തര്‍ജ്ജനി

ലാസര്‍ ഡിസില്‍വ

Visit Home Page ...

സിനിമ

നിദ്രാകാശത്തിലെ മേഘചിത്രങ്ങള്‍

സ്വപ്നനാട് എന്ന സങ്കല്പം പ്രതീക്ഷയുടെ ഏറ്റവും മൂര്‍ത്തമായ ഭാവമാണ് - അതില്‍ അടങ്ങിയിരിക്കുന്ന മോഹഭംഗത്തിന്റെ സാദ്ധ്യത ഉള്‍പ്പെടെ. സ്വപ്നങ്ങള്‍, പലപ്പോഴും കാമനകളുടെ നിദ്രാകാശത്തില്‍ എഴുതപ്പെടുന്ന മേഘചിത്രങ്ങളാണ്. ഉറക്കം ഞെട്ടുമ്പോള്‍ അവ മാഞ്ഞുപോകുന്നു - തന്റെ സ്വപ്നദേശത്തേക്ക് യാത്രപോകുന്ന നായകനോട് വഴിയാത്രയില്‍ ഒപ്പം വന്നുപെടുന്ന ബുദ്ധസന്യാസി ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്. മദ്യപനേയും സന്യാസിയേയും ആരാണ് ഗൌരവമായി എടുക്കുക എന്ന് നായകന്‍ ആ വാദം പരിഹാസത്തോടെ തുടക്കത്തില്‍ തള്ളികളയുന്നുണ്ട്. നിര്‍മ്മമജീവിതത്തിന്റെ മോക്ഷകാംക്ഷകളെകുറിച്ചാണ് ബുദ്ധിസം പറയുക. തിബത്തന്‍ ബുദ്ധിസത്തിന്റെ ശക്തമായ സാന്നിദ്ധ്യമുള്ള ഭൂട്ടാനില്‍നിന്നും ഒരു ചലച്ചിത്രം ഉണ്ടാവുമ്പോള്‍ അതില്‍ ഇത്തരമൊരു തത്വവിചാരത്തിന്റെ അടിയൊഴുക്ക് കാണാതിരിക്കുക എന്നതാവും ആശ്ചര്യകരം. ഖ്യെന്‍സെ നോര്‍ബു (Khyentse Norbu) എന്ന പ്രശസ്തനായ ബുദ്ധിസ്റ്റ് ലാമയാണ് ട്രാവലേഴ്സ് ആന്റ് മജിഷ്യന്‍സ് (Travellers and Magicians) എന്ന, ആദ്യമായി ഭൂട്ടാനില്‍ വച്ച് പൂര്‍ണ്ണമായും ചിത്രീകരിച്ച ഈ സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് എന്നതിനാല്‍ക്കൂടി അത് അനിവാര്യമായിത്തീരും.

ഖ്യെന്‍സെ നോര്‍ബുവിന്റെ രണ്ടാമത്തെ സിനിമയാണിത് (ആദ്യത്തെ സിനിമ ‘ദി കപ്പ്’ ഇന്ത്യയില്‍ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്). ഒരു സന്യാസിയുടെ സിനിമ എന്ന നിലയ്ക്കുള്ള ആദ്ധ്യാത്മികമായ ആശയപരിസരം ഇതില്‍ പ്രകടമായി ഹാജരല്ല തന്നെ. ബെര്‍ട്ടൊലൂചിയുടെ സ്കൂളില്‍ സിനിമ അഭ്യസിച്ച സന്യാസിയാണ് ഖ്യെന്‍സെ. തിബത്തന്‍ അഭയാര്‍ത്ഥികളുടെ പാലായനത്തിന്റെ ഭാഗമായി ആ ജനത ലോകത്തിന്റെ പല ഭാഗത്തും എത്തിപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് അവരുടെ ലാമമാര്‍ അന്തര്‍ദ്ദേശീയമായ വീക്ഷണം ഉള്ളവരും വിവിധങ്ങളായ ചിന്താസരണികളെ ബുദ്ധിസത്തിന്റെ ആശയങ്ങളോട് സമപ്പെടുത്തി വ്യവഹരിക്കാന്‍ ശ്രദ്ധയുള്ളവരുമാണ്. ഇന്ത്യയിലും യു. കെയിലും ആയി വിദ്യാഭ്യാസം നേടുകയും, പല അന്താരാഷ്ട്ര സംഘടനകളുമായി ഇടപെട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഖ്യെന്‍സെ, ബെര്‍ട്ടൊലൂചിയുടെ ‘ലിറ്റില്‍ ബുദ്ധ’ എന്ന സിനിമയില്‍ അടുത്തുനിന്ന് സഹകരിച്ചിട്ടുണ്ട്. സിനിമയുടെ സാദ്ധ്യതയും സങ്കേതവും ഉറപ്പുള്ള ഒരു സംവിധായകന്റെ സ്പര്‍ശം ഈ സിനിമയെ നവ്യമായ അനുഭവമാക്കുന്നു.

മൂന്ന് ഭാഗങ്ങളില്‍ ഇന്ത്യയും ഒരു ഭാഗത്ത് ചൈനയും അതിര്‍ത്തിതീര്‍ക്കുന്ന, ഹിമാലയമലനിരകള്‍ കടന്നുപോകുന്ന ഒരു ചെറിയ രാഷ്ട്രമാണ് ഭൂട്ടാന്‍. വംശീയമായും മതപരമായും തിബത്തിന്റെ ഭാഗങ്ങളുമായി കടുത്തൊരു സീമരേഖവരയ്ക്കാന്‍ സാധിക്കാത്ത രാജ്യം കൂടിയാണ് ഭൂട്ടാന്‍ - ഇന്ത്യന്‍ സംസ്ഥാനമായ സിക്കിമിനോടും. ചൈനയുടെ തിബത്തന്‍ അധിനിവേശത്തെകുറിച്ച് ഉറപ്പായും ഭയപ്പാടുള്ള ഭൂട്ടാന്‍ ബ്രിട്ടീഷ് കാലത്തിനു ശേഷം എന്നും ഇന്ത്യയോട് ചേര്‍ന്നുനിന്നു. ഇന്ത്യന്‍ സര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നെങ്കില്‍ക്കൂടിയും ഈയടുത്ത കാലം വരെ, ഒരു സ്വതന്ത്രരാഷ്ട്രമെന്ന നിലയ്ക്ക്, അധികം തുറക്കലുകളില്ലാത്ത നയതന്ത്രമാണ് ഭുട്ടാന്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. വംശഹത്യകള്‍ ഉണ്ടായില്ലെങ്കിലും, വംശീയമായ വിവേചനത്തിന്റെ ആരോപണങ്ങള്‍ ഭൂട്ടാന്‍ രാജഭരണത്തിനെതിരെയും ഉണ്ടായിട്ടുണ്ട്. എങ്കില്‍ക്കൂടിയും ഇപ്പോള്‍ ലോകത്തിലെ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന്‍. അതുളവാക്കിയ സാംസ്കാരികമായ ധ്രുവീകരണത്തിന്റെ സംഘര്‍ഷം, സമകാലികമായി ഒരുവിധമുള്ള മൂന്നാലോകരാജ്യങ്ങളെല്ലാം കടന്നുപോകുന്ന ജീവിതാവസ്ഥയുടെ പരിസരം, അന്വേഷിക്കുന്നു ഈ ചലച്ചിത്രം.

ഭൂട്ടാന്റെ സാംസ്കാരികമായ വ്യക്തിരക്തത അടയാളപ്പെടുത്താനായി സിനിമയുടെ തുടക്കത്തില്‍ത്തന്നെ സാന്ദര്‍ഭികമായി രണ്ട് ചിഹ്നങ്ങള്‍ കടന്നുവരുന്നുണ്ട്. ഒന്ന് നാടന്‍അമ്പെയ്ത്ത് മത്സരമാണ്. കേരളത്തിലെ കബഡികളിയോ പന്തുകളിയോ ഒക്കെ പോലെ ഹിമാലയത്തിന്റെ ഈ ഭാഗത്തെ താഴ്വാരകളില്‍ വാശിയേറിയ സായാഹ്നവിനോദമാണ് അമ്പെയ്ത്ത്. അതുപോലെ, ഉര്‍വരതയുടെ ബിംബം തടിയിലും മറ്റും നിര്‍മ്മിച്ചെടുക്കുന്ന ഭാരമേറിയ ലിംഗമാണ്. ഒരു ഗൃഹപ്രവേശത്തിന്റെ ഭാഗമായി ഈ ആചാരത്തിന്റെ പാര്‍ശ്വവീക്ഷണവും സിനിമ നല്കുന്നുണ്ട്. വിദൂരമായ ഭൂട്ടാന്‍ ഗ്രാമത്തില്‍ എത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഡോന്‍ഡുപ്പിന് പക്ഷെ ഇക്കാര്യങ്ങളിലൊക്കെ പരിഹാസം കലര്‍ന്ന നിസ്സംഗതയാണ്. അയാളുടെ സ്വപ്നദേശം അമേരിക്കയാണ്. റ്റിംഫുവിലെ അമേരിക്കന്‍ എംബസ്സിയിലേക്ക് ചെല്ലാന്‍ കൂട്ടുകാരന്റെ കത്തുവരുന്നതും കാത്ത് അസ്വസ്ഥനായി കഴിയുന്ന ഡോൺഡുപ്പിലാണ് സിനിമ തുടങ്ങുന്നത്.

ഉള്‍ഗ്രാമത്തില്‍നിന്നും റ്റിംഫുവിലേക്കുള്ള ഏകബസ് നഷ്ടപ്പെടുന്ന ഡോന്‍ഡുപ് കൂടുതല്‍ അസ്വസ്ഥനായി കാല്‍നടയായും ലോറിയിലുമൊക്കെയായി യാത്രതുടരുമ്പോള്‍ വഴിക്കുള്ള സ്ഥലങ്ങളില്‍നിന്നും മറ്റുചില യാത്രക്കാര്‍കൂടി അയാള്‍ക്കൊപ്പം ചേരുന്നു. അതിലൊന്ന് ഒരു യുവസന്യാസിയാണ്. വൃദ്ധനായ ആപ്പിള്‍ കച്ചവടക്കാരന്‍, മദ്യപന്‍, ഒരു അച്ചനും മകളും, ലോറി ഡ്രൈവര്‍ - ഇവരാരും ഡോൺഡുപ്പിനെ പോലെ അസ്വസ്ഥരോ തിരക്കുള്ളവരോ അല്ല എന്നുമാത്രമല്ല ഈ ലോകത്തിലെ മുഴവന്‍ സമയവും തങ്ങള്‍ക്കുള്ളതാണ് എന്ന് വിശ്വസിക്കുന്നവര്‍കൂടിയാണെന്ന് തോന്നും. വളരെ അടിസ്ഥാനത്തില്‍ മനുഷ്യാവസ്ഥ അഭിമുഖീകരിക്കുന്ന അസ്തിത്വസംബന്ധിയായ ദ്വന്ദം ലളിതമായി ഇവിടെ വിന്യസിക്കപ്പെടുന്നു. ഡോൺഡുപ്പിനൊഴിച്ച് സഹയാത്രക്കാര്‍ ആര്‍ക്കും മറ്റൊരു സ്വപ്നനാടിനെ ഓര്‍ത്തുള്ള മോഹങ്ങളില്ല. സന്യാസിയെ മാറ്റിനിര്‍ത്തിയാല്‍ മറ്റ് സഹയാത്രികര്‍ക്കാര്‍ക്കും തന്നെ തങ്ങളുടെ പരിസരത്തിനപ്പുറത്തുള്ള ഒരു ലോകത്തെകുറിച്ച് അറിവോ, അറിയാനുള്ള ആഗ്രഹം തന്നെയോ ഇല്ല. ആയിരിക്കുന്ന സ്വതരീതിക്കതീതമായ ജീവിതത്തെകുറിച്ച് വിചാരിക്കുക എന്നതിന്റെ ബോധതലം തന്നെ അവരില്‍ റദ്ദാണെന്നു കരുതാം. എന്നാല്‍ ഡോൺഡുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ അവരെല്ലാവരും അത്ഭുതകരമാംവിധം സ്വസ്ഥരും സന്തോഷമുള്ളവരുമായി കാണപ്പെടുന്നു. പ്രാഥമികതയിലെ ഇത്തരം സ്വസ്ഥതകള്‍ പക്ഷെ പുരോഗനോന്മുഖമോ സര്‍ഗ്ഗാത്മകമോ ആവില്ലതന്നെ. സംവിധായകന്റെ ആത്മസ്ഫുരണമുള്ള യുവസന്യാസി പ്രമേയത്തില്‍ പ്രസക്തമാവുന്നതിവിടെയാണ്.

സ്വപ്നദേശത്തിന്റെ അമൂര്‍ത്തതയേയും മായികതയേയും സന്ന്യാസി ഒരു കഥയിലൂടെയാണ് പ്രകാശിപ്പിക്കാന്‍ ശ്രമിക്കുന്നത്. കഥയിലേക്ക് കടക്കുമ്പോള്‍ സിനിമയുടെ അഖ്യാനസ്വഭാവം പ്രകടമായും മാറുന്നു. സാധാരണമായ ഒരു റോഡ് മൂവി എന്നമാതിരി, വളരെ ലളിതവും സ്ഥൂലവുമായി അതുവരെ തുടര്‍ന്ന നറേഷന്‍ കാഴ്ചയിലും പാഠത്തിലും സങ്കീര്‍ണ്ണമായ നിറപകര്‍ച്ചയിലേക്ക് കുതിരയോടിച്ച് പോകുന്നു അതിനുശേഷം. മദ്യത്താല്‍ ഉന്മത്തനാവുന്ന റ്റാഷി (സന്യാസി പറയുന്ന കഥയിലെ മുഖ്യകഥാപാത്രം) തനിക്കു പരിചയമില്ലാത്ത കുതിരയുടെ പുറത്തുകയറി ഓടിച്ചുപോകുമ്പോള്‍ ഒരു ഇന്ദ്രജാലത്തിലെന്നതുപോലെ കഥാപരിസരം ഇരുണ്ടതും നിഗൂഡവുമായ തലം ആര്‍ജ്ജിക്കുന്നു. റ്റാഷി ഇന്ദ്രജാലം പഠിക്കുന്ന വിദ്യാര്‍ത്ഥിയാണെന്നതും അവന്‍ പതിവില്ലാതെ മദ്യപിച്ചിരിക്കുന്നു എന്നതും ആഖ്യാനത്തെ മായികവും സ്വപ്നസമാനവും ആക്കുന്നതിനുള്ള യുക്തിഭദ്രപശ്ചാത്തലം നിവര്‍ത്തിക്കുന്നു. മൂന്ന് തലങ്ങളിലുള്ള കഥാലോകം ലയസാന്ദ്രതയോടെയാണ് സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നത് - ഡോന്‍ഡുപ്പും സന്യാസിയുമൊക്കെ പ്രത്യക്ഷപ്പെടുന്ന സമകാലത്തിന്റെ നേര്‍വര്‍ണ്ണം, സന്യാസി പറയുന്ന റ്റാഷിയുടെ കഥ, റ്റാഷി എത്തപ്പെടുന്ന സ്വപ്നലോകത്തിന്റെ നിഴല്‍നിറം. ഛിന്നമായ കഥാതലങ്ങളെ തുന്നിച്ചേര്‍ത്തിരിക്കുന്നതിലെ ലയബോധം ഉത്തരാധുനികമായ ആഖ്യാനസ്വഭാവത്തിന്റെ സ്വാഭാവികനിലയാര്‍ജ്ജിക്കും.

റ്റാഷിയുടെ ‘സ്വപ്നദേശം’ അടുത്തഗ്രാമത്തിലെ സുന്ദരികളായ പെണ്കുട്ടികളാണ്. സ്വന്തം ഗ്രാമത്തിലെ ദാരിദ്ര്യംപിടിച്ച പെണ്കുട്ടികളില്‍ അവന് താല്പര്യമില്ല. അപ്രതീക്ഷിതമായി ഒരു കുതിരയെ കിട്ടുമ്പോള്‍ അവന്‍ അതില്‍ കയറിപ്പോകുന്നതും അയല്‍ഗ്രാമത്തിലേക്കാവും. എന്നാല്‍ കുതിരസവാരി നടത്താന്‍ പരിചയമില്ലാത്ത റ്റാഷിയെ കാടിനുള്ളിലൂടെ മറ്റെവിടേയ്ക്കോ കൊണ്ടുപോകുന്നു ആ കുതിര. കാടിനുള്ളിലൂടെയുള്ള ഈ കുതിരസവാരിയുടെ ദൃശ്യവിന്യാസം ഒരു മാസ്റ്റര്‍ ചലചിത്രകാരന്റെ കയ്യൊപ്പായി മാറും. ഡോന്‍ഡുപ്പിന്റെ വാസ്തവികലോകത്തുനിന്നും റ്റാഷിയുടെ സ്വപ്നത്തിലേക്ക് അസ്വാഭാവികതയുടെ സ്പര്‍ശമില്ലാതെ അനുവാചകനും കുതിരസവാരിചെയ്യും. നിയതവും മൂര്‍ത്തവുമായ കാമനകളല്ല പലപ്പോഴും മനുഷ്യനെ നയിക്കുക. റ്റാഷിയും സുന്ദരികളായ പെണ്കുട്ടികളെ ഇഷ്ടപ്പെടുന്നത് ലക്ഷ്യമില്ലാത്ത ഒരു അഭിനിവേശത്താലാണ്. മദാലസയും കാമാതുരയുമായ ഒരു സ്ത്രീയില്‍ ചെന്നുപെടുമ്പോള്‍ താനാഗ്രഹിച്ചിരുന്നത് ഇതാണോ എന്ന വിചാരങ്ങള്‍ ഉയരാനാവുന്നതിനപ്പുറത്തുള്ള മോഹവലയുടെ മായികതയില്‍ റ്റാഷി പെട്ടുപോവുകയാണ്. ചിന്താജീവിതം നിലനിര്‍ത്താനാഗ്രഹിക്കുന്ന ചില നൈതികചോദ്യങ്ങളും ഉത്തരങ്ങളും സ്വാഭാവികമാവാന്‍ അനുവദിക്കാതെ ആ അഭിനിവേശത്തിന്റെ സാഹചര്യം സങ്കീര്‍ണ്ണമാവുന്നു. ഡെകേയ് എന്ന സ്ത്രീയുടെ ലാസ്യസൌന്ദര്യത്തില്‍ ഡോൺഡുപ്പിന്റെ സ്വപ്നദേശത്തെ സന്നിവേശിപ്പിക്കുകയാണ് തന്റെ കഥയിലൂടെ സന്യാസി. അയഥാര്‍ത്ഥമായ ക്ഷണികസ്വപ്നങ്ങളിലുള്ള സുഖാഭിരമിക്കല്‍ അതില്‍ത്തന്നെ അന്തര്‍ലീനമായ അനിവാര്യദുരന്തത്തിലേക്ക് കൊണ്ടുപോയേക്കും. ദുരന്തങ്ങളാണ് പുനര്‍വിചിന്തനങ്ങള്‍ ഉണ്ടാക്കുന്നത്. കാടിനു നടുവിലെ ഉദ്യാനസമാനമായ കുറ്റിച്ചെടികള്‍ക്കിടയില്‍ കിടന്നുകൊണ്ട് റ്റാഷിയും ഡെകേയും നടത്തുന്ന ഗൂഡാലോചനയുടെ ദൃശ്യം സിനിമയിലെ ഏറ്റവും മനോഹരവും ശക്തവുമായ സീനാണ് - അപൂര്‍വ്വമായ ഏതോ വാദ്യോപകരണത്തില്‍നിന്നും വരുന്ന വിചിത്രമായ സംഗീതത്തിന്റെ പതിഞ്ഞസ്ഥായിയിലുള്ള ആരോഹണാവരോഹണങ്ങള്‍ സുനിശ്ചിതമായ ദുരന്തത്തിന്റെ മുന്നറിവ് അനുവാചകനിലേക്ക് സംക്രമിപ്പിക്കുന്നു.

കഥയ്ക്കുള്ളിലെ സ്വപനത്തില്‍നിന്നും ആ സ്ത്രീകഥാപാത്രം ഒരു മിന്നലാട്ടം പോലെ ഡോന്‍ഡുപ്പിന്റേയും സഹയാത്രികരുടേയും മുന്നില്‍ വന്നുപോകുന്നുണ്ട്. അവരെക്കണ്ടിട്ടും നിര്‍ത്താതെപോകുന്ന മേഴ്സിഡസ് കാറിനുള്ളിലിരിക്കുന്ന പെണ്ണിനും ഡെകേയുടെ മുഖമാണെന്ന് ഞെട്ടലോടെ അനുവാചകര്‍ അറിയുന്നു. “ആ സ്ത്രീയും ഡോന്‍ഡുപ്പിനെപ്പോലെ അമേരിക്കയിലേക്കു തിരക്കിട്ടുപോവുകയാണെന്ന് തോന്നുന്നു” എന്ന് സന്യാസി പറയുമ്പോള്‍, അയാള്‍ തന്റെ കഥയിലെ ആശയത്തെ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ കാലികവ്യഗ്രതകള്‍ മുന്നോട്ടുവയ്ക്കുന്ന ആശയത്തിലേക്ക് പരോക്ഷമായി ആരോപിക്കുകയാണ് ചെയ്യുന്നത്. സിനിമ, കലയെന്ന നിലയ്ക്ക് സത്യാത്മകമായ ഔന്നത്യങ്ങളെ അന്വേഷിക്കുന്ന അതീതതലം, ആധുനികാനന്തരകല മുന്നോട്ടുവയ്ക്കുന്ന ആഖ്യാനസ്വഭാവത്തിന്റെ ദര്‍ശനപരമായ വ്യതിരക്തത, ഇവിടെ സര്‍ഗ്ഗാത്മകമായി പ്രകാശിപ്പിക്കപ്പെടുന്നുണ്ട്.

ആശയങ്ങളെ സമൂര്‍ത്തമായി അവതരിപ്പിക്കാനുള്ള ശക്തമായ ആയുധമാണ് ദ്വന്ദങ്ങളുടെ താരതമ്യം. ഡെകേയ് എന്ന മദാലസമായ സ്വപ്നലോകത്തിനു വിപരീതമായി വിന്യസിക്കപ്പെടുന്നു, യാഥാര്‍ത്ഥ്യമായി മുന്നിലുള്ള സോനം എന്ന ഗ്രാമീണപെണ്‍കുട്ടി. ഒറ്റനോട്ടത്തില്‍ തന്നെ അവരുടെ മുഖഭാവങ്ങളും ശരീരചലനങ്ങളും തികച്ചും വ്യത്യസ്തമായ രണ്ട് ലോകങ്ങളെ പ്രക്ഷേപണംചെയ്യുന്നു. സോനം വിദ്യാഭ്യാസത്തില്‍ പിറകിലായതുകൊണ്ട് കോളേജില്‍ പ്രവേശനം കിട്ടാതെ അച്ഛനോടൊപ്പം ഗ്രാമത്തില്‍ വന്നു താമസിച്ച് റൈസ്പേപ്പര്‍ നിര്‍മ്മാണത്തില്‍ അയാളെ സഹായിക്കുകയാണ്. എന്നാല്‍ യാത്രക്കിടയില്‍ ഒരു സമയം അവള്‍ ഡോന്‍ഡുപ്പിനോട് പറയുന്നുണ്ട്, മാര്‍ക്ക് കുറവായതുകൊണ്ടോ തുടര്‍വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കാത്തതുകൊണ്ടോ അല്ല താന്‍ തിരിച്ച് ഗ്രാമത്തിലേക്ക് വന്നത് എന്ന്. നാട്ടില്‍ വൃദ്ധനായ അച്ഛന്‍ തനിച്ചായിപോകുമല്ലോ എന്ന വ്യഥയില്‍, അങ്ങിനെയൊരു കള്ളം പറഞ്ഞ് അവള്‍ നഗരത്തില്‍നിന്നും മടങ്ങുകയായിരുന്നു. സിനിമയുടെ തുടക്കത്തില്‍, ഡോന്‍ഡുപ്പിനോട് അവന്റെ കൂട്ടുകാരന്‍ ചോദിക്കുന്നുണ്ട് നീ അമേരിക്കയില്‍ പോകുമ്പോള്‍ പ്രായമായ അച്ഛനേയും അമ്മയേയും ആരു് സംരക്ഷിക്കും എന്ന്. അവരെങ്ങിനെയെങ്കിലും ജീവിച്ചോളും എന്ന അലസമായ മറുപടിയാണ് ഡോന്‍ഡുപ് പറയുന്നത്. വ്യത്യസ്തമായ വീക്ഷണങ്ങള്‍, പക്ഷെ ഒരു സന്ദേശം എന്ന നിലയ്ക്കുള്ള പ്രകടനപരതോടെയല്ല പ്രകാശിപ്പിക്കപ്പെടുക - പ്രമേയം ലീനമായി വിക്ഷേപണം ചെയ്യുന്ന ദ്വന്ദങ്ങളെ, കാഴ്ച്ചക്കാരന് തന്റെ മനോനിലയനുസരിച്ച് പ്രശ്നവല്‍ക്കരിക്കാമെന്നാവും അത്.

ഡോന്‍ഡുപ് അമേരിക്കയിലേക്കുള്ള യാത്ര ഒഴിവാക്കിയോ? അയാള്‍ ഗ്രാമത്തിലേക്ക് മടങ്ങിചെല്ലുകയും സോനത്തെ വീണ്ടും കാണുകയും ചെയ്തിരിക്കുമോ? അത്തരം തീര്‍പ്പുകളിലേക്കൊന്നുമെത്താതെ സോനത്തേയും അച്ഛനേയും വഴിയില്‍ ഉപേക്ഷിച്ച് അയാള്‍ റ്റിംഫുവിലേക്കുള്ള യാത്രതുടരുമ്പോള്‍ സിനിമ കഴിയുന്നു. പക്ഷെ സ്വപ്നദേശങ്ങളുടെ നിരര്‍ത്ഥകത അയാളറിയാതിരിക്കുന്നില്ല - തന്റെ അമേരിക്കന്‍യാത്രയെക്കുറിച്ച് സന്യാസിയുമായുള്ള ഒരു ഫലിതസംഭാഷണത്തിലാണ് അയാള്‍ യാത്രയുടെ അവസാനഭാഗത്ത്. തുടക്കത്തില്‍ കണ്ടതുപോലെ അപ്പോള്‍ അയാള്‍ അസ്വസ്ഥനല്ല, തിരക്കുള്ളവനുമല്ല. ഉറക്കെ ചിരിച്ചുകൊണ്ട് അയാള്‍ ജീവിതത്തിന്റെ മറ്റൊരു രേഖ മുറിച്ചുകടക്കുന്നു, സിനിമയുടെ സാക്ഷാത്കാരകന്‍ സാര്‍ത്ഥകമായ ഒരു തത്വവിചാരത്തിന്റേയും.

Subscribe Tharjani |