തര്‍ജ്ജനി

കണ്ണാടി

തോരന്‌ അരയ്ക്കാന്‍ ഫ്രിഡ്ജിനുള്ളില്‍ പച്ചമുളക്‌ തിരയുന്നതിനിടയിലാണ്‌ കരിഞ്ഞ മണം അടുക്കളയില്‍ നിറഞ്ഞത്‌. സാമ്പാറിനുള്ള കഷണങ്ങള്‍ അടുപ്പത്തായിരുന്നെന്ന്‌ ഓര്‍ത്തപ്പോള്‍ അവളുടെ ഉള്ളൊന്നു കാളി. ഒറ്റക്കുതിപ്പിന്‌ സ്റ്റൌവിന്റെ അടുത്തെത്തുമ്പോള്‍ അവളില്‍ പ്രതീക്ഷ ഒട്ടും തന്നെ
ഉണ്ടായിരുന്നില്ല.

"ഈ നശിച്ച മറവി..." അവള്‍ പിറുപിറുത്തു.

പാത്രത്തിന്റെ അടിയില്‍ കരിഞ്ഞ്‌ പിടിച്ച ഉരുളക്കിഴങ്ങും വെണ്ടയ്ക്കയും അവളെ നോക്കി പല്ലിളിച്ചു. തിരിച്ചറിയാനാവാത്ത വിധം കരിഞ്ഞ്‌ പോയ കഷണങ്ങള്‍ നോക്കി നില്‍ക്കുമ്പോള്‍ ഒരു കണ്ണാടിയുടെ മുന്നില്‍ നില്‍ക്കുകയാണെന്ന്‌ അവള്‍ക്ക്‌ തോന്നി.

ഊണിന്‌ നേരമാകുന്നുവെന്നും അയാളിപ്പോഴെത്തുമെന്നും ക്ലോക്കിന്റെ സൂചികള്‍ വിളിച്ച്‌ പറഞ്ഞത്‌ പൊങ്ങി വന്ന കരച്ചിലിനിടയില്‍ അവള്‍ കേട്ടില്ല.