തര്‍ജ്ജനി

സച്ചിദാനന്ദന്‍ പുഴങ്കര

puzhankara.sachidanandan@gmail.com

Visit Home Page ...

കവിത

തോക്കു്

ചെഗുവേര തൊട്ടപ്പോള്‍
അത് അതുതന്നെയായിരുന്നു.
വടി പാമ്പാക്കുന്ന വിദ്യ
അറിയാത്തവനായിരുന്നു അവന്‍.
ആനക്കാല്‍ തൂണാക്കി മാറ്റിയത് ആരാണു്?
പേന പടവാളാക്കിയ
ഒരു കവിയെ എനിക്കറിയാം.
ആരാണു് പേച്ചിയെ പ്രേതമാക്കിയത്?
ഒരൊറ്റ ചുംബനംകൊണ്ട് കാമുകിയെ
മയില്‍പ്പീലിയാക്കിയത് ഞാനല്ല.

ഇത്തവണ
വലിയവലിയ അത്ഭുതങ്ങളാണു്
സംഭവിച്ചത്....
ഒരുനാള്‍ നമ്മുടെ തോക്കുണ്ടല്ലോ-
അത് നാരങ്ങസ്സത്തായി,
മറുനാള്‍ അച്യുതന്‍ മാസ്റ്ററുടെ കയ്യില്‍
ചൂരലായി;
അത് എങ്ങനെ അരിവാളായി?
എങ്ങനെയത് ചുറ്റികയായി?
ആരോ അതിനെ അമ്പിളിയാക്കി,
നിലാവിനെ ഞാന്‍ തടവിലാക്കി;

ഇന്നാള്‍ അത് കരയാമ്പൂ,
ഇന്ന് ഹനുമാന്‍ കിരീടം,
നാളെയത് സ്വാതന്ത്ര്യം- ഹായ്!
എന്റെ മകള്‍ ഭൂമിയും
ചെറിയൊരു ജാലവിദ്യക്കാരിതന്നെ,
പക്ഷെ
തൊടാന്‍ ഞാന്‍ സമ്മതിക്കില്ല.
തുമ്പിയോ മറ്റോ ആയി
അതും അവളും
പറന്നുപോയേക്കുമോ
എന്നാണു്
എന്റെ
ഭയം...

Subscribe Tharjani |