തര്‍ജ്ജനി

രാജേഷ്‌ ചിത്തിര

വള്ളിക്കോട് - കോട്ടയം,
പത്തനംതിട്ട.
ഇമെയില്‍ : rajeshdopet@gmail.com
ബ്ലോഗുകള്‍ :മഷി തണ്ട്
സൂക്ഷ്മദര്‍ശിനി
ഹരിതചിത്രങ്ങള്‍

Visit Home Page ...

കവിത

അടയാളപ്പെടുത്തലുകളില്ലാത്ത ചില കരകളെപ്പറ്റി

നമ്മുടെ വീടുകളിലൂടെ കയറിയിറങ്ങിപ്പോയ
ഏതോ വില്പനക്കാരന്റെ സഞ്ചിയിലെ
ഭൂപടങ്ങളാണെന്നും അവ നുണപറയില്ലെന്നും
പരസ്പരം ആണയിട്ട് നമ്മള്‍ നേരുകളെ മറയ്ക്കുന്നു.
തുറന്നുകിടക്കുന്ന വാതിലുകളെ സ്വപ്നംകാണുന്ന
ഒരു കള്ളന്‍ ഭൂപടത്തിന്റെ ഒരു നിറത്തിനും
അടയാളപ്പെടുത്താനാവാത്ത ഒരിടത്ത് ഒളിച്ചിരിക്കുന്നത്
കണ്ടെത്താനാവത്തതില്‍ നമ്മള്‍ ദു:ഖിക്കുന്നേയില്ല.
താമസക്കാരുള്ള വീടുകള്‍ മുഷിഞ്ഞവസ്ത്രങ്ങള്‍ കൂട്ടിയിടുന്ന
പൊട്ടലുകളുള്ള പാത്രങ്ങളാണെന്നു പറയുമ്പോള്‍ത്തന്നെ
ഓവുചാലിലൂടെ അടുക്കളയിലേക്കുള്ള പാറ്റചലനങ്ങളാണ്
വീടുകളുടെ നിശ്വാസങ്ങളെന്നും നമ്മള്‍ ഓര്‍മ്മിക്കാതിരിക്കുന്നില്ല,
ഒരു ഭൂപടത്തിലും വീടുകള്‍ അടയാളപ്പെടാത്താത്തതില്‍ ദു:ഖിക്കുന്നുമില്ല.
മടുപ്പ് മടുപ്പെന്ന് പലവട്ടം മടുത്തുതുടങ്ങുമ്പോള്‍
ഇടയ്ക്കെങ്കിലും പരിചിതമല്ലാത്ത ഏതെങ്കിലും നിറത്തിലേക്ക്,
പുതുമണമുള്ള വീടുകളെന്ന് നമ്മള്‍ പറയുന്ന
പുതിയൊരു വന്‍കരയിലേക്ക്
ഒരു നേരത്തേക്കെങ്കിലും പാറ്റയായൊന്ന്
ഇഴയുന്നതും പൂട്ടിയിട്ട മുറികളുള്ള ആള്‍പ്പാര്‍പ്പില്ലാത്ത
ആ വീടിന്റെ വാതിലുകള്‍ താക്കോലില്ലാതെ തുറക്കുന്നതും
പകല്‍സ്വപ്നമെന്ന് പരസ്പരം കബളിപ്പിക്കുന്നിടയ്ക്ക്.
വാക്കുകളുടെ കൈമാറ്റപ്പടികളിലൂടിറങ്ങി ഒന്നാം വാതില്‍
ഉച്ചനേരം ‍ ഇച്ഛകളുടെ തീവണ്ടികളില്‍ പച്ചവിളക്കു തെളിയുന്നു
ഒമ്പതു വാതിലുകളെന്നത് അത്രതന്നെ കടലുകളെന്ന്
നമ്മുടെ കണ്ണുകള്‍ ഒരു ജലയാത്രയുടെ നനവില്‍ മഴവില്ലാകുന്നു.

രണ്ടാം വാതിലിലെ പതിനാറു ലിവറുകളില്‍
ഇരുജോഡി കരങ്ങള്‍ പരസ്പരം കോര്‍ത്തകലുന്നു.
പരിചിതമീ വന്‍കരയെന്ന് പരസ്പരം പങ്കുവെയ്ക്കുന്നു
പോകാത്ത ദൂരങ്ങള്‍ പിന്നോട്ടെന്ന് കാഴ്ചകള്‍ കാണുന്നു.
ചിരപരിചിതത്വത്തിന്റെ വിരല്‍ ചലനങ്ങളെന്നു തുറക്കുന്ന
മൂന്നാംമുറിയുടെ തെക്കു പടിഞ്ഞാറെക്കോണില്‍
ഇടകലര്‍ന്ന വസ്ത്രങ്ങളെപ്പോലെ സ്വയമഴിഞ്ഞ് നമ്മള്‍
തെക്കുകിഴക്കെന്ന് മദ്ധ്യാഹ്നവെയില്‍ ജനലഴി-
കളറുത്ത് മുഖത്തേക്ക് കയ്യെത്തിച്ച് ഉണര്‍ത്താനായുന്നു.
നിന്റെ പിന്നിലൂടെ നമ്മള്‍, നമ്മെളെന്ന് പാതി നിറഞ്ഞ കപ്പില്‍
അരുചിയെന്ന് നമ്മളൊരുമിച്ച് തുപ്പിക്കളയുന്നൊരു ചായപതയുന്നു.
തുറക്കാതെ വിടുന്ന അഞ്ചാംമുറിയെ കടന്ന്
ഏഴാം മുറിയിലെത്തുമ്പോള്‍ പൂജാമുറിയ്ക്കു മുന്നില്‍
ചോരാ ചോരി, ചുപാചുപിയെന്ന്
പഴയൊരു കളിയോര്‍മ്മിച്ച് പരസ്പരം കബളിപ്പിക്കുന്നു ‍

താമസിച്ചു കൊണ്ടിരിക്കുന്ന ഭൂഖണ്ഡത്തിലെപ്പോഴൊ
കടലെടുത്തു പോയൊരു ഭാഗമെന്ന് പൂജിതയാവുന്നു.
ഒരോ ഹോട്ടല്‍മുറിയും പൂജാമുറിയുടെ
അഗര്‍ബത്തി മണമെന്ന് ഇക്കിളിപ്പെടുന്നു നീ
തുറന്നവാതിലുകളൊന്നും അടയ്ക്കാതെ ഏഴാംമൂറിക്കു
പുറത്തെത്തുന്ന നമ്മളില്‍ ഉപേക്ഷിച്ചു പോന്ന
വന്‍കരയുടെ ഗന്ധം പാറ്റകള്‍ പോലെയിഴയുന്നു.
താക്കോലുകളെല്ലാം വലിച്ചെറിഞ്ഞ്
ഗേറ്റുകടക്കുന്ന നമ്മള്‍ പഴയവീടുകളിലേക്ക്
നടക്കുമ്പോള്‍ പരസ്പരം തിരിഞ്ഞുനോക്കുന്നേയില്ല.

Subscribe Tharjani |