തര്‍ജ്ജനി

ബാലസുന്ദരന്‍

Visit Home Page ...

ലേഖനം

ബസ്സുകള്‍ അരമിനുട്ട് വ്യത്യാസത്തിലാണ് ഓടുന്നത്

രാഷ്ട്രീയകൊലപാതകങ്ങള്‍ പലതില്‍ ഒരിനം വാര്‍ത്തമാത്രമായി മാറിയിട്ട് വര്‍ഷങ്ങളായി. താത്കാലികമായ മാദ്ധ്യമകമ്പനങ്ങള്‍ മാത്രമാണവ ഉണ്ടാക്കിയിരുന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അതിന്റെ സദ്ഫലം അനുഭവിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും രക്തസാക്ഷികളെക്കിട്ടി. രക്തസാക്ഷിമണ്ഡപങ്ങള്‍ നൂറുകണക്കിനുണ്ടായി. അവയില്‍ പലനിറത്തിലുള്ള പൂക്കളാല്‍ അര്‍ച്ചന നടന്നു. പ്രതികാരപ്രതിജ്ഞകള്‍ പുതുക്കപ്പെട്ടു. ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാല്‍ എന്ന് ഘോഷയാത്രകള്‍ വിരല്‍ചൂണ്ടി കൊലവിളിച്ച് തലങ്ങും വിലങ്ങും കടന്നുപോയി. രക്തസാക്ഷികുടുംബങ്ങള്‍പോലെ കൊലയാളികുടുംബങ്ങള്‍ക്കും സംരക്ഷണവും തൊഴിലും ബഹുമാന്യതയും സ്ഥാനമാനങ്ങളും ഇളവും പരിഗണനയും ലഭിച്ചു. കൊലയാളികളെപ്പോലെ ചാവേറുകളും ഉണ്ടായിവന്നു. ക്രമേണ അത് നമ്മെ സ്പര്‍ശിക്കാതായി.

പ്രായോഗികവാദികളല്ലാത്ത ചില പാവങ്ങള്‍ മാത്രം മലയാളിയുടെ മന:സാക്ഷി മരവിച്ചു എന്ന് ആദര്‍ശവും സാഹിത്യവും പറഞ്ഞു. അവരെ കവച്ചുവെച്ച് വീണ്ടും ചാവേറുകളും പ്രേതാത്മക്കളും അംഗഹീനരും കബന്ധങ്ങളും നപുംസകങ്ങളും ജാഥയായി ആക്രോശിച്ചുകൊണ്ട് നട്ടുച്ചയെന്നില്ല നടുപ്പാതിരയെന്നില്ല കടന്നുപോയി. അവയിലൊന്നില്‍ നമ്മുടെ സേ്‌നഹിതരെ സഹോദരനെ മക്കളെ കാണുമ്പോള്‍ നാം അഭിമാനവിജൃംഭിതരായി. ഗുണ്ടയാര്, നേതാവാര് എന്ന് തിരിച്ചറിയാതായി. വാഹനാപാകടസ്ഥലത്ത്, അടിപിടിക്കേസില്‍, വിവാഹത്തര്‍ക്കങ്ങളില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയ റൗഡിയെ തിരിച്ചെടുപ്പിക്കാന്‍, അവര്‍ പഞ്ചായത്ത് പറയാനെത്തി. അവര്‍ പ്രശ്‌നങ്ങള്‍ സബൂറാക്കി. അവരുടെ പഞ്ചായത്ത് അംഗീകരിക്കപ്പെട്ടു. അവര്‍ നമ്മുടെ ജീവിതത്തിലെ നിറസാന്നിദ്ധ്യമായി. പെറ്റീഷനും പരാതികളും അവര്‍ അന്യായക്കാരെക്കൊണ്ട് പിന്‍വലിപ്പിച്ചു. അവര്‍ മേല്‍നോട്ടം നടത്തി കൂലിവാങ്ങിച്ചു. അതിന് നിശ്ചിത റേറ്റ് തീരിമാനിക്കപ്പെട്ടു. കീഴ്‌വഴക്കങ്ങളുണ്ടായി. കുറച്ചുരൂപ അവരെ ഏല്പിച്ചാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. ഇനിമേലില്‍ എനിക്ക് പരാതിയൊന്നുമില്ല എന്ന് അവര്‍ എഴുതിവാങ്ങി.

ഇങ്ങനെ സന്തോഷത്തോടെയും സമാധാനത്തോടെയും മലയാളികള്‍ ജീവിച്ചുവരവെയാണ് സ: ടി. പിയുടെ നിഷ്ഠുരവധം അരങ്ങേറുന്നത്. ഇവിടെ ഗുണ്ടായിസത്തിന് അല്പമൊരു പാളിച്ചപറ്റി. ഒന്നിലേറെ പഞ്ചായത്തുകളില്‍ രാഷ്ട്രീയസ്വാധീനമുള്ള വ്യക്തിയെ വധിക്കരുതെന്ന് ഒരു പാഠം ഇതോടെ ഇവര്‍ പഠിച്ചു. (ഒന്നില്‍ കുറവാണെങ്കില്‍ ആവാം.) ഇത് മാദ്ധ്യമങ്ങളില്‍ വലിയ ആഘോഷത്തോടെ പ്രാധാന്യവത്കരിക്കപ്പെട്ടു. താത്കാലികമായ രാഷ്ട്രീയധ്രുവീകരണവും നിര്‍വീര്യമാകലും നടന്നു. തെരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായകമാവാറുള്ള ചാഞ്ചാട്ടവോട്ടുകളാണ് തല്‍ക്കാലം നിര്‍വീര്യമാക്കപ്പെട്ടത്. ചാഞ്ചാട്ടക്കാരും സഹയാത്രികരുമാണ് നിര്‍വീര്യമാക്കപ്പെട്ടത്. തല്‍ക്കാലം ഇതൊരു ഭരണ-പ്രതിപക്ഷ രാഷ്ട്രീയസംഗരമാണ്.

ഓര്‍മ്മകള്‍ സ്ഥായിയായി നിലനില്ക്കാതിരിക്കുകയും വേറെ പോംവഴികള്‍ ഒന്നുമില്ലാതിരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇതെല്ലാം അതിവേഗം മറക്കപ്പെടുകയും നമ്മള്‍ നമ്മുടെ കുലം അഥവാ ഗോത്രത്തിന്റെ ചിഹ്നങ്ങളിലും തേടിനടക്കുകയും ചെയ്യും. സൈഡ് വിന്റോവിലൂടെ സീറ്റ് സുരക്ഷിതമാക്കി, കഴുത്തുമാത്രം പുറത്തിട്ട് ഈ വെട്ടിക്കൊല ഏന്തിനോക്കി അയ്യോ കഷ്ടം പറഞ്ഞ് അയല്‍സീറ്റുകാരനുമായി ചര്‍ച്ചചെയ്ത് നമ്മുടെ ബസ്സ് മുന്നോട്ട് കുതിക്കും. ബസ്സുകള്‍ അരമിനുട്ട് വ്യത്യാസത്തിലാണ് ഓടുന്നത്.

Subscribe Tharjani |