തര്‍ജ്ജനി

എ. പ്രദീപ് കുമാര്‍

നീലാംബരി, എരവട്ടൂര്‍.
പേരാമ്പ്ര, 673525
ഫോണ് : 9048302844
മെയില്‍ :neelambaripradeep@yahoo.com

Visit Home Page ...

ലേഖനം

കൊല്ലപ്പെട്ടവര്‍, മരിച്ചുപോയവര്‍, ജീവിച്ചിരിക്കുന്നവര്‍

ജോര്‍ജ്ജ് ഓര്‍വെലിന്റെ 1984 എന്ന കൃതിയില്‍ ചിന്താക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഓബ്രിയന്‍ എന്ന കഥാപാത്രത്തെ പൊലീസ് ചോദ്യം ചെയ്യുന്ന ഒരു രംഗമുണ്ട്. രണ്ടും രണ്ടും കൂട്ടിയാല്‍ എത്ര എന്നു പൊലീസ് ചോദിക്കുന്നു. നാല് എന്നായിരുന്നു ഓബ്രിയന്റെ ഉത്തരം. പൊലീസ് അദ്ദേഹത്തിന്റെ ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് ചോദ്യം ആവര്‍ത്തിച്ചു. ഓബ്രിയന്റെ ഉത്തരത്തിനു മാറ്റമൊന്നുമുണ്ടായിരുന്നില്ല. കൊടിയ പീഡനം സഹിക്കുമ്പോഴും അയാള്‍ സത്യത്തില്‍ ഉറച്ചുനിന്നു. പക്ഷേ, ശരീരത്തിലേക്കു കടത്തിവിടുന്ന വൈദ്യുതിയുടെ അളവ് വളരെയേറെ വര്‍ദ്ധിച്ചപ്പോള്‍ അയാളുടെ ഉത്തരം അഞ്ച് മൂന്ന് എന്നൊക്കെയായി മാറി. അയാള്‍ കളവു പറയുകയായിരുന്നില്ലല്ലോ. അസഹ്യമായ വേദനയുടെ ലോകത്ത് അയാളുടെ സത്യം മാറുകയാണ്.

കൊടിയ പീഡനങ്ങള്‍ നടത്തിക്കൊണ്ട് നമുക്ക് ഒരാളുടെ വിശ്വാസങ്ങളെ ചിതറിക്കാനും മാറ്റിമറിക്കാനുമൊക്കെ കഴിയുമെന്നാണ് മനസ്സിലാകുന്നത്. രാജ്യങ്ങള്‍ക്കു നേരെ ഉപരോധമേര്‍പ്പെടുത്തുന്ന അമേരിക്കയെപ്പോലുള്ള വികസിതരാജ്യങ്ങളും അനഭിമതര്‍ക്കെതിരെ ഊരുവിലക്കു നടപ്പിലാക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും മതങ്ങളും ഇതുതന്നെയല്ലേ ചെയ്യുന്നത്? ആണെന്നേ ചിന്തിക്കാന്‍ കഴിയുന്നുള്ളൂ.

വേദനയുടെ പാരമ്യതയില്‍, ആകാശത്തുകൂടി നടക്കുന്ന വലിയേട്ടനെ ഓബ്രിയന്‍ കാണുന്നു. ഒരാള്‍ക്ക് ആകാശത്തുകൂടി നടക്കാന്‍ കഴിയുമെന്ന വിശ്വാസം മനസ്സിലും വേദനയോ ലഹരിയോ സിരകളിലുമുണ്ടെങ്കില്‍ ഇത്തരം കാഴ്ചകള്‍ ആര്‍ക്കും കാണാവുന്നതേയുള്ളു. വിശ്വാസത്തിന്റെ കരുത്താണ് ഇവിടെ സ്പഷ്ടമാകുന്നത്. എന്നാല്‍ ഒരു കാര്യം മറന്നുകൂട. അനുഷ്ഠാനങ്ങളുടെ അകമ്പടിയുണ്ടെങ്കില്‍ മാത്രമേ വിശ്വാസം നിലനില്ക്കുകയുള്ളു.

ടി. പി. ചന്ദ്രശേഖരന്‍ എന്ന മനുഷ്യനെ അരുംകൊല ചെയ്തതിന്റെ പാപക്കറകള്‍ കഴുകിക്കളയാന്‍ സി. പി. എം ഇപ്പോള്‍ പിന്തുടരുന്ന തത്വചിന്ത ഇതൊക്കെത്തന്നെയാണ്. കൊല ചെയ്തത് തങ്ങളല്ല എന്ന് ആവര്‍ത്തിക്കുന്നതിനോടൊപ്പം പല തരത്തിലുള്ള ഭീഷണിയുടെ വൈദ്യുതാഘാതങ്ങള്‍ അവര്‍ കേരളജനതയുടെ ശരീരത്തിലേക്ക് കടത്തിവിടുന്നു. കൊലക്കുറ്റമന്വേഷിക്കുന്ന പൊലീസുദ്യോഗസ്ഥനെ എടോ സന്തോഷുകുമാരാ എന്നു വിളിച്ച് ഭീഷണിപ്പെടുത്തുന്നത് ഇതിന്റെ ഭാഗമാണ്. പ്രകടനങ്ങളിലൂടെ, പൊതുയോഗങ്ങളിലൂടെ, ഹര്‍ത്താല്‍, വാഹനങ്ങള്‍ അഗ്നിക്കിരയാക്കല്‍, എം. എം. മണിയെപ്പോലുള്ളവരുടെ സ്റ്റേജുപരിപാടികള്‍ എന്നിവയിലൂടെയെല്ലാം വ്യത്യസ്ത അളവുകളില്‍ ഭീഷണിയുടെ വൈദ്യുതതരംഗങ്ങളാണ് അവര്‍ ജനങ്ങളുടെ മനസ്സിലേക്ക് കടത്തിവിടുന്നത്. വേദനയുടെ പാരമ്യതയില്‍ 1984ലെ ഓബ്രിയനെപ്പോലെ ചന്ദ്രശേഖരനെ കൊന്നത് മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ അറിവോടെയും താല്പര്യത്തിലുമല്ല എന്നു നിങ്ങള്‍ വിശ്വസിക്കും. ഒരുവേള ചന്ദ്രശേഖരനെ ആരും കൊന്നതല്ല, അയാള്‍ ഒരുകൂട്ടം കത്തികളിലേക്ക് ശരീരം ചേര്‍ത്തുവെച്ച് സ്വയം അമ്പത്തൊന്നു പിളര്‍പ്പുകളായി മാറുകയായിരുന്നു എന്നു ഭാവനചെയ്താല്‍പ്പോലും അത്ഭുതപ്പെടേണ്ടതില്ല.

അങ്ങനെ ഭാവനചെയ്യാന്‍ ഇനിയും മലയാളികള്‍ക്കു കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് അച്യുതാനന്ദന്‍ പാര്‍ട്ടി സെക്രട്ടറിയുടെ തിരുവചനങ്ങള്‍ അന്നാഹാരം കഴിക്കുന്ന ആരും വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. മാര്‍ക്സിസ്റ്റുകമ്മ്യൂണിസ്റ്റുപാര്‍ട്ടി ഒരു അധോലോകഭീകരസംഘടനയായി മാറിക്കഴിഞ്ഞെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യത്തെയാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തിലൂടെ മലയാളികളില്‍ പിണറായിമതക്കാരൊഴികെയുള്ളവരെല്ലാം തന്നെ മനസ്സിലാക്കുന്നത്. അധോലോകത്തിന്റ ഭാഗമായിരുന്ന ഒരാള്‍ എന്നെങ്കിലും മാനസാന്തരമുണ്ടായി പുറത്തുപോവുകയും, സംഘത്തിനെതിരെ വിമര്‍ശനമുയര്‍ത്തുകയും ചെയ്താല്‍ അയാളെ ഇല്ലാതാക്കുക എന്നത് അധോലോകത്തിന്റെ നിയമമാണ്. സി. പി. എം. നെ സംബന്ധിച്ചെടുത്തോളം ചന്ദ്രശേഖരന്റെ കൊലപാതകം തങ്ങളുടെ അലംഘനീയമായ സംഘടനാനിയമങ്ങളുടെ നിര്‍വ്വഹണം മാത്രമാണ് എങ്കില്‍ സിപി എം അധോലോകസംഘമായിക്കഴിഞ്ഞെന്നല്ലേ മനസ്സിലാക്കേണ്ടത്? ടി. പി. വധം കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ മനസ്സില്‍ സൃഷ്ടിച്ച ആഘാതമോ, ധാര്‍മ്മികരോഷമോ സി. പി. എം. നെ അലോസരപ്പെടുത്താത്തതിനു കാരണം അവരുടെ മനസ്സില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന അധോലോകഭീകരതയാണ്. കടുത്ത വിശ്വാസം പാര്‍ട്ടിപ്രവര്‍ത്തകരെ ഇതുമായി പൊരുത്തപ്പെടുന്ന ഒരു മനോനിലയില്‍ സംരക്ഷിക്കുന്നുണ്ട്. അത്രത്തോളം പാര്‍ട്ടിയുടെ അനുഷ്ഠാനപരിപാടികള്‍ വിജയിക്കുന്നുണ്ട്. ജാതിമത ഫോര്‍മുലകളില്‍ തെരഞ്ഞെടുപ്പുരാഷ്ട്രീയം കുടുങ്ങിക്കിടക്കുന്നതിനാല്‍ ഭാവിയിലും പാര്‍ട്ടിയുടെ കണക്കുപുസ്തകത്തില്‍ വിജയങ്ങളുണ്ടാവുകതന്നെ ചെയ്യും. പക്ഷേ, കേരളത്തിലെ സന്തുലിതബോധമുള്ള ഒരു ന്യൂനപക്ഷമുണ്ടല്ലോ, അവര്‍ പാര്‍ട്ടിയെ അറപ്പോടെ കാണുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പാര്‍ട്ടികളെ അന്ധമായി വിശ്വസിക്കാത്ത സാധാരണക്കാരായ മനുഷ്യരുടെ ഒരു പാളി. അവരെ വിശ്വസിപ്പിക്കാന്‍ ഹര്‍ത്താലുകള്‍ മതിയാകുമോയെന്നു കണ്ടറിയണം.

സിനിമയിലെ അധോലോകഭീകരന്‍ പുഞ്ചിരിച്ചുകൊണ്ട് കൊലചെയ്യുന്നതിനോട് സമാനമായാണ് പാര്‍ട്ടിനേതാക്കള്‍ കൊലപാതകത്തെ ന്യായീകരിക്കുന്നതിനെ നോക്കിക്കാണേണ്ടത്. കൊലപാതകികള്‍ക്ക് മാപ്പുനല്കിയാലും മാസങ്ങള്‍ പിന്നിട്ടിട്ടും ഈ അരുംകൊലയെ ന്യായീകരിക്കുന്ന നേതാക്കളോട് കേരളത്തിലെ ജനങ്ങള്‍ പൊറുക്കുമോ? ഒരു കൊലപാതകത്തിന് ഇത്രമാത്രം ഒച്ചയുണ്ടാക്കേണ്ടതുണ്ടോ എന്നാണ് സഖാവ് കെ. കെ. ശൈലജയുടെ ചോദ്യം. അനവധി രാഷ്ട്രീയകൊലപാതകങ്ങളില്‍ ഒന്നു മാത്രമാണെന്നു പ്രസംഗങ്ങളിലൂടെ, ഫ്ലക്സ്‌ബോര്‍ഡുകളിലൂടെ പഠിപ്പിക്കുന്നു പാര്‍ട്ടി. അതെ. ധാരാളം കൊലകള്‍ നടക്കുന്നു നമ്മുടെ നാട്ടില്‍. രാഷ്ട്രീയകൊലപാതകങ്ങളും നടക്കുന്നു. ടി.പി.യുടെ കാര്യത്തില്‍ എന്താണ് വിശേഷം? പകയുടെയും വെറിയുടെയും നിന്ദയുടെയും ഗൂഢാലോചനയുടെയും ദുര്‍ഗ്ഗന്ധഭീകരത അനുഭവിപ്പിക്കുന്ന ഒരു നാട്യവിശേഷമായി ടി പി വധം അനുഭവപ്പെടാന്‍ ഇടയായതെന്തേ? പഠിക്കപ്പെടേണ്ട ഒരു വിഷയമാണത്.

ടി. പി. യുടെ കൊലപാതകത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നാണ് സി. പി. എം. നേതാക്കള്‍ നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. എല്ലാ നേതാക്കള്‍ക്കും ഒരേഭാഷയാണ്. മുന്‍കൂട്ടിത്തയ്യാറാക്കിയ തിരക്കഥ, പാര്‍ട്ടിക്കെതിരെയുള്ള വലതുപക്ഷഗൂഢാലോചന, പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമം, പോലീസും മാദ്ധ്യമങ്ങളും ചേര്‍ന്ന് പാര്‍ട്ടിക്കെതിരെ നടത്തുന്ന യുദ്ധം എന്നീ പ്രയോഗങ്ങള്‍ എല്ലാവരുടെയും സംസാരത്തിലുണ്ട്. പാര്‍ട്ടിക്കു പങ്കില്ലെന്ന പ്രചാരണം ഇരുട്ടിവെളുക്കുംമുമ്പെ തകര്‍ന്നു തരിപ്പണമായി. പാര്‍ട്ടിയിലെ പത്തോളം നേതാക്കളാണ് പിടിയിലായത്. ഒരു പഴയ തമാശക്കഥയാണ് ഈയവസരത്തില്‍ ഓര്‍മ്മ വരുന്നത്. ഒരു പള്ളിയില്‍ കള്ളന്‍ കയറി. വിലപിടിപ്പുള്ള പലസാധനങ്ങളും മോഷണം പോയി. മോഷ്ടാക്കളെ പിടികിട്ടാന്‍ താമസം നേരിട്ടത് വലിയ പ്രതിഷേധത്തിനിടയാക്കി. മതനേതാക്കള്‍ പോലീസില്‍ സമ്മര്‍ദ്ധം ചെലുത്തി. ഒടുവില്‍ മോഷ്ടാക്കള്‍ പിടിയിലായി. മോഷ്ടാക്കളെ പിടികിട്ടിയോ എന്ന വിശ്വാസികളുടെ ചോദ്യത്തിന് മതമേധാവികളുടെ മറുപടി ഇപ്രകാരമായിരുന്നു. എട്ടാളെ പിടികിട്ടി. ആറു നമ്മളുടെ ആള്‍ക്കാരും രണ്ടു കള്ളന്മാരും! ചന്ദ്രശേഖരന്‍ വധത്തിന്റെ കാര്യത്തിലും സംഭവിച്ചത് ഏതാണ്ടിതു തന്നെയല്ലേ? പിടിയിലായത് പത്തു നേതാക്കളും ഏഴു ഗുണ്ടകളും. ഗുണ്ടകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. (അവരെല്ലാം ഗുണ്ടകള്‍ക്ക് ഗുണ്ടകളിലുണ്ടായ കുട്ടികളാണ്.)

പാര്‍ട്ടിക്കു പങ്കില്ലെന്ന പല്ലവി പരാജയപ്പെട്ടപ്പോള്‍ പുതിയ ഒരു തന്ത്രവുമായിട്ടാണ് പാര്‍ട്ടി കഴിഞ്ഞദിവസം രംഗത്തു വന്നിരിക്കുന്നത്. കെ. സുധാകരന്‍ എം. പി. യുടെ പഴയ ഡ്രൈവറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നാണ് സി. പി. എം. നേതാക്കളുടെ പുതിയ ആവശ്യം. സ്വന്തം മുണ്ടഴിഞ്ഞുപോയവന്‍ ചുറ്റുമുള്ളവരുടെ മുണ്ടഴിക്കാന്‍ ശ്രമിക്കുന്ന പ്രതിരോധമല്ലേ ഇത്. എം.എം. മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാമെങ്കില്‍ ഇതുമാകാം എന്നാണ് യുക്തി. വര്‍ഗ്ഗീസ് വധക്കേസ് രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷിക്കുകയുണ്ടായി. രാമചന്ദ്രന്‍നായര്‍ തനിക്കു വിരോധമുള്ള മറ്റാരെങ്കിലും വര്‍ഗ്ഗീസിനെ കൊന്നുവെന്നല്ല പറഞ്ഞത്. തന്റെ തെറ്റ് പശ്ചാത്താപത്തോടെ ഏറ്റുപറയുകയായിരുന്നു. ഞങ്ങള്‍ വണ്‍ ടൂ ത്രീ പറഞ്ഞു തട്ടിക്കളഞ്ഞു എന്നാണ് എം. എം. മണി ഘോഷിച്ചത്. സുധാകരന്റെ ഡ്രൈവറുടെ വെളിപ്പെടുത്തല്‍ മറ്റൊരു വിധത്തിലുള്ളതാണ്. സുധാകരന്‍ ഗൂഢാലോചന നടത്തിയെന്നും അതില്‍ പങ്കാളിയാകാന്‍ തന്നോട് ആവശ്യപ്പെട്ടു എന്നുമാണ് അദ്ദേഹത്തിന്റെ വെളിപാട്. ഞാനാ ടൈപ്പേയല്ല എന്നു പറഞ്ഞുകൊണ്ട് അയാള്‍ ഒഴിഞ്ഞുമാറിയത്രേ. ഈ വെളിപാടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന് സാമാന്യയുക്തിബോധമുള്ള ആരെങ്കിലും പറയുമോ? പറയും. പിണറായി വിജയന്‍ പറയും. അതാണ് ആ പാര്‍ട്ടിയുടെ അവസ്ഥ വളരെ പരുങ്ങലിലാണെന്നു പറയാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നത്.

എന്തായാലും ടി പി വധവുമായി ബന്ധപ്പെട്ട് കേരളത്തിലെ സി പി എം പ്രതിക്കൂട്ടിലാണ്. കൊലപാതകത്തില്‍ പാര്‍ട്ടിയിലെ ഉന്നതനേതാക്കള്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കേരളത്തിലെ പൊതുസമൂഹം വിശ്വസിക്കുന്നു. സിപി എം സഹയാത്രികരായ ആളുകള്‍ പോലും ഈ വിശ്വാസത്തിലേക്കു പതിച്ചിരിക്കുന്നു. എന്നാല്‍ കേളുവേട്ടന്‍ പഠനകേന്ദ്രം നയിക്കുന്ന കെ. ടി .കുഞ്ഞിക്കണ്ണനെപ്പോലുള്ളവര്‍ സര്‍വ്വശക്തിയുമുപയോഗിച്ച് ഇതിനെതിരേ യുദ്ധം ചെയ്യുന്നുണ്ട്. പുത്തനച്ചിയുടെ പുരപ്പുറം തൂക്കല്‍ നടക്കട്ടെ, വിജയിക്കട്ടെ എന്നാശംസിക്കാം. പക്ഷേ ഒന്നുണ്ട്. വെള്ളത്തില്‍ വീണവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതു നല്ല കാര്യമാണ്. അതിലൊരു രക്ഷാകരദൗത്യമുണ്ട്. എന്നാല്‍ വെള്ളം വിഴുങ്ങിക്കഴിഞ്ഞവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതില്‍ ആത്മഹത്യാപരമായ ഒരംശവുമുണ്ട്. പക്ഷേ മറ്റൊന്നുമുണ്ട്. ചിന്താപരമായി മരിച്ചവര്‍ക്ക് ഇനി മരിച്ചാലെന്ത് ജീവിച്ചാലെന്ത്?

Subscribe Tharjani |
Submitted by Anonymous (not verified) on Thu, 2012-07-12 00:35.

ഈ ലേഖനവുമായി ചേര്‍ത്തുവായിക്കേണ്ടതാണ് ഷാജഹാന്‍ കാളിയത്തിന്റെ മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച ഈ കുറിപ്പ്: http://www.mathrubhumi.com/article.php?id=1707449