തര്‍ജ്ജനി

മുഖമൊഴി

പെഡഗോഗി ഓഫ് ദ ഒപ്രസ്സ്ഡ്

ബ്രസീലിയന്‍ വിദ്യാഭ്യാസചിന്തകനായ പൌലോ ഫ്രയറുടെ ഒരു പുസ്തകത്തിന്റെ പേരാണ് പെഡഗോഗി ഓഫ് ദ ഒപ്രസ്സ്ഡ്. മര്‍ദ്ദിതരുടെ ബോധനശാസ്ത്രം എന്ന പേരില്‍ ഈ പുസ്തകം മലയാളത്തില്‍ വിവര്‍ത്തനംചെയ്യപ്പെട്ടിട്ടുണ്ട്. ഈ പുസ്തകത്തിന്റെ പേര്, എണ്‍പതുകളില്‍ പാരലല്‍ കോളേജില്‍ പഠിപ്പിച്ചിരുന്ന ബുദ്ധീജീവികളായ അദ്ധ്യാപകര്‍ തങ്ങളുടെ ജോലിയെക്കുറിച്ചു പറയാനായി തമാശയായി ഉപയോഗിച്ചിരുന്നു. കേരളത്തില്‍ സ്വാശ്രയവിദ്യാഭ്യാസം ആരംഭിക്കുന്നതിനു മുമ്പേയുള്ള കാലമാണ്. കാശുനല്കി സ്കൂളിലോ കോളേജിലോ ജോലിനേടാന്‍ കഴിയാത്തവര്‍, പി.എസ്.സി പരീക്ഷയെഴുതി പ്രതീക്ഷാമുനമ്പില്‍ കാത്തിരിക്കുന്നവര്‍, നാടുവിട്ടെങ്ങും പോകാന്‍ താല്പര്യമില്ലാത്തവര്‍ എന്നിങ്ങനെയുള്ള അഭ്യസ്തവിദ്യരാണ് പില്‍ക്കാലത്ത് പാരലല്‍ കോളേജുകള്‍ എന്ന് വിളിക്കപ്പെട്ട ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ ആരംഭിച്ചതും നടത്തിയിരുന്നതും. തൊഴിലില്ലായ്മയെ പ്രച്ഛന്നമാക്കി അദ്ധ്യാപകവേഷത്തില്‍ എത്തുന്നവരുടെ മുന്നിലെത്തുന്നവര്‍ റെഗുലര്‍ കോളേജുകളില്‍ പ്രവേശനം കിട്ടാത്തവരായിരിക്കും. പലരും പലകുറി പരീക്ഷയുടെ കടമ്പയില്‍ തലതല്ലിവീണ്, വല്ലപാടും ഒരു ബിരുദം നേടി പി.എസ്.സി. പരീക്ഷയെഴുതാനുള്ള യോഗ്യതനേടാനായി എത്തുന്നവരാണ്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുപോലെ മുഖ്യധാരയുടെ കരുണാരഹിതമായ പരിചരണത്തിന് വിധേയരായി സ്വന്തം സ്ഥാനം അടയാളപ്പെടുത്താന്‍ നടത്തിയ അക്കാലത്തെ ശ്രമത്തിന് പൌലോ ഫ്രയറെ ഉപയോഗിച്ച് തമാശപറഞ്ഞിരുന്നവരുടെ കാലം കഴിഞ്ഞു. പാരലല്‍ കോളേജുകള്‍ക്ക് നികുതിയേര്‍പ്പെടുത്താന്‍ പണ്ട് കേരളത്തിലെ മന്ത്രിസഭ ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്ന വസ്തുതയും ഇക്കൂട്ടില്‍ ഓര്‍മ്മിക്കാം.

എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി. നാട്ടിലെങ്ങും കോളേജുകള്‍. പ്രൊഫഷനല്‍ കോളേജുകളില്‍ മുഴുവന്‍ സീറ്റിലും പ്രവേശനം നടത്താനാണ് അതിന്റെ നടത്തിപ്പുകാര്‍ ഇപ്പോള്‍ പാടുപെടുന്നത്. ഒരു ടിവി പരസ്യത്തില്‍ പറഞ്ഞതുപോലെ നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് എന്ന് നിഷ്കളങ്കരോ വിഡ്ഢികളോ ഈ മാറ്റംകണ്ട് പറഞ്ഞേക്കാം. കേരളീയസമൂഹം നേടിയെടുത്തെന്ന് അവകാശപ്പെടുന്ന എല്ലാ നല്ല മുല്യങ്ങളേയും കാറ്റില്‍പ്പറത്തി സമൂഹത്തോട് ധിക്കാരത്തോടെ പെരുമാറുന്ന ഒരുപറ്റം മുതലാളിമാരുടെ വാഴ്ചയാണ് നാട്ടില്‍ നടക്കുന്നത്. കോടികള്‍ വാരിയെറിഞ്ഞ് കോടികള്‍ കൊയ്യുന്ന ഈ മത്സരത്തില്‍ നാട്ടിലെ മഹാഭൂരിപക്ഷവും പ്രതികരിക്കാന്‍പോലും സാദ്ധ്യമാവാതെ മരവിച്ചുനില്ക്കുകയാണ്. അവരുടെ കോടികള്‍ ലോട്ടറിയുടെ മോഹനവാഗ്ദാനം മാത്രമായി അവശേഷിക്കുന്നു. പുരോഗതിയെന്ന് വിളിക്കപ്പെടുന്ന ഈ മാറ്റത്തില്‍ അവര്‍ ഇരകള്‍ മാത്രമായി അവശേഷിക്കുന്നു. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഉയരുന്ന സ്വകാര്യാശുപത്രികള്‍ എത്ര ഹീനമായ തൊഴില്‍ചൂഷണമാണ് നടത്തുന്നതെന്ന് നേഴ്സുമാരുടെ സമരത്തോടെ കേരളം മനസ്സിലാക്കി. നഗ്നമായ ഈ ചൂഷണത്തിനും നിയമലംഘനത്തിനും നമ്മുടെ നാട്ടിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മൌനസമ്മതം നല്കിയിരിക്കുകയാണെന്നും ചൂഷകരുമായി രഹസ്യവും പരസ്യവുമായ ബാന്ധവംപുലര്‍ത്തുന്നവരാണ് നമ്മുടെ രാഷ്ട്രീയക്കാരെന്നും നേഴ്സുമാരുടെ സമരം നമ്മുക്ക് കാണിച്ചുതന്നു.

വിഭവങ്ങളുടെ ചൂഷണം എന്നത് മുതലാളിത്തസാമ്പത്തികശാസ്ത്രത്തിന്റെ പ്രിയപ്പെട്ട പദപ്രയോഗമാണ്. ലാഭമുണ്ടാക്കാനായി ഏത് വിഭവവും പരമാവധി ചൂഷണം ചെയ്ത് പരമാവധി ലാഭമുണ്ടാക്കണമെന്ന ആ സമ്പത്തികശാസ്ത്രമാണ് നമ്മുടെ കാലത്തെ പ്രബുദ്ധമലയാളികളുടെ സാമ്പത്തികദര്‍ശനം. പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചുതുടങ്ങിയതോടെയാണ് നമ്മുടെ പാരിസ്ഥിതികപ്രഭാഷണങ്ങള്‍ ആരംഭിച്ചത്. ഒരു വശത്ത് പ്രബോധനവും മറുവശത്ത് പ്രകൃതിനശീകരണവും നടത്തുന്നു. മനുഷ്യാദ്ധ്വാനത്തെയും ഈ സാമ്പത്തികദര്‍ശനം ചൂഷണം ചെയ്യാനുള്ള ഒരു വിഭവം മാത്രമായാണ് കാണുന്നത്. അദ്ധ്വാനശേഷിയുടെ വിവേകപൂര്‍ണ്ണമായ വിനിയോഗമല്ല ഈ ചൂഷണത്തിന്റെ ദര്‍ശനം നമ്മുടെ നാട്ടില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ലാഭമുണ്ടാക്കാനായി, അദ്ധ്വാനിക്കുന്നവന് പരമാവധി കുറഞ്ഞ വേതനം നല്കുകയെന്നതാണ് അവര്‍ പ്രാവര്‍ത്തികമാക്കുന്ന രീതി. ആശുപത്രികളുടെ കാര്യത്തില്‍ മാത്രമല്ല വിദ്യാലയങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് നമ്മുടെ നാട്ടിലെ രാഷ്ട്രീയനേതാക്കന്മാര്‍ക്കും ഭരണാധികാരികള്‍ക്കും അറിയാത്ത കാര്യമല്ല.

സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുന്നതിനായി നമ്മുടെ വിദ്യാഭ്യാസമാനേജ്മെന്റ് അധികാരികള്‍ ഉപയോഗിച്ചിരുന്ന ഒരു വാക്ക് അണ്‍എക്കണോമിക്കല്‍ എന്നാണ്. സ്കൂളുകള്‍ മുടക്കുമുതലിനോളം തിരിച്ചൊന്നും നല്കുന്നില്ലെങ്കില്‍ അത് അടച്ചുപൂട്ടാമെന്നാണ് അവരുടെ വാദം. സ്കൂള്‍ പ്രവേശനത്തിനുള്ള അവകാശത്തിന് പോരാടിയ നാട്ടിലാണ് വിദ്യാഭ്യാസം കച്ചവടത്തിന്റെ പദാവലി ഉപയോഗിച്ച് വ്യവഹരിക്കാനുള്ള സാമ്പത്തികപ്രവര്‍ത്തനം മാത്രമായി ചുരുങ്ങിപ്പോയത്. വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന നവോത്ഥാനകാലത്തെ ആഹ്വാനം നാം മറന്നേ പോയിരിക്കുന്നു. പുറംനാടുകളിലെ തൊഴില്‍വിപണിക്ക് ആളുകളെ എത്തിച്ചുകൊടുക്കുകയായിരിക്കുന്നു ഇന്ന് നമ്മുടെ വിദ്യാഭ്യാസത്തിന്റെ പ്രാഥികം മാത്രമല്ല പാര്യന്തികവുമായ ഉദ്ദേശ്യലക്ഷ്യം. ഇത് കണ്ടാണ് ടിവി പരസ്യത്തിലെ പ്രാദേശികരാഷ്ട്രീയക്കാരന്‍ നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് എന്ന് അത്ഭുതംകൂറുന്നത്.

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ലാഭകരമാവാതിരിക്കുന്നതിനുള്ള കാരണം അവിടുത്തെ വിദ്യാഭ്യാസനിലവാരം മോശമായതിനാലല്ല. അടിസ്ഥാനസൌകര്യം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവം പുലര്‍ത്തുകയും സ്വകാര്യവിദ്യാലയങ്ങളേക്കാള്‍ മോശം അന്തരീക്ഷമാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ നിലനില്ക്കുന്നത് എന്ന പ്രതീതി പരത്തുകയും ചെയ്തത് നേരത്തെ പറഞ്ഞ വിദ്യാഭ്യാസമാനേജ്മെന്റ് അധികാരികളാണ്. അതോടൊപ്പം നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളുടെ വിദ്യാര്‍ത്ഥിസംഘടകള്‍ക്ക് സമരം കളിച്ച് പഠിക്കാനും മുഖ്യധാരാരാഷ്ട്രീയത്തിന്റെ നെറികേടുകള്‍ സ്വാംശീകരിക്കാനുള്ള പരിശീലനകേന്ദ്രമാക്കി സര്‍ക്കാര്‍വിദ്യാലയങ്ങളെ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളും മാറ്റി.

മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കുന്നുവെന്ന മേനിനടിച്ച് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ നാട്ടില്‍ കൂണുകള്‍പോലെ മുളച്ചുര്‍ന്നു. ഈ പരിണാമത്തിന് ഡി.പി.ഇ.പി പരീക്ഷണകാലം അനുകൂലമായ അന്തരീക്ഷം ഒരുക്കുകയും ചെയ്തു. സര്‍ക്കാര്‍സ്കൂളില്‍ പഠിപ്പിക്കലല്ല കളിയും തമാശയുമാണ് എന്നതിനാല്‍ പഠിപ്പിക്കുന്ന സ്കൂളുകള്‍തേടിയ രക്ഷാകര്‍ത്താക്കളുടെ രക്ഷകരായി കടന്നുവന്ന സര്‍ക്കാര്‍ അംഗീകൃത ഇംഗ്ലീഷ് മീഡിയം സ്വാശ്രയവിദ്യാലയങ്ങള്‍ ഏതൊക്കെ രീതിയിലുള്ള നിയമലംഘനം നടത്തുന്നുവെന്ന് നോക്കുവാന്‍ നോരത്തെ പറഞ്ഞ വിദ്യാഭ്യാസമാനേജ്മെന്റ് അധികാരികള്‍ തയ്യാറായില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.

കേരളസംസ്ഥാനത്തെ വിദ്യാഭ്യാസചട്ടങ്ങള്‍ക്ക് വിധേയമായാണോ ഈ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തുവാന്‍ ചുമതലപ്പെട്ട അധികാരികള്‍ കണ്ണടച്ചുകൊടുത്തതോടെയാണ് വിദ്യാഭ്യാസരംഗത്ത് അപമാനകരമായ തൊഴില്‍ചൂഷണത്തിന്റെ വസന്തകാലം സമാഗതമായത്. ലാഭക്കൊതിമൂത്ത മുതലാളിമാര്‍ സ്വാശ്രയസ്ഥാപനങ്ങള്‍ ആരംഭിക്കുകയും ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് നല്കുന്നതെന്ന പ്രചാരണത്തിന്റെ മറവില്‍ വന്‍ഫീസ് കുട്ടികളില്‍ നിന്നും പിരിച്ചെടുത്തു. വിദ്യാഭ്യാസം സൌജന്യമായി സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ നല്കിപ്പോന്ന ഒരു സംസ്ഥാനത്തില്‍ സംഭവിച്ച ഈ മാറ്റം ആരും കണ്ടില്ലെന്നോ? അറിഞ്ഞില്ലെന്നോ? സ്വകാര്യവിദ്യാലയങ്ങളില്‍ മാനേജ്മെന്റ് കോഴവാങ്ങി നിയമിക്കുന്ന അദ്ധ്യാപകരുടെ ശമ്പളംപോലും പൊതുഖജനാവില്‍നിന്നും നല്കി വിദ്യാഭ്യാസം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന വിക്ഷണം പുലര്‍ത്തിയ കേരളീയര്‍ എങ്ങനെയാണ് ഈ നെറികേടുകള്‍ നിസ്സംഗമായി സഹിച്ചത്?

സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങളായാലും കോളേജുകളായാലും സര്‍ക്കാരും ബന്ധപ്പെട്ട ഭരണാധികാരികളും നിശ്ചയിച്ച നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് പ്രവര്‍ത്തിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍കോളേജില്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ പരിശോധനാസമയത്ത് രോഗികളെ എത്തിച്ചുകൊടുക്കുന്ന ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുവെന്നത് പരസ്യമായിക്കഴിഞ്ഞ കാര്യമാണ്. മെഡിക്കല്‍കോളേജിന് ആവശ്യമായ അടിസ്ഥാനസൌകര്യമില്ലാത്ത സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കാനോ അതിന്റെ അധികൃതര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാനോ സര്‍ക്കാരോ വിദ്യാഭ്യാസരംഗത്തെ അധികാരികളോ തയ്യാറാവുന്നില്ല! മെഡിക്കല്‍ കൌണ്‍സിലും യൂനിവേഴ്സ്റ്റിയും സര്‍ക്കാരും ചിട്ടപ്പെടുത്തിയ വ്യവസ്ഥകള്‍ പാലിക്കാതെ സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയാണെന്നതില്‍ എന്ത് സംശയം?

കൂണുപോലെ മുളച്ചുപൊന്തിയ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ നിയമലംഘനത്തിന്റെ മറ്റൊരു മേഖലയാണ്. കെ. ഇ. ആര്‍ എന്ന കേരളവിദ്യാഭ്യാസനിയമത്തിന്റെ ലംഘനം നടത്തിയാണ് അദ്ധ്യാപകരുടെ നിയമനം, സേവനം എന്നിവ ഇത്തരം സ്ഥാപനങ്ങളില്‍ നടക്കുന്നത്. അദ്ധ്യാപകര്‍ക്കു നല്കുന്ന വേതനം അപമാനകരമായവിധം തുച്ഛമാണ്. തുണിക്കടയില്‍ ജോലിചെയ്യുന്നവര്‍ക്കോ ഫോട്ടോസ്റ്റാറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കോ ലഭിക്കുന്ന വേതനം പോലും കിട്ടാത്തവരാണ് പൊങ്ങച്ചവിദ്യാഭ്യാസസ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍. പതിനഞ്ച് വര്‍ഷത്തെ പഠനത്തിലൂടെ ബിരുദം നേടി തുടര്‍ന്ന് അദ്ധ്യാപകപരിശീലനവും നേടി ജോലിചെയ്യുന്നവര്‍ക്ക് ആയിരത്തഞ്ഞൂറ് രൂപ വേതനം നല്കുന്ന സ്വാശ്രയമാനേജ്മെന്റുകള്‍പോലും നിര്‍വിഘ്നം പ്രവര്‍ത്തിക്കുന്ന നാടാണ് ഇന്നത്തെ കേരളം. രണ്ടാം മുണ്ടശ്ശേരി വേഷംകെട്ടിയ വിദ്യാഭ്യാസമന്ത്രിപോലും പീഢിതരില്‍ പീഢിതരായ ഈ അദ്ധ്യാപകരെ കണ്ടഭാവം നടിച്ചില്ല. ഈ അദ്ധ്യാപകരാണ് ചൂഷിതരും മര്‍ദ്ദിതരും. മുമ്പ് പാരലല്‍ കോളേജുകള്‍ക്ക് നികുതിചുമത്താന്‍ ഉപദേശംനല്കിയ സാമ്പത്തികവിദഗ്ദ്ധന്‍ ഇന്നും കേരളത്തില്‍ ജീവിച്ചിരിപ്പുണ്ട്. പകല്‍ക്കൊള്ളനടത്തി ലാഭംകൊയ്യുന്ന ഈ കച്ചവടവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നികുതി ചുമത്താന്‍ ആ സാമ്പത്തികവിശാരദന്‍ ആലോചിക്കുകപോലും ചെയ്തില്ല. പണത്തിന് മീതെ ആ പരുന്തും പറക്കില്ല.

Subscribe Tharjani |
Submitted by Suresh Nellikode (not verified) on Sat, 2012-04-14 09:02.

പെഡഗോജി..
പെഡഗോജി...