തര്‍ജ്ജനി

കുസുമം ആര്‍. പുന്നപ്ര

ബ്ലോഗ് : pkkusumakumari.blogspot.com

Visit Home Page ...

കഥ

സങ്കീര്‍ത്തനം

‘കര്‍ത്താവേ, നിന്നില്‍ ഞങ്ങള്‍ അഭയം പ്രാപിക്കുന്നു.
എന്നെ ഒരിക്കലും ലജ്ജിതനാക്കരുതേ!
നിന്റെ നീതിയില്‍ എന്നെ മോചിപ്പിച്ചാലും
എന്നെ രക്ഷിച്ചാലും
നിന്‍റെ കാതു് എന്റെ നേര്‍ക്കു ചായ്ക്കേണമേ
എന്നെ രക്ഷിക്കേണമേ!’

സങ്കീര്‍ത്തനത്തിലെ വാക്യങ്ങള്‍ അച്ചനുരുവിടുമ്പോള്‍ ജോയിച്ചന്റെ മനസ്സ് എവിടെയൊക്കെയോ അലയുകയായിരുന്നു.ഇന്നലെവരെ ലോകത്തിലേയ്ക്കും വെച്ച് ഏറ്റവും വലിയ ഭാഗ്യവാനായിരുന്ന താന്‍.സ്നഹം വാരിച്ചൊരിയുന്ന അപ്പനും അമ്മച്ചിയും. താനാണ് ലോകത്തിലേയ്ക്കും വെച്ച് ഏറ്റവും വലിയ ഭാഗ്യവാനെന്ന് എത്രയോ പ്രാവശ്യം ഉരുവിട്ടു നടന്നിട്ടുണ്ട്. എന്നിട്ടിപ്പോള്‍! എത്ര പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. വര്‍ഗ്ഗീസിന്റെയും ത്രേസ്യാമ്മയുടേയും ഒരേ ഒരു സന്തതി. ഭാരിച്ച സ്വത്തിന്റെ അവകാശി. സാമാന്യം തരക്കേടില്ലാതെ പഠിച്ചുവന്ന ജോയിച്ചനെ 'പഠിച്ചിട്ടു വേണ്ടാ ഒന്നും സമ്പാദിച്ചു കൊണ്ടു വരാനെന്നും പറഞ്ഞ് 'പഠിപ്പുനിര്‍ത്തിയ അപ്പനും അമ്മച്ചിയും. കാണുന്നവരെല്ലാം പറയും വര്‍ഗ്ഗീസിന്റെയും ത്രേസ്യാമ്മേടെയും കണ്ണിലെ കൃഷ്ണമണിയാണ് ജോയിച്ചനെന്ന്. ശരിയാണ്. ജോയിച്ചന്‍ മനസ്സിലോര്‍ത്തു. എല്ലാം ശരിയാണ്. പക്ഷേ...

ആ പക്ഷേയാണ് ഇപ്പോളിവിടെ പ്രസക്തമായിരിക്കുന്നത്.

തന്റെ ആദ്യ കുര്‍ബാന... ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു. മേനംകുളം ബിഷപ്പുള്‍പ്പടെയുള്ള വികാരിയച്ചന്മാര്‍. എല്ലാവരുടേയും നാവിലൊന്നേ പറയാനുണ്ടായിരുന്നുള്ളു. ആ ഇടവകയിലെ ഒരു മഹാസംഭവമായിരുന്നു അതെന്ന്.

‘കര്‍ത്താവേ, നിന്നില്‍ ഞങ്ങള്‍ അഭയം പ്രാപിക്കുന്നു..’. സങ്കീര്‍ത്തനവാക്യങ്ങള്‍ മനസ്സിലേയ്ക്ക് തികട്ടി വരുന്നു. വര്‍ഗ്ഗീസിന്റെയും ത്രേസ്യാമ്മയുടെയും പുത്രന്‍ ആരിലാണാദ്യം അഭയം പ്രാപിച്ചത്.

കര്‍ത്താവിലാണോ..... അതൊരു ചോദ്യമായുദിച്ചപ്പോള്‍... മനസ്സിനുണ്ടായ മുറിവ് .... മുള്‍ക്കിരീടത്തിന്റെ മുറിവിനെ വെല്ലുന്നതായിരുന്നു.

‘എന്നെ ഒരിക്കലും ലജ്ജിതനാക്കരുതേയെന്ന്’ എത്രയോപ്രാവശ്യം മുട്ടിപ്പായി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. പ്രക്ഷുബ്ധമായ മനസ്സ് തെല്ലു ശാന്തമാകാന്‍ വേണ്ടിയാണ് അച്ഛന്റെ പ്രസംഗം തീരുന്നതിനു മുമ്പുതന്നെ ഇങ്ങോട്ടു പോന്നത്. കുന്തിപ്പുഴയുടെ മുകളിലുള്ള ഈ പാറയില്‍. ആദ്യമായാണിവിടെ വരുന്നത്. അല്പസമയം സ്വസ്ഥമായിരിക്കണം. മലയുടെ മുകളറ്റത്തുനിന്നും താഴേക്കു പതിക്കുന്ന പുഴയുടെ പാച്ചില്‍ പോലെ.... മനസ്സില്‍ ഒരു പാച്ചിലായാണ് ചിന്തകള്‍ കടന്നു വന്നത്.... മരുപ്പച്ച തേടുന്ന യാത്രികനെപ്പോലെ, ഉള്‍ക്കടലില്‍ ദിശയില്ലാതലയുന്ന വഞ്ചിപോലെയായിരുന്നു ജോയിച്ചന്റെ മനസ്സ്.

‘നിന്റെ കാത് എന്റെ നേര്‍ക്കു ചായ്ക്കേണമേ....’

അതെ, ഞാനതൊന്ന് നിന്റെ കാതിലേയ്ക്കു പറഞ്ഞോട്ടെ... എന്റെ പരിശുദ്ധനായ പിതാവേ... നിന്നോടു് ..... നിന്നോടുമാത്രം. ആരും കേള്‍ക്കാതെ. എന്റെ മനസ്സിനെ ഞാനൊന്ന് ശാന്തമാക്കീടട്ടെ, അങ്ങിനെയെങ്കിലും. ഇതാ അങ്ങിതൊന്നു കേട്ടാലും ....

‘അപ്രതീക്ഷിതമായാണ് ആ എഴുത്ത് തന്റെ കൈയ്യില്‍ കിട്ടുന്നത്. ഒരു പക്ഷേ ഒരിക്കലും കര്‍ത്താവിന് ആ പരമമായ സത്യം തന്നില്‍ നിന്നും ഒളിച്ചുവെയ്ക്കുവാന്‍ ആയില്ലായിരിക്കാം. അതുകൊണ്ടാണല്ലോ അങ്ങിനെ സംഭവിച്ചത്.

ആ എഴുത്തിലെ ഓരോ വരിയും ‘നെഗബില്‍ ചുഴലിക്കാറ്റുകള്‍ അടിക്കുന്ന പോലെ’ തന്റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ എവിടെയൊക്കെയോ അടിച്ചു വിള്ളലുകളുണ്ടാക്കി.
"ഒറ്റപ്പെട്ടവന്‍ എല്ലാ ഈടുറ്റ തീര്‍പ്പുകളെയും ചോദ്യം ചെയ്യാന്‍ മുടന്തന്‍ ന്യായങ്ങള്‍" തേടും.

അമ്മച്ചിയുടെ കണ്ണട തപ്പിയാണ് താന്‍ അപ്പച്ചന്റെ മുറിയില്‍ കടന്നത്. ഒരു കൌതുകത്തിനാണ് പഴയ ഡയറിത്താളുകള്‍ മറിച്ചത്. അപ്പോഴാണല്ലോ ആ എഴുത്ത് കണ്ണില്‍പ്പെട്ടത്.

പ്രിയപ്പെട്ട വര്‍ഗ്ഗീസിന് , ഹരിയുടെ വിവരം അറിയാനാണ് ഇതെഴുതുന്നത് . അവനിപ്പോള്‍ ഒരുപാടു വലുതായി കാണുമല്ലോ. നിങ്ങള്‍ പറഞ്ഞ പ്രകാരമൊന്നും കാര്യങ്ങള്‍ പാലിച്ചില്ല. എന്നിരുന്നാലും അറിയിക്കട്ടെ. അത്യാവശ്യപ്പെടുമ്പോള്‍ ഞാനറിയിക്കാം. അപ്പോള്‍ ഹരിയേയും കൂട്ടി വരണം. കര്‍ത്താവിന്റെ മുമ്പില്‍ ഒരിക്കലും കുറ്റക്കാരനാകരുത്.

കൂരിരുട്ടുപോലെ മനസ്സിലൊരു അവ്യക്തത. ആരാണീ ഹരി. താനറിയാത്ത ഒരാള്‍. അപ്പന്റെയും അമ്മയുടേയും എല്ലാ ബന്ധുക്കളേയും തനിയ്ക്കറിയാമല്ലോ. പിന്നെ ആരാണീ ഹരി. അടുത്ത കത്തിന്റെ വരികളിലേക്ക് കണ്ണുകള്‍ പാഞ്ഞു പോയി.

പിന്നീടുള്ള വരികളില്‍ കണ്ണോടിച്ചപ്പോള്‍ മനസ്സു കൂട്ടിച്ചേര്‍ത്തു... "വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്റെ വചനത്താലും വരുന്നു."

"പ്രിയപ്പെട്ട വര്‍ഗ്ഗീസിന്, സിസ്റ്റര്‍ മരിയ എഴുതുന്നത്. നിങ്ങളുടെ വളര്‍ത്തു മകന്‍ ജോയിച്ചനെന്ന ഹരിയുടെ അമ്മ അത്യാസന്നനിലയിലാണ്. അവര്‍ക്ക് അവരുടെ മകനെ കാണണമെന്നു പറയുന്നു . കര്‍ത്താവിനെ ഓര്‍ത്ത് അവനെ അവരുടെ അടുക്കലേക്കൊന്നു പറഞ്ഞു വിടണം... അവരുടെ മകനെ മരിക്കുന്നതിനു മുമ്പ് അവരൊന്ന് കണ്ടുകൊള്ളട്ടെ,.”

അടുത്ത എഴുത്തിലെ വരികള്‍ വായിച്ചപ്പോളാണ് കര്‍ത്താവിന്റെ ഈ ഇടയനെ എന്തിനാണിങ്ങനെ ലജ്ജിതനാക്കിയതെന്ന് ചോദിച്ചു പോയത്. അതിലെ ഓരോ വരിയും ഓരോ കൂരമ്പുകള്‍ പോലെ ഹൃദയത്തെ മുറിപ്പെടുത്തി. അന്നാദ്യമായി വര്‍ഗ്ഗീസെന്ന അപ്പച്ചനോട് വെറുപ്പു തോന്നി.

"പ്രിയപ്പെട്ട് വര്‍ഗ്ഗീസിന്, ഹരിയുടെ അമ്മ ഇക്കഴിഞ്ഞ ദിവസം ഈ ലോകത്തോട് യാത്ര പറഞ്ഞു. അവരുടെ ഹൃദയം സൂക്ഷിപ്പുകാരിയായിരുന്ന എനിയ്ക്ക്
ആ മനസ്സിന്റെ ഓരോ സ്പന്ദനങ്ങളും അറിയാവുന്നതു കൊണ്ടാണിതെഴുതുന്നത്. മാമോദിസ മുക്കിയ ഹരിയെന്ന ജോയിച്ചനെക്കൊണ്ട് പറ്റുമെങ്കില്‍ ... അവന്റെ അമ്മയുടെ... അശ്വതിവര്‍മ്മയുടെ ശേഷക്രിയ ചെയ്യിക്കണം. പുത്രന്‍ ഒരമ്മയ്ക്ക് ശേഷക്രിയചെയ്താല്‍ അവര്‍ മോക്ഷപ്രാപ്തിയിലെത്തുമെങ്കില്‍ അതിനുള്ള അവസരം ഒരിക്കലും വര്‍ഗ്ഗീസ് ഇല്ലാതാക്കരുത്."

എഴുത്തു വായിച്ചു കഴിഞ്ഞപ്പോള്‍ ഭൂമി കീഴ്മേല്‍ മറിയുന്നതു പോലെ തോന്നി. എഴുത്തുകള്‍ മടക്കി തിരികെ അതേപോലെ വെച്ചു. പുറത്തു കടന്നു. കണ്ണടയില്ലാതിരുന്നതുകൊണ്ട് മുഖത്തിനു വന്ന ഭാവമാറ്റം അമ്മച്ചി കണ്ടുപിടിച്ചില്ല.

പിന്നീടൊന്നും ആലോചിച്ചില്ല. കൂട്ടുകാരനെ കാണാനെന്നു കള്ളം പറഞ്ഞാണല്ലോ എഴുത്തിന്റെ ഉറവിടം തേടിപ്പോയത്.

അവിടെനിന്നും തിരിക്കുമ്പോളെടുത്ത ഉറച്ച തീരുമാനം... അതില്‍ അശ്വതീവര്‍മ്മയുടെ മകന്‍ ഹരി പൂര്‍ണ്ണസംതൃപ്തി കണ്ടു. ബ്രഹ്മഗിരിമലയില്‍ നിന്നും ഉത്ഭവിച്ച പാപനാശിനിപ്പുഴയില്‍ മരിച്ച നാളും പേരും പറഞ്ഞ് പിതൃപിണ്ഡം സമര്‍പ്പിച്ചപ്പോള്‍ സങ്കീര്‍ത്തനത്തിലെ " എന്നെ ഒരിക്കലും ലജ്ജിതനാക്കരുതേ” എന്ന വരികളിലെ അര്‍ത്ഥത്തിന് ശരി കണ്ടെത്തുകയായിരുന്നു. " ശരിയാണ്, കര്‍ത്താവ് തന്നെ ലജ്ജിതനാക്കിയില്ല.

എന്നിട്ടു വീണ്ടും കര്‍ത്താവിനോടു പറഞ്ഞു."നിന്റെ കാത് എന്റെ നേര്‍ക്ക് ഒന്നുകൂടി ചായ്ക്കേണമേ..... എന്തിനാണെന്നോ.... ഇനി ഞാന്‍ ആരായിട്ടു ജീവിക്കണം... കര്‍ത്താവേ, മാമൂദിസ മുങ്ങിയ ഞാന്‍..... പാപനാശിനിയില്‍ പിതൃപിണ്ഡസമര്‍പ്പണം ചെയ്ത ഞാന്‍.... എനിയ്ക്കിനി നിന്നില്‍ അഭയം പ്രാപിക്കാമോ?

ജോയിച്ചനെന്ന ഹരിയുടെ ചോദ്യത്തിനുത്തരം നല്കാനാകാതെ കര്‍ത്താവ് ആ ചോദ്യത്തിനൊരു മറു ചോദ്യം നല്കുകയായിരുന്നു. "നീയൊരു മനുഷ്യപുത്രനാകുമോ...? വെറുമൊരു മനുഷ്യപുത്രനാകുമോ......?

Subscribe Tharjani |