തര്‍ജ്ജനി

പുസ്തകം

കഴുകന്മാരുടെ ആകാശവും തുറന്നുവെച്ച സംഗീതജാലകവും മറ്റും

നാടകകൃത്തായ വി. കെ. പ്രഭാകരന്റെ ആദ്യനോവല്‍. പോര്‍ച്ചുഗീസ് കോളനിവത്കരണത്തിനെതിരെ പോരാടിയ കുഞ്ഞാലിമരയ്ക്കാരുടെ പോരാട്ടങ്ങളും കീഴടങ്ങലും അന്ത്യവുമാണ് ഈ നോവലിലെ പ്രതിപാദ്യം. തന്റെ തന്നെ ഒരു നാടകത്തിന്റെ നോവല്‍ഭാഷ്യമാണ് ഈ പുസ്തകം. സരളവും പ്രസന്നവും ഭാവപ്രകടനസമര്‍ത്ഥവുമായ ഗദ്യത്തിന് മികച്ച മാതൃകയാണ് ഈ നോവല്‍.

ചരിത്രനോവല്‍ എന്ന സംവര്‍ഗ്ഗത്തെ സാര്‍ത്ഥകമാക്കുംവിധം കഥാപാത്രങ്ങളുടെയും മറ്റും ചിത്രങ്ങളും ഈ പുസ്തകത്തെ ആകര്‍ഷകമാക്കുന്നു.

കഴുകന്മാരുടെ ആകാശം
വി. കെ. പ്രഭാകരന്‍
64 പേജുകള്‍
വില : 45 രൂപ
പ്രസാധനം : സൈന്‍ ബുക്സ്, തിരുവനന്തപുരം.

പിന്നണിഗായകനും സംഗീതസംവിധായകനുമായ വി.ടി. മുരളിയുടെ സംഗീതസംബന്ധിയായ ലേഖനങ്ങളുടെ സമാഹാരം. ചലച്ചിത്രപിന്നണിഗാനരംഗത്തും ലളിതഗാനമേഖലയിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ പല പ്രതിഭകളും വേണ്ടത്ര അറിയപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. സംഗീതത്തെക്കുറിച്ച് അധികം എഴുതപ്പെടാത്ത ഭാഷയില്‍ പത്രലേഖകരുടെ കുറിപ്പുകളുടെ പരിമിതിയില്‍ എല്ലാം ഒതുങ്ങുന്നു. വി. ടി. മുരളി അനന്യാദൃശമായ ചരിത്രബോധത്തോടെയും സൌന്ദര്യസങ്കല്പങ്ങളോടെയും സംഗീതരംഗത്തെ പ്രതിഭകളെ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളില്‍. തെളിമയാര്‍ന്ന ഗദ്യം.സമതുലനം പാലിക്കുന്ന പ്രതിപാദനം. മികച്ച പുസ്തകങ്ങളിലൊന്ന്.

തുറന്നിട്ട സംഗീതജാലകങ്ങള്‍
വി. ടി. മുരളി
94 പേജുകള്‍
വില : 60 രൂപ
പ്രസാധനം: മാതൃഭൂമി ബുക്സ്, കോഴിക്കോട്.

പാരമ്പര്യത്തില്‍ നിന്നും നിലനില്ക്കുന്ന കാവ്യശീലങ്ങളില്‍ നിന്നും വിടുതല്‍ നേടി അപരിചിതമായ സൗന്ദര്യഭൂമികകളിലേക്ക് സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവയാണു് ടി. ഏ. ശശിയുടെ കവിതകള്‍. നിസ്സംഗമായ പ്രബുദ്ധതയും ഉള്‍വിഞ്ഞു നില്ക്കുന്ന മൗനവും ഈ കവിതകളുടെ സവിശേഷതകളാണെന്നു് അവതാരികയില്‍ പി. എ. നസീമുദ്ദീന്‍ നിരീക്ഷിക്കുന്നു.
സമകാലികജീവിതത്തിന്റെ രുഗ്ണമായ അവസ്ഥയാണു് ഈ കവിതകളുടെ അന്തര്‍ധാര.

ബ്ലോഗ് എഴുത്തുകാരനായ കവിയുടെ ആദ്യസമാഹാരം.

നാല്പത്തിയെട്ട് കവിതകള്‍.
ചിരിച്ചോടും മത്സ്യങ്ങളേ
ടി. എ. ശശി
64 പേജുകള്‍
വില : 45 രൂപ
സൈകതം ബുക്സ്, കോതമംഗലം. 686 691

Subscribe Tharjani |