തര്‍ജ്ജനി

പുസ്തകം

ആറ്റൂരിന്റെ കവിതകളും ആത്മദംശനവും മറ്റും

രണ്ട് ഭാഗങ്ങളിലായി പുറത്തിറക്കിയ ആറ്റൂരിന്റെ കവിതകളും അവയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത രചനകളും വിവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം ആറ്റൂര്‍ രവിവര്‍മ്മയുടെ സമ്പൂര്‍ണ്ണകാവ്യസമാഹാരമാണ്. അശ്രദ്ധമായി ഒന്നും എഴുതിയിട്ടില്ലെന്ന് ആത്മബോധത്തോടെ പറയുന്ന ഈ കവി, മറ്റ് പ്രവര്‍ത്തനങ്ങളോടൊപ്പം ചെയ്യേണ്ടതല്ലേ കാവ്യരചനയെന്ന് എന്റെ മുന്‍ധാരണ, എന്നാല്‍ കവിത മുഴുവന്‍ ശ്രദ്ധയും ആവശ്യപ്പെടുന്നതല്ലേ എന്ന് സംശയവും എന്ന് കവിതയും ജീവിതവുമായുള്ള തന്റെ കാഴ്ചപ്പാട് മുന്നുരയില്‍‌ വ്യക്തമാക്കുന്നു. എന്തായിരുന്നാലും കുട്ടിക്കാലം മുതല്‍ ജലദോഷം പോലെ തന്നെ കവിത ബാധിച്ചിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു.

ആറ്റൂര്‍ക്കവിതകളുടെ സമ്പൂര്‍ണ്ണസമാഹാരത്തിന് അനുബന്ധമായി കെ. സി. നാരായണന്‍, എം. ഗംഗാധരന്‍, കല്പറ്റ നാരായണന്‍ എന്നിവരുടെ പഠനങ്ങളും ആറ്റൂരുമായുള്ള ഒരു അഭിമുഖസംഭാഷണവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

കാവ്യതല്പരര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു സമാഹാരം.

ആറ്റൂര്‍ കവിതകള്‍
ആറ്റൂര്‍ രവിവര്‍മ്മ
336 പേജുകള്‍
വില : 195 രൂപ
പ്രസാധനം : ഡി.സി.ബുക്സ്, കോട്ടയം.

പാരമ്പര്യമായി കൈവന്ന വിഷചികിത്സ പഠിച്ച ഒരു പെണ്‍കുട്ടിയുടെ അനുഭവലോകം അനാവരണം ചെയ്യുന്ന മൈന ഉമൈബാന്റെ ലേഖനങ്ങള്‍. വിഷചികിത്സയെക്കുറിച്ചും പാമ്പുകളെക്കുറിച്ചും പൊതുസമൂഹം വെച്ചുപുലര്‍ത്തുന്ന സങ്കല്പങ്ങള്‍ പലതും അടിസ്ഥാനമില്ലാത്തതാണ് എന്ന് സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ ലേഖിക വെളിപ്പെടുത്തുന്നു. മറ്റു ചികിത്സകളില്‍ നിന്ന് വ്യത്യസ്തമായി വിശ്വാസത്തിന്റെ മണ്ഡലമായ വിഷചികിത്സയില്‍ ചികിത്സകയായ പെണ്കുട്ടിയെന്ന നിലയില്‍ ഉണ്ടായ വിചിത്രമായ അനുഭവങ്ങള്‍ മൈന ഉമൈബാന്‍ വിശദമാക്കുന്നു.

ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ വ്യാപകമായി വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത ലേഖനങ്ങളുംടെ സമാഹാരം. ലാളിത്യവും സത്യസന്ധതയും ആത്മാര്‍ത്ഥതയുമാണ് മൈന ഉമൈബാന്റെ എഴുത്തിന്റെ ജീവന്‍.

മലയാളത്തിലെ അസാധാരണവും അപൂര്‍വ്വവുമായ പുസ്തകം

ആത്മദംശനം
മൈന ഉമൈബാന്‍
96 പേജുകള്‍
വില : 65 രൂപ
പ്രസാധനം: മാതൃഭൂമി ബുക്സ്, കോഴിക്കോട്.

വെള്ളിത്തിരയില്‍ താരമായി തിളങ്ങിനിന്ന മുന്‍കാലനായികമാരുടെ ദുഃഖപൂര്‍ണ്ണമായ പില്‍ക്കാലജീവിതകഥയാണ് മലയാളസിനിമയുടെ ചരിത്രകാരനായ ചേലങ്ങാട് ഗോപാലകൃഷ്ണന്റെ അവസാനകൃതിയാ ഈ പുസ്തകത്തിന്റെ വിഷയം. നിശ്ശബ്ദസിനിമയുടെ കാലം മുതല്‍ സമീപകാലം വരെയുള്ള അഭിനേത്രികളില്‍ പലരും മലയാളികളുടെ ഓര്‍മ്മയില്‍പോലും ഇല്ലാത്തവരായി മാറിക്കഴിഞ്ഞു. ചലച്ചിത്രലോകവും അവരെ മറന്നു. ജീവിതസൌഭാഗ്യങ്ങള്‍ നഷ്ടപ്പെട്ടവര്‍, പരിപൂര്‍ണ്ണമായും ദുരന്തത്തില്‍ ചെന്ന് അവസാനിച്ചവര്‍, അവഗണനയിലൂടെ വിസ്മൃതരായവര്‍, സ്വയം രംഗംവിട്ടുപോയവര്‍ എന്നിങ്ങനെ ഒരുകാലത്തെ താരങ്ങള്‍ പലരും ആരാധനയില്‍ നിന്ന് അവഗണനയിലും വിസ്മൃതിയിലും അവസാനിച്ചുപോയ ദുരന്തകഥകൂടി ഉള്‍പ്പെടുന്നതാണ് മലയാള സിനിമയുടെ കഥ.

ആനുകാലികങ്ങളില്‍ അന്നത്തെ നായികമാര്‍, ഓര്‍മ്മകളിലെ നായികമാര്‍ എന്നീ പേരുകളില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. മലയാള സിനിമയിലെ സ്ത്രീജീവിതത്തിന്റെ വിചിത്രമായ ഗതിവിഗതികളുടെ ഗ്രാഫ് രേഖപ്പെടുത്തുകയായിരുന്നു ഗ്രന്ഥകാരന്റെ ലക്ഷ്യമെന്ന് അവതാരികാകാരനായ മധു വയ്പന എഴുതുന്നു.

അന്നത്തെ നായികമാര്‍
ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍
176 പേജുകള്‍
വില : 110 രൂപ
പ്രസാധനം : ഡി.സി.ബുക്സ്, കോട്ടയം.

ഗവേഷണപഠനത്തിന്റെ ഭാഗമായി തയ്യാറാക്കിയ കുറിപ്പുകളില്‍നിന്നുമാണ് മാത്യു ജെ. മുട്ടത്തിന്റെ ഈ പുസ്തകം രൂപപ്പെടുന്നത്. ഭാരതീയരംഗവേദിയുടെയും കേരളത്തിന്റെ ദൃശ്യകലാപാരമ്പര്യത്തിന്റെയും പശ്ചാത്തലത്തില്‍ മലയാളനാടകത്തിന്റെ ആദ്യകാലം പഠിക്കുവാനുള്ള ശ്രമമാണിത്. ഇംഗ്ലീഷ് നാടകവിവര്‍ത്തനവും സംസ്കൃതനാടകവിവര്‍ത്തനവും മലയാളനാടകത്തിന്റെ സാഹിത്യത്തെ രൂപപ്പെടുത്തുമ്പോള്‍ തമിഴ് സംഗീതനാടകമാണ് രംഗശീലങ്ങളെ ചിട്ടപ്പെടുത്തിയത്. സാംസ്കാരികപ്രവര്‍ത്തനം രേഖപ്പെടുത്തിവെക്കാത്ത ഒരു ജനതയുടെ രംഗവേദിയുടെ ചരിത്രത്തിലെ ആദ്യകാലം കണ്ടെത്തുകയെന്ന പ്രയാസകരമായ ദൌത്യമാണ് മാത്യു ജെ. മുട്ടത്ത് ഈ പുസ്തകത്തില്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും നാടകതല്പരര്‍ക്കും അനുപേക്ഷണീയമായ പുസ്തകം.
മലയാളനാടകം പ്രാരംഭസ്വരൂപം
മാത്യു ജെ മുട്ടത്ത്
176 പേജുകള്‍
വില : 125 രൂപ
പ്രസാധനം : പാപ്പിറസ് ബുക്സ്,
വിതരണം:നാഷണല്‍ ബുക് സ്റ്റാള്‍, കോട്ടയം.

സാഹിതീയആധുനികയും സമകാലികകേരളരാഷ്ട്രീയവും സമന്വയിക്കുവാനുള്ള മൌലികശ്രമങ്ങളാണ് വി. കെ. പ്രഭാകരന്റെ നാടകങ്ങള്‍. അക്കാരണത്താല്‍ത്തന്നെ മലയാളത്തിലെ ആധുനികനാടകത്തില്‍ വി. കെ. പ്രഭാകരന്റെ പരീക്ഷണങ്ങള്‍ ചരിത്രപരമായ പ്രാധാന്യമുള്ളവയാണ്. എഴുപതുകളുടെ ഒടുവില്‍ എഴുതിയ കൊറയും പില്‍ക്കാലത്തെഴുതിയ ഏറ്റേറ്റ് മലയാളനുമാണ് ഈ സമാഹാരത്തിലെ രണ്ട് നാടകങ്ങള്‍. ഫോക്‍ലോര്‍ എന്ന് വിളിക്കപ്പെടുന്ന നാട്ടാചാരങ്ങളും സാമൂഹികാബോധവുമാണ് ഈ നാടകങ്ങളുടെ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നത്. ആന്തരികമായ രാഷ്ട്രീയം സമകാലികരാഷ്ട്രീയത്തിന്റെയും ജീവിതാവബോധത്തിന്റെയും വിമര്‍ശനമായിത്തീരുന്നു.

ഘടനാപരമായ അയവുള്ള ഈ നാടകങ്ങള്‍ നാടകവേദിയിലെ അലസരെ വിഷമിപ്പിക്കും. പരീക്ഷണസന്നദ്ധരായവര്‍ക്കുള്ള രംഗരചനകള്‍.
ഏറ്റേറ്റ് മലയാളന്‍
വി.കെ.പ്രഭാകരന്‍
72പേജുകള്‍
വില : 50 രൂപ
പ്രസാധനം : ഫ്ലെയിം ബുക്സ്, തൃശ്ശൂര്‍.

Subscribe Tharjani |