുകയാണ് ചെയ്യുകയെന്ന് നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ എന്നാണാവോ പറയുവാന്‍ ശക്തിനേടുക? അത് എന്നാണോ സംഭവിക്കുന്നത് അന്നാണ് നമ്മുടെ ജനാധിപത്യം പക്വതയാര്‍ജ്ജിച്ചതാണെന്ന് അഭിമാനപൂര്‍വ്വം നമ്മുക്ക് പറയാനാവുക.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായ നിയമനിര്‍മ്മാണമാണ് വിവരാവകാശനിയമം. സേവനാവകാശനിയമം ഉള്‍പ്പെടെ നിരവധി നിയമനിര്‍മ്മാണത്തിനായി ജനാധിപത്യവാദികള്‍ വാദിക്കുന്ന കാലമാണിത്. ജനാധിപത്യത്തിന്റെ പേരില്‍ അധികാരത്തിലേറുകയും അധികാരം അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനും ലൈസന്‍സായി ഉപയോഗിക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടിലെ സമസ്തരാഷ്ട്രീയപ്രസ്ഥാനങ്ങളും ഇത്തരം നിയമനിര്‍മ്മാണത്തിന്റെ കാര്യത്തില്‍ അഴകൊഴമ്പന്‍ നിലപാടാണ് കൈക്കൊണ്ടതെന്ന് ഇന്നാട്ടിലെ ജാഗ്രതയുള്ള എല്ലാവരും മനസ്സിലാക്കിയ കാര്യമാണ്. അധികാരത്തിനോടുള്ള ആസക്തി മാത്രമാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ജനാധിപത്യത്തിലുള്ള താത്പര്യത്തിന്റെ ഏകഹേതു. കൈവശം ലഭിച്ച അധികാരം ആചന്ദ്രതാരം തങ്ങളുടെ കൈകളില്‍ നിലനിറുത്താനാകുക എന്നതാണ് അവരുടെ ഏകലക്ഷ്യം. അതിനായുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും നെറികേടുകളുമാണ് ഇന്ന് രാഷ്ട്രീയം എന്നാല്‍ അര്‍ത്ഥം. ജനാധിപത്യക്രമത്തില്‍ പരമാധികാരം ജനങ്ങള്‍ക്കാണ്. എന്നാല്‍ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ തെരഞ്ഞെടുക്കപ്പെട്ടവന്‍ അധികാരിയും തെരഞ്ഞെടുത്തവന്‍ അടിമയുമായി മാറുന്നു. ഈ മാറ്റത്തെ എതിര്‍പ്പില്ലാതെ അംഗീകരിച്ച് വിധേയരായി പ്രവര്‍ത്തിക്കുന്ന അനുയായിവൃന്ദമാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സൃഷ്ടിച്ചുവെക്കുന്നത്. സ്വതന്ത്രമായി ജനങ്ങള്‍ വിവരങ്ങള്‍ അറിയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഭയപ്പെടുന്നു. ജനങ്ങള്‍ക്ക് അറിയുവാനുള്ള അധികാരം ജനാധിപത്യത്തിന്റെ ഭാഗമായി നല്കപ്പെട്ട ഒരു രാജ്യത്താണ് പത്രങ്ങള്‍ കേസന്വേഷണത്തിന്റെ വിവരങ്ങള്‍ പ്രതിദിനം ജനങ്ങളെ അറിയിക്കുന്നതിനെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) യുടെ നേതാക്കള്‍ കോടതിയെ സമീപിച്ചത്. കേരളത്തിലാണ് ഇത് സംഭവിച്ചതെന്നത് ഓര്‍ക്കുക. നമ്മുടെ രാഷ്ട്രീയബോധം എത്രത്തോളം പക്വതയുള്ളതാണെന്ന് ആലോചിക്കുവാന്‍ സമയമായി. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ജനങ്ങളുടെ പ്രതീക്ഷയെ്ക്കാത്ത് വരുന്നില്ലെങ്കില്‍, ജനതാല്പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നെങ്കില്‍ അവരെ തിരിച്ചുവിളിക്കാന്‍ അധികാരം നല്കുന്ന നിയമനിര്‍മ്മാണം വേണമെന്ന ആവശ്യത്തോട് നമ്മുടെ രാഷ്ട്രീയക്കാര്‍ എങ്ങനെയാണ് പ്രതികരിക്കുക എന്ന് ഇത് വായിക്കുന്നവര്‍ ഏവരും സ്വയം അന്വേഷിക്കുക.

വെളിപ്പെടുത്തലുകളെപ്പറ്റിയാണ് പറഞ്ഞുതുടങ്ങിയത്. സുധാകരനെതിരെ മുന്‍ഡ്രൈവറും കുഞ്ഞാലിക്കുട്ടിക്കെതിരെ ബന്ധുവും മുന്‍സഹചാരിയും വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. മണിയുടേതാവട്ടെ ഉദ്ദേശിച്ചതിന് വിപരീതമായ ഫലം ഉണ്ടാക്കിയ വിടുവായത്തമായി കണക്കാക്കുക. അവനവന്‍ പങ്കാളിയായിരിക്കുകയും ഗുണഭോക്താവായിരിക്കുകയും ചെയ്ത കുറ്റകൃത്യത്തെക്കുറിച്ച് പഴയകൂട്ടുകള്‍ പിരിഞ്ഞപ്പോള്‍ കുറ്റകൃത്യമായി പറഞ്ഞ് വീരനായകനാവാന്‍ സാധിക്കുന്ന ഈ നാടിന്റെ പൗരബോധം പരിതാപകരമാണ്. കുറ്റവാളികള്‍ ഏത് പാര്‍ട്ടിയില്‍പ്പെട്ടവരാണെങ്കിലും ഏത് സ്ഥാനത്തിരിക്കുന്നവനായാലും കുറ്റവാളിയാണെന്ന് പറയാനാവാത്ത, അവര്‍ക്കെതിരെയുള്ള നടപടി ആവശ്യപ്പെടാനുള്ള സ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യം ആലങ്കാരികമായ ജനാധിപത്യം മാത്രമാണ്. അതിനെ ശക്തവും സാര്‍ത്ഥകവുമാക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഇക്കാലത്തിനകം നമ്മുക്കെന്ത് ചെയ്യാനായി എന്നും ഇനിയെന്ത് ചെയ്യുമെന്നും നാം തന്നെ സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു. അല്ലാത്ത ജനാധിപത്യനാട്യങ്ങളെല്ലാം കാപട്യത്തിന്റെ രൂപങ്ങള്‍ മാത്രമാണ്.

Subscribe Tharjani |
Submitted by edacheri dasan (not verified) on Mon, 2012-07-09 13:44.

അതുപോര,
വെളിപ്പെടുത്തലുകള്‍ അങ്ങ്‌ റജീനയില്‍ തുടങ്ങി
ഏറ്റവുമൊടുവില്‍ മനോജ്‌ കെ ജയനില്‍ എത്തി നില്ക്കുന്നുണ്ട്‌.