തര്‍ജ്ജനി

ഡി. യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

കവിത

മാംസജീവിതത്തെക്കുറിച്ചൊരു ഉച്ചനേരം

ഇറച്ചിക്കൊതിയോടെ ഉച്ചനേരം
ഉദാസീനതയോടെ ഓർത്തുപോയി
സഹജീവിയെത്തിന്നും ക്രൂരതയെ!

ഏകാന്തതയ്ക്കെന്തോ പന്തികേട്!
പെട്ടെന്നറിയാത്ത മോഹമൂര്‍ച്ഛ?
ഞാനാകെയൊന്നു വിയര്‍ത്തുപോയി…

അന്നേരമെന്നിലെ ചോരച്ചാലില്‍
മീനുകള്‍ നീന്തുന്നതായിത്തോന്നി.
കോഴികള്‍ കണ്ഠത്തില്‍ നിന്നാവണം
കൂകിച്ചിനയ്ക്കയാണിണയോടൊപ്പം.
അരക്കെട്ടില്‍ നിന്നേതോ കാളക്കൂറ്റന്‍
മുക്രയിട്ടാക്കൊമ്പുലുക്കിടുന്നു.

സ്നായുക്കള്‍തോറും മുയല്‍ക്കിതപ്പ്
സുഷുമ്നയിലൂടെയോ പ്രാപ്പിടപ്പ്.
തലച്ചോറിലാകെയും മാനിളക്കം.
കണ്കളിലേതോ ഭയന്ന പാവം.
ഹൃദയത്തിലേതോ പിടഞ്ഞു വീഴ്ച.
സന്ധികളില്‍ ദുര്‍മൃതിച്ചോരച്ചൂര്.
അപ്പൊഴേക്കെന്‍ ദേഹമാകെയേതോ
വിത്തുകള്‍ പുല്ലുകള്‍ കിളിര്‍ത്ത തോന്നല്‍…

പെട്ടെന്നെന്‍ കുസൃതികള്‍ മക്കള്‍ വന്ന്,
കെട്ടിപ്പുണര്‍ന്നു കളിക്കുകയാല്‍,
തോന്നല്‍ച്ചരടുമുറിഞ്ഞുപോയി!…

വെന്തു രുചിക്കുന്നൊരുച്ച വീട്ടില്‍,
കരിഞ്ഞു മണക്കുന്ന ജീവിത്തില്‍,
ദുരൂഹത വഞ്ചിച്ചൊരീഭൂമിയില്‍...

Subscribe Tharjani |