തര്‍ജ്ജനി

റീനി മമ്പലം

ഇ മെയില്‍: reenimambalam@gmail.com
ബ്ലോഗ്:പനയോലകള്‍

ഫേസ് ബുക്ക് : Reeni Mambalam

Visit Home Page ...

കഥ

തിരഞ്ഞെടുക്കപ്പെട്ടവര്‍

കാര്‍ നിര്‍ത്തിയപാടെ ഗോപാല്‍ ഓടിവന്ന് ഡോര്‍ തുറന്നു.
“നിന്നെ കണ്ടിട്ട് എത്ര നാളായി! പത്തുവര്‍ഷം മുമ്പ് വീട്ടില്‍ വന്നപ്പോള്‍ കണ്ടതാണ്‌. നിനക്കു കുടവയര്‍ വെച്ചു.” അവന്‍ എന്റെ വയറിന്‌ തട്ടി പഠിച്ചിരുന്ന കാലത്തെ അതേ സ്വാതന്ത്ര്യം കാണിച്ചു.

മുന്‍വിധിയുമായി എത്തിയിരിക്കുന്ന എന്റെ ഈ സന്ദര്‍ശനം സുഗമമായി പോവുകയില്ല എന്ന് ഞാന്‍ ഭയന്നിരുന്നു. മലപോലെ കൂട്ടിയിട്ടിരുന്ന അവനോടുള്ള ദേഷ്യം വകഞ്ഞുമാറ്റി സ്വീകരണമുറിയിലേക്ക് കയറുമ്പോള്‍ സ്വര്‍ണ്ണമുടിയും നീലക്കണ്ണുകളുമുള്ള ഒരു അസ്വസ്ഥത എന്നെ പൊതിഞ്ഞു. എനിക്ക് പരിചയമില്ലാത്തൊരു സ്ത്രീ ഏതുനിമിഷവും മുമ്പില്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്ന ചിന്ത എന്നെ തിന്നു. അവരെ പ്രതീക്ഷിക്കുന്നതുകൊണ്ടാവാം സ്വീകരണമുറിയുടെ അകത്തെ വാതിലിലേക്ക് പലതവണ കണ്ണുകള്‍ പാഞ്ഞുപോയത്. എന്നെ സംബന്ധിച്ചേടത്തോളം അവനായി ഉണ്ടാക്കിയെടുത്ത ലോകത്തില്‍ ഇപ്പോഴും അവനും ഗീതയും പ്രിയയും മാത്രം.

‘സോറി, നിന്നെ കണ്ട എക്സൈറ്റ്മെന്റില്‍ ഞാനെല്ലാം മറന്നു. കുടിക്കുവാന്‍ കാപ്പിയോ ചായയോ പോലും ഞാന്‍ ഓഫര്‍ ചെയ്തില്ല. നിനക്കെന്താ വേണ്ടത്?“

”നീണ്ട ഒരു കോണ്‍ഫറന്‍സ് കഴിഞ്ഞ് വെള്ളിയാഴ്ച വൈകുന്നേരം വരുന്ന എനിക്ക് കുടിക്കാന്‍ നീ വേറെ വല്ലതും ഓഫര്‍ ചെയ്യടാ“ ഞാന്‍ അവനെ കളിയാക്കി.” അവന്റെ പിന്നാലെ ആളനക്കമില്ലാത്ത അടുക്കളയിലേക്ക് നടന്നപ്പോള്‍ അതുവരെ അടക്കിവെച്ചിരുന്ന ചോദ്യം തുളുമ്പി. “നിന്റെ ഭാര്യ എവിടെ?”

“എന്തോ ആവശ്യത്തിന്‌ പുറത്തുപോയിരിക്കുന്നു, ഇപ്പോ വരും”. അവന്‍ എന്നെ നോക്കി ചിരിച്ചു, അവന്‍ പ്രതീക്ഷിച്ചിരുന്ന ചോദ്യം എന്നില്‍നിന്ന് വന്നപോലെ.

ഡ്രിങ്ക് തയ്യാറാക്കുന്നതിനിടയില്‍ ഫോണടിച്ചു. ഗോപാല്‍ ഒരു ചിരകാലസുഹൃത്തിനോടെന്നവണ്ണം ആരോടോ മലയാളത്തില്‍ സംസാരിച്ചു. “ഗീതയാണ്‌, നിന്നോടു സംസാരിക്കണമെന്ന്. ഇന്ന് നീ ഇവിടെ ഉണ്ടാവുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.” അവന്‍ ഫോണ്‍ എനിക്കുനേരെ നീട്ടി.

ഫോണ്‍ വാങ്ങുമ്പോള്‍ എനിക്കൊന്നും മനസിലായില്ല. വിവാഹമോചനം തേടിയ രണ്ടുപേര്‍ ഇപ്പോഴും ഫോണിലൂടെ പരസ്പരം ബന്ധപ്പെടുന്നുവോ? സൗഹൃദത്തോടെ സംസാരിക്കുന്നുവോ? ഗോപാലിന്റെയും ഗീതയുടെയും വിവാഹം കഴിഞ്ഞ ആദ്യകാലങ്ങളില്‍ അവരുടെ അതിഥിയായി ചെന്നിരുന്ന ദിവസങ്ങള്‍ എന്നില്‍ ഫ്ലാഷ്ബാക്ക് ആയി. മനസ്സില്‍ ഗോപാലിനോടുള്ള ദേഷ്യം ഇരട്ടിച്ചു. ഗോപാലിനെ നന്നായി അറിയാവുന്ന എനിക്ക് അവന്റെ ഡിവോര്‍സ് ഒരിക്കലും മനസിലായില്ല.

“ഞങ്ങള്‍ ഇടക്കിടെ സംസാരിക്കാറുണ്ട്, വഴക്കുകൂടി പിരിഞ്ഞതൊന്നും അല്ലല്ലോ! അതിനാല്‍ ഇപ്പോഴും ഒരു സൗഹൃദം പുലര്‍ത്തുന്നു.” ഗോപാല്‍ അപ്പോഴേക്കും ഡിന്നര്‍ മേശപ്പുറത്ത് എടുത്തുവെക്കുവാന്‍ തുടങ്ങി.

“നീ വരുന്നതു പ്രമാണിച്ച് ഞാനിന്ന് ഇന്ത്യന്‍ ഡിന്നര്‍ ഉണ്ടാക്കി. അധികം എരിവില്ലെങ്കില്‍ ഹിലറിയും കഴിച്ചോളും“.

അവന്‍ അമേരിക്കയില്‍ വന്നുകഴിഞ്ഞ് അവരെ ആദ്യം സന്ദര്‍ശിച്ചത് പഴയൊരു ചലചിത്രമായി തെളിഞ്ഞു. പ്രിയ സ്കൂള്‍ ആരംഭിക്കുന്നതിന്‌ മുമ്പ് കേരളത്തിലേക്ക് മടങ്ങിപ്പോവണമെന്നായിരുന്നു അന്ന് അവരുടെ പ്ലാന്‍. അന്ന് അവരുടെ കുടുംബത്തിന്‌ ഗോപാലിന്റെ തോട്ടത്തിലെ സൂര്യകാന്തിപ്പൂക്കളുടെ പ്രസന്നത ഉണ്ടെന്ന് തോന്നി. അവരുടെ ജീവിതം എങ്ങനെ വിവാഹമോചനത്തിലെത്തി? ഉത്തരം കിട്ടാത്ത ചോദ്യം മനസ്സിലിട്ട് ഉരുട്ടികൊണ്ടിരുന്നപ്പോള്‍ ഹിലറി തിരികെയെത്തി.

ഡിന്നറിന്‌ ശേഷം ഗോപാല്‍ പാത്രങ്ങളുമായി അടുക്കളയിലേക്ക് പോയപ്പോള്‍ ഞാനും ഹിലറിയും ഊണുമുറിയില്‍ തനിച്ചായി.

‘അലക്സ്, നിങ്ങള്‍ വന്നതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. ഡിവോര്‍സിനുശേഷം, ഗോപാലിന്റെ ഇന്ത്യന്‍ സുഹൃത്തുക്കള്‍ എല്ലാം ഓടിഒളിച്ചു. നിങ്ങള്‍പോലും ഗോപാലില്‍നിന്ന് അകന്നുനിന്നില്ലേ? ഗീതയെ നഷ്ടപ്പെട്ടത് ഗോപാലിനെ വളരെ ഉലച്ചിരുന്നു. സുഹൃത്തുക്കളെക്കൂടി നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന ഊഹിക്കാമല്ലോ. എല്ലാവിരലുകളും ഗോപാലിനുനേരെ ചൂണ്ടുകയായിരുന്നു. ഗീതയാണ്‌ ഡിവോര്‍സ് ആവശ്യപ്പെട്ടത്.” ഗോപാലിന്റെ വേദന ഹിലറിയുടെ വാക്കുകളിലൂടെ ഊറിവന്നു.

ഗീത ഡിവോര്‍സ് ആവശ്യപ്പെടുകയോ? എനിക്ക് വിശ്വസിക്കാനായില്ല.

ഹിലറിയോട് എനിക്ക് തോന്നിയിരുന്ന ദേഷ്യം നേര്‍ത്തില്ലാതായി. ഗോപാലിന്റെ ഡിവോര്‍സ് ഒരു ചോദ്യചിഹ്നം പോലെ എന്റെ മുന്നില്‍ വളഞ്ഞുനിന്നു.

“വൈ ഡോണ്ട് യൂ റ്റൂ ക്യാച്ച് അപ്പ് വിത്ത് ദി ന്യൂസ്, ഐ ആം ഗോയിങ്ങ് റ്റു സ്ലീപ്പ്. ഗുഡ് നൈറ്റ്” ഹിലറി മുകളിലേക്ക് പോയി.

ഗോപാലും ഞാനും കോളജ് ആല്‍ബം മറിച്ചുനോക്കുകയായിരുന്നു. ബ്രാണ്ടി എന്നുപേരുള്ള അവരുടെ പട്ടി എന്നെയൊന്നു സ്നേഹിക്കൂ എന്ന് ആവശ്യപ്പെടുമ്പോലെ ഗോപാലിന്റെ അടുത്ത് വന്നിരുന്നു. സ്നേഹഭാരത്താല്‍ അവന്റെ തല ഗോപാലിന്റെ കാലില്‍ താഴ്ത്തിവെച്ചു.

“അലക്സ്, നിനക്കറിയാമോ ഇവനാണ്‌ എന്റെ എന്റെ ദുഃഖങ്ങളില്‍ എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നവന്‍.”

അടുത്ത കുറെ നിമിഷങ്ങളില്‍ ഞങ്ങള്‍ക്കിടയില്‍ മൗനത്തിന്റെ ഗോളം ഉറഞ്ഞുകിടന്നു. ഗോപാല്‍ അതിനെ ഉരുട്ടിമാറ്റുവാന്‍ ശ്രമിച്ചു. നിശ്ശബ്ദതയുടെ വിരിമാറില്‍ ചവുട്ടി ഞാനും നിന്നു. “എനിക്കറിയാം നിനക്കെന്നോട് ദേഷ്യം ഉണ്ടന്ന്.”

ഉത്തരം എന്റെ കണ്ണില്‍ വായിച്ചെടുക്കട്ടെ. ഞാന്‍ അവനെ നോക്കി.

“ബന്ധുക്കള്‍ ആലോചിച്ചുറപ്പിച്ചതായിരുന്നു ഞങ്ങളുടെ വിവാഹം. ആദ്യകാലം മുതലേ ഗീത ഈ ബന്ധത്തിനുള്ളില്‍ വീര്‍പ്പുമുട്ടുന്നതായി തോന്നിയിരുന്നു. ഒരു പക്ഷെ അവളുടെ പഴയകാല പ്രണയമാകാം എന്നുപറഞ്ഞതിനെ നിസ്സാരമാക്കാന്‍ ഞാന്‍ ശ്രമിച്ചു. ബന്ധുക്കളുടെ വലയത്തില്‍, സമുദായത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ ഞങ്ങളുടെ വിവാഹം നിലനിന്നു. അപ്പോഴാണ്‌ ഞങ്ങള്‍ അമേരിക്കയിലെത്തിയത്. പുതിയ ചുറ്റുപാടുകള്‍, സ്വതന്ത്രചിന്തകള്‍, സ്ത്രീസ്വാതന്ത്ര്യം, പുതിയ അറിവുകള്‍ ഗീതയുടെ കണ്ണുകള്‍ തുറപ്പിച്ചു, മനസ്സിന്‌ കരുത്തേകി. അവളുടെ മനസ്സിന്റെയും ശരീരത്തിന്റെയും വിളികേള്‍ക്കുന്നതാണ്‌ നല്ലതെന്ന് അവള്‍ തിരിച്ചറിഞ്ഞു. അവളുടെ വീര്‍പ്പുമുട്ടലുകള്‍ വര്‍ദ്ധിക്കുന്നത് ഞാന്‍ അറിഞ്ഞു.“

ഞാന്‍ എല്ലാം ശ്രദ്ധയോടെ കേള്‍ക്കുകയും മിഴിചിമ്മാതെ അവനെ ശ്രദ്ധിക്കുകയുമായിരുന്നു.

പ്രിയ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന ഒരു ഉച്ചതിരിഞ്ഞ സമയം വിറപൂണ്ട ശബ്ദത്തില്‍ അവള്‍ എന്നോട് പറഞ്ഞു ”വളരെക്കാലമായി പറയുവാനൊവസരം കാത്തിരിക്കുകയായിരുന്നു. ഇനിയും എനിക്കിത് കൊണ്ടുനടക്കുവാനാവില്ല. ഗോപാലിനെ വേദനിപ്പിക്കുന്നതില്‍ ക്ഷമിക്കണം.“ അവള്‍ വിതുമ്പുവാന്‍ തുടങ്ങി.

കഥയറിയാതെ ഞാന്‍ മിഴിച്ചു നിന്നപ്പോള്‍ അവള്‍ പറഞ്ഞു ”എനിക്ക് ആകര്‍ഷണം സ്ത്രീകളോടാണ്‌". അച്ഛനും അമ്മയുമടങ്ങിയ മാതൃകാകുടുംബം കത്തിയെരിയുന്ന തീനാളം അവളുടെ മുഖത്ത് ആളുന്നത് ഞാന്‍ കണ്ടു. ”ഞാന്‍ ഈ ബന്ധത്തിനുള്ളില്‍ നില്ക്കാം പ്രിയക്ക് ഒരു പ്രായമാകുംവരെ. അതു കഴിഞ്ഞാല്‍ എനിക്കീ ബന്ധത്തില്‍ നിന്ന് വിടുതല്‍ തരണം.“

പ്രിയ കളിനിര്‍ത്തി വന്നപ്പോള്‍ ഞങ്ങള്‍ക്കു പലതും അഭിനയിക്കേണ്ടി വന്നു. പിന്നെ പലപ്പോഴും നാടകത്തില്‍ എന്നപോലെ ഞങ്ങളുടെ അഭിനയം തുടര്‍ന്നു.

”എന്റെ സമാധാനത്തിനായി ഞാന്‍ ഒരു കൗണ്‍സലറെ കണ്ടു. ഈ അറിവുമായി ‘ഡീല്‍’ ചെയ്യേണ്ട വിധം എനിക്ക് ആരെങ്കിലും പറഞ്ഞുതരണമായിരുന്നു. പ്രപഞ്ചം ഗീതയെ സൃഷ്ടിച്ചത് ഈ വിധമാണന്നും ഈ വഴി അവള്‍ സ്വയം തിരഞ്ഞെടുത്തതല്ല എന്നുള്ള സത്യം എനിക്കുതന്നെ മനസിലാക്കുവാന്‍ കുറച്ചുസമയം എടുത്തു. അലക്സ്, നിനക്കൊരിക്കലും എന്റെ അപ്പോഴത്തെ മാനസികാവസ്ഥ മനസ്സിലാവില്ല.“

ഗീതയുടെ സൗന്ദര്യം എന്റെയും മനസ്സ് ഇളക്കിയിരുന്നല്ലോ എന്ന് ഞാന്‍ ചിന്തിച്ചു. എന്റെ ‘നോര്‍മല്‍’ ഫാമിലിയെക്കുറിച്ചാലോചിച്ച് ഇതിനുമുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്തൊരു സുരക്ഷിതത്വബോധത്തില്‍ ഞാന്‍ ഒന്ന് ഇളകിയിരുന്നു.

”എനിക്കെന്റെ ഗീതയെ അന്ന് ആ പാര്‍ക്കില്‍ വെച്ച് എന്നേക്കുമായി നഷ്ടപ്പെട്ടു. റൂംമേറ്റ്സ് ആയി ജീവിച്ച് ഞങ്ങള്‍ എരിഞ്ഞപ്പോള്‍ ഗീതക്ക് പുറത്തേക്കുള്ള വഴി ഞാന്‍ തുറന്നിട്ടു. അലക്സ്, ഇനി നീ പറയു, ഞാന്‍ അവളെ സ്വതന്ത്രയാക്കാതെ, ഡിവോര്‍സ് ചെയ്യാതെ എന്തു ചെയ്യണമായിരുന്നു? ഗീത എന്ന വ്യക്തിയെ പൊളിച്ചുകാണിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. കാരണമറിയാത്ത സുഹൃത്തുക്കള്‍ എന്നെ അകറ്റിനിര്‍ത്തി.“

അവന്‍ പറഞ്ഞു ”പ്രകൃതിയുടെ തീരുമാനം നാം അംഗീകരിക്കേണ്ടതല്ലേ? ആദരിക്കേണ്ടതല്ലേ? ഇതൊന്നും വേണമെന്ന് വിചാരിച്ച് ഒരാള്‍ തിരഞ്ഞെടുക്കുന്ന വഴികളല്ലല്ലോ, പ്രപഞ്ചം നമ്മുക്കായി നിശ്ചയിച്ച വഴികളില്‍ നാം നടക്കുകയല്ലേ?“.

പതിവില്‍ കൂടുതല്‍ സമയം രാത്രി തമ്പടിച്ചു കിടന്നുവെന്ന് തോന്നി. ഉണര്‍ന്നപ്പോള്‍ നേരം നന്നായി പുലര്‍ന്നിരുന്നു. എഴുന്നേറ്റ് പുറത്തേക്ക് നോക്കി. മുറ്റത്തെ പൈന്‍മരത്തിനുചുറ്റും പറന്നുകളിക്കുന്ന ഇണക്കിളികളില്‍ ആണ്‍കിളിയേത് പെണ്‍കിളിയേത് എന്ന് കണ്ടുപിടിക്കുവാന്‍ ഞാന്‍ വളരെ ശ്രമിച്ചിട്ടും സാധിച്ചില്ല.

Subscribe Tharjani |