തര്‍ജ്ജനി

മനോരാജ്

മെയില്‍ : manorajkr@gmail.com, manorajkr@rediffmail.com
ബ്ലോഗ് : http://manorajkr.blogspot.com

Visit Home Page ...

പുസ്തകം

മീരയുടെ ലേഖനങ്ങള്‍

കെ.ആര്‍.മീരയുടെ മഴയില്‍ പറക്കുന്ന പക്ഷികള്‍ എന്ന പുസ്തകത്തെക്കുറിച്ച്

കെ.ആര്‍.മീര എന്ന എഴുത്തുകാരിയെ ആദ്യം വായിക്കുന്നത് മോഹമഞ്ഞ എന്ന കഥാസമാഹാരത്തിലൂടെയാണ്. അതിനു ശേഷം കെ.ആര്‍.മീരയുടേതായി പുറത്തിറങ്ങിയ ഒരോ പുസ്തകങ്ങളും തേടിപ്പിടിച്ച് വായിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. എന്തുകൊണ്ടോ എഴുത്തിലെ ആ ശൈലിയോട് വല്ലാത്ത ഒരു ഇഷ്ടം തോന്നിയെന്നത് സത്യം! ഒരു കഥാകാരി എന്ന നിലയില്‍ നിന്നും നേത്രോന്മീലനത്തിന്റെ വായനയില്‍ തുടങ്ങി മീരാസാധുവിലൂടെ യൂദാസിന്റെ സുവിശേഷത്തില്‍ എത്തിയപ്പോഴേക്കും മികവുറ്റ രീതിയില്‍ കഥ പറയാനറിയാവുന്ന ഒരു നോവലിസ്റ്റിനെയും അവരില്‍ കാണുവാന്‍ കഴിഞ്ഞു. ഇവിടെ, മഴയില്‍ പറക്കുന്ന പക്ഷികള്‍ എന്ന പുസ്തകത്തില്‍ എത്തുമ്പോള്‍ ഒരു കഥാകാരിയോ ഒരു നോവലിസ്റ്റോ എന്നതിനേക്കാള്‍ കെ. ആര്‍. മീരയിലെ കഴിവുള്ള ഒരു പത്രപ്രവര്‍ത്തകയെ കൂടെ ദര്‍ശിക്കുവാന്‍ കഴിഞ്ഞു എന്ന ചാര്‍താര്‍ത്ഥ്യം പുസ്തകവായനക്കൊടുവില്‍ ലഭിച്ചു എന്ന് പറയാതിരിക്കാന്‍ ആവില്ല.

'എഴുത്തിന്റെ നീലഞരമ്പ്' എന്ന പേരില്‍ ലളിത.പി.നായര്‍ എന്ന സാഹിത്യകാരിയെ പറ്റി പറഞ്ഞുകൊണ്ട് തുടങ്ങുന്ന മഴയില്‍ പറക്കുന്ന പക്ഷികള്‍ അവസാനിപ്പിക്കുന്നത് 'വിണ്ടുകീറിയ പാദങ്ങള്‍' എന്ന ലേഖനത്തിലൂടെ ദയാഭായി എന്ന മേഴ്സി മാത്യുവിനെപ്പറ്റി എഴുതിക്കൊണ്ടാണ്. ഇതിനിടയില്‍ മാധവിക്കുട്ടിയും, ശശി തരൂരും, മഹാശ്വേതാദേവിയും കെ.പി.അപ്പനും ഒ. എന്‍. വിയും അടക്കമുള്ള സാഹിത്യപ്രതിഭകളെയും , കെ. എം. മാത്യു, മിസ്സിസ് കെ. എം. മാത്യു, പൂച്ചാലി ഗോപാലന്‍, പുതുപ്പള്ളി രാഘവന്‍ തുടങ്ങിയ സംഘാടകപ്രതിഭകളെയും, മുരളി, കമലഹാസന്‍ , ചന്ദ്രലേഖ തുടങ്ങിയ കലാവല്ലഭന്മാരെയും മാതാ അമൃതാനന്ദമയി, ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപൊലീത്ത മുതലായ വിശ്വാസപ്രമാണങ്ങളെയും ഉള്‍പ്പെടെ പത്തൊന്‍പതോളം പ്രഗത്ഭരെക്കുറിച്ചുള്ള ഓര്‍മ്മ/ അനുഭവക്കുറിപ്പ്/ അഭിമുഖം എന്നിവ കെ. ആര്‍. മീരയിലെ മികച്ച ജേര്‍ണലിസ്റ്റിനെ വരച്ചു കാട്ടുന്നുണ്ട്.

ഈ ലേഖനങ്ങളില്‍ മിക്കവയും മാതൃഭൂമി.കോമിന്റെ മറുവാക്ക് പംക്തിയിലോ മാതൃഭൂമി പത്രത്തിലോ പ്രസിദ്ധീകരിച്ചതാണ് എന്ന്‍ മുഖവുരയില്‍ എഴുത്തുകാരി തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തില്‍ അടുത്തറിഞ്ഞവരും വായനയിലൂടെയും കേട്ടറിവിലൂടെയും ശ്രദ്ധയാകര്‍ഷിച്ചവരുമായ ചിലരുമൊത്തുള്ള അനുഭവങ്ങള്‍, അവരെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ എന്നിവയാണ് ഈ ലേഖനങ്ങള്‍ എന്നും എഴുത്തുകാരി മുഖവുരയായി പറയുന്നു.

ഒരു നല്ല എഴുത്തുകാരിയുടെ കൈയൊപ്പ് പതിഞ്ഞ കുറേയേറെ ലേഖനങ്ങള്‍ ഒരു സമാഹാരത്തില്‍ വായിക്കാന്‍ കഴിയുക എന്നത് വളരെ ആഹ്ലാദമുണ്ടാക്കുന്ന ഒരു കാര്യമാണ്. അതും ജീവിതത്തിന്റെ വിവിധ തുറകളില്‍ തങ്കളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ചില വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകള്‍. പലപ്പോഴും വിരസമായ ഒരു വായനയിലേക്ക് നയിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം കുറിപ്പുകള്‍ക്ക് മുമ്പില്‍ വായനക്കാരനെ പിടിച്ചിരുത്തണമെങ്കില്‍ അത്രയേറെ അതിലേക്ക് വായനക്കാരനെ ഇഴുകിച്ചേര്‍ക്കേണ്ടതുണ്ട്. സമാഹാരത്തിലെ 21ഓളം ലേഖനങ്ങളില്‍ രണ്ടോ മൂന്നോ എണ്ണത്തില്‍ ഒഴികെ അത്തരമൊരു ഒഴുക്ക് നിലനിര്‍ത്താന്‍ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട് താനും.

ഞാനൊരിക്കല്‍ ദുര്‍ഗ്ഗയെ കണ്ടു ദേവി ദുര്‍ഗ്ഗ... എന്ന് പറഞ്ഞുകൊണ്ടാണ് ചന്ദ്രലേഖയെ കുറിച്ച് ലേഖിക പറഞ്ഞു തുടങ്ങുന്നത്. ആരാണ് ചന്ദ്രലേഖ? 1929-ല്‍ ഗുജറാത്തി കുടംബത്തില്‍ ജനിച്ചു. അമ്പതുകളില്‍ തമിഴ്‌നാട്ടില്‍ ഭരതനാട്യം നര്‍ത്തകി. 85മുതല്‍ കോറിയോഗ്രാഫര്‍, കാളിദാസസമ്മാനവും സംഗീതനാടകഅക്കാദമി ഫെല്ലോഷിപ്പും ലെജന്‍ഡ്സ് ഓഫ് ഇന്ത്യ ലൈഫ് ടൈം അച്ചീവിമെന്റ് അവാര്‍ഡും ഉള്‍പ്പെടെ ദേശീയ അന്തര്‍ദ്ദേശിയ പുരസ്കാരങ്ങള്‍. ഫെമിനിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. ... അങ്ങിനെ കൃത്യം ഒരു ഖണ്ഡികയില്‍ ഒരു ജന്മവാഴ്വ് ഇങ്ങിനെ. പക്ഷെ ഇതാണൊ ചന്ദ്രലേഖ? ലേഖനം മുഴുവന്‍ വായിച്ചു കഴിയുമ്പോള്‍ ശരിക്കും നമ്മളും വിസ്മയപ്പെടും. കാന്‍‌സറിന്റെ ഭീകരതയിലും തളരാത്ത ഒരു പോരാളിയുടെ ജീവിതം വളരെ ചിട്ടയോടെ വായനക്കാരനിലേക്ക് എത്തിക്കുന്നതില്‍ കെ. ആര്‍. മീര വിജയിച്ചിട്ടുണ്ട്.

അതുപോലെ തന്നെ വളരെയേറെ ആകര്‍ഷിച്ച മറ്റൊരു ലേഖനം പൂച്ചാലി മാഷ് എന്ന പേരില്‍ ശ്രീ. പൂച്ചാലി ഗോപാലന്‍ എന്ന രാഷ്ട്രീയക്കാരനെ - അല്ല മികച്ച സംഘാടകനെ പരിചയപ്പെടുത്തിയ ലേഖനമാണ്. പൂച്ചാലി ഗോപാലന്‍ എന്ന വ്യക്തിയെ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ തലപ്പത്ത് കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് പ്രതിഷ്ഠിക്കുമ്പോള്‍ നെറ്റിചുളുക്കിയ ഒട്ടേറെ സാഹിത്യപ്രേമികള്‍ ഉണ്ടായിരുന്നു. പക്കാ രാഷ്ട്രീയക്കാരനായ ഇയാള്‍ക്ക് സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തില്‍ എന്തുകാര്യം എന്ന രീതിയില്‍ ആയിരുന്നു ആ ചിന്തകള്‍ക്കുള്ള ഉറവിടവും. പക്ഷെ , വ്യക്തമായ, ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തെ നല്ല രീതിയില്‍ നയിക്കുവാന്‍ അദ്ദേഹത്തിനായി എന്നത് കാലം സാക്ഷ്യപ്പെടുത്തിയതാണ്. അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനത്തില്‍ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെട്ട അനുഭവം ലേഖിക വിവരിക്കുന്നുണ്ട്. കോട്ടയത്തെ ലേഖികയുടെ വീട്ടില്‍ ഒരു രാത്രിയില്‍ ഭര്‍ത്താവിനൊപ്പം കഞ്ഞികുടിച്ചുകൊണ്ടിരുന്ന വെള്ളപരുത്തി ഷര്‍ട്ടും മുണ്ടും ധരിച്ച നാട്ടിന്‍‌പുറത്തുകാരന്‍ കാരണവരെ ചൂണ്ടി ഭര്‍ത്താവ് പറയുന്നു "ഇത് പൂച്ചാലി ഗോപാലന്‍ മാസ്റ്റര്‍"

"നീ അങ്ങിനെ പറഞ്ഞാല്‍ ഓള്‍ക്ക് അറിയോ?" - പരുക്കന്‍ കണ്ണൂര്‍- കമ്യൂണീസ്റ്റ് ശബ്ദത്തില്‍ കാരണവര്‍ ചോദിച്ചു.
"ഞാന്‍ കേട്ടിട്ടുണ്ട്"
"എന്താണപ്പാ കേട്ടത്"
"പിണറായി വിജയന്റെ വിശ്വസ്തനായി സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പിടിച്ചെടുക്കാന്‍ നിയോഗിക്കപ്പെട്ട കണ്ണൂരുകാരന്‍ കമ്യൂണിസ്റ്റ് ഗുണ്ടയല്ലേ?"
"ഓള്‍ വിചാരിച്ചതുപോലെയല്ലല്ലോ ദിലീപാ..!"എന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ച പൂച്ചാലി മാഷെ തുടര്‍ന്ന് പരിചയപ്പെടുമ്പോള്‍ വായനക്കാര്‍ക്കും ഇഷ്ടമാകുന്നു. അദ്ദേഹം സാഹിത്യപ്രവര്‍ത്തക സംഘത്തിനായി നടത്തിയ മികച്ച സംഘാടനപ്രവര്‍ത്തനങ്ങളെ വായനക്കാരിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുന്നുണ്ട് ലേഖിക. നല്ല മനുഷ്യരുടെ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുവാന്‍ മാത്രമായി നമ്മള്‍ ജീവിച്ചിരിക്കുന്നത് എത്ര സങ്കടകരമാണ് എന്ന് ലേഖിക ആശ്ചര്യപ്പെടുമ്പോള്‍ ഒരു പരിധിവരെ അതിലെ നിയതിയെ പറ്റി നമ്മളും ചിന്തിച്ചു പോകും.

കഥപറയുമ്പോള്‍ എന്ന മലയാളസിനിമയുടെ ക്ലൈമാക്സ് സീനില്‍ മമ്മൂട്ടി, വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയില്‍ പൂങ്കുല നുള്ളിയതിന്റെ പേരില്‍ കുഞ്ഞിനെ ശാസിച്ചതോര്‍ത്തു തേങ്ങിയ അമ്മയുടെ വേദന മലയാളിയുടെ ഹൃദയത്തിനെ അസ്വസ്ഥമാക്കിയതും പക്ഷെ, അതു വായിച്ച് അസ്വസ്ഥരായ അമ്മമാര്‍ പിന്നീടും കുഞ്ഞുങ്ങളെ പൂങ്കുല നുള്ളിയതിന്റെ പേരില്‍ പിന്നെയും തല്ല് വാങ്ങിയിട്ടുണ്ട് എന്നും പറയുന്ന ഒരു സീനുണ്ട്. സിനിമയിലെ കാണികളും സിനിമയുടെ കാണികളും വളരെയേറെ ചിരിക്കുകയും അതിനുശേഷം ചിന്തിക്കുകയും ചെയ്ത വാക്കുകള്‍. ശ്രീനിവാസന്‍ എന്ന തിരക്കഥാകാരന്റെ തൂലികയില്‍ വിരിഞ്ഞ ആ വാക്കുകള്‍ ശരിക്കും ആരുടേതായിരുന്നു? പ്രൊഫ.കെ.പി. അപ്പന്‍ 'തിരസ്കാരം' എന്ന പുസ്തകത്തില്‍ എഴുത്തുകാരന്റെ നിലപാട് എന്ന പേരില്‍ എഴുതിയ ലേഖനത്തിലെ വരികളായിരുന്നു അവ. കഥ പറയുമ്പോള്‍ എന്ന സിനിമ പുറത്തിറങ്ങിയ സമയത്ത് ഈ വരികള്‍ അനുവാദമില്ലാതെ സിനിമയില്‍ ഉപയോഗിച്ചതിനെ കുറിച്ച് ശ്രീ.കെ.പി. അപ്പനോട് ചില ശിഷ്യന്മാര്‍ പരാതിപ്പെട്ടതും അദ്ദേഹം പതിവു പോലെ മന്ദഹസിച്ചതും എല്ലാം ലേഖിക 'വാക്കുകളുടെ ഞെട്ടിപ്പിക്കുന്ന തിരോധാനം' എന്ന ലേഖനത്തില്‍ പങ്കുവെക്കുന്നു. അതിലും രസകരമായ മറ്റൊന്ന് ഇതേ പറ്റി ശ്രീനിവാസനോട് ഒരു പത്രപ്രവര്‍ത്തകനോട് ശ്രീനിവാസന്‍ പ്രതികരിച്ചത് അപ്പന്‍ സാറിന്റെ പുസ്തകങ്ങളില്‍ നിന്നും ഇതുവരെ ഞാന്‍ അല്പാല്പമേ മോഷ്ടിച്ചിരുന്നുള്ളൂവെന്നും ഇതിപ്പോള്‍ ഒരു പാരഗ്രാഫ് മോഷ്ടിച്ചത് കൊണ്ടാണ് കുഴപ്പമായതെന്നുമായിരുന്നു. ശ്രീനിവാസന്റെ തലമുറക്ക് മോഷ്ടിക്കുവാന്‍ ഒരപ്പന്‍ സാറിന്റെ എഴുത്തെങ്കിലും ഉണ്ടെന്നും മറിച്ച് വിനീത് ശ്രീനിവാസന്റെ തലമുറക്ക് മോഷ്ടിക്കുവാന്‍ ഇനി ആരുണ്ട് എന്നും ചോദിച്ച് കൊണ്ട് ലേഖനം അവസാനിപ്പിക്കുമ്പോള്‍ അതില്‍ ചിന്തിക്കുവാന്‍ ഏറെയുണ്ടെന്നത് വാസ്തവം.

ഒരു വലിയ മെത്രപ്പോലീഞ്ഞ എന്ന പേരില്‍ മാര്‍ ക്രിസോസ്റ്റം തിരുമേനിയെ പറ്റിയെഴുതിയ ലേഖനത്തെ പറ്റി കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. അദ്ദേഹത്തിന്റെ നര്‍മ്മവും തമാശയും പുസ്തകരൂപത്തില്‍ വരെ എത്തിയിട്ടുണ്ട് എന്നതിലാല്‍ ഇന്നിപ്പോള്‍ ഇത് വായിക്കുമ്പോള്‍ നമുക്ക് ഏറെ അത്ഭുതം തോന്നില്ല. ഒരിക്കല്‍ ക്രിസോസ്റ്റം തിരുമേനിയോട് ഒരാള്‍ വന്ന് ഇങ്ങിനെ ആവശ്യപ്പെടുന്നു. 'ഏഴു വര്‍ഷമായി തിരുമേനി എന്റെ വിവാഹം കഴിഞ്ഞിട്ട്. മക്കളില്ല. തിരുമേനി എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം." തിരുമേനിയുടെ പ്രതികരണം വളരെ രസകരമായിരുന്നു. "അതിനെന്നാ പറ്റി? ഞാനെത്രെയോ വര്‍ഷമായി മക്കളില്ലാതെ ജീവിക്കുന്നു. എന്നിട്ട് എനിക്ക് എന്നാ കുഴപ്പം പറ്റി? പിന്നെ നീ വിഷമിക്കണ്ട, ഞാന്‍ പ്രാര്‍ത്ഥിക്കാം. ഇവന്‍ കഴിഞ്ഞ ഏഴു വര്‍ഷമായി മക്കളില്ലാതെ സുഖമായി ജീവിക്കുന്നു. ഈ ജീവിതത്തിന് ഒരനര്‍ത്ഥവും വരാതെ നോക്കിക്കൊള്ളണേ" ഇതായിരുന്നു മാര്‍ ക്രിസോസ്റ്റം തിരുമേനി. തിരുമേനിയുമായുള്ള അഭിമുഖത്തിലൂടെ തന്നിലെ മികച്ച പത്രപ്രവര്‍ത്തകയെ വെളിപ്പെടുത്തുവാന്‍ മീരക്ക് കഴിയുന്നുണ്ട്.

ഇത്തരത്തില്‍ ഒട്ടുമിക്ക ലേഖനങ്ങളും വായിക്കുവാന്‍ പ്രേരിപ്പിക്കും വിധം പറഞ്ഞുപോകുവാന്‍ ആയി എന്നത് തന്നെയാണ് മഴയില്‍ പറക്കുന്ന പക്ഷികള്‍ എന്ന പുസ്തകത്തിന്റെ പ്രത്യേകതയായി തോന്നിയത്. അതുപോലെ ഇതിലെ ലേഖനങ്ങളില്‍ ജീവിച്ചിരുന്നവരുടെ രേഖാചിത്രങ്ങള്‍ വരച്ച് പുസ്തകത്തിന് മിഴിവേകിയ സജീവ്, ഫിറോസ്.പി.കെ. എന്നിവരുടെ ശ്രമങ്ങളെയും കണ്ടില്ല എന്ന് നടിക്കുവാന്‍ ആവില്ല. അത്രക്ക് ജീവസ്സുറ്റതാണ് അവര്‍ പുസ്തകത്തിനായി തീര്‍ത്തിരിക്കുന്ന രേഖാചിത്രങ്ങള്‍.

എഴുത്തുകാരി എന്ന വിശേഷണം ഏറ്റെടുക്കാന്‍ മൂന്നുനാല് പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടും ഞാന്‍ മടിച്ചു. അതിനുകാരണം "എഴുത്തുകാരന്‍ എന്ന് പറഞ്ഞാല്‍ കുറേ പുസ്തകങ്ങള്‍ രചിച്ചയാള്‍ എന്നല്ല, എഴുത്തുകാരനാകാന്‍ സ്വയം തീരുമാനിച്ചവന്‍ എന്നാണ് അര്‍ത്ഥം" എന്ന അപ്പന്‍ സാറിന്റെതായി വായിച്ച വാക്യമാണെന്ന് പുസ്തകത്തില്‍ ഒരിടത്ത് ലേഖിക പറയുന്നുണ്ട്. തീര്‍ച്ചയായും എഴുത്തുകാരി എന്ന വിശേഷണം സ്വയം ഏറ്റെടുക്കുവാന്‍ കെ.ആര്‍. മീര എന്ന എഴുത്തുകാരിക്കാവും എന്ന് അടിവരയിടുന്നു ഈ പുസ്തകം.

മഴയില്‍ പറക്കുന്ന പക്ഷികള്‍
ലേഖനങ്ങള്‍
കെ. ആര്‍. മീര
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്, കോഴിക്കോട്.
പേജ് :223
വില : 150 രൂപ

Subscribe Tharjani |