തര്‍ജ്ജനി

മായ

ഹൌസ് നമ്പര്‍ -960,
സെക്ടര്‍ -10 A,
ഗുര്‍ഗാ ഓണ്‍,
ഹരിയാന.122001.
മെയില്‍: krishnamaya1967@gmail.com

Visit Home Page ...

കവിത

ഗോ സ്ലോ

ഒച്ചിഴയുകയാണ്..
ചവിട്ടുപടിയുടെ ചരിവിലൂടെ
ശബ്ദമില്ലാത്തൊരു നാട്ടിലൂടെ
യാത്രയിലാണത്..

അന്ധതതയിലൂടെ പിടിച്ചുകയറിയും
ബധിരതയിലൂടെ ഊഴ്ന്നിറങ്ങിയും
ഗന്ധമില്ലായ്മയിലൂടെ
കൊമ്പ് കൊണ്ട് തട്ടിത്തട്ടി
ചികഞ്ഞു നോക്കിയും
ഒച്ച്‌ മുന്നേറുകയാണ്.

വീടൊരു തോടിലാക്കി
സുരക്ഷയെ തോളിലേറ്റി
ഘടികാരങ്ങള്‍ക്കൊരു
സമയപരിധിയും
നിശ്ചയിക്കപ്പെടാത്ത
വഴികളിലൂടെ
ഒച്ച്‌ നീങ്ങുകയാണ്..

പോകുംവഴികളില്‍ നരച്ച
മൃദുലഹൃദയത്തില്‍ നിന്നൂറുന്ന
ആര്‍ദ്രതയുടെ ചാലുകള്‍.

ഒരു പടിയില്‍ നിന്ന്
മറ്റൊന്നിലേക്കു ഒരു
കടലോളം ദൂരം..

ആകാശമൊരിക്കല്‍
കറങ്ങിനടന്നു വിശദമായ് കണ്ടു
മടങ്ങാവുന്നത്ര സമയം.

വഴിവക്കിലെവിടെയും
വീടിറക്കി വെക്കാം.
പകലിനെ രാവാക്കി
ഇരുട്ടുണ്ടാക്കി ചുരുണ്ടുറങ്ങാം..
ലോകമൊരു ചവിട്ടു പടിയാവുമ്പോള്‍
തിക്കിത്തിരക്കി കയറിയിറങ്ങുമ്പോള്‍
ഉന്തിത്തള്ളി തമ്മില്‍ത്തട്ടി തടഞ്ഞുവീഴുമ്പോള്‍
മുന്‍പിന്‍ നോക്കാതെ പാഞ്ഞുനടക്കുമ്പോള്‍
ഈ നടോടിക്കുമാത്രം ഒരു തിരക്കുമില്ല.

ഒച്ചിഴയുകയാണ്
മതിലുകെട്ടാത്ത നിശബ്ദതയിലൂടെ
വെളിച്ചമുള്ള ഒരന്ധതയിലൂടെ ..

Subscribe Tharjani |