തര്‍ജ്ജനി

ഹബ്രൂഷ് കടപ്പുറം

Visit Home Page ...

കവിത

പരിഭാഷപ്പെടുത്താനാവാത്തത്

യാ അള്ളാ
വിസ്മയിച്ചുകൊണ്ട്
ഒരു പുല്‍ച്ചാടിയെ
നോക്കിയിരിക്കവെ
അരികില്‍ വന്നു നീ മന്ത്രിക്കും,
'അതിന്റെ വര്‍ണ്ണം നോക്ക്
അതിരിക്കുന്ന പുല്‍ത്തകിടി നോക്ക്
അതിനെ തൊട്ടു നില്ക്കുന്ന തുമ്പപ്പൂവ്..
പൂവിന്‍ തുമ്പത്തെ ആര്‍ദ്രത!

അങ്ങിനെ, ഭൂമിയും ജീവിതങ്ങളും
പരിപാലിച്ചു കൊണ്ടുതന്നെ
അന്നേരം നീയെന്റെ
കുഞ്ഞുവിസ്മയങ്ങളുടെ
തമ്പുരാനാകും!

ഏതെങ്കിലുമൊന്നില്‍ മനസ്സുടക്കി
കണ്ണൊന്നു കലങ്ങുമ്പോള്‍
നക്ഷത്രസമൂഹങ്ങളിലെ
ആകാശഗംഗകളിലെ
തമോഗര്‍ത്തങ്ങളിലെ
നിന്റെ തിരക്കിനിടയില്‍
നീ അരികെ വന്നു
പുതിയ വഴികള്‍ വെട്ടി
അലങ്കാരങ്ങള്‍ ഒരുക്കി
എന്റെ പുഞ്ചിരിക്കുവേണ്ടി
മറഞ്ഞു നില്ക്കും..
യാ അള്ളാ
ആള്‍ക്കൂട്ടത്തിലെ അപ്രധാനമായ
ഒരു കഷണമായി
എന്റെ മുഖം മാറവേ
ആമസോണ്‍ നദീതീരത്തെ
ഞണ്ടിന്റെ ഇറുക്കാന്‍കാലുകളില്‍
പച്ച കുത്തുന്നതിനിടയിലും
നീയെന്നെ ഇമവെട്ടാതെ
നോക്കുന്നത് കാണുമ്പോള്‍
ഞാന്‍ കൊയ്താല്‍ തീരാത്ത
മുന്തിരിത്തോട്ടക്കാരനെക്കാള്‍
ഉന്മത്തനാകും!

ദിക്കുകളില്ലാത്ത
കടലിന്റെ രാത്രികളില്‍
ഒരു തോണിയില്‍

'അംശവും' 'പൂര്‍ണവും' ആയി
നമ്മള്‍ തനിച്ചാകവേ
'ഞാന്‍' മരിച്ചു മരിച്ചു മരിച്ചു
നിന്നിലേക്ക്‌ പലവട്ടം ഉയര്‍ത്തെഴുന്നേല്‍ക്കുന്ന
ഒരു കാറ്റിന്‍കുഞ്ഞാകും

ശൈമത്തോട്ടത്തിലെ
പൂവിന്റെയുള്ളിലെ
പൂവിന്റെയുള്ളിലെ
പൂവിനേയും

നിലാവിന്റെയപ്പുറത്തെ
നിലാവിന്റെയപ്പുറത്തെ
നിലാവിനെയും പുലരുന്നത്
വരെ ഉമ്മ വെക്കും..

നിന്നെ ശ്വസിച്ചു ,
നിന്നെ ഭക്ഷിച്ചു
നിന്നെ ജീവിച്ച്
മനസ്സിന്റെ ഏതെങ്കിലും
അബദ്ധസഞ്ചാരങ്ങളില്‍
ഞാന്‍ വെറുമൊരു
അംശമായി മാറവേ

നീ എന്നോട് പരിഭവിക്കും

ഒരു കുന്നിന്‍ ചെരിവിലെന്നപോലെ
മറഞ്ഞു നില്‍ക്കും

മഗ്ര്ബിലെ
ഒരു സുജൂദ് കൊണ്ട്
പാവം നിന്റെ പിണക്കം തീരും
അമ്മയേക്കാള്‍ അധികരിച്ച്
നീ ഉള്ളിലേക്ക് ഓടിയെത്തും

യാ അള്ളാ
വീണ്ടും ആജ്ഞ പോലുള്ള
എന്റെ പ്രാര്‍ഥനകള്‍ക്കുത്തരം നല്‍കി
ഒരു നേര്‍ച്ചപ്പക്ഷിയെ പോലെ
നീ എനിക്ക് ചുറ്റിലും
പാറിനടക്കും

ശരിക്കും
ഒരു അടിമയെ പോലെ.

Subscribe Tharjani |