തര്‍ജ്ജനി

മോഹന്‍ പുത്തന്‍‌ചിറ

P.O. Box 5748,
Manama, Kingdom of Bahrain.
ഇ മെയില്‍: kbmohan@gmail.com
ബ്ലോഗുകള്‍ : www.mohanputhenchira.blogspot.com
www.thooneeram.blogspot.com
www.photo-times.blogspot.com

Visit Home Page ...

കവിത

പ്രണയോഷ്ണം

മായ്ചു കളഞ്ഞു എഴുതിയതൊക്കെയും
മഷിത്തണ്ടു പറിച്ചു ഞാന്‍
ശുഭ്രമെന്‍ ഹൃദയം
നിനക്കെഴുതാമിനിയതില്‍
പ്രണയത്തിന്റെ നഖക്ഷതം.

കൊളുത്തുക
കത്തും ചുണ്ടുകളാലീ വക്ഷസ്സില്‍
ചുംബനസ്ഫുലിംഗങ്ങള്‍
പാടുക സ്വപ്നങ്ങളില്‍
നിന്നുടലിന്‍ സങ്കീര്‍ത്തനം.

മദ്ധ്യാഹ്നവെയില്‍ച്ചൂടില്‍
വേവുന്നു മരുധര
രുധിരമോ ബാഷ്പമായ് വറ്റി
വേച്ചുവോ വാടിപ്പോയൊരെന്‍ കാലുകള്‍.

മരുപ്പച്ച കൊതിച്ചെത്തി
വയറൊട്ടിയ ജീവിതം
കനല്‍ക്കാറ്റില്‍ കരിഞ്ഞുപോയ്
കവിളൊട്ടിയ കനവുകള്‍.

വളരുന്നു മേലോട്ടോസോണ്‍
വലകീറി സൌധസമുച്ചയം
സ്പേസിലേക്കൊരു ഫ്ലാറ്റിനു
സിമന്റു കൂട്ടുമായ് കയറുമ്പോള്‍
പൊരിക്കാനായ് കമ്പിയില്‍ കോര്‍ത്ത
ജീവനുള്ള കബാബു പോലെ
വെന്തുപോകുന്നീയുടല്‍.

എന്നിരിക്കിലും
ചിന്നിപ്പോയ വാരിയെല്ലിന്‍
മറവിലൊരു മിടിപ്പുമായ്
കാത്തുവയ്പൂ ഞാനെന്‍ ഹൃദയം
നിനക്കെഴുതാന്‍
പ്രണയത്തിന്റെ നഖക്ഷതം.

Subscribe Tharjani |
Submitted by grkaviyoor (not verified) on Mon, 2012-07-09 09:03.

കാലികപ്രണയവര്‍ണ്ണനകള്‍..
കൊള്ളാം, ഇഷ്ടമായി.