തര്‍ജ്ജനി

മുഖമൊഴി

രാഷ്ട്രീയസദാചാരത്തിന്റെ അവസാനം

ടി. പി. ചന്ദ്രശേഖരന്‍ 2012 മെയ്‌ 4-ന് രാത്രി കൊല്ലപ്പെട്ടു. കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം എന്ന ഗ്രാമത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിന്റെ പ്രവര്‍ത്തകനും ഭാരവാഹിയുമായ ഇദ്ദേഹം രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളാല്‍ പാര്‍ട്ടിയുമായി തെറ്റിപ്പിരിയുകയും തന്റെ വീക്ഷണങ്ങളുമായി യോജിക്കുന്ന സുഹൃത്തുക്കളെ ചേര്‍ത്ത് റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന സംഘടനയുണ്ടാക്കുകയും ഇടതുപക്ഷ ഏകോപനസമിതി എന്ന സംസ്ഥാനതലത്തിലുള്ള വേദിയുടെ സംഘാടകനായി പ്രവര്‍ത്തിക്കുകയും ചെയ്യുകയായിരുന്നു.

ജനാധിപത്യ മുഖ്യധാര‌യിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനമായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ നിന്ന് പലകാലങ്ങളില്‍ പലരും തെറ്റിപ്പിരിയുകയും സ്വന്തം പാര്‍ട്ടിയുണ്ടാക്കുകയോ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയോ ചെയ്തിട്ടുണ്ട്. ഇന്നത്തെ സി.പി.ഐ (എം) മുതല്‍ സി.പി.ഐ.(എം.എല്‍) വരെ നിരവധി പ്രസ്ഥാനങ്ങള്‍ ദേശീയതലത്തില്‍ ഉണ്ടായത് അങ്ങനെയാണ്. 1964ല്‍ സി.പി.ഐയില്‍ നിന്ന് അഭിപ്രായവ്യത്യാസത്താല്‍ പിരിഞ്ഞ് രൂപപ്പെട്ടതാണ് ഇന്നത്തെ സി.പി.ഐ (എം) എന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി. 1968ല്‍ സി.പി.ഐ (എം) ല്‍ നിന്നും പിണങ്ങിപ്പിരിഞ്ഞവര്‍ സി.പി.ഐ (എം. എല്‍) എന്ന പാര്‍ട്ടിയുണ്ടാക്കി. അവരെ നക്സലൈറ്റുകള്‍ എന്നാണ് വിളിച്ചുവന്നത്. കേരളത്തിലാ‌വട്ടെ, ദേശീയതലത്തിലുള്ള പിരിഞ്ഞുപോകലുകളെല്ലാം ഉണ്ടായതിനു പുറമെ വേറെയും പിരിഞ്ഞുപോകലുകള്‍ സംഭവിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നുമുള്ള നേതാവ് എം. വി. രാഘവന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോവുകയും സി.എം.പി എന്ന പേരില്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന ഒരു സംഘടനയുണ്ടാക്കി. പിന്നീട്, കേരളത്തിലെ എണ്ണംപറഞ്ഞ വനിതാകമ്യൂണിസ്റ്റുകളില്‍ ആദ്യത്തെ പേരായ കെ. ആര്‍. ഗൌരിയമ്മയും സി.പി.എമ്മില്‍ നിന്നും പിണങ്ങിപ്പിരിഞ്ഞ് വേറെ പാര്‍ട്ടിയുണ്ടാക്കി. ജനാധിപത്യസംരക്ഷണസമിതി എന്നായിരുന്നു അവര്‍ ഉണ്ടാക്കിയ സംഘടനയുടെ പേര്. സി.പി.ഐ (എം) ല്‍ നിന്നും പിരിഞ്ഞുപോന്നവര്‍ പൂവിരിച്ച പാതയിലൂടെയല്ല സഞ്ചരിച്ചത്. പാര്‍ട്ടിസംഘടനയുടെ സമസ്തശക്തിയും പിരിഞ്ഞുപോന്നവര്‍ക്കെതിരെ ഉപയോഗിച്ച് അവരെ ഒറ്റപ്പെടുത്താനും ദുര്‍ബ്ബലരാക്കാനും ശ്രമിക്കുന്നതിന് സാക്ഷികളായവരാണ് കേരളീയസമൂഹം. എം. വി. രാഘവന്റെ അനുയായികള്‍ പലരും ജീവന് ഭീഷണി നേരിട്ട് പ്രവര്‍ത്തിച്ചവരാണ്. പലരും കൊലക്കത്തിയില്‍നിന്നും ആയുസ്സിന്റെ ബലംകൊണ്ടുമാത്രം രക്ഷപ്പെട്ടവരാണ്. അതുപോലെ, ടി. പി. ചന്ദ്രശേഖരനും സുഹൃത്തുക്കളും എതിര്‍പ്പിന്റെ കഠിനവഴികള്‍ താണ്ടിവന്നവരാണ്. കുലംകുത്തികള്‍ എന്ന, സമകാലികമലയാളത്തില്‍ ആരും ഉപയോഗിക്കാത്ത ഫ്യൂഡലിസ്റ്റ് സംജ്ഞ ഉപയോഗിച്ചാണ് ചന്ദ്രശേഖരനേയും സുഹൃത്തുക്കളേയും സി.പി.ഐ (എം) ന്റെ സംസ്ഥാനസെക്രട്ടറി വിശേഷിപ്പിച്ചത്. കുലത്തെ, കുടുംബത്തെ നശിപ്പിക്കുന്നവരാണ് എന്ന അര്‍ത്ഥത്തിലാണ് ഈ പദപ്രയോഗം എന്ന് അദ്ദേഹം വിശദമാക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് മാപ്പില്ല എന്നും പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയെന്ന പാവനമായ കുലത്തിന്റെ രക്ഷകനായി സംസാരിക്കുയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിചിത്രമായ രാഷ്ടീയസ്വത്വമാണ് നാമിവിടെ കാണുന്നത്. ഇതാവട്ടെ അസംബന്ധമാണ് എന്ന് ലളിതമായ വാക്കുകളില്‍ സി. പി. ഐയുടെ എം.എല്‍.എ ആയ വി. എസ്. സുനില്‍കുമാര്‍ പറയുകയുണ്ടായി. പാര്‍ട്ടിവിട്ടുപോകുന്നവരെല്ലാം കുലംകുത്തികളാണെങ്കില്‍ 1964ല്‍ പാര്‍ട്ടിവിട്ടുപോന്നവരും കുലംകുത്തികളാണ് എന്നാണ് ആ യുവനേതാവ് പറഞ്ഞത്. ജനാധിപത്യരാഷ്ട്രീയത്തിന്റെ ആരോഗ്യം സ്വതന്ത്രമായ ആശയപ്രചരണത്തിലും സംഘടനാപ്രവര്‍ത്തനത്തിലുമാണ് കുടികൊള്ളുന്നത്. അതിനെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം അമിതാധികാരസ്വഭാവമുള്ള ഫാസിസ്റ്റ് നടപടികളാണ്.

ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകം ആസൂത്രിതമായി നിര്‍വ്വഹിക്കപ്പെട്ട ക്രിമിനല്‍ പ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ കുറ്റവാളികള്‍ തന്നെയാണ്. രാഷ്ട്രീയപ്രവര്‍ത്തകനെ വധിക്കുന്നത് രാഷ്ട്രീയമാണെന്ന് ഒരു നിയമസംഹിതയും നീതിബോധവും സംസ്കാരവും അംഗീകരിക്കുന്ന വാദമല്ല. എന്നിരുന്നാലും കേരളത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനമായി എതിരാളികളെ വധിക്കുക എന്ന പ്രവര്‍ത്തനം മൂന്ന് പതിറ്റാണ്ടുകാലം നിര്‍വിഘ്നം നടന്നുപോന്നു. കണ്ണൂര്‍ ജില്ലയിലെ ആര്‍.എസ്.എസ് - മാര്‍ക്സിസ്റ്റ് കൊലപാതകങ്ങളെക്കുറിച്ചാണ് പറയുന്നത്. വാക്കേറ്റം മൂത്ത് കയ്യാങ്കളിയിലെത്തുകയും അടികലശലില്‍ ആര്‍ക്കെങ്കിലും ജീവഹാനി സംഭവിക്കുകയും ചെയ്യുകയായിരുന്നില്ല അവിടെ സംഭവിച്ചിരുന്നത്. മാത്രമല്ല, ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയുമായിരുന്നില്ല. നിരായുധരായവരെ സംഘംചേര്‍ന്ന് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു, ഓരോ സംഭവത്തിലും അനുവര്‍ത്തിക്കപ്പെട്ട രീതി. ഇതിനായി പരിശീലിപ്പിക്കപ്പെട്ട സംഘവും അവര്‍ക്ക് സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുവാനുള്ള സംവിധാനവും ആയുധശേഖരവും ഉണ്ടായിരുന്നു. പ്രബുദ്ധകേരളത്തിന്റെ പരിഹാസ്യത വ്യക്തമാക്കുന്നവിധത്തില്‍ ഈ കൊലപാതകരാഷ്ട്രീയത്തെ ന്യായീകരിക്കാന്‍ ബുദ്ധിജീവികളും നമുക്കുണ്ടായിരുന്നു! ഇതിനെ നീതീകരിച്ച് സംസാരിക്കാത്തവര്‍ എതിര്‍ത്ത് സംസാരിച്ചിരുന്നുമില്ല. കണ്മുന്നില്‍ കണ്ടതിനെ കണ്ടില്ലെന്ന് നടിച്ച് അവരെല്ലാം മൌനം പാലിച്ചു. തുച്ഛമായ വൈയക്തികലാഭത്തിനുവേണ്ടി ബുദ്ധിജീവികള്‍ കൊലപാതകരാഷ്ട്രീയക്കാരുടെ വിനീതവിധേയരായി. ഇത്തരം വിനീതവിധേയരുടെ പിന്‍ബലത്തില്‍ പടുത്തുയര്‍ത്തിയ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് കൊലക്കത്തിയും ബോംബുമായി എതിരാളികളെ വകവരുത്തിക്കൊണ്ടിരുന്നത്.

ഏത് രാഷ്ട്രീയപ്രവര്‍ത്തകന്‍ വധിക്കപ്പെട്ടാലും കൊല നടത്തിയതാരെന്ന് മനസ്സിലാക്കാന്‍ സാമാന്യയുക്തിബോധം മതി. സാഹചര്യത്തെളിവോ സാക്ഷിയോ ഇല്ലാതെ തന്നെ മലയാളിയുടെ സാമാന്യയുക്തിബോധം ചൂണ്ടിക്കാണിച്ചുതരുന്ന കൊലയാളികള്‍ പിന്നീട് പോലീസ് പിടിയിലാവുകയോ തടവിലാക്കപ്പെടുകയോ ഒക്കെ ചെയ്തെന്നുവരാം. ഓരോ കൊലപാതകം നടക്കുമ്പോഴും അത് നടത്തിയ പാര്‍ട്ടി തങ്ങളല്ല അതിന്റെ ഉത്തരവാദിയെന്ന് പറയും. ആരും വിശ്വസിക്കില്ലെങ്കിലും പാവനമായ ഒരു അനുഷ്ഠാനമായി അവര്‍ നിഷേധക്കുറിപ്പിറക്കും. ടി. പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ ഉത്തരവാദിത്തം നിഷേധിച്ച് പുറത്തുവന്നത് സി. പി. ഐ (എം) ന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ്. അത് ഒരു പതിവ് അനുഷ്ഠാനമാണെന്നു്, അതിന്റെ പരിഹാസ്യതയുടെ പരകോടി വ്യക്തമാക്കിക്കൊണ്ട് പാര്‍ട്ടിയുടെ നേതാവും മുന്‍മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമായ വി. എസ്. അച്യുതാനന്ദന്‍ സംസാരിച്ചു. അദ്ദേഹം വളരെ കാവ്യാത്മകമായും ധ്വനിഭംഗിയോടെയുമാണ് സംസാരിച്ചത്. തന്റെ അനുയായിയായിരുന്ന ചന്ദ്രശേഖരനെ വധിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ നിഷേധിക്കാനോ സ്വന്തം വാക്കല്ല, ജില്ലാ സെക്രട്ടറിയുടെ വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. വ്യാകരണക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന അന്വാഖ്യാനസംഭാഷണം!

കേരളീയസമൂഹത്തെ അപ്പാടെ ഞെട്ടിച്ച ദാരുണമായ ഈ കൊലപാതകത്തെക്കുറിച്ച് എല്ലാവരും സംശയിക്കുന്ന സി. പി.ഐ (എം) ന്റെ ഭാഗത്തുനിന്നുണ്ടായ ആദ്യനിഷേധപ്രസ്താവനയെത്തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറി സാമാന്യം വൈകി രംഗത്തെത്തി. അദ്ദേഹം പറഞ്ഞത് ഈ കൊല നടത്തിയത് കൊട്ടേഷന്‍ സംഘമാണെന്നാണ്. അക്കാര്യത്തില്‍ അശേഷം സംശയമില്ലാതിരിക്കണമെങ്കില്‍ കൊലനടത്തിയതാരെന്നും അദ്ദേഹത്തിന് അറിയുമല്ലോ. കൊലയാളികള്‍ സഞ്ചരിച്ചതെന്ന് കരുതപ്പെടുന്ന വാഹനം പോലീസ് കണ്ടെടുത്തതേയുള്ളൂ. അതിനെ പിന്തുടര്‍ന്ന് തെളിവുകള്‍ കണ്ടെത്തുന്നതേയുള്ളൂ. അതിനിടയില്‍ ഇത്രയും ഉറപ്പോടെ ക്വട്ടേഷന്‍സംഘസിദ്ധാന്തം അവതരിപ്പിക്കണമെങ്കില്‍ കൃത്യമായ വിവരം അദ്ദേഹത്തിനുണ്ടെന്നല്ലേ കരുതേണ്ടത്. കുറ്റകൃത്യം ചെയ്തവരെ പിടികൂടുകയും താന്‍ നയിക്കുന്ന പാര്‍ട്ടിയെ സംശയത്തിന്റെ നിഴലില്‍ നിന്ന് മോചിപ്പിക്കുകയും വേണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കില്‍ അന്വേഷണസംഘത്തിന് തനിക്ക് ലഭിച്ച വിവരങ്ങള്‍ കൈമാറി സഹായിക്കുകയല്ലേ വേണ്ടത്? എന്നാല്‍, സി. പി. ഐ (എം) നേതാക്കളില്‍ നിന്നും പിന്നീട് കേള്‍ക്കാനിടയാവുന്നത്, ഏത് അന്വേഷണത്തേയും നേരിടാന്‍ പാര്‍ട്ടി തയ്യാറാണ്, തീവ്രവാദബന്ധം അന്വേഷിക്കണം, നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പ്രതികളെ പിടികൂടില്ല എന്നെല്ലാമുള്ള പ്രസ്താവനകളാണ്. അക്കൂട്ടത്തില്‍ ഒരാള്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജാണ് ഇതിന്റെ പിന്നിലെന്ന് ആരോപിക്കുകയും ഏതെങ്കിലും ദൃശ്യമാദ്ധ്യമപ്രവര്‍ത്തകന് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം പരോക്ഷമായി ഏറ്റെടുക്കുന്നതാണ് ഈ പ്രസ്താവനകളെല്ലാം എന്നേ ആരും കരുതൂ. മാത്രമല്ല, അടുത്തകാലത്ത് ഒഞ്ചിയത്ത് നടന്ന പാര്‍ട്ടിയുടെ സമ്മേളനത്തിന്റെ ഭാഗമായ പ്രകടനത്തില്‍ ടി. പി. ചന്ദ്രശേഖരന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും വെള്ളപുതപ്പിച്ച് കിടത്തുമെന്നും മുദ്രാവാക്യം വിളിച്ചതായും പത്രങ്ങളില്‍ വന്ന വാര്‍ത്ത ആരും നിഷേധിച്ചുകാണുന്നുമില്ല.

സി. പി. ഐ (എം) നേതൃത്വം എങ്ങനെയൊക്കെ ഉത്തരവാദിത്തം നിഷേധിക്കാന്‍ ശ്രമിച്ചാലും സ്വന്തം പാര്‍ട്ടിയിലെ നേതാക്കളും അണികളും ഇക്കാര്യത്തില്‍ അവരുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ല. ഇടതുപക്ഷമുന്നണിയിലെ കൂട്ടുകക്ഷികളും ഈ നിഷേധം വിശ്വസിക്കുന്നില്ല. മാദ്ധ്യമങ്ങളും പൊതുജനങ്ങളും അവരുടെ വാക്ക് വിശ്വസിക്കുന്നില്ല. ഇത്രത്തോളം വലിയ അവിശ്വാസം സ്വന്തം പ്രസ്ഥാനത്തിന് കൊലപാതകക്കാര്യത്തില്‍ ഉണ്ടാക്കിയെടുത്തതെങ്ങനെയെന്ന് നേതൃത്വം ആത്മപരിശോധന നടത്തേണ്ടതാണ്. എതിരാളികളെ കൊന്നുതള്ളുകയല്ല തങ്ങളുടെ രാഷ്ട്രീയനിലപാട് എങ്കില്‍ കുറ്റവാളികളെക്കുറിച്ച് തങ്ങള്‍ക്കറിയാവുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും അവരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ അന്വേഷണസംഘത്തെ സഹായിക്കുകയും വേണം. അല്ലാത്ത ഏത് നിഷേധവും വൃഥാവ്യായാമമാണ്. മൂന്ന് പതിറ്റാണ്ടുകാലം കണ്ണൂരില്‍ നടത്തിയ കൊലപാതകരാഷ്ട്രീയത്തിലൂടെ കളങ്കിതമായ സ്വന്തം രാഷ്ട്രീയം പൊതുസമൂഹത്തിന് വിശ്വാസം വരാവുന്നവിധത്തില്‍ തിരുത്തുവാന്‍ അവര്‍ തയ്യാറാവണം. എന്നാല്‍ ഇത്തരം ഒരു ദിശയിലല്ല സി. പി. ഐ (എം) നേതൃത്വം പ്രവര്‍ത്തിക്കുന്നത്.

ഒന്നിടവിട്ട ഇടവേളയില്‍ എന്തുതന്നെയായാലും അധികാരം കയ്യിലെത്തും എന്ന അവസ്ഥ കേരളത്തിലെ മുന്നണികള്‍ക്കു മുന്നിലുണ്ട്. അഴിമതി, സ്വജനപക്ഷപാതം, ക്രിമിനല്‍ ഗൂഢാലോചന എന്നിവയിലൂടെ അഞ്ച് വര്‍ഷം സാമൂഹ്യദ്രോഹം ചെയ്ത് അടുത്ത അഞ്ചുവര്‍ഷത്തെ വിശ്രമത്തിനു ശേഷം വര്‍ദ്ധിതവീര്യരായി അധികാരത്തിലേക്ക് തിരിച്ചെത്താനാകും എന്ന ഉറപ്പിനോളം അധികാരരാഷ്ട്രീയത്തില്‍ വേറെ എന്ത് ഉറപ്പാണ് വേണ്ടത്? സി. പി. ഐ (എം)നോടൊപ്പമായിരുന്ന എം. എന്‍. വിജയന്‍ പിണങ്ങിപ്പിരിഞ്ഞപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുക. ഇങ്ങനെ പോയാല്‍ പാര്‍ട്ടിയുണ്ടാവും. എന്നാല്‍ പാര്‍ട്ടിയോടൊപ്പം ജനങ്ങളുണ്ടാവില്ല. എം. എന്‍. വിജയന്റെ താക്കീത് തമാശയായി തള്ളാന്‍ നേതൃത്വത്തിന് സാധിക്കും. കാരണം, സാധാരണക്കാരന് ശുപാര്‍ശ പറയാനും, സഹകരണസ്ഥാപനത്തില്‍ ജോലി നല്കാനും പോലീസിലും സര്‍ക്കാരോഫീസിലും ഇടപെടാനും കഴിയുന്നിടത്തോളം ആവശ്യക്കാരായ ജനങ്ങള്‍ അണികളായി പിന്നാലെയുണ്ടാവും. കാല്‍ പൈസയുടെ അഴിമതി സാധാരണക്കാരന് ചെയ്തുകൊടുത്ത് കോടികളുടെ അഴിമതി സ്വയം ചെയ്യാം. രാഷ്ട്രീയസദാചാരത്തിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞ ഇത്തരം ഒരു സാഹചര്യത്തില്‍ ഏത് നെറികേടിനും ഏത് രാഷ്ട്രീയക്കാരനും തയ്യാറാകും.

Subscribe Tharjani |
Submitted by K M Venugopalan (not verified) on Mon, 2012-05-14 16:18.

"കുലം കുത്തികള്‍"?! ..
എവിടെ നിന്ന് കിട്ടി ഈ പ്രയോഗം?
'കുലം' 'സംരക്ഷിക്കുക' എന്ന ആശയത്തിലെ യാഥാസ്ഥിതികതയും സ്വത്വരാഷ്ട്രീയധ്വനിയും ശ്രദ്ധിച്ചുവോ?
സ്വത്വരാഷ്ട്രീയം സത്തയില്‍ എല്ലാ അര്‍ത്ഥത്തിലും മാര്‍ക്സിസ്റ്റുവിരുദ്ധമാണ്. എന്നാല്‍ കേരളത്തില്‍, മാര്‍ക്സിസത്തിന്റെ പേരില്‍
പ്രോത്സാഹിപ്പിക്കപ്പെടുന്നത് ഒരു തരം 'കമ്മ്യൂണിസ്റ്റു' സ്വത്വരാഷ്ട്രീയമാണ്. പ്രത്യേകിച്ചും വടക്കന്‍കേരളത്തില്‍ സി പി ഐ (എം) തങ്ങളുടെ ഇടുങ്ങിയ വൃത്തത്തിനു പുറത്ത് നടക്കുന്ന ഏത് അന്വേഷണത്തെയും ചിന്തയെയും ചൂണ്ടി അവയോട് ഭയം, സംശയം, വെറുപ്പ്‌ എന്നിവയും എല്ലാറ്റിലും ഉപരിയായി അരക്ഷിതബോധവും സ്വന്തം അനുഭാവികളില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് .
'ഹിന്ദു' വിന്റെ ഏകആധികാരികവക്താക്കള്‍ തങ്ങളാണെന്ന് ആര്‍ എസ് എസ്സുകാരും, ദളിത്‌രക്ഷ മായാവതിയെ അനുസരിക്കുന്നതില്‍ മാത്രം എന്ന് ബീ എസ് പി ക്കാരും "ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ" എന്ന് ജമാ അത്ത് ഇസ്ലാമിയോടു കൂറ് പുലര്‍ത്തുന്ന ഏതാനും സംഘടനകളും പ്രചരിപ്പിക്കുന്നതുപോലെയുള്ള സ്വത്വരാഷ്ട്രീയത്തിന്റെ വകഭേദങ്ങളില്‍ ഒന്നായി ഇടതുരാഷ്ട്രീയം അധപ്പതിക്കാതിരിക്കണം എന്നുണ്ടെങ്കില്‍, നിയോ ലിബറല്‍ രാഷ്ട്രീയക്രമത്തെ മാര്‍ക്സിസ്റ്റുകള്‍ക്ക് മാത്രം കഴിയുന്നവിധത്തില്‍
രാഷ്ട്രീയ സമ്പദ്ശാസ്ത്രപരം ആയി വിശകലനം ചെയ്യാനും അതിനു എതിരായി അരാജകവാദപരം അല്ലാത്ത ബഹുജനപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കാനും കഴിയണം.
ജനങ്ങള്‍ക്കിടയില്‍ ഐക്യത്തിനും പരസ്പരധാരണയ്ക്കും പകരം വിദ്വേഷം
പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്ക്കുന്ന ഏത് പ്രസ്ഥാനവും നീങ്ങുന്നത്‌
പുരോഗമനത്തിന്റെ എതിര്‍ദിശയിലേക്ക് ആയിരിക്കും എന്ന് പറയാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടതില്ല!
[from my facebook status message posted on May 7]

Submitted by Bachoo Mahe (not verified) on Mon, 2012-05-14 16:30.

ഘടനയില്‍ ഗോത്രസ്വഭാവത്തിലും പ്രവര്‍ത്തനത്തില്‍ എല്‍ടിടിഇ മോഡലുമായി സിപിഎം പരിവര്ത്തിക്കപ്പെട്ടിരിക്കുന്നു. സെക്രട്ടറിയുടെ വാക്കുകളും സമീപകാലത്ത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ കൊലകളും അതിനു അടിവരയിടുന്നു.

ഒരു കണക്കില്‍ സെക്രട്ടറി പറയുന്നതാ അതിന്റെ ന്യായം. പാര്‍ട്ടിഘടനയും ചോദ്യം ചെയ്യലും തിരുത്തലുമൊക്കെ പണ്ട്. മാറ്റം നിരന്തരപ്രക്രിയ ആണെന്ന് ആചാര്യന്‍ പണ്ടേ പറഞ്ഞു വെച്ചില്ലേ? ഗോത്രഘടനയിലേക്ക് ഒരിക്കലും വഴിമാറരുത് എന്ന് ആചാര്യന്‍ പറയാത്ത സ്ഥിതിക്ക് നാം നേതാവായത്തോടെ അതിനെ ഗോത്രസ്വഭാവത്തില്‍ പരിവര്‍ത്തിപ്പിച്ചിരിക്കുന്നു! അത് കൊണ്ടാണ് പാര്‍ട്ടിഗ്രാമങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഗോത്രഗ്രാമങ്ങള്‍ ഉണ്ടാകുന്നതും, ഗോത്രഗ്രാമങ്ങളില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന അന്യരെ നിഷ്കാസനം ചെയ്യുന്നതും . ഗോത്രത്തില്‍ നിന്ന് വെളിയില്‍ പോയി ഗോത്രത്തിലെ അനുസരണയുള്ള പൌരന്മാരെ വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നവരെയും, ഗോത്രത്തിനു ബദല്‍ രൂപീകരിച്ചു ഗോത്രമുഖ്യരെ വെല്ലുവിളിക്കുകയും ഗോത്രഘടനക്ക് തന്നെ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന ഒറ്റുകാരെയും നിഷ്കാസനം ചെയ്യുകയെന്നത് ഗോത്രനീതി മാത്രം....

Submitted by Vinod Palakkad (not verified) on Tue, 2012-05-15 15:19.

Whatever arguements/protests comes up, it will be vanished after the upcoming elections, ultimate loss will be only to the family of Mr. T. P. Chandrasekharan. Anyhow, the so called leaders of marxist party and the party itself will suffer a lot for this brutal murder of a real marxist. Then the so called marxist secretary will become the real "kulam kuththi".

Submitted by അനൂപ്. പി.കെ (not verified) on Thu, 2012-05-24 17:43.

റെവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്റെ നിഷ്ഠുരമായ കൊലപാതകം രാഷ്ട്രീയ പകപോക്കലിനായി നടത്തിയ സമാനതകളില്ലാത്ത ഭീകരതയാണ്. ഈ ക്രൂരകൃത്യം നടപ്പാക്കിയവരെ മാത്രമല്ല, ഗൂഢാലോചന നടത്തിയ രാഷ്ട്രീയ നേതൃത്വത്തെയും നിയമത്തിന്റെ പിടിയില്‍ കൊണ്ടുവന്ന് ശിക്ഷിക്കുന്നതിന് ഇനിയും വൈകിക്കൂടാ. ഇത്തരം അരുംകൊലകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കേരളീയ സമൂഹത്തിന്റെ ജനാധിപത്യ മനസാക്ഷിയെ ഉണര്‍ത്തുന്നതിനുള്ള പ്രചാരണ പ്രക്ഷോഭണങ്ങളുടെ തുടക്കമെന്ന നിലയില്‍ നവ ജനാധിപത്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ എറണാകുളം കെഎസ്ഇബി എംപ്ളോയീസ് യൂണിയന്‍ ഹാളില്‍ 'രാഷ്ട്രീയ ഭീകരവാദത്തിനെതിരെ ജനാധിപത്യ സംഗമം' സംഘടിപ്പിക്കുന്നു.

രാവിലെ 11 മണിക്ക് ബിഷപ്പ് ഡോ: ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും. സി ആര്‍ നീലകണ്ഠന്‍, കെ കെ കൊച്ച്, എന്‍ എം പിയേഴ്സണ്‍, സണ്ണി എം കപിക്കാട്, വി എം ദീപ, രേഖാരാജ്, അഡ്വ. ഭദ്രാകുമാരി, അഡ്വ. കെ എസ് മധുസൂദനന്‍, ശിഹാബ് പൂക്കോട്ടൂര്‍, കെ വി മുഹമ്മദ് സക്കീര്‍, എം വി സുബ്രഹ്മണ്യന്‍, പി പി സന്തോഷ്, എം ഡി തോമസ്, ഏകലവ്യന്‍ എന്നിവര്‍ പങ്കെടുക്കും.

ചന്ദ്രശേഖരന്‍ വധത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വത്തില്‍ നിന്ന് സിപിഎമ്മിന് ഒരു കാരണവശാലും ഒഴിഞ്ഞുമാറാനാവില്ല. എന്നാല്‍ ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും ഇപ്പോള്‍ അക്രമവിരുദ്ധരായി രംഗപ്രവേശം ചെയ്തിരിക്കുന്ന ആര്‍എസ്എസ്- ബിജെപി സംഘവും മുസ്ളിം ലീഗും മറ്റു പല സംഘടനകളും ഇത്തരം സഹോദരഹത്യകള്‍ നടത്തിയവര്‍ തന്നെയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അനേകം കൊലപാതകങ്ങളില്‍ ഈ പാര്‍ട്ടിക്കളുടെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ട്. ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍ നടത്തുന്ന തരംതാണ രാഷ്ട്രീയ പ്രചാരണങ്ങളും സിപിഎം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ ഭീകരവാദത്തെ ഇല്ലാതാക്കുകയല്ല, മറിച്ച് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കൊലപാതക- ക്രിമിനല്‍ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഇപ്പോള്‍ ചന്ദ്രശേഖരന്റെ വധത്തിന്റെ പേരില്‍ പാര്‍ട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുകയും ധാര്‍മിക രോഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ തന്റെ പാര്‍ട്ടി ഇതുവരെ നടത്തിയ മുഴുവന്‍ അക്രമങ്ങളെയും ഹിംസയുടെ രാഷ്ട്രീയത്തെയും തള്ളിപ്പറഞ്ഞുകൊണ്ട് ഇനിയും ആത്മാര്‍ത്ഥത തെളിയിക്കേണ്ടതുണ്ട്.

എതിരഭിപ്രായങ്ങളെ സംവാദത്തിലൂടെയും അണികളെ രാഷ്ട്രീയമായി ബോധവല്‍ക്കരിക്കുന്നതിലൂടെയും പരാജയപ്പെടുത്തുന്നതിനു പകരം പകയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയ സംസ്കാരമാണ് കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വളര്‍ത്തിയെടുക്കുന്നത്. ഇവര്‍ നല്‍കുന്ന അകമഴിഞ്ഞ പിന്തുണയോടെയാണ് സംസ്ഥാനത്ത് ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായ ക്വട്ടേഷന്‍- മാഫിയ സംഘങ്ങള്‍ വളരുന്നത്.

കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇത്തരം വഴിപിഴച്ച നയങ്ങള്‍ സാമൂഹിക സാമ്പത്തിക അവകാശ നിഷേധങ്ങള്‍ക്കെതിരായ ജനകീയ ഐക്യത്തെ തകര്‍ക്കുകയും സവര്‍ണ- സമ്പന്ന താല്‍പര്യങ്ങള്‍ക്കതിരെ അണിനിരക്കേണ്ട കീഴാള ജനവിഭാഗങ്ങളെയും തൊഴില്‍ വിഭാഗങ്ങളെയും ഭിന്നിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയില്‍ സംസ്ഥാനത്ത്, വിശേഷിച്ച് മലബാറില്‍ നടന്ന രാഷ്ട്രീയ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും പിന്നോക്ക- ദലിത് വിഭാഗങ്ങളില്‍ പെട്ടവരും ദരിദ്രരുമാണ്.

ഇടത്- വലത് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘപരിവാറിന്റെയും കൊലപാതക രാഷ്ട്രീയത്തെ ഇല്ലാതാക്കണമെങ്കില്‍ ഹിംസയുടെയും ക്രിമിനലിസത്തിന്റെയും എല്ലാത്തരം പ്രത്യയശാസ്ത്രത്തെയും പ്രയോഗങ്ങളെയും പരാജയപ്പെടുത്തേണ്ടതുണ്ട്. ജനാധിപത്യത്തെ ഒരു ഭരണക്രമം എന്നതിനപ്പുറം ഒരു ജീവിതരീതിയായി സ്വീകരിക്കുകയും മാനുഷികതയിലും സാഹോദര്യത്തിലും വിശ്വസിക്കുകയും ചെയ്യുന്ന ജനകീയ രാഷ്ട്രീയ കൂട്ടായ്മക്ക് മാത്രമേ സംവാദാത്മകമായ ജനാധിപത്യ രാഷ്ട്രീയത്തെ വീണ്ടെടുക്കാനും വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ സാഹോദര്യം സ്ഥാപിക്കാനും കഴിയൂ. അതിന്റെ ഭാഗമാണ് രാഷ്ട്രീയ ഭീകരവാദത്തിനെതിരായ നവ ജനാധിപത്യ പ്രസ്ഥാനം സംഘടിപ്പിക്കുന്ന ജനാധിപത്യ സംഗമം.