തര്‍ജ്ജനി

സോമനാഥന്‍ പി.

മലയാളവിഭാഗം,
കാലിക്കറ്റ് യൂനിവേഴ് സിറ്റി.

Visit Home Page ...

ലേഖനം

വൈലോപ്പിള്ളി അക്കിത്തത്തെ കാണുന്നു

മഹാനഷ്ടമോര്‍ത്തോത്തുകരയുന്ന കാവ്യമാണ്‌ അക്കിത്തത്തിന്റെ 'ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം'. മറ്റുള്ളവര്‍ക്കായി ഒരു കണ്ണീര്‍ക്കണം പൊഴിക്കുമ്പോള്‍ ഒരു സൌരമണ്ഡലവും ഒരു പുഞ്ചിരിപൊഴിക്കുമ്പോള്‍ നിത്യനിര്‍മ്മലപൌര്‍ണ്ണമിയും ഉദിക്കുന്ന മഹേന്ദ്രജാലമാണത്‌. ആത്മകഥയെന്നു വിളിക്കാവുന്ന കവിത. എന്നാല്‍ അതൊരു കവിയുടെ ജീവിതകഥയായി പരിമിതപ്പെട്ടുപോകുന്നില്ല, കേരളത്തിന്റെതന്നെ ആത്മകഥയായിത്തീരുകയും ചെയ്യുന്നു. കേരളത്തിന്റെ വികാസപരിണാമങ്ങളെ തികച്ചും നിര്‍മ്മമമായി നോക്കിക്കാണുന്ന ഈ ഇതിഹാസത്തില്‍ സ്വര്‍ഗ്ഗം, നരകം, പാതാളം, ഭൂമി എന്നിങ്ങനെ നാലുഖണ്ഡങ്ങളാണുള്ളത്‌. സ്വര്‍ഗം ബാല്യകാലത്തിന്റെ സുന്ദരമായ ഓര്‍മ്മകളാണ്‌. നരകത്തില്‍ അറിവുകളുടെ തീക്ഷ്ണമായ വെയിലില്‍ ബാല്യത്തിന്റെ പുലര്‍മഞ്ഞ്‌ വറ്റിപ്പോകുന്ന കൌമാരയൌവ്വനങ്ങളാണ്‌ പ്രതിപാദ്യം. പാതാളം ഏറ്റുപറച്ചിലാണ്‌; ആത്മവിമര്‍ശനമാണ്‌. അതിന്റെ ഫലമായുണ്ടാവുന്ന തിരിച്ചറിവും പ്രത്യാശയുമാണ്‌ ഭൂമി എന്ന അവസാനഖണ്ഡം.

ഉറങ്ങുംമുമ്പ്‌ ഉണരേണ്ടിവരുന്ന, കളിതീരുന്നതിന്‍മുമ്പ്‌ നിര്‍ത്തേണ്ടിവരുന്ന അതിഹ്രസ്വമായ രാപ്പകലുകളാണ്‌ ബാല്യത്തിന്റെ സുഖദമായ ഓര്‍മ്മകള്‍. കളികളാണതിന്റെ മുദ്ര. ഒളിച്ചുകളി, മുക്കുത്ത്‌, നായയും പുലിയുംകളി, പന്തുതട്ടല്‍, കുളംചാടല്‍, വട്ട്‌, ആട്ടക്കളം, തുലാസ്സും ഭാരയും, കമ്പിത്തായം, മുതലയായിക്കളി, ഉപ്പുവെച്ചിടല്‍, വേഷം കെട്ടലും പുരകെട്ടലും എന്നിങ്ങനെ പലതരത്തില്‍പ്പെട്ട കളികളുടെ ഒരു പട്ടികതന്നെയുണ്ട്‌. അഭിമന്യുവിന്റെ പടപ്പുറപ്പാടിനിടെ 'ശൂലം മുസലം പരിഘവും ചക്രവും...' എന്നിങ്ങനെ യുദ്ധോപകരണങ്ങളുടെ ഒരു പട്ടിക നിരത്തിക്കൊണ്ട്‌ കവിതയുണ്ടാക്കുന്ന മാസ്മരികവിദ്യ കാണിക്കുന്നുണ്ട്‌ എഴുത്തച്ഛന്‍. അതുപോലെ ഈ കളിപ്പേരുകള്‍ കൊരുത്തുകൊരുത്തുവെക്കുകയാണ്‌ അക്കിത്തവും ചെയ്യുന്നത്‌. അതിന്‌ അകമ്പടിയായി എത്തുന്നത്‌ സൂര്യചന്ദ്രന്മാരും (സൌരമണ്ഡലവും നിത്യനിര്‍മ്മലപൌര്‍ണ്ണമിയും വീണ്ടും ഉദിച്ചുവരുമെന്നതാണല്ലോ ഇതിലെ തിരിച്ചറിവ്‌) രാഹു, കേതു തുടങ്ങിയ കഥകളും മാരിവില്ലും മലര്‍നിരയും മറ്റും മറ്റുമാണ്‌. ആ ബാല്യം പോയതിന്റെ കണ്ണീര്‍പ്പുളിപ്പിലാണ്‌ സ്വര്‍ഗ്ഗം അവസാനിക്കുത്‌. ഓം ഖണ്ഡത്തില്‍ത്തന്നെ കവി തന്റെ നിലപാടുകള്‍ പ്രഖ്യാപിക്കുന്നുണ്ട്‌. അനാര്‍ഭാടമായി വൈകാരികാവേശങ്ങളെല്ലാമടക്കി കഴിയുന്നത്ര ചുരുക്കി വസ്തുതാപരമായി കവിതയെഴുതുന്ന ഒരു പുതിയരീതിയാണ്‌ താന്‍ പിന്തുടരുന്നതെന്ന്‌ അതിശക്തമായിത്തന്നെ പ്രഖ്യാപിക്കുന്നുണ്ട്‌ ഇതിലെ പ്രതിപാദ്യവും പ്രതിപാദനവും. ബാല്യകാലം ചിത്രീകരിക്കുമ്പോള്‍ കല്പനകളിലായാലും വര്‍ണ്ണനകളിലായാലും അലങ്കാരപ്പണികളിലായാലും അമിതാവേശത്തില്‍ കുടുങ്ങിപ്പോകുന്നതിന്റെ പാരമ്പര്യം 'കൃഷ്ണഗാഥ'മുതലെങ്കിലും മലയാളിക്ക്‌ പരിചിതമാണ്‌. അത്തരം പാരമ്പര്യങ്ങളെയെല്ലാം വകഞ്ഞുമാറ്റിക്കൊണ്ട്‌ ഇത്‌ പുതിയകാലത്തിന്റെ, പുതിയ നൂറ്റാണ്ടിന്റെ കവിതയാണെന്ന്‌ ആദ്യഖണ്ഡത്തില്‍ത്തന്നെ അസന്ദിഗ്ദ്ധമായി വെളിപ്പെടുത്താന്‍ അക്കിത്തത്തിനു കഴിഞ്ഞിട്ടുണ്ട്‌. തുടര്‍ന്നങ്ങോട്ട്‌ അത്‌ കൂടുതല്‍ക്കൂടുതല്‍ വ്യക്തമാകുന്നുമുണ്ട്‌.

രണ്ടാം ഖണ്ഡത്തിന്‌ നരകമെന്ന പേരുവന്നത്‌, അത്‌ ബാല്യത്തിന്റെ സൌഖ്യങ്ങളത്രയും കവര്‍ന്നുകളഞ്ഞതിനാല്‍ത്തന്നെയാണ്‌. ജിജ്ഞാസകള്‍ വളരുന്നതും അറിവായുറയ്ക്കുന്നതുമാണ്‌ 'നരക'ത്തിലെ സംഭവങ്ങള്‍. സയന്‍സിന്റെ വിജ്ഞാനലോകം സൌരയൂഥത്തെക്കുറിച്ചും പരിണാമസിദ്ധാന്തത്തെക്കുറിച്ചും മറ്റുമുള്ള അറിവുകള്‍ മാത്രമല്ല മനുഷ്യാഹന്തയെക്കൂടി ഉള്ളില്‍ ഉറപ്പിക്കുന്നുണ്ട്‌. അതിന്റെ ഭാഗമായി മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന ലോകത്തെ തിരിച്ചറിയുമ്പോള്‍ മനസ്സിലെ അമ്പിളിയുമര്‍ക്കനും താരകോടികളും കെട്ടുപോകുന്നു. സ്വകാര്യസ്വത്തുമാത്രമല്ല സ്വകാര്യസ്വത്വവും മനുഷ്യനെ വിമഭ്രമിപ്പിക്കുന്നു. ശാസ്ത്രസാങ്കേതികവിദ്യയുടെ പ്രളയം മനുഷ്യനെ നാഗരികനാക്കിയപ്പോള്‍ അധിനിവേശങ്ങളും യുദ്ധദുരിതങ്ങളും പെരുകുന്നതിന്റെ കാല്പനികവിഷാദം ലോകമെങ്ങും വലിയ സാഹിത്യപ്രസ്ഥാനമായി തിമിര്‍ത്തുപെയ്തു. കേരളത്തില്‍ നാഗരികാനുഭവങ്ങളുടെ ചിത്രം അക്കിത്തം വരച്ചുവെച്ചിരിക്കുന്നത്‌ ശ്ലഥബിംബങ്ങളിലൂടെയാണ്‌. 'പൊടിമീശ, തിളങ്ങിടും സ്വര്‍ണ്ണംകെട്ടിയ കണ്ണട, ബനിയന്‍ പുറമെക്കാണുമ്മാറെഴും സില്‍ക്കുജുബ്ബയും, പുകച്ചുരുളുയര്‍ത്തുന്ന ഗോള്‍ഡ്‌ ഫ്ലേക്കധരങ്ങളില്‍, ചുരുളന്‍ മുടിയില്‍ തീക്ഷ്ണഗന്ധിയാം ഹെയറോയിലും, കൈകളില്‍ സിഗററ്റ്കേസും, തീകത്തിക്കുന്ന യന്ത്രവും, കീശയില്‍ച്ചീര്‍പ്പ്‌, മണിക്കണ്ടത്തില്‍ ഫേവര്‍ ലൂബയും, പത്തുകൈവിരലിന്മേലും രത്നം വൈപ്പിച്ച മോതിരം, പാദങ്ങളില്‍ക്കളസവും ഷൂസും പുതിയമോടിയില്‍' എന്നിങ്ങനെ നീളുന്ന വര്‍ണ്ണനയില്‍ കടന്നുവരുന്ന ബ്രാന്‍ഡ് നെയിമുകള്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഗീതാ റോയി, സുരയ്യ, ടി.ആര്‍, ലളിത, പത്മിനി, രാഗിണി, നര്‍ഗ്ഗീസ്‌ എന്നിങ്ങനെയുള്ളവരെക്കുറിച്ചുള്ള സ്വപ്നങ്ങളാല്‍ ചിത്തസിപാതമൂര്‍ച്ഛയിലാണ്‌ യുവാക്കള്‍. വീഥിയില്‍ റോള്‍സ്‌റോയിസ്സും ഷെവര്‍ല്ലെയും ഹില്‍മേനും സ്റ്റുഡിബോക്കറും മോറിസും ബ്യൂക്കും ഇരമ്പുന്നു. അതിനിടെയാണ്‌ ചത്ത പെണ്ണിന്റെ കണ്ണുകള്‍ കാക്ക കൊത്തുന്നതും നരവര്‍ഗ്ഗനവാതിഥി മുലചപ്പിവലിക്കുന്നതും. ലോക്കറ്റാടുന്ന നെക്ലേസും ഇയര്‍റിംഗ്‌, മോതിരം, വളയും മാലയും, ബ്രൂച്ചും, റിസ്റ്റു വാച്ചും, വെല്‍വെറ്റും വോയിലും ജോര്‍ജ്ജറ്റും ടിഷ്യുവും, രാജും, ദിലീപ്‌, അശോക്‌, ദേവാനന്ദ്‌, ഉദയശങ്കര്‍, ഗോപീനാഥന്‍, സയിഗള്‍, മല്ലിക്ക്‌ എന്നി‍ങ്ങനെ നിരന്നുവരുന്ന പേരുകളുണ്ടാക്കുന്ന വൈവിദ്ധ്യമാണ്‌ പുതിയ ലോകം. അത്രനീണ്ട വര്‍ണ്ണനകള്‍ക്കൊടുവില്‍ "അരിവെപ്പോന്റെ തീയില്‍ച്ച്യാമ്പാറ്റ പതിക്കയാല്‍ പിറ്റ്ടവഴിക്കുണ്ടില്‍ക്കാണ്മൂ ശിശുശവങ്ങളെ" എന്ന്‌ അതിനെയപ്പടി മുറിച്ചുകൊണ്ട്‌ തികച്ചും വ്യത്യസ്തവും അത്രമേല്‍ സംക്ഷിപ്തവുമായ ചിത്രം സിവേശിപ്പിച്ചിരിക്കുന്നു‍. കാച്ചാതെതന്നെ ‍ കുറുകിയ കവിത. എന്നിട്ടാ‍ണ്‌ വെളിച്ചം ദുഃഖമാണെന്ന പ്രസ്താവന വരുന്നത്‌. മനുഷ്യനെ പിശാചാക്കുന്ന നരകത്തിന്റെ നാളുകളാണവ. അറിവും സൌകര്യങ്ങളും ആണ്‌ ആ നരകത്തിന്റെ മൂലകങ്ങള്‍.

നരകത്തില്‍ കവി പ്രയോഗിക്കുന്ന പദങ്ങളുടെ പട്ടിക തയ്യാറാക്കിയാല്‍ അതില്‍ ഭൂരിപക്ഷവും കവിതയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവയാണെന്നു കാണാം. കാല്പനികര്‍ പ്രകൃതിയിലേക്കു മടങ്ങാന്‍ കല്പിച്ചതെല്ലാം സ്നിഗ്ദ്ധസുന്ദരമായ പദങ്ങളുടെ സംഗീതാത്മകമായ ചേര്‍ച്ചയിലാണ്‌. (ദശകങ്ങള്‍ക്കുശേഷം പുറത്തുവ 'ഭൂമിക്ക്‌ ഒരു ചരമഗീതം' എന്ന ഒ.എന്‍.വി. കുറുപ്പിന്റെ പ്രഖ്യാതമായ കവിതയിലെ പദങ്ങളും ഇമേജുകളുമായി ഈ കവിതയെ ഒന്നു് താരതമ്യം ചെയ്താല്‍ മതി ഇതിഹാസത്തിന്റെ വ്യതിരിക്തത ബോദ്ധ്യപ്പെടാന്‍.) അക്കിത്തം കല്പനയിലേക്കല്ല പരിസരത്തുള്ള യാഥാര്‍ത്ഥ്യത്തിലേക്കാണ്‌ തന്റെ കണ്ണു് തുറന്നുപിടിച്ചിരിക്കുന്നത്‌. കവികള്‍ പുറത്താക്കിയ വാക്കുകളും ചിത്രങ്ങളുമാണ്‌ അദ്ദേഹം എടുത്തു നിരത്തുന്നത്‌. നിറംകെട്ട ചാരനിറംകൊണ്ടാണ്‌ പിക്കാസോ ഗേര്‍ണിക്ക വരച്ചിടുന്നത്‌ എന്നോര്‍ക്കുക. ആധുനികകലയുടെ അപ്പോസ്തലനായി പിക്കാസ്സോയെയും ക്യൂബിസത്തെയും പ്രതിഷ്ഠിക്കുമ്പോള്‍ ഇവിടെ അതേ തരത്തിലുള്ള രചനാതന്ത്രം കവിതയില്‍ പ്രയോഗിച്ച അക്കിത്തം പ്രസ്ഥാനനായകനായി സ്വീകരിക്കപ്പെട്ടില്ല എതാണ്‌ വസ്തുത. എന്താവാം അതിന്റെ കാരണം? അതിനുത്തരം ഒരുപക്ഷെ പാതാളം എന്ന ഖണ്ഡം തരുമായിരിക്കും.

പാതാളം എന്ന ശീര്‍ഷകത്തിന്‌ വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്കലി'ലേക്ക്‌ നീണ്ടെത്തുന്ന തായ്‌വേരുണ്ട്‌. പേരില്‍ മാത്രമല്ല ജീവനിലുമുണ്ട്‌ അത്തരം ഒരാത്മബന്ധം. "ഒരു പേനക്കത്തിയാലിളീര്‍ക്കണ്ണുമാതിരി പകയാലെന്‍ മനുഷ്യത്വക്കനി ചെത്തിത്തരുന്നു ഞാന്‍." എന്ന ആമുഖത്തിന്‌ 'കുടിയൊഴിക്കലി'ന്റെ പ്രാരംഭമായ "പുഞ്ചിരി ഹാ കുലീനമാം കള്ളം നെഞ്ചുകീറി ഞാന്‍ നേരിനെക്കാട്ടാം" എന്ന വരികളോടുള്ള ബന്ധം ഉദാഹരണം. 'കുടിയൊഴിക്കലി'ലെ അന്തഃസംഘര്‍ഷം 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'ത്തിലാണ്‌ പിന്നീട്‌ പൂത്തുനില്‍ക്കുന്നത്‌. തിസീനോട്‌ ആന്റിതിസീസ്‌ ഏല്‍ക്കുമ്പോള്‍ സിന്തസീസ്‌ ജനിക്കുന്നു എന്നുതുടങ്ങുന്ന ഭാഗത്ത്‌ ആ സംഘര്‍ഷം നിറഞ്ഞുനില്ക്കുന്നതുകാണാം. ബൂര്‍ഷ്വാ, പെറ്റിബൂര്‍ഷ്വാ തുടങ്ങിയ സങ്കേതങ്ങളിലൂടെ പുരോഗമനവാദികള്‍ നട്ടുവളര്‍ത്തിയ പകയുടെ പ്രത്യയശാസ്ത്രമാണ്‌ ഇവിടെ വര്‍ണ്ണിക്കുന്നത്‌. അപരത്തെ സൃഷ്ടിച്ച്‌ അതിനെതിരെ നടത്തിയ യുദ്ധങ്ങളുടെ ചാലകശക്തി പകയോ വിരോധമോ ആയിരുന്നു. ഉന്മൂലനമായിരുന്നു മന്ത്രം. മുദ്രാവാക്യങ്ങളായിരുന്നു രാഷ്ട്രനിര്‍മ്മാണപദ്ധതി. "അവര്‍തന്‍ ജഠരാഗ്നിക്കു ദഹിക്കാവുന്ന മാത്രയില്‍ ആദ്യം വിശ്വപ്രേമമാം നല്‍പ്പാലുതന്നെ കൊടുത്തു ഞാന്‍. വഴിയെപ്പാലില്‍ ഞാന്‍ ചേര്‍ത്തിതല്പം വിദ്വേഷമാം വിഷം; ഒടുവില്‍പ്പാലുവേണ്ടെന്നുവെച്ചു ഗൂഢസ്മിതത്തോടെ. വിദ്വേഷമേ ദിവ്യമായ മാര്‍ഗ്ഗം എന്നുള്ള വസ്തുത അവരെന്നോടു വാദിച്ചാരവസാനദിനങ്ങളില്‍." അവരുടെ കരളുകളില്‍ 'ആധിപത്യഭ്രമം കായ്ക്കുമന്ധവിശ്വാസമുള്‍ച്ചെടി' നട്ടുവളര്‍ത്തിക്കഴിഞ്ഞിരുന്നു. അതിന്റെ ഫലമായി ഉണ്ടായ സംഘര്‍ഷങ്ങള്‍ക്കു കണക്കുണ്ടായില്ല. തുടര്‍ന്നുവന്ന പോലീസ്‌ നരനായാട്ടിനുമുണ്ടായിരുന്നില്ല കയ്യും കണക്കും.

'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'ത്തിന്റെ കയ്യെഴുത്തുപ്രതി ഇടശ്ശേരിയെക്കാണിച്ചപ്പോള്‍ ഇത്‌ നിര്‍ബ്ബന്ധമായും പ്രസിദ്ധീകരിക്കണം എന്ന് പറഞ്ഞതുകൊണ്ടാണ്‌ അത്‌ വെളിച്ചം കണ്ടത്‌ എന്ന്‌ അക്കിത്തം ഏറ്റുപറഞ്ഞിട്ടുണ്ട്‌. 'അധികാരം കൊയ്യണമാദ്യം' എന്ന ഇടശ്ശേരിയുടെ ആഹ്വാനത്തെതന്നെയാണ്‌ 'ആധിപത്യഭ്രമം' എന്ന്‌ അക്കിത്തം വിശേഷിപ്പിക്കുന്നത്‌.(അധികാരത്തെ കൊയ്തെറിയണം എന്നത്‌ അധികാരം തന്നെത്തന്നെ ബാധിക്കാതെ നോക്കണമെന്ന് വായിക്കാന്‍ കഴിഞ്ഞേക്കും) അഹിംസാമൂര്‍ത്തിയായ ബുദ്ധന്റെ കരിങ്കല്‍പ്രതിമകൊണ്ടായാലുംശരി നരിയെ കൊല്ലുകതന്നെവേണമെന്ന ഇടശ്ശേരിയുടെ തത്വശാസ്ത്രത്തിന്റെ പൊള്ളത്തരമാണ്‌ അക്കിത്തം വരച്ചിടുന്നത്‌. പട്ടിണി മാറ്റാനായി നരനെ കൊല്ലാന്‍ ശ്രമിക്കുന്ന നരിയുടെ ദുഷ്ടതകള്‍ക്കെതിരെ പോരാടുന്ന നരനും ചെയ്യുത്‌ പട്ടിണി മാറ്റാനായുള്ള വധംതയൊണ്‌. അതോടെ ഇടശ്ശേരിയുടെ ധീരനായകനും വില്ലനും തുല്യരാകുന്ന ഒരു കര്‍മ്മവിപാകം സംഭവിക്കുന്നു. ഇടശ്ശേരി അത്‌ തിരിച്ചറിയുന്നില്ലെങ്കിലും അക്കിത്തം തിരിച്ചറിയുന്നുണ്ട്‌. വിദ്വേഷത്തിന്റെ തത്വശാസ്ത്രം അദ്ദേഹത്തിന്‌ സ്വീകാര്യമല്ല. അതുകൊണ്ട്‌ സത്യമായാലും മിഥ്യയാലും ധീരനായകനെ തോളിലേറ്റേണ്ട ഫാന്‍സ്‌ അസോസിയേഷനുകള്‍ ഇടശ്ശേരിയെ പ്രകീര്‍ത്തിച്ചു; അക്കിത്തത്തെ കയ്യൊഴിഞ്ഞു.

വൈലോപ്പിള്ളിതന്നെ ഇത്തരം കയ്യൊഴിയലില്‍നിന്ന്‌ കഷ്ടിച്ചാണ്‌ രക്ഷപ്പെടുന്നത്‌. കേരളപ്പിറവിക്കു മുമ്പാണ്‌ കുടിയൊഴിക്കല്‍ പ്രസിദ്ധീകരിക്കുന്നത്‌. വരാനിരിക്കുന്ന വിപ്ലവത്തെക്കുറിച്ച്‌ കേരളം ചുവന്ന സ്വപ്നങ്ങള്‍ നുണയുന്ന നാളുകളാണത്‌. ചെറ്റഴിക്കാന്‍ തുടങ്ങുമ്പോഴേക്കും ഏതോ ഉപബോധവൃത്തിയാലെന്നോണം കൂടുതല്‍ കുരുങ്ങിമുറുകുന്ന കടുംകെട്ട്‌ ഒറ്റവെട്ടിനാല്‍ തീര്‍ക്കുന്നവരുടെ വിപ്ലവമാണ്‌ വരാനിരിക്കുന്നത്‌. അതില്‍ മണ്ണടിഞ്ഞു പാതാളത്തിലെത്തുക ജന്മിമാര്‍ മാത്രമാണെന്ന ഭീതിദമെങ്കിലും സുന്ദരമായ സ്വപ്നത്തെ പുണര്‍ന്ന് മണ്ണ'യായി കരയുന്ന വൈലോപ്പിള്ളിയുടെ സ്വയംസന്ദേഹിയായ ജന്മിയുടെ പ്രാര്‍ത്ഥന 'പോംവഴി പക്ഷെ മറ്റൊരു വിധമായിരുന്നെങ്കിലെന്നാ'‍ണ്‌. ലോകസാമൂഹ്യദുര്‍ന്നിയമങ്ങള്‍ മാറ്റേണ്ടതുതന്നെയാണ്‌. അതിനുള്ള പരിശ്രമം 'സ്നേഹസുന്ദരപാതയിലൂടെയാവട്ടെ ‍" എന്നാണ്‌. ഇത്‌ കേരളപ്പിറവിക്കുമുമ്പുള്ള പ്രതീക്ഷയാണ്‌.

ഇവിടെ പടര്‍ന്നുപിടിച്ച രാഷ്ട്രീയവും സാംസ്ക്കാരികവുമായ അടിയൊഴുക്കുകളും മേലൊഴുക്കുകളും ഐക്യകേരളത്തിന്റെ ആദ്യദശകത്തില്‍ത്തന്നെ ചുവടുമാറിപ്പോകുന്നതു കാണാം. കേരളസമൂഹത്തിന്റെ പരിണാമത്തില്‍ വിമോചനസമരത്തിന്റെ ദുസ്സ്വാധീനത്തെക്കുറിച്ച്‌ വളരെയേറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്‌. 'മതവര്‍ഗ്ഗീയശക്തികള്‍' 'ജനകീയമുന്നേറ്റ'ത്തെ ബലമുപയോഗിച്ചും തൊട്ടുപിന്നാലെ ബാലറ്റുപയോഗിച്ചും പരാജയപ്പെടുത്തിയ കഥ പല മാനങ്ങളില്‍ പല വിതാനങ്ങളില്‍ പലപാട്‌ ഉരുക്കഴിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ജനകീയമുറ്റേത്തെത്തെ വിമോചനസമരം എങ്ങിനെയെല്ലാം മാറ്റിമറിച്ചുകളഞ്ഞു എന്നത്‌ പരിശോധിക്കപ്പെട്ടതേയില്ല. മുന്നണിഭരണത്തിന്റെ വിട്ടു‍വീഴ്ചകളിലേക്കും വിലപേശലിലേക്കും കേരളം സ്ഥിരമായി ചുവടുറപ്പിക്കുന്നതും രാഷ്ട്രീയമുദ്രാവാക്യങ്ങള്‍ അധികാരമുറപ്പിക്കുന്നതിലേക്ക്‌ കൂടുതല്‍ക്കൂടുതല്‍ പരിമിതപ്പെടുന്നതുമായ പില്‍ക്കാലചരിത്രം അതിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തപ്പെടേണ്ടതാണ്‌. അതെന്തായാലും ക്രാന്തദര്‍ശിയായ ഒരു കവി അത്തരത്തില്‍ പരുവപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ സ്പന്ദനങ്ങളെ കോറിയിട്ടതാണ്‌ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം. ആ അര്‍ത്ഥത്തില്‍ വൈലോപ്പിള്ളിയുടെ സന്ദേഹങ്ങള്‍ക്ക്‌ മലയാളകവിതയില്‍ പിന്നീടുണ്ടായ മറുപടിയാണത്‌. പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്ത്തപ്പെടുന്നത്‌ ജന്മിമാര്‍ മാത്രമല്ല എന്നതാണ്‌ ആ തിരിച്ചറിവുകളില്‍ മുഖ്യം."വേലക്കാരും കൃഷിക്കാരും തരുന്ന കടുകാപ്പിയും വറ്റില്ലാക്കഞ്ഞിഏയുംകൊണ്ടു ദിനരാത്രങ്ങള്‍ നീക്കവേ, ചട്ടിയിങ്കല്‍പ്പൊരിഞ്ഞീടുമവര്‍തന്‍ജീവിതങ്ങളെ അടുപ്പിലേയ്ക്കെറിഞ്ഞാരെന്‍ ശിഷ്യരാം പരമാര്‍ത്ഥികള്‍." വിമോചനപ്രസ്ഥാനം വികസിച്ചുവികസിച്ചു സ്വയം എസ്റ്റാബ്ലിഷ്മെന്റായിത്തീരുന്നു. അപ്പോള്‍ പകയുടെ പ്രത്യയശാസ്ത്രം പുതിയ ശത്രുക്കളെ സ്വവര്‍ഗ്ഗത്തില്‍ത്തന്നെ സൃഷ്ടിക്കുന്നു. രാഷ്ട്രീയപ്രബുദ്ധം എന്ന് ഘോഷിക്കപ്പെട്ട കേരളത്തില്‍ പിന്നീട്‌ പക അടിസ്ഥാനമാക്കിയ സംഘങ്ങളും പ്രസ്ഥാനങ്ങളും നിര്‍ണ്ണായകമായിത്തീരുതിന്റെ പശ്ചാത്തലംകൂടി അക്കിത്തം ചൂണ്ടിക്കാട്ടുന്നുണ്ട്‌. എല്‍.ഡി.എഫ്‌. എന്നും യുഡി.എഫ്‌. എന്നും പേരില്‍ മാത്രം വ്യത്യാസപ്പെടുന്ന പ്രബലശക്തികള്‍ പരസ്പരം വെച്ചുമാറാവുന്ന തരത്തില്‍ ഒന്നായിക്കഴിഞ്ഞിട്ടും പകയുടെ ബലതന്ത്രത്തില്‍ അസ്തിത്വം ഉറപ്പിക്കുന്നത്‌ പില്‍ക്കാലചരിത്രം. കാല്പനികതയുടെ വെള്ളിവെളിച്ചത്തില്‍ ആണ്ടുനിന്ന വൈലോപ്പിള്ളിയുടെ കാഴ്ചകളല്ല യാഥാര്‍ത്ഥ്യത്തിന്റെ സൂര്യവെളിച്ചത്തില്‍നിന്നുണ്ടായ കാഴ്ചകളാണത്‌. ഒരര്‍ത്ഥത്തില്‍ കാല്പനികതാപ്രസ്ഥാനത്തിന്റെ ആകാശക്കാഴ്ചകളില്‍ ഒഴുകി നടന്ന മലയാളകവിതയെ ആധുനികതയുടെ നേരവസ്ഥകളുടെ മണ്ണിലേക്ക്‌ ഇറക്കിക്കിടത്തി എതാണ്‌ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'മെന്ന കവിതയുടെ പ്രസക്തി. പക്ഷെ മലയാളത്തിലെ ആധുനികകവിതാപ്രസ്ഥാനം പിന്‍പറ്റിയത്‌ മുദ്രാവാക്യങ്ങളുടെതന്നെ മറ്റൊരു ധാരയായിരുന്നുവോ എന്നു് സംശയിക്കണം. എന്തായാലും ആധുനികതയ്ക്കെതിരെ ഉത്തരാധുനികമായ വിലയിരുത്തലുകള്‍ വരുമ്പോഴെങ്കിലും വീണ്ടെടുത്ത്‌ പഠിക്കേണ്ടതാണ്‌ അക്കിത്തത്തിന്റെ ഈ ഇതിഹാസമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Subscribe Tharjani |