തര്‍ജ്ജനി

സുനില്‍ കെ ചെറിയാന്‍

ഇ-മെയില്‍: sunilkcherian@yahoo.com
വെബ്ബ്: http://varthapradakshinam.blogspot.com/

Visit Home Page ...

ലേഖനം

കാലത്തിന്റെ അരങ്ങിലേക്ക് പിന്‍വാങ്ങിയവര്‍

പോയ ഒരു വര്‍ഷത്തിനിടെ ജീവിതനാടകവേദിയില്‍ നിന്നും ഓര്‍മ്മയിലേക്ക് മറഞ്ഞ കുറച്ച് കലാകാരന്‍മാരെ ഓര്‍ക്കുകയാണിവിടെ

ഡോക്‌ടര്‍ വയലാ വാസുദേവന്‍പിള്ള: ഇരുപത് വര്‍ഷത്തോളം തൃശ്ശൂര്‍ സ്‌കൂള്‍ ഒഫ് ഡ്രാമ ഡയറക്‌ടറായിരുന്ന, നാലു ദശകത്തോളം നാടകകര്‍ത്താവ്, സംവിധായകന്‍, സംഘാടകന്‍, അധ്യാപകന്‍, ഗവേഷകന്‍ എന്നീ വേഷങ്ങളില്‍ തിളങ്ങിയ ഡോ വയലാ, സുവര്‍ണ്ണരേഖ എന്ന സ്വന്തം പ്രസ്ഥാനത്തിലൂടെ ദേശവിദേശനാടകങ്ങള്‍ അവതരിപ്പിച്ചാണ് അക്കാദമിക്-സ്‌റ്റേജ് രേഖകള്‍ മറികടന്നത്. ഭാസകാളിദാസനാടകങ്ങളിലെ ശാശ്വതഘടകങ്ങള്‍ക്ക് ഊന്നല്‍കൊടുത്ത് പരീക്ഷണം നാടകസംസ്‌ക്കാരമാക്കി കൊണ്ടുനടന്നു വയലാ. ശങ്കരപ്പിള്ളക്കളരിയില്‍ നാടകത്തിന്റെ അടിതടകള്‍ അഭ്യസിച്ച വയലാസാറിന്, സുവീരന്‍ പോലുള്ള ശിഷ്യഗണങ്ങളെ സൃഷ്‌ടിക്കാനുമായി. രംഗഭാഷ, അഗ്‌നി, യാത്ര, സൂത്രധാരാ ഇതിലേ ഇതിലേ.. എന്നിവ പ്രധാനനാടകങ്ങള്‍.

പി എം ആന്‍റണി: അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന നാടകത്തിന്റെ അവസാനപണിപ്പുരയില്‍ - ആലപ്പുഴ സൂര്യകാന്തി എന്ന സ്വന്തം സമിതി - നിന്നുമാണ് അറുപത്തിയൊന്നാം വയസ്സില്‍ ആന്റണി രംഗം വിടുന്നത്.
ക്രിസ്തുവിന്റെ ആറാം തിരുമുറിവ് (1986), കടലിന്‍റെ മക്കള്‍, മണ്ടേലക്ക് സ്‌നേഹപൂര്‍വം വിന്നി ഉള്‍പ്പെടെ 20 നാടകങ്ങള്‍ എഴുതി. വ്യവസ്ഥാപിതനാടകസങ്കല്പങ്ങളുടെ യവനിക വലിച്ചുകീറി ഗ്രാമങ്ങളിലൂടെ നാടകയാത്ര ചെയ്തു.

ബാദല്‍ സര്‍ക്കാര്‍: പാതയില്‍ വിശ്വാസമുണ്ടായിരിക്കുക; അവസാനമില്ലാത്ത പാതയില്‍. ആശ്രമങ്ങളോ ദേവന്മാരോ നമുക്കില്ല; ഉള്ളത് പാത മാത്രം, അവസാനമില്ലാത്ത പാത എന്ന് ഏവം ഇന്ദ്രജിത്ത് എന്ന നാടകത്തില്‍ (1963) ബാദല്‍ സര്‍ക്കാര്‍ പറഞ്ഞു. ധൈഷണികതയിലൂടെയുള്ള നിശേഷം ബാദലിനെ ബംഗാള്‍ നാടകവേദിക്കപ്പുറമെത്തിച്ചു. ചമയങ്ങളില്ലാത്ത നടീനടന്‍മാരും രംഗപടമില്ലാത്ത വേദിയും നിറഞ്ഞ ബാദല്‍ നാടകങ്ങളില്‍ പ്രേക്ഷകര്‍ക്കും അഭിനായിക്കാന്‍ റോളുണ്ടായിരുന്നു. ഫ്യൂച്ചര്‍ ഐ തിയറ്റര്‍ ബാദലിന്റെ ഹട്ടാമലക്കപ്പുറം എന്ന നാടകം കുവൈറ്റില്‍ അവതരിപ്പിച്ചിരുന്നു.

ആഹ്വാന്‍ സെബാസ്‌റ്റ്യന്‍: സ്വന്തം നാടകകാഴ്‌ചപ്പാടുകള്‍
അവതരിപ്പിക്കുന്ന ചക്രവര്‍ത്തി എന്ന പുസ്തകത്തില്‍ നാടകം എല്ലാ കലകളുടെയും ചക്രവര്‍ത്തിയാണെന്ന് ആഹ്വാന്‍ പറഞ്ഞു. അമച്വര്‍ - പ്രഫഷണല്‍ നാടകങ്ങള്‍ ഇരുകരകളായിരുന്നില്ല ആഹ്വാന്‍ സെബാസ്‌റ്റ്യന്. കോഴിക്കോട്ടെ എക്കാലത്തെയും മികച്ച നാടകസംഘാടകരില്‍ - മ്യൂസിക്കല്‍ തിയറ്റേഴ്‌സ് എന്ന സ്വന്തം സമിതി സ്ഥാപിച്ചതുള്‍പ്പെടെ - ഒരാളായിരുന്നു സിനിമാരംഗത്തും പ്രവര്‍ത്തിച്ച ആഹ്വാന്‍ (ഹരിഹരന്റെ ലവ് മാര്യേജ് എന്ന ചിത്രത്തിന് സംഗീതം). ദേവസൂത്രം, ചൂഷകമന്ത്രം, കബന്ധങ്ങള്‍, ഉപാസന എന്നിവ മുഖ്യനാടകങ്ങള്‍. ഉപാസനയില്‍ കോഴിക്കോട് അബ്‌ദുള്‍ ഖാദര്‍ പാടി അഭിനയിച്ചിട്ടുണ്ട്.

വാസു പ്രദീപ്: അമ്പതുകളിലെ കോഴിക്കോട് എസ് എം സ്‌ട്രീറ്റിലെ പ്രദീപ് ആര്‍ട്ട്‌സ് വാസു പ്രദീപിന് കളരിയായിരുന്നു (പൊറ്റെക്കാടിന്‍റെ ഒരു ദേശത്തിന്‍റെ കഥയുടെ കവര്‍ ചിത്രം തുടങ്ങി കുറെ ഡിസൈനുകള്‍). അവിടന്നിങ്ങോട്ട് 150 നാടകങ്ങള്‍ ബാക്കിവച്ച് യാത്രയാവുമ്പോള്‍ മാമുക്കോയ അടക്കമുള്ളവര്‍ക്ക് ഓര്‍ക്കാനേറെ. കണ്ണാടിക്കഷണങ്ങള്‍, മത്സരം, മുക്തി,
നിലവിളി, താഴും താക്കോലും പ്രധാന അവതരണങ്ങള്‍. വാസു പ്രദീപിന്റെ
ദാഹിക്കുന്ന രാത്രി എന്ന പരീക്ഷണനാടകത്തില്‍ സംഭാഷണമില്ലാതെ ഒന്നര
മണിക്കൂര്‍ ആഹ്വാന്‍ സെബാസ്‌റ്റിന്റെ ഇഫക്‌റ്റ് മ്യൂസിക് ആണ്
ഉപയോഗിച്ചത്.

Subscribe Tharjani |