തര്‍ജ്ജനി

സമകാലികം

ലോകമെമ്പാടുമുള്ള മലയാളികളോട്‌ ഒരു അഭ്യര്‍ത്ഥന

മലയാളികളായ സ്ത്രീപുരുഷന്മാരെ,

കേരളം എന്ന മരണവീട്ടിലിരുന്നുകൊണ്ടാണ്‌ ഇതെഴുതുന്നത്‌.

രാഷ്ട്രീയകൊലപാതകങ്ങളുടെ നികൃഷ്ടമായ പുതിയ മാതൃകകള്‍ സൃഷ്ടിക്കപ്പെടുന്ന ഒരു നാട്ടിലാണ്‌ ജീവിക്കുതെന്ന ബോധം നമ്മളെ നടുക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നില്ലേ എന്ന ചോദ്യമാണ്‌ ഞങ്ങള്‍ക്കു നിങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കുവാനുള്ളത്‌. നമ്മുടെ രാഷ്ട്രീയസംസ്കാരത്തിന്റെയും വിവേകരാഹിത്യത്തിന്റെയും വികൃതമായ മുഖമാണ്‌ നമ്മുടെ മുന്നിലുള്ളത്‌. കൊലപാതകത്തിന്‌ അവസരമൊരുക്കുകയും നികൃഷ്ടമായ വാദപ്രതിവാദങ്ങളിലൂടെ നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും നികൃഷ്ടമനസ്കരായ നേതാക്കളും ഈ നാടിന്‌ അപമാനവും ശാപവുമാണെന്ന്‌ പ്രഖ്യാപിക്കുവാന്‍ നാം മടിക്കാമോ?

ഇരുണ്ട ഒരു ദശാസന്ധിയിലാണ്‌ നാം എത്തിപ്പെട്ടിരിക്കുന്നതെന്ന്‌ മനസ്സിലാക്കിയേ പറ്റൂ. ജനാധിപത്യത്തിന്റെ ഉദാരതകളെ ചൂഷണം ചെയ്യുന്ന ശക്തികള്‍ തകര്‍ത്താടുകയാണ്‌. കൈയറപ്പില്ലാത്ത കൊലയാളികളും മാഫിയകളും നാടിനെ നിയന്ത്രിക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഒരു ഭാഗത്ത്‌ വര്‍ഗ്ഗീയഭ്രാന്തന്മാര്‍. മറ്റൊരു ഭാഗത്ത്‌ കക്ഷിരാഷ്ട്രീയഭ്രാന്തന്മാര്‍. അറപ്പിക്കുന്ന വര്‍ഗ്ഗീയതയെക്കാള്‍ ഒട്ടും മാന്യതയുള്ള ഇനമല്ല അരുംകൊലരാഷ്ട്രീയം. പ്രാകൃതമായ ഏതോ മടയില്‍നിന്നും നമ്മുടെ കാലത്തിലേക്കു നുഴഞ്ഞുകയറിയ കൊടിയ ഹിംസ്രതയുടെ രൂപങ്ങളാണ്‌ അവ രണ്ടും.

മനുഷ്യനെയും മനുഷ്യജീവനെയും വിലമതിക്കാത്ത പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയപ്രവര്‍ത്തനമല്ല നടത്തുന്നത്‌. അരാഷ്ട്രീയമായ ബലാബലത്തിലാണ്‌ അവ ഏര്‍പ്പെട്ടിരിക്കുന്നത്‌. ഈ സത്യം ഈ നാട്ടിലെ ജനങ്ങള്‍ തിരിച്ചറിയണം. ഹിംസക്കു വടി കൊടുക്കുന്ന ദുഷിച്ച നേതൃത്വത്തെ തിരുത്തുവാനുള്ള ഇച്ഛാശക്തി ജനങ്ങള്‍ക്ക്‌ ഉണ്ടായിവരണം. ഭരണാസക്തമായ നേതൃത്വത്തെ വെടിഞ്ഞ്‌ മനുഷ്യരായി മാറാന്‍, മനുഷ്യത്വത്തെ വീണ്ടെടുക്കാന്‍ നമുക്കു കഴിയണം. അധികാരമല്ല, മനുഷ്യനാണ്‌ വലുത്‌ എന്നു് സ്വന്തം പ്രസ്ഥാനത്തെ ബോദ്ധ്യപ്പെടുത്തുന്ന അണികളുടെ തിരുത്തല്‍ ശ്രമങ്ങളുണ്ടായേ പറ്റൂ. പ്രസ്ഥാനങ്ങള്‍ അവയുടെ മൌലികമായ മനുഷ്യസേവനപരമായ ദിശാബോധം വീണ്ടെടുക്കുന്ന അവസ്ഥ സംജാതമാക്കണം.

ഏതു മോഹനപ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും ശരി, ഏതു മാന്ത്രികമുദ്രാവാക്യത്തിന്റെ പേരിലായാലും ശരി, കൊലയുടെയും അക്രമത്തിന്റെയും പാതയില്‍ ഞങ്ങള്‍ കൂട്ടിനില്ല എന്നു് പ്രഖ്യാപിക്കാനുള്ള മാനവികമായ കരുത്ത്‌ ആര്‍ജ്ജിക്കാതെ നമുക്കു മുന്നോട്ടുപോകാനാവില്ല. നന്മകളോട്‌ പ്രതിബദ്ധരായ മനുഷ്യനായി സ്വയം രൂപാന്തരപ്പെടാതെ നമുക്കു രാഷ്ട്രീയമായോ ചിന്താപരമായോ ഭാവിയില്ല.

ഹിംസാത്മകപ്രത്യയശാസ്ത്രങ്ങളില്‍നിന്നു് വിടുതിനേടാത്ത രാഷ്ട്രീയം ജനാധിപത്യത്തെക്കുറിച്ചു പ്രസംഗിക്കുന്നതില്‍ എന്തു കാര്യമാണുള്ളത്‌? പകയുടെയും ചതിയുടെയും അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും സ്വരമുള്ള നീചരാഷ്ട്രീയത്തെ വെടിയാതെ സംശുദ്ധവും സംസ്കാരപൂര്‍ണ്ണവുമായ രാഷ്ട്രീയവും ജനാധിപത്യപ്രക്രിയയും രൂപപ്പെടുത്താനാവില്ല. ജനാധിപത്യരാഷ്ട്രീയം പോരാട്ടമേയല്ല. അത്‌ ആശയവിനിമയവും സംവാദവും നന്മ ചെയ്യാനുള്ള പ്രതിജ്ഞയുമാണ്‌. ഇതു ബോദ്ധ്യപ്പെടാത്തിടത്തോളം കാലം രാഷ്ട്രീയം വിഡ്ഢികളുടെ പോക്കിരിത്തവും പോരും ഭ്രാന്തും മാത്രമായി അധപ്പതിക്കുകയേയുള്ളൂ. ഇതിനെല്ലാം നിശ്ശബ്ദസാക്ഷികളായി അരുനില്‍ക്കുകയാണ്‌ നമ്മുടെ സാംസ്കാരികസമൂഹവും ചെയ്യുന്നത്‌ നടുക്കത്തോടെ നാം കാണേണ്ടിവരുന്നു. തികച്ചും ഭയാനകമായ ഒരവസ്ഥയല്ലേ ഇത്‌?

സര്‍വ്വരാജ്യമലയാളികളേ, മനുഷ്യനെ വിലവെയ്ക്കാത്ത രാഷ്ട്രീയം അരാഷ്ട്രീയമാണെന്ന് തിരിച്ചറിയാനും, അതിനു വാക്കാലും പ്രവൃത്തിയാലും കൂട്ടുനില്ക്കുകയില്ല എന്നു് പ്രതിജ്ഞയെടുക്കാനും നമ്മള്‍ തയ്യാറായേ പറ്റൂ. അധമരാഷ്ട്രീയത്തെയും അധമരാഷ്ട്രീയപ്രസ്ഥാനങ്ങളെയും വിട്ടകന്ന് മാനുഷികമൂല്യബോധത്തിലേക്കും സാമൂഹികബോധമുള്ള ചിന്തയിലേക്കും മാനവികമായ രാഷ്ട്രീയത്തിലേക്കും മാനവികസാഹോദര്യത്തിലേക്കും സ്വയം സ്വതന്ത്രമാകാന്‍ ഞങ്ങള്‍ ഞങ്ങളോടും നിങ്ങളോടും ആഹ്വാനം ചെയ്യുന്നു. ഒന്നാമതായും രണ്ടാമതായും മൂന്നാമതായും നാം മനുഷ്യരാണെന്ന് ജീവിതംകൊണ്ടു തെളിയിക്കാന്‍ നമുക്കു കഴിയില്ലെങ്കില്‍ പിന്നെയെന്തിനു രാഷ്ട്രീയം? പിന്നെയെന്തിനു കല? പിന്നെയെന്തിനു സാഹിത്യം? പിന്നെയെന്തിനു കൃഷി? പിന്നെയെന്തിനു ശാസ്ത്രം? പിന്നെയെന്തിനു മതം? പിന്നെയെന്തിനു ചിന്ത?

ടി.പി. രാജീവന്‍
കല്പറ്റ നാരായണന്‍
വി.ആര്‍.സുധീഷ്‌
ഡോ. ഖദീജാ മുംതാസ്‌
കോളിയോട്ട്‌ മാധവന്‍
മണിയൂര്‍ ബാലന്‍
ഇ.പ്രദീപ് കുമാര്‍
കെ.എന്‍. അജോയ് കുമാര്‍
കെ.സുജാത
സോമനാഥന്‍ പി.
സി.ജെ.ജോര്‍ജ്ജ്‌
വീരാന്‍കുട്ടി‍
മുഹമ്മദ്‌ റാഫി എന്‍. വി.
പ്രദീപന്‍ പാമ്പിരികുന്ന്‌
അരവിന്ദന്‍ എം.
മനോജ്‌ വി.എം.
ഗഫൂര്‍ കരുവണ്ണൂര്‍
സോമന്‍ കടലൂര്‍
ജയറാം ചെറുവറ്റ
സജീവന്‍ മൊകേരി

Subscribe Tharjani |