തര്‍ജ്ജനി

സെബാസ്റ്റ്യന്‍ പെരുമ്പനച്ചി

ഇ മെയില്‍ : pdseban2000@gmail.com

Visit Home Page ...

കഥ

അധിനിവേശം

ഒരിക്കല്‍ രജുറിയിലെ ചെരുവുകള്‍ നിറയെ ആപ്പിള്‍ തോട്ടങ്ങളായിരുന്നു. അവയെക്കുറിച്ചൊക്കെ ശൈലേന്ദ്രന്‌ ഓര്‍മ്മകളുണ്ട്‌. അയാളുടെ അച്ഛന്‍ അമന്‍ദീപ്‌ സമ്പന്നനായൊരു കര്‍ഷകനായിരുന്നു.

താപനില പൂജ്യത്തിനു തഴെ, പത്ത്‌ ഡിഗ്രിയില്‍, മാന്‍സിങ്ങിന്റെ ആജ്ഞകള്‍ക്കു കാതോര്‍ത്ത്‌, ശത്രുവിന്റെ നിഗ്രഹത്തിനായി ശൈലേന്ദ്രന്‍ ഒരുങ്ങി.

ജാസ്മിനും ശൈലേന്ദ്രനും നടന്നുതീര്‍ക്കാത്ത മലഞ്ചെരുവുകള്‍ രജുറിയിലില്ല. ടെലെസ്കൊപിക്‌ ഗണ്ണിന്റെ സുക്ഷ്മതയില്‍ ഇപ്പോള്‍ കാണുന്നത്‌ ഒറ്റ ആപ്പിള്‍മരമാണ്‌. അതിന്റെ മൂന്നാമത്തെ ശിഖരത്തില്‍ കെട്ടിയ ഊഞ്ഞാല്‍ പൊട്ടി വീണ്‌ ജാസ്മിന്റെ കണംകൈ പൊട്ടിപോയിരുന്നു. ആ ശിഖരം മാത്രമെയുള്ളൂ. ബാക്കിയെല്ലം അടര്‍ന്നു പോയിരിക്കുന്നു.

എണ്ണൂറു മീറ്റര്‍ ദൂരം വരെ കിറുകൃത്യമായി കിട്ടും.ചെന്നിക്ക്‌ ഒരിഞ്ചു തഴെ വെടിയുണ്ട കൊള്ളിക്കണോ? അത്രയും കൃത്യം. എഴുപത്തിയൊന്നിലെ യുദ്ധത്തില്‍ ഒരു പഠാന്‍ ഇന്ത്യന്‍ കേണലിനെ വെടിവെച്ചിട്ടത്‌ ഇത്തരമൊരു തോക്കുകൊണ്ടായിരുന്നു.

യുദ്ധം അവസാനിച്ചപ്പോള്‍ ഭുട്ടൊയും ഇന്ദിരയും കൂടി അതിര്‍ത്തികള്‍ പങ്കു വച്ചു നിയന്ത്രണരേഖ വരച്ചു. അമന്‍ദീപിന്റെ ആപ്പിള്‍തോട്ടം അവര്‍ ഭാഗിച്ചെടുത്തു. പതിനഞ്ചേക്കര്‍ ഇന്ത്യയിലും ബാക്കി പാക്കിസ്ഥാനിലും. ഇന്ത്യന്‍ സര്‍ക്കാര്‍ നല്കിയ കാരുണ്യവുംപറ്റി അമന്‍ദീപ്‌ കുന്നിറങ്ങി സമതലത്തിലെത്തി. ദില്ലിയില്‍ താവളമടിച്ചു. സമ്പന്നമായൊരു ഭുതകാലം ഓര്‍മ്മയില്‍ ബാക്കിയായി.

മകന്‍ വൈദ്യം പഠിക്കണമെന്നായിരുന്നു അച്ഛന്റെ ആശ. ഇല്ലായ്ക കടുത്തപ്പോള്‍ സൈന്യത്തില്‍ ചേര്‍ന്നു. ശൈലേന്ദ്രന്‍ പടിയിറങ്ങുന്നതു കാണാനാകാതെ അച്ഛന്‍ മുറിയില്‍ ഇരിക്കുകയായിരുന്നു. പിന്നീടൊരിക്കലും തമ്മില്‍ കാണാന്‍ കഴിഞ്ഞില്ല. അച്ഛന്‍ മരിച്ചതു നന്നായെന്നു ശൈലേന്ദ്രന്‌ തോന്നി. അല്ലെങ്കിലും അദ്ദേഹം എന്നേ മരിച്ചിരുന്നു. ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ഏതെങ്കിലും കുന്നിന്‍ചെരുവിലിരുന്ന് രജുറിയില്‍ ശത്രുനിഗ്രഹത്തിനായി താന്‍ അവതരിച്ചതുകണ്ടു് ദുഃഖിക്കുകയാവും.

ഭൂതകാലം മൊത്തം ഓര്‍ത്തെടുക്കുമായിരുന്നു. അതിനുമുമ്പെ ഒരു ഷെല്‍ ശൈലേന്ദ്രന്റെ അരികില്‍ വീണു. ബോധം മൂന്നായി മുറിയുമ്പോള്‍ മാന്യമായ ചിന്തകളെ ഉപേക്ഷിച്ച്‌ ഇന്ദിരയും ഭുട്ടൊയും മുടിഞ്ഞുപോകട്ടെയെന്നു അയാള്‍ ശപിച്ചു.

"നമ്മുടെ ഗതികേടുകള്‍ക്കു അവരെന്തു പിഴച്ചു ശൈലാ"- പ്രജ്ഞയുടെ മറവിലിരുന്നു ആരായിരുന്നു അതു് പറഞ്ഞത്‌? ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. ഒരുപക്ഷെ ജാസ്മിനാവണം. അവള്‍ അപ്പോള്‍ നാണം വെടിഞ്ഞ്‌ ദില്ലിയിലെ ഭേദപ്പെട്ട ഒരു സഭയില്‍ നൃത്തം ചെയ്യുകയായിരുന്നു.

Subscribe Tharjani |
Submitted by kuriachan (not verified) on Mon, 2012-06-11 18:20.

വേദനകളെ അനുഭവമാക്കി മാറ്റുമ്പോള്‍ അത് തലമുറകള്‍ക്ക് മുതല്‍ക്കൂട്ടാകും............... കൊള്ളാം. അഭിനന്ദനങ്ങള്‍...

Submitted by Saji Dominic (not verified) on Tue, 2012-06-12 17:56.

അധിനിവേശം - സ്വപ്നഭംഗത്തിന്റെ രാഷ്ട്രീയം.
ഇതാണ് ചെറുകഥ .
രാഷ്ട്രീയം, ദേശീയത, യുദ്ധത്തിന്റെ അര്‍ത്ഥശൂന്യത, പ്രണയം എല്ലാം ഈ കഥയുടെ പശ്ചാത്തലത്തില്‍ ഉണ്ട് .

കഥാകൃത്തിനും കഥ പ്രസിദ്ധീകരിച്ചവര്‍ക്കും അഭിനന്ദനങള്‍

സജി ഡൊമിനിക്