തര്‍ജ്ജനി

മുഖമൊഴി

നിഷ്ഠുരതയുടെ കാലത്ത് ഒരു പത്രാധിപര്‍ ചെയ്യുന്നത്

ടി. പി. ചന്ദ്രശേഖരന്‍വധത്തെത്തുടര്‍ന്ന് കേരളത്തില്‍ സംജാതമായ അന്തരീക്ഷം സമാനതകളില്ലാത്തതാണ്. സി. പി. ഐ (എം)ന്റെ നേതാക്കള്‍ പറയുന്നതുപോലെ കേരളത്തില്‍ ആദ്യമായല്ല ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്. എന്നിട്ടും ഈ കൊലയുടെ പേരില്‍ പാര്‍ട്ടിയെ പിച്ചിക്കീറാന്‍ പാര്‍ട്ടിശത്രുക്കള്‍ ശ്രമിക്കുന്നുവെന്ന് പാര്‍ട്ടിയുടെ സെക്രട്ടറി പിണറായി വിജയന്‍ പത്രസമ്മേളനത്തിലും പ്രസംഗങ്ങളിലും ആവര്‍ത്തിക്കുന്നു. അതിനിടയിലാണ് കേരളത്തിലെ തലമുതിര്‍ന്ന പത്രാധിപരില്‍ ഒരാളായ എസ്. ജയചന്ദ്രന്‍നായര്‍, സമകാലികമലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചുവരികയായിരുന്ന പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കാവ്യത്തിന്റെ പ്രസിദ്ധീകരണം നിറുത്തിവെക്കുന്നത്. കവി പ്രഭാവര്‍മ്മ ടി. പി. ചന്ദ്രശേഖരന്‍വധത്തെത്തുടര്‍ന്ന് ദേശാഭിമാനിപത്രത്തില്‍ എഴുതിയ ലേഖനങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ നടപടി. ടി. പി. ചന്ദ്രശേഖരന്റെ വധത്തെ അപലപിക്കുന്നവര്‍ സാംസ്കാരികരംഗത്തെ ക്വട്ടേഷന്‍സംഘമാണ് എന്ന് ദേശാഭിമാനിവാരികയുടെ പത്രാധിപര്‍ മുഖക്കുറിപ്പെഴുതി. ആ മുഖക്കുറിപ്പ് ഞങ്ങളെ ഭയപ്പെടുത്തുന്നില്ലെന്നതിനാല്‍, സാംസ്കാരികരംഗത്തെ ക്വട്ടേഷന്‍സംഘമായി ദേശാഭിമാനിയാല്‍ മുദ്രകുത്തപ്പെടുന്നത് അപമാനകരമായി ഞങ്ങള്‍ കണക്കാക്കുന്നില്ലെന്നതിനാലും ഈ സന്ദര്‍ഭത്തില്‍ അത് അഭിമാനാവഹമായ കാര്യമായി ഞങ്ങള്‍ കരുതുന്നുവെന്നതിനാലും തര്‍ജ്ജനി മാസിക, അഭിമാനപൂര്‍വ്വം ജയചന്ദ്രന്‍നായരെ പിന്തുണയ്ക്കുന്നു, അഭിവാദനം ചെയ്യുന്നു. ഒരു പത്രാധിപരുടെ വിവേകപൂര്‍ണ്ണമായ പ്രതികരണത്തിന്റെ പേരില്‍ ഞങ്ങള്‍ അഭിമാനംകൊള്ളുന്നു.

കേരളത്തിലെ പൊതുജീവിതത്തെ ബാധിക്കുന്ന ചെറുതും വലുതുമായ പ്രശ്നങ്ങളില്‍ പ്രതികരിക്കുന്ന ശീലമുള്ളവരാണ് സാംസ്കാരികനായകന്മാര്‍ എന്ന് വിളിക്കപ്പെടുന്ന കേരളത്തിലെ എഴുത്തുകാര്‍. എല്ലാകാര്യങ്ങളിലും പ്രതികരിക്കുക എന്നത് പ്രായോഗികമായി അസാദ്ധ്യമായ കാര്യമാണ്. എന്നാല്‍ അതിനപ്പുറം ഏതിലൊക്കെ പ്രതികരിക്കണം, ഏതൊക്കെ മൗനത്തിലൂടെ തമസ്കരിക്കണം എന്ന് നന്നായി അറിയുന്നവരാണ് കേരളത്തിലെ സാംസ്കാരികനായകന്മാര്‍. ഒരു രാഷ്ട്രീയപ്രവര്‍ത്തകനെ രാഷ്ട്രീയവൈരം കാരണം അതീവനിഷ്ഠുരമായി തെരുവില്‍ കൊലചെയ്യപ്പെടുത്തിയ ഈ സന്ദര്‍ഭത്തില്‍ മൗനംകൊണ്ട് വിവേകികളാവാനാണ് സാംസ്കാരികനായകര്‍ തീരുമാനിച്ചത്. തങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാന്‍പോലും ധൈര്യമില്ലാതെ മൗനത്തിലൂടെ ഒളിച്ചിരുന്ന ഇത്തരം പ്രതികരണവിശാരദന്മാരെ സോഷ്യല്‍നെറ്റ് വര്‍ക്കുകളിലെ രോഷാകുലരായ മലയാളികള്‍ ശവങ്ങള്‍ എന്നാണ് വിളിച്ചത്. ഇങ്ങനെ പ്രതികരിച്ചവര്‍ പാര്‍ട്ടി സെക്രട്ടറി പറയുന്നതുപോലെ അവരെ പിച്ചിച്ചീന്താന്‍ നടക്കുന്ന പാര്‍ട്ടിശത്രുക്കളല്ല. പാര്‍ട്ടിവിധേയത്വം കാരണം നേതാക്കന്മാരുടെ എല്ലാ നെറികേടുകളും സ്വന്തം പ്രശ്നമായി തെറ്റിദ്ധരിച്ച് ന്യായീരിക്കുന്നവരല്ലാതെ ജീവിക്കുന്ന മലയാളികളാണ്. അതിനാല്‍ത്തന്നെ എതിര്‍കക്ഷിക്കാരന്റെ വിമര്‍ശനത്തിനപ്പുറം അര്‍ത്ഥവും മൂല്യവും അതിനുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ ആര് ജയിക്കണം ആര് തോല്ക്കണം എന്ന് തീരുമാനിക്കുന്നത്, തെരഞ്ഞെടുപ്പ് വിശാരദന്മാര്‍ പതിനഞ്ച് ശതമാനത്തോളമെന്ന് കണക്കാക്കുന്ന, ഈ സ്വതന്ത്രസമൂഹമാണ്. ഓരോ സന്ദര്‍ഭത്തിലും തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് വിളിച്ചുപറയുകയും അതിനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുടെ ഈ സമൂഹം നാള്‍തോറും വലുതായി വരികയാണ്. ഇവര്‍ അരാഷ്ട്രീയവാദികളല്ല. പാര്‍ട്ടിവിധേയരില്‍ നിന്നും വ്യത്യസ്തമായ രാഷ്ട്രീയജാഗ്രതയുള്ളവരാണ്. അഴിമതിയിലും പിടിപ്പുകേടിലും ആരാണ് ഒന്നാം സ്ഥാനത്തെത്തുകയെന്ന മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാരന്റെ ഏറാന്‍മൂളികളായിരിക്കുക എന്നത് യോഗ്യതയായി കണക്കാക്കാത്ത ഈ സ്വതന്ത്രസമൂഹത്തിന്റെ പ്രതികരണം സാംസ്കാരികനായകന്മാരെ മൗനത്തില്‍ നിന്ന് പുറത്തുകടക്കാന്‍ പ്രേരിപ്പിച്ചു. ഒ. എന്‍. വി കുറുപ്പും സുഗതകുമാരിയും നടത്തിയ പ്രതികരണങ്ങള്‍ സഹതാപജനകമായിരുന്നു. പേടികൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്ന് പറഞ്ഞ ബാലചന്ദ്രന്‍ ചുള്ളിക്കാട് സത്യം പറയാനുള്ള ധീരത തനിക്കുണ്ടെന്ന് തെളിയിച്ചു. ചുള്ളിക്കാടിന്റെ വാക്കുകള്‍ സത്യമാണെന്ന് വര്‍ത്തമാനകേരളീയ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അറിയുന്നവരെല്ലാം ശരിവെക്കുന്നതുമാണ്. മനുഷ്യച്ചങ്ങലയില്‍ കൈകോര്‍ക്കാന്‍ പോയവരും രാഷ്ട്രീയദാസ്യം കാരണം യജമാനപ്രീതിക്കുവേണ്ടി കാലാകാലം പ്രതികരിച്ചിരുന്നവരും അപ്പോഴും നാണംകെട്ട മൗനം അവലംബിക്കുകയായിരുന്നു. അവര്‍ക്ക് നീതീകരണവുമായി കടന്നുവരികയാണ് സാംസ്കാരികരംഗത്തെ ക്വട്ടേഷന്‍സംഘത്തെ കാണിച്ച ദേശാഭിമാനി വാരികയുടെ പത്രാധിപര്‍.

തങ്ങളോട് യോജിക്കാത്തവരെ കൊല്ലാനോ അവരുടെ സ്വകാര്യജീവിതവും വ്യക്തിജീവിതവും പ്രയാസകരമാക്കിത്തീര്‍ക്കാനും കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സാധിക്കുന്നുവെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പാര്‍ട്ടിഗ്രാമങ്ങള്‍ എന്ന പേരില്‍ മാദ്ധ്യമങ്ങള്‍ വിശേഷിപ്പിച്ച സമൂഹങ്ങള്‍ കേരളത്തില്‍ നിലനില്ക്കുന്നു. സ്വാധീനമുള്ള സ്ഥലങ്ങളില്‍ തങ്ങളോട് വിധേയത്വം പുലര്‍ത്താത്തവരെ ജീവിക്കാന്‍ അനുവദിക്കാതിരിക്കുന്ന ഫാസിസ്റ്റ് സമൂഹങ്ങളാണവ. കമ്യൂണിസ്റ്റ് പാര്‍ട്ടി ഈ സംസ്കാരം വളര്‍ത്തിയെടുക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ആള്‍ബലത്തില്‍ പിറകിലായിപ്പോയ സി.പി.ഐക്കാരെ, അവര്‍ അക്കാലംവരെ തങ്ങളുടെ സഖാക്കളായിരുന്നുവെന്ന ആലോചനപോലുമില്ലാതെ, വേട്ടയാടിയ ചരിത്രം വെളിയം ഭാര്‍ഗ്ഗവനും പന്ന്യന്‍ രവീന്ദ്രനും മറക്കാനാവുമോ? ഗത്യന്തരമില്ലാതെ മറുകണ്ടം ചാടിപ്പോകേണ്ടിവന്ന സഖാക്കളെ രക്ഷിക്കാന്‍ സി. പി. ഐക്കാര്‍ക്ക് കഴിഞ്ഞില്ല. കണ്ണൂര്‍ ജില്ലയില്‍ എടുത്തുപറയാന്‍പോലും ഇല്ലാതിരുന്ന ആര്‍. എസ്. എസ്സിനെ സംഘബലവും ആയുധവും ഉപയോഗിച്ച് എതിര്‍ത്തുതോല്പിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് സംഘപരിവാര്‍ സ്വാധീനം അവിടെ വളര്‍ന്നുവന്നത്. അവരുമായി രണ്ടരപ്പതിറ്റാണ്ടുകാലം തെരുവുയുദ്ധം നടത്തി നിരവധി ചെറുപ്പക്കാരെ കൊലക്കത്തിക്കിരയാക്കി. കൊല്ലപ്പെട്ടത് രണ്ടുപക്ഷത്തുമുള്ള നിര്‍ദ്ധനരും തൊഴില്‍രഹിതരുമായ ചെറുപ്പക്കാരാണ്. നിരവധിപ്പേര്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ആരോഗ്യം നഷ്ടപ്പെട്ടവരായി.

ആശയങ്ങളെ ആയുധംകൊണ്ട് നേരിടുകയല്ല ഞങ്ങളുടെ രീതി, എതിരാളികളെ കൊന്നൊടുക്കുയെന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം എന്നെല്ലാം എല്ലാ കാലത്തും രാഷ്ട്രീയക്കാര്‍ പറയാറുള്ളതാണ്. ഒരു പാര്‍ട്ടിയുടെ ഭരണഘടനയിലും പ്രവര്‍ത്തനപരിപാടിയുടെ ഭാഗമായി എതിരാളികളെ തല്ലുകയും കൊല്ലുകയും ചെയ്യുമെന്ന് എഴുതിവെക്കാന്‍ നമ്മുടെ നാട്ടിലേതെന്നല്ല ഒരു പരിഷ്കൃതസമൂഹത്തിലേയും നിയമം അനുവദിക്കില്ല.പാര്‍ട്ടിപരിപാടി ഏട്ടിലെ പശുവാണ്. അതനുസരിച്ച് ഒരു പാര്‍ട്ടിയും പ്രവര്‍ത്തിക്കില്ല. ഇതെല്ലാം നാട്ടിലെ നിരക്ഷരനുപോലും അറിയാവുന്ന കാര്യങ്ങളാണ്. എന്നാലും നേതാക്കള്‍ നിര്‍ല്ലജ്ജം മൈക്രോഫോണിനു മുന്നില്‍ നിന്ന് ഇതെല്ലാം വിളിച്ചു പറയും. നിര്‍ല്ലജ്ജമായി നുണപറയാം എന്നും പാര്‍ട്ടി പരിപാടിയിലില്ലെങ്കിലും അവരത് ചെയ്യും. പാര്‍ട്ടിയുടെ ഭരണഘടനയിലും പരിപാടിയിലുമില്ലാത്ത കാര്യങ്ങള്‍ ചെയ്താണ് എല്ലാ പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത്. പറയുന്നത് നുണയാണെന്ന് പറയുന്നവനും കേള്‍ക്കുന്നവനും അത് റിപ്പോര്‍ട്ട് ചെയ്യുന്ന പത്രപ്രവര്‍ത്തകനും അറിയാം. പത്രത്തില്‍ അത് വായിച്ച് തൊണ്ട തൊടാതെ വിഴുങ്ങാന്‍ ആരുമില്ലെന്ന് പത്രക്കാര്‍ക്കും അറിയാം. എന്നിട്ടുമെന്തിനാണ് ഈ നുണകള്‍? അവിടെയാണ് ഇടുക്കിയിലെ സി.പി.എം ജില്ലാ സെക്രട്ടറിയായ എം. എം. മണിയുടെ വ്യതിയാനം എന്ന ഐതിഹാസികഫലിതത്തിന്റെ അര്‍ത്ഥമാനങ്ങള്‍ വ്യക്തമാവുക.

എം. എം. മണി പ്രസംഗത്തില്‍ പറഞ്ഞത്, കൊന്നാല്‍ അന്തസ്സായി അത് പറയുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേത്, ശക്തിയുള്ളിടത്ത് അടിക്കും, കൊല്ലും, ഞങ്ങള്‍ പട്ടികയുണ്ടാക്കി കൊന്നിട്ടുണ്ട്, പതിമൂന്ന് പേരുടെ പട്ടിക, അതില്‍ ആദ്യത്തവനെ വെടിവെച്ചുകൊന്നു, രണ്ടാമത്തവനെ തല്ലിക്കൊന്നു, മൂന്നാമത്തവനെ കുത്തിക്കൊന്നു, വണ്‍, ടു, ത്രീ എന്ന ക്രമത്തില്‍. നോക്കുക, എത്രമാത്രം അടുക്കും ചിട്ടയോടും പ്രവര്‍ത്തിക്കുന്നതാണ് മണിയുടെ പാര്‍ട്ടി. അദ്ദേഹം പറഞ്ഞതുപോലെ , കൊല്ലും, കൊന്നാല്‍ അത് അന്തസ്സായി വിളിച്ചു പറയും. അത് അദ്ദേഹം ചെയ്തു കാണിച്ചു. അദ്ദേഹമല്ലാതെ വേറെയാരും അങ്ങനെ ചെയ്യാറില്ല. മണി പറഞ്ഞ കൊലപാതകങ്ങള്‍ നടത്തിയ കാലത്ത് മണിയും ഇതുപോലെ പരസ്യമായി ഞങ്ങളാണ് കൊന്നതെന്ന് പറഞ്ഞിട്ടില്ല. അതിരിക്കട്ടെ, അദ്ദേഹത്തിന്റെ പാര്‍ട്ടി ഒരിക്കലും ഒരിടത്തും മണ്ടന്‍ മുത്തപ്പയായി, അത് ഞമ്മളതാണ് എന്ന് എവിടെയും പറഞ്ഞതായി കേട്ടിട്ടില്ല. മണി പറഞ്ഞതില്‍, അന്തസ്സായി വിളിച്ചുപറയും എന്നത് സാധാരണനിലയില്‍ മണിയുടെ പാര്‍ട്ടി മാത്രമല്ല ഒരു പാര്‍ട്ടിയും ചെയ്യാറില്ല. എന്തെങ്കിലും ഞഞ്ഞാ മിഞ്ഞ പറയുകയാണ് പതിവ്. അല്ലെങ്കില്‍ ഉത്തരവാദിത്തം വേറെയാരുടേയെങ്കിലും തലയില്‍ കെട്ടിവെക്കും. ഇങ്ങനെ ചെയ്യുമെന്ന് ഒരു പാര്‍ട്ടി ഭരണഘടനയിലും പരിപാടിയും കാണില്ല, പക്ഷെ അതാണ് ചെയ്യുക. ആ പതിവില്‍ നിന്ന് മണിക്ക് വ്യതിയാനമുണ്ടായി എന്നാണ് പിണറായി വിജയന്‍ പത്രസമ്മേളനം വിളിച്ച് വ്യതിയാനമുണ്ടായി എന്ന് പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത്. അതും എല്ലാവര്‍ക്കും മനസ്സിലാകും. ഇതിലൊന്നും എവിടെയും ദുരൂഹതയില്ല. പൊതുവേ, സാഹിത്യത്തിലും മറ്റു കാര്യങ്ങളിലും ദുരൂഹതയ്ക്ക് എതിരാണല്ലോ കമ്യൂണിസ്റ്റുകാരും മറ്റ് രാഷ്ട്രീയക്കാരും.

ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകം നടന്നപ്പോള്‍ ആദ്യം സി.പി.ഐ എമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി ഞങ്ങള്‍ക്കതില്‍ പങ്കില്ല എന്ന് പ്രസ്താവിച്ചു. പതിവുരീതിയിലുള്ള നിഷേധമായി മാത്രമേ അതിനെ എല്ലാവരും കണക്കാക്കിയുള്ളൂ. പിന്നീട് പാര്‍ട്ടിയുടേതായി വന്ന പ്രസ്താവന, കൊലപാതകത്തിലെ തീവ്രവാദബന്ധം അന്വേഷിക്കണമെന്നാണ്. കൊലയാളികള്‍, അവര്‍ സഞ്ചരിച്ച വാഹനത്തിന്റെ പിന്നില്‍ മാശാ അല്ലാ എന്ന അറബ് ഭാഷയിലെ സ്റ്റിക്കര്‍ ഒട്ടിച്ചുവെച്ചിരുന്നു. കൊലയ്ക്കു പിന്നില്‍ ഇസ്ലാമികതീവ്രവാദികളാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള വിദ്യയായിരുന്നു അതെന്ന് പെട്ടെന്നുതന്നെ വെളിപ്പെട്ടു. മുമ്പ്, തലശ്ശേരിയില്‍ ഡി.വൈ.എഫ്.ഐയില്‍ നിന്നും രാജിവെച്ച് എന്‍. ഡി. എഫില്‍ ചേര്‍ന്ന ഫസലിനെ കൊന്നപ്പോള്‍ ഹിന്ദു വര്‍ഗ്ഗീയവാദികളാണ് കൊലയാളികള്‍ എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കൊല നടന്ന ഇടത്ത് ത്രിശൂലം വെച്ചിരുന്നു. സി.ബി.ഐ അന്വേഷണത്തെത്തുടര്‍ന്ന് സി.പി.ഐ.എം നടത്തിയ കൊലയാണ് അതെന്ന് വെളിപ്പെട്ടിരിക്കുന്നു. ആ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഏരിയാ കമ്മിറ്റിയംഗം ചന്ദ്രശേഖരന്‍ വധത്തിന്റെ പിറകിലുമുള്ളതായി പോലീസിന്റെ അന്വേഷണത്തിലൂടെ വ്യക്തമായിരിക്കുന്നു. അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സി.പി.ഐ.എം ബന്ധമില്ലാത്ത ഒരാളെപ്പോലും ഇതുവരെ കേസിന്റെ ഭാഗമാക്കിയിട്ടില്ല. സി.പി.എമ്മിനോടുള്ള വിരോധമോ, ആസൂത്രിതമായ ഗൂഢാലോചനയോ, മുല്ലപ്പള്ളി രാമചന്ദ്രന്റേയും രമേശ് ചെന്നിത്തലയുടേയും ഇടപെടലോ ആയിരിക്കാം ഇതിന് കാരണമെന്ന് സ്വബോധമുള്ള ഒരു മലയാളിയും കരുതുന്നില്ല. ടി. പി.ചന്ദ്രശേഖരന്‍ വധത്തിന്റെ പിന്നാമ്പുറക്കഥകള്‍ വിളിച്ചുപറയാന്‍ വേറൊരു എം. എം. മണിയില്ലെങ്കിലും ഇതിനു പിന്നിലുള്ള താല്പര്യവും ശക്തികളും ആരെന്ന് മനസ്സിലാക്കാനുള്ള മലയാളിയുടെ വിവേകത്തെ തള്ളിക്കളയാന്‍ ആര്‍ക്കും കഴിയില്ല.

ഏത് അന്വേഷണത്തേയും നേരിടാന്‍ പാര്‍ട്ടി തയ്യാറാണെന്ന് പ്രഖ്യാപിച്ച സി.പി.ഐ എം ഇപ്പോള്‍ അന്വേഷണസംഘത്തെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തെ തടയുന്നു. ഇതിലൊന്നും വലിയ അത്ഭുതമില്ല. പറയുന്നതും ഭരണഘടനയിലും പരിപാടിയിലും രേഖപ്പെടുത്തിയതും ചെയ്യുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്ത ഒരു പാര്‍ട്ടിയുടെ കാര്യത്തില്‍ ഇതെല്ലാം തികച്ചും സ്വാഭാവികം തന്നെ. എന്നാല്‍ തങ്ങള്‍ പറയുന്നതും ചെയ്യുന്നതും തിരുവായ്ക്ക് എതിര്‍വായില്ലാതെ നാട്ടുകാരെല്ലാം വിഴുങ്ങിക്കൊള്ളണം എന്ന് ശഠിച്ചാല്‍ വിഷമമാണ്. അമ്പത്തിയൊന്ന് വെട്ടുവെട്ടി തെരുവില്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തകനെ, തങ്ങള്‍ക്കിഷ്ടമില്ല എന്ന ഒറ്റക്കാരണത്താല്‍ കൊലപ്പെടുത്തിയതിനുശേഷം ഇങ്ങനെ പ്രതീക്ഷിക്കുന്നത് കേരളീയരുടെ സാമൂഹിക വിവേകത്തെ അവഹേളിക്കലാണ്. മാദ്ധ്യമങ്ങളും പോലീസും പൊതുജനങ്ങളും എല്ലാം ഈ നിഷ്ഠുരതയോടൊപ്പം നില്ക്കണം എന്ന് ആഗ്രഹിക്കുന്നതിന് എന്ത് നീതീകരണമാണുള്ളത്.

ഇത്തരം സന്ദര്‍ഭത്തിലാണ് പ്രഭാവര്‍മ്മ താന്‍ ജോലി ചെയ്യുന്ന, ദേശാഭിമാനി എന്ന പേരിലുള്ള സി.പി.ഐ.എം മുഖപത്രത്തില്‍ പാര്‍ട്ടി നിലപാടിനെ സാധൂകരിക്കുന്ന ലേഖനങ്ങള്‍ എഴുതുന്നത്. ആള്‍ബലം കൊണ്ടും സമ്പത്തുകൊണ്ടും ശക്തമായ ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തനം കാരണംനിസ്സഹായരാക്കപ്പെട്ട കേരളീയസമൂഹത്തെ ഭയപ്പെടുത്തിയും സാംസ്കാരിക ക്വട്ടേഷന്‍സംഘമെന്ന് മുദ്രകുത്തുമെന്ന് ഭീഷണിപ്പെടുത്തിയും നിശ്ശബ്ദമാക്കുന്ന ഒരു സാഹചര്യത്തില്‍ പൊതുസമൂഹത്തിലെ ഒരംഗം എന്ന നിലയില്‍ എസ്. ജയചന്ദ്രന്‍നായര്‍ കൈക്കൊള്ളുന്ന തീരുമാനമാണ് നിഷ്ഠുരതയോടൊപ്പം നിലക്കൊള്ളുന്ന കവിയുടെ തുടര്‍രചനയുടെ പ്രസിദ്ധീകരണം നിര്‍ത്തിവെക്കുക എന്നത്. ഒരു പത്രാധിപര്‍ എന്ന നിലയില്‍ തന്റെ പ്രസിദ്ധീകരണത്തില്‍ എന്ത് പ്രസിദ്ധീകരിക്കണം എന്ന് നിശ്ചയിക്കുവാനുള്ള പരമാധികാരമുള്ള ഈ പത്രാധിപര്‍ ഒരു വിശദീകരണക്കുറിപ്പോടെയാണ് കവിതയുടെ പ്രസിദ്ധീകരണം നിറുത്തിവെക്കുന്നത്. ഇത്രയെങ്കിലും ചെയ്യാനായില്ലെങ്കില്‍ സ്വയം അനുഭവിക്കേണ്ടിവരുന്ന കുറ്റബോധം ഓരോ മലയാളിയേയും നീറ്റുന്നുണ്ട്. ആക്രമത്ത ഭയന്ന്, സാമൂഹികബഹിഷ്കരണം ഭയന്ന് പ്രതികരിക്കാനാവാത്ത ഓരോ മലയാളിയുടേയും നിസ്സഹായതയെയാണ് ജയചന്ദ്രന്‍നായരുടെ ഈ കവിതാതിരസ്കാരം സമാശ്വസിപ്പിക്കുന്നത്. നിഷ്ഠുരതകളോട് തങ്ങളാലാവുംവിധം പ്രതികരിക്കുക. അതാണ് ഈ നടപടി നല്കുന്ന സന്ദേശം. ഞങ്ങള്‍ ആ സന്ദേശം ഏറ്റെടുക്കുന്നു. തലമുതിര്‍ന്ന ഈ പത്രാധിപസഹോദരനുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

Subscribe Tharjani |
Submitted by Anonymous (not verified) on Thu, 2012-06-07 22:32.

പ്രഭാവര്‍മ്മ എത്ര അലക്കിയാലും പി.ജയരാജന്റെ കുപ്പായം വെളുക്കില്ല.
കുലംകുത്തികളേ മുന്നോട്ട്.....

Submitted by സുധാകരൻ.കെ.പി. (not verified) on Fri, 2012-06-08 06:43.

കഴിഞ്ഞ മലയാളത്തില്‍,വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ പഴവിള രമേശന്റെ അഭിപ്രായം പ്രസക്തമായി തോന്നി.

Submitted by Jacob Sudheer (not verified) on Fri, 2012-06-08 14:08.

പ്രഭാവര്‍മ്മയുടെ ഇരട്ടത്താപ്പ് പൊതുജനമധ്യത്തില്‍ തുറന്നു കാണിക്കാന്‍ ആര്‍ജ്ജവം കാണിച്ച ജയചന്ദ്രന്‍നായര്‍ പ്രശംസ അര്‍ഹിക്കുന്നു ...ഹീനമായ ഒരു കൊലപാതകതെയും അതിനോടനുബന്ധിച്ചു പ്രസ്ഥാനത്തില്‍ വന്നടിഞ്ഞ വിഴുപ്പുകളെയും മറഞ്ഞിരുന്നു അലക്കിവെളുപ്പിക്കാനുള്ള ശ്രമത്തെ വെളിച്ചത് കൊണ്ട് വന്നത് ശ്ലാഘനീയം തന്നെ.

Submitted by Anonymous (not verified) on Fri, 2012-06-08 23:29.

ഫേസ് ബുക്കില്‍ ഷാജഹാന്‍ എഴുതിയ പ്രതികരണകവിത

കാല്പനികന്‍ കവി ..ഒരു പ്രതികരണ കവിത....

ശവം സ്വയം വെട്ടിയും കൊന്നും കാല്പനികമായി മരിച്ചെന്ന് സച്ചിക്കവി
അമ്പത്തൊന്ന് വെട്ട് എന്തിനന്ന് ശങ്കരന്‍ കവി..
വെട്ടാനോ മോങ്ങാനോ വയ്യെന്ന് സുഗതടീച്ചറും കുറുപ്പു മാഷും..
ചുള്ളിക്കാട് പേടിച്ചും കിതച്ചും ചെരിഞ്ഞും ചാഞ്ഞും ചില നവരസങ്ങളും സല്ലാപവും നടത്തി ഒടുക്കം വെട്ടിയത് തന്നെത്തന്നെ..

ഒരു കവിയുടെ വെട്ടിലും തിരുത്തലിലും കശാപ്പുകാരന്‍റെ കത്തിയില്ല. കടലാസില്‍ കണ്ണീരില്ല...
ആരാച്ചാരുടെ തേറ്റയില്ല..
ഇപ്പോള്‍ ഉണക്കിത്തേച്ച
പോളിയെസ്റ്റര്‍ കുപ്പായം പോലെ കവിതയും കടലാസും
ഒരു ചുളിവ് പോലുമില്ലാതെ നീണ്ട് നിവര്‍ന്ന് കിടക്കുന്നു..

പല കണ്ണുകള്‍ ഇരുട്ടിലും തലക്ക് മുകളില്‍ പ്രകാശിച്ച് നിന്നാല്‍
നിങ്ങളെങ്ങിനെ കവിത എഴുതും..

സച്ചി മാഷേ..
നമുക്ക് കാല്പനികരാകാം
ഗോതമ്പു പാടങ്ങളുടെ വാന്‍ഗോഗും
ലോഹമലകളുടെ നെരൂദയും പാടാം....
പരമേശ്വരന്‍മാരെ വയലിന്‍ വായിക്കാം വിടാം..

ഇക്കാലത്ത്
കാല്പനികരായിരിക്കുന്നതിന്‍റെ സുഖം ഒന്ന് വേറെയാണ്...

Submitted by Bijukumar (not verified) on Fri, 2012-06-22 14:07.

സത്യത്തില്‍ എന്നെ ഭയപ്പെടുത്തുന്നത് ജയചന്ദ്രന്‍ നായരെക്കാള്‍ അയാളെ ന്യായീകരിയ്ക്കാന്‍ ഒരു കൂട്ടം “എഴുത്തുകാരും” “അക്രമവിരുദ്ധജനാധിപത്യ”വാദികളും ഉണ്ടെന്നതായിരുന്നു. ഇവരൊക്കെ ഫാസിസത്തെപ്പറ്റി തൊള്ളയിടാറുണ്ടെന്നതാണ് രസകരം. ഒരു കൃതിയിലെ സാമൂഹ്യവിരുദ്ധത കൊണ്ട് അതിനെ തള്ളിക്കളയുന്നതോ നിരോധിയ്ക്കുന്നതോ മനസ്സിലാക്കാം. എന്നാല്‍ എഴുത്തുകാരന്റെ രാഷ്ട്രീയാഭിപ്രായം, അത് കൃതിയെ ഒരിയ്ക്കലും സ്വാധീനിച്ചിട്ടു പോലുമില്ല, തനിയ്ക്കു ദഹിയ്ക്കുന്നതല്ല എന്നതിന്റെ പേരില്‍ അയാളുടെ രചനയെ ഇടയ്ക്കു വെച്ചു ഗളഹസ്തം ചെയ്തതിനെ ന്യായീകരിയ്ക്കാന്‍ ഇക്കൂട്ടര്‍ക്കെങ്ങനെ കഴിഞ്ഞു? റുഷ്ദിയെ വധിയ്ക്കാന്‍ ഉത്തരവിട്ട ഖമേനിയും, താലിബാനികളും ഹുസൈനെതിരെ ഉറഞ്ഞുതുള്ളിയ ഹിന്ദുത്വവാദികളും ഇവരും തമ്മിലെന്തു വ്യത്യാസം? എന്നിട്ടും അവര്‍ ഭാവിയ്ക്കുന്നത് അവരെന്തോ വലിയ കാര്യം ചെയ്തെന്നാണ്..! കമ്യൂണിസ്റ്റുവിരുദ്ധമായാല്‍ എന്തിനെയും കൊണ്ടാടാന്‍ തക്കവണ്ണം വക്രീകരിയ്ക്കപെട്ട ബോധമനസ്സുമായി ഒരു കൂട്ടത്തെ ഇവിടുള്ള വലതുമാദ്ധ്യമങ്ങള്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. ആശയത്തെ ആശയം കൊണ്ടു നേരിടുന്നതിനു പകരം വെട്ടിമാറ്റുന്ന ഇവരും കൊലയാളികളും തമ്മിലെന്തുമാറ്റം?

ഫേസ്ബുക്കില്‍ ചിലര്‍ തങ്ങളെ വിമര്‍ശിയ്ക്കുന്നവരെ വെട്ടിമാറ്റുന്ന നിലവാരത്തിലായിപ്പോയി ഈ “പത്രാധിപരു”ടെ പ്രവര്‍ത്തിയും. എന്തായാലും അനിവാര്യമായ തിരിച്ചടിതന്നെ അയാള്‍ക്കു ലഭിച്ചതില്‍ സന്തോഷം തോന്നുന്നു.