തര്‍ജ്ജനി

കെ . വി . സുമിത്ര

എഡിറ്റർ ഇൻ ചാർജ്ജ്,
യൂത്ത് & ലൈഫ് ലൈറ്റ് മാഗസിൻ,
കൊച്ചി.
ഇ മെയില്‍ : sumithra469@gmail.com
ബ്ലോഗ് : www.athimaram.blogspot.com

Visit Home Page ...

കവിത

നിനക്കാരല്ല ഞാന്‍ ...?!

ഞാന്‍ നിനക്കാരെന്ന്
തിരയുമ്പോഴാണ്,
നിനക്കാരല്ലാതാവുന്നതെന്ന്
ഞാനറിയുന്നത് ..!!

നിനക്കാരെല്ലാമാണെന്നഹന്തയുടെ
കൊടി, പഴയൊരു പായ്ക്കപ്പലിന്‍
മേല്‍കൂരയില്‍
പാറിച്ചാഘോഷിച്ചതെയുള്ളൂ ഞാന്‍.

കൊടിമരത്തണലില്‍
പിച്ചകം നട്ടതും
പൂപ്പരത്തിയിലയില്‍
കഞ്ഞിയൂറ്റിയതും
ഉറുമ്പരിച്ചു കുറുകുറെ
തരിപ്പുണ്ടായതു -
മവിടെയെല്ലാം
ഉമ്മവെച്ചുമ്മവെച്ച്
മലര്‍ക്കേ പടര്‍ന്നു
കയറിയതും
എപ്പോഴെന്നെ
നിനക്കാരല്ലാതാക്കിയില്ലാ ..!!

അടുപ്പങ്ങള്‍ക്കകലം
കൂട്ടുമെന്ന് ഭയന്നിട്ടോ ,
അകലങ്ങള്‍, വേദനയിറ്റുമ്പോള്‍
തീ കടയുന്നപോലൊരാളല്‍
അടുപ്പാകുമടുപ്പമെന്നോ ..!!

ഇല്ല, ഒരിക്കല്‍പോലുമാ-
ഭിത്തിയിലിളക്കം
വരുത്തരുതെന്ന മറുപടിയില്‍,
കാലം വരച്ച മണ്‍ഭിത്തി
പോലെയായി ഞാന്‍ ..

വരരുതൊരിക്കലുമാ
പൂപ്പരത്തിച്ചില്ലയില്‍
പിച്ചകമണത്തില്‍
ഉറുമ്പായും തരിയായും
കുളിരായൊന്നുമൊരിക്കലും...!

കല്ലറയില്‍ പെട്ടുപോയ സൂര്യോദയം ..!
കാണേക്കാണേ മറഞ്ഞകന്ന യുഗാന്തരം..!
ഇരുള്‍കീറിയൊരിക്കലും
കിരണമേല്‍ക്കരുതെന്നില്‍ ,
ഞാന്‍ നിനക്കാരുമല്ല ...!!

Subscribe Tharjani |