തര്‍ജ്ജനി

പുസ്തകം

കേളപ്പജി, കെ.എ.കേരളീയന്‍, വക്കം അബ്ദുള്‍ഖാദര്‍, മുന്‍ഷി പരമുപിള്ള പിന്നെ ബ്രഹ്മവിദ്യാസംഘവും

കേരളഗാന്ധി എന്ന് അറിയപ്പെട്ടിരുന്ന കെ. കേളപ്പന്‍, പുതിയ തലമുറയ്ക്ക് അപരിചിതനായ നേതാവാണ്. നമ്മുടെ സ്വാതന്ത്ര്യസമരചരിത്രം വേണ്ടവിധത്തില്‍ എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നില്ലെന്നതിനാലാണ് ഇരുപതാം നൂറ്റാണ്ടിലെ കേരളത്തെ നയിച്ചവരെപ്പോലും നാം അറിയാതെ പോകുന്നത്. അക്കൂട്ടത്തില്‍, കേളപ്പജിയെ ഓര്‍മ്മിപ്പിക്കുകയാണ് കേരള സാഹിത്യഅക്കാദമിയുടെ ജീവചരിത്രപരമ്പരയില്‍ കെ. വി. കുഞ്ഞിരാമന്‍. എം.പി. മന്മഥന്‍ രചിച്ച കെ. കേളപ്പന്റെ ജീവചരിത്രത്തോളം വിസ്തൃതമല്ല ഈ പുസ്തകം, വിഷയസ്വീകരണത്തിലും പ്രതിപാദനത്തിലും.

കേളപ്പജി
കെ. വി. കുഞ്ഞിരാമന്‍
158 പേജുകള്‍
വില : 100 രൂപ
പ്രസാധനം : കേരള സാഹിത്യഅക്കാദമി, തൃശ്ശൂര്‍.

കേരളത്തിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ അടിത്തറപാകിയ നേതാക്കളില്‍ രണ്ടാമതല്ലാത്ത സ്ഥാനമാണ് കെ. എ. കേരളീയനുള്ളത്. ദേശീയസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരങ്ങളില്‍ നിന്ന് തൊഴിലാളി - കര്‍ഷകപക്ഷത്തേക്ക് നീങ്ങുകയും കമ്യൂണിസ്റ്റുകാരനാവുകയും ചെയ്ത കേരളീയന്‍ ആദര്‍ശരാഷ്ട്രീയത്തിന്റെ കാലത്തെ പ്രതിനിധാനം ചെയ്യുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെത്തുടര്‍ന്ന് ഔദ്യോഗികപക്ഷത്ത് നിലയുറപ്പിച്ച കേരളീയന്‍ സി.പി.ഐയും കര്‍ഷകപ്രസ്ഥാനവും ദുര്‍ബ്ബലമായതിനാല്‍ പൊതുജീവിതത്തിന്റെ വെള്ളിവെളിച്ചത്തിന് പുറത്തായിരുന്നു, അവസാനകാലത്ത്. കേരളീയന്റെ ജീവതവും പ്രവര്‍ത്തനവും ലഘുവായി പരിചയപ്പെടുത്തുന്ന ഈ പുസ്തകത്തിന്റെ അനുബന്ധമായി കേരളീയന്‍ എഴുതിയ കവിതകളും ലേഖനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശദമായ ജീവചരിത്രം ആവശ്യമാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന പുസ്തകം.
കെ. എ. കേരളീയന്‍
കെ. കെ. എന്‍. കുറുപ്പ്
71 പേജുകള്‍
വില : 60 രൂപ
പ്രസാധനം: കേരള സാഹിത്യഅക്കാദമി, തൃശ്ശൂര്‍.
സാഹിത്യത്തിലെയും തത്വശാസ്ത്രത്തിലെയും ആധുനികചിന്താസരണികള്‍ മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുത്ത എഴുത്തുകാരില്‍ പ്രമുഖനാണ് വക്കം അബ്ദുള്‍ഖാദര്‍. കേരളത്തിലെ ആള്‍ഡസ് ഹക്‍സ്ലി എന്നാണ് കേസരി എ. ബാലകൃഷ്ണപിള്ള അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പരിധികളില്ലാത്ത സ്വാതന്ത്ര്യസങ്കല്പവും അഭിപ്രായധീരതയും വക്കം അബ്ദുള്‍ഖാദറിന്റെ വ്യക്തിത്വസവിശേഷതകളായിരുന്നു. വക്കം മൌലവിയുടെ മകനായി ജനിച്ച് പാരമ്പര്യത്തെ പ്രോജ്ജ്വലിപ്പിക്കുന്ന ജീവിതംനയിച്ച വക്കം അബ്ദുള്‍ഖാദര്‍, മനുഷ്യന്റെ ഏറ്റവും ദയനീയമായ അവസ്ഥ ദാരിദ്ര്യമല്ല, ചിന്താദാരിദ്ര്യമാണെന്ന് വിശ്വസിക്കുകയും സ്വന്തം ജീവിതംകൊണ്ട് അത് തെളിയിക്കുകയും ചെയ്തു.

വക്കം അബ്ദുള്‍ഖാദറിന്റെ ജീവിതവും പ്രവര്‍ത്തനവും പുതിയ തലമുറയ്ക്കായി മുത്താന താഹ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിവെക്കുന്നു.
വക്കം അബ്ദുള്‍ഖാദര്‍ : ജീവിതവും കൃതികളും
മുത്താന താഹ
114 പേജുകള്‍
വില : 75 രൂപ
പ്രസാധനം : കേരള സാഹിത്യഅക്കാദമി, തൃശ്ശൂര്‍.

നാടകകൃത്തും അദ്ധ്യാപകനും പത്രപ്രവര്‍ത്തകനും കമ്യൂണിസ്റ്റുകാരനുമായ മുന്‍ഷി പരമുപിള്ളയുടെ ജീവിതം പരിചയപ്പെടുത്തുവാനുള്ള ശ്രമമാണ് എസ്. സലിംകുമാറിന്റെ ഈ പുസ്തകം. ഇ.വി.കൃഷ്ണപിള്ളയുടെ സഹപാഠിയും സുഹൃത്തുമായിരുന്ന പരമുപിള്ള തന്റെ നിരങ്കുശമായ നര്‍മ്മവും വിമര്‍ശനപാടവവുംകൊണ്ട് ഒരു കാലത്ത് ദക്ഷിണകേരളത്തെക്കുറിച്ചെഴുതിയ കുറിപ്പുകള്‍ പത്രപ്രവര്‍ത്തനത്തിന്റെ വേറിട്ട ഒരു വഴിയാണ് പ്രകടമാക്കിയത്. മലയാളത്തിലെ ആദ്യകാലത്തെ നിരവധി സിനിമകളുടെ പിന്നണിയില്‍ കഥാകൃത്തായോ തിരക്കഥാകൃത്തായോ ഇദ്ദേഹം ഉണ്ടായിരുന്നു. നിരവധി നാടകക്കമ്പനികള്‍ ഇദ്ദേഹത്തിന്റെ നാടകങ്ങളിലൂടെയാണ് രംഗവേദിയില്‍ സ്ഥാനംനേടിയത്. പക്ഷെ, ജീവിതാന്ത്യമാവുമ്പോഴേക്കും മുഖ്യധാരയില്‍ നിന്നും പുറംതള്ളപ്പെടുകയെന്ന ദുരന്തം ഇദ്ദേഹത്തിനു നേരിടേണ്ടിവന്നു.

മുന്‍ഷി പരമുപിള്ളയുടെ ജീവിതം മാത്രമാണ് ഈ കൃതിയുടെ പ്രതിപാദ്യം. അദ്ദേഹത്തിന്റെ കലാ-സാംസ്കാരിക-രചനാജീവിതങ്ങള്‍ ഇനിയും പഠിക്കപ്പെടേണ്ടതായിരിക്കുന്നു.
മുന്‍ഷി പരമുപിള്ള : വ്യക്തിയും ജീവിതവും
എസ്. സലിംകുമാര്‍
120 പേജുകള്‍
വില : 70 രൂപ
പ്രസാധനം : ലെന്‍സ് ബുക്സ്, പത്തനംതിട്ട.

ബ്രഹ്മവിദ്യാസംഘവും കേരളനവോത്ഥാനവും
കെ . ദിനകരന്‍
60 പേജുകള്‍
വില : 45 രൂപ
പ്രസാധനം : കേരള സാഹിത്യഅക്കാദമി, തൃശ്ശൂര്‍.

Subscribe Tharjani |