തര്‍ജ്ജനി

രാജേഷ് ആര്‍. വര്‍മ്മ

ഫോണ്‍: (503) 466 2039

ഇ-മെയില്‍: rajeshrv@hotmail.com

വെബ്:രാജേഷ് ആര്‍ വര്‍മ്മ

Visit Home Page ...

കടലാസുകപ്പല്‍

വെടിയുണ്ടകൊണ്ട് എഴുതിയ കഥകള്‍

കഥാരചനയുടെ സങ്കേതങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍ സംഗീതത്തിന്റെ പദാവലിപോലെതന്നെ (“ഒരു സിംഫണിപോലിരിക്കുന്നു”) വ്യാപകമായി ചിത്ര-ശില്പകലകളുടെ സാങ്കേതികപദങ്ങളും ഉപയോഗിച്ചുവരുന്നു (“വലിയ ക്യാന്‍വാസ്”, “ചായക്കൂട്ട്”, “മിഴിവ്”). ചില കഥകള്‍ കാര്‍ട്ടൂണുകളായി വിശേഷിപ്പിക്കപ്പെടുമ്പോള്‍ മറ്റു ചിലവ മിനിയേച്ചര്‍ പെയിന്റിങ്ങുകളായും ഇനിയും ചിലവ വിശാലമായ ചുവര്‍ചിത്രങ്ങളായും അനുവാചകമനസ്സില്‍ തെളിയുന്നു. ചില കാഥികര്‍ വെണ്ണക്കല്‍ശില്പികളെപ്പോലെ, ഒരുളിപ്പാടുപോലും അവശേഷിപ്പിക്കാത്ത വാസ്തവപ്രതീതിനിറഞ്ഞ ശില്പങ്ങള്‍ കൊത്തിയെടുക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തുമ്പോള്‍, ചിലര്‍ മരം കടഞ്ഞ് പാര്‍ശ്വസമാനതതികഞ്ഞ അമൂര്‍ത്തപാറ്റേണുകള്‍ വെളിവാക്കുന്നതില്‍ വൈദഗ്ദ്ധ്യം പുലര്‍ത്തുന്നു. ചെറുശകലങ്ങള്‍ കണ്ടെടുത്ത്, അവയെ ഒട്ടിച്ചുചേര്‍ത്ത് കൊളാഷുകള്‍ തീര്‍ക്കുന്നവരും ഉരുകിയ ലോഹക്കൂട്ടുകള്‍ കലര്‍ത്തി രൂപങ്ങള്‍ വാര്‍ക്കുന്നവരും കഥാകാരന്മാരിലുണ്ട്.

‘കാലത്തിന്മേല്‍ നടത്തുന്ന കൊത്തുപണി‘ എന്ന് താര്‍കോവ്സ്കി വിശേഷിപ്പിച്ചത് ചലച്ചിത്രകലയെയായിരുന്നെങ്കിലും ആ വിശേഷണത്തിനു തികച്ചും അര്‍ഹമായ കഥകളാണ് അമേരിക്കന്‍ ചെറുകഥാകൃത്തായ റ്റൊബൈയാസ് വുള്‍ഫിന്റേത്. കഥനടക്കുന്ന കാലത്തില്‍നിന്നകലെ നടക്കുന്ന ഒരു സംഭവത്തെ അടര്‍ത്തിയെടുത്ത്, വര്‍ത്തമാനത്തിനു നടുവില്‍ തറച്ചുചേര്‍ത്താണ് വുള്‍ഫ് തന്റെ കഥാശില്പങ്ങള്‍ ചമയ്ക്കുന്നത്. ‘ഞങ്ങളുടെ കഥ തുടങ്ങുന്നു’ (Our Story Begins) എന്ന സമാഹാരത്തിലെ തെരഞ്ഞെടുത്ത കഥകളില്‍ മിക്കവയിലും ഈ സവിശേഷതകാണാം. ഒരു ദൃഷ്ടാന്തകഥപോലെ സരളമായി തുടങ്ങുന്ന ‘ധനികനായ സഹോദരന്‍’ (The Rich Brother) എന്ന കഥയില്‍ ജീവിതവിജയം നേടിയ ജ്യേഷ്ഠന്‍ കൊള്ളരുതാത്തവനായ അനുജനെ സഹായിക്കാന്‍ വീണ്ടും വീണ്ടും തയ്യാറായി പരാജയപ്പെടുന്ന ദിവസത്തിനുനടുവില്‍ അവരുടെ കുട്ടിക്കാലത്തുനിന്നുള്ള ഒരു സംഭവം പതിച്ചുവെയ്ക്കുന്നു കഥാകാരന്‍. ശസ്ത്രക്രിയകഴിഞ്ഞു് വിശ്രമിക്കുന്ന അനുജന്റെ വയറ്റില്‍ ആരുംകാണാതെ ആഞ്ഞാഞ്ഞ് ഇടിയ്ക്കുന്ന ജ്യേഷ്ഠസഹോദരന്റെ പ്രവൃത്തി പരാ‍ജയപ്പെട്ട ഒരു ജീവിതത്തിന്റെ പൊറുതികേടിനു മുഴുവന്‍ പുതിയൊരര്‍ത്ഥം നല്കാന്‍ പര്യാപ്തമായിത്തീരുന്നു. ‘ലേഡിയുടെ സ്വപ്നം’ (Lady's Dream) എന്ന കഥയില്‍ ഭര്‍ത്താവുമൊത്തുള്ള കാര്‍യാത്രയ്ക്കിടയില്‍ മയങ്ങിപ്പോകുന്ന സ്ത്രീ തന്നെ അയാള്‍ വിവാഹംചെയ്യാനുള്ള കാരണത്തെപ്പറ്റി കാണുന്ന സ്വപ്നമാണ് ഇത്തരത്തില്‍ കഥയ്ക്കു നടുവില്‍ പതിയ്ക്കുന്ന വെളിപാടാകുന്നത്. കൂടിയിരുന്ന് പരദൂഷണം പറയുന്ന സുഹൃത്തുക്കള്‍ക്കിടയില്‍ ഒരുവന്‍ തന്റെ ചെറുപ്പത്തില്‍നിന്നും ഓര്‍ത്തുപറയുന്ന ഒരു സംഭവമാണ് ‘മഹാനക്രം’ (Leviathan) എന്ന കഥയില്‍ ഇപ്രകാരം കഥാകേന്ദ്രമായിത്തീരുന്ന ബാഹ്യവസ്തു. ‘പറയപ്പെട്ട രാത്രി’ (The Night in Question) യില്‍ ദൈവഭയത്തിന്റെ ലഹരിയില്‍ ജീവിക്കുന്ന സഹോദരനില്‍ അച്ഛന്റെ ശിക്ഷകളുടെ അനന്തരഫലങ്ങള്‍കാണുന്ന സഹോദരിയാണുള്ളത്.

റ്റൊബൈയാസ് വുള്‍ഫിന്റെ ഉളി ഭൂതകാലത്തില്‍നിന്നു മാത്രമല്ല ഇത്തരം സന്ദര്‍ഭങ്ങള്‍ കണ്ടെടുക്കുന്നത്. ‘മറ്റേ മില്ലര്‍’ (The Other Miller) എന്ന കഥയില്‍ നടക്കാന്‍ പോകുന്നതോ നടക്കാനിടയുള്ളതോ ആയ ഒരു ഭാവികാലത്തിലേക്കാണ് കഥ കുതിച്ചുചാട്ടം നടത്തുന്നത്. ‘ബുഫെ’ (Smorgasbord), ‘ആ മുറി‘ (That Room), ‘പൊടിമഞ്ഞ്’ (Powder‌), ‘അഗ്നിപ്രഭ’ (Firelight) എന്നീ കഥകളില്‍ കഥാകാലം ഇടയ്ക്കുവെച്ചു മുറിച്ചിട്ട്, ഭാവികാ‍ലത്തിന്മേല്‍, കഥാപാത്രങ്ങളുടെ നീണ്ട ശിഷ്ടജീവിതത്തിന്മേല്‍, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവം എങ്ങനെ നിഴല്‍വീഴ്ത്താന്‍പോകുന്നു എന്നു കാണിച്ചുതന്നിട്ടാണ് വര്‍ത്തമാനത്തിലേക്കു് മടങ്ങിയെത്തി കഥ പൂര്‍ത്തിയാക്കുന്നത്. സംഭവിച്ചുകഴിഞ്ഞ ഒരു ഭവിഷ്യത്കാലം മുളപൊട്ടിക്കഴിഞ്ഞിട്ടും അതു തടയാനാകാതെ, ഏതോ അമാനുഷമായ ശക്തികളുടെ അനിവാര്യതയ്ക്കടിപ്പെട്ടു ചലിയ്ക്കുന്ന യന്ത്രതുല്യരായ കഥാപാത്രങ്ങളെക്കണ്ട് വായനക്കാരന്‍ തരിച്ചുനില്ക്കുന്നു.

ഇനിയും ചില കഥകള്‍ക്കുനടുവില്‍ നിലകൊള്ളുന്ന അപരാഖ്യാനങ്ങള്‍ കല്പിതകഥകളാണ്. ‘അയല്‍പക്കം’ (Next Door) എന്ന കഥയില്‍ അയല്‍പക്കത്തെ ദമ്പതികളുടെ വഴക്കുകള്‍ ശ്രദ്ധിക്കുന്ന മദ്ധ്യവയസ്കരായ ദമ്പതികളാണുള്ളത്. ടി.വി.യില്‍ കാണുന്ന സിനിമയെക്കാള്‍ നല്ലകഥ തനിയ്ക്കു പറയാന്‍കഴിയും എന്നു പറഞ്ഞിട്ട് ഭര്‍ത്താവ് തന്നോടുതന്നെ പറയുന്ന കഥയ്ക്കുള്ളിലെ കഥയാണ് ഇവിടുത്തെ മറുലോകം. ‘നുണയ’ നിലാകട്ടെ (The Liar) പിതാവിന്റെ മരണത്തെത്തുടര്‍ന്ന് നുണപറച്ചിലുകാരനായിമാറിയ മകന്‍ അപൂര്‍വ്വസുന്ദരദേശങ്ങളെക്കുറിച്ചു കഥകള്‍ ചമയ്ക്കുന്നു. ‘അമേരിക്കന്‍രക്തസാക്ഷികളുടെ ഉദ്യാനത്തില്‍’ (In the Garden of the North American Martyrs) എന്ന കഥയില്‍ അദ്ധ്യാപകജോലിതേടിയെത്തുന്ന നായികയ്ക്ക് തന്റെ അഭിമുഖപരീക്ഷ ഒരു പ്രഹസനംമാത്രമാണെന്നു വൈകാതെ വ്യക്തമാകുന്നു. ക്ലാസെടുത്തു കാണിക്കാന്‍ പറയുമ്പോള്‍ പകുതി ഓര്‍ത്തെടുത്തും പകുതി കല്പിച്ചുണ്ടാക്കിയും അവള്‍ പറയുന്ന, ഒരു പ്രാചീനഗോത്രത്തിന്റെ ക്രൂരതയെക്കുറിച്ചുള്ള പ്രഭാഷണം കഥയെ ഭ്രമാത്മകമായ മറ്റൊരു ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു. ‘മരുഭൂമിയിലെ ബ്രെയ്ക്ക്ഡൌണ്‍, 1968’ (Desert Breakdown, 1968) എന്ന കഥയിലെ സങ്കല്പലോകമാകട്ടെ, ഒരു മരീചികപോലെ ക്ഷണഭംഗുരമാണ്. ഭാഗ്യാന്വേഷിയാ‍യി ഹോളിവുഡിലേക്കു പുറപ്പെടുന്ന ചെറുപ്പക്കാരന്‍ തന്റെ കാര്‍ തകരാറിലാകുമ്പോള്‍ ജീവിതവിജയത്തിലൂടെ താന്‍ മാതാപിതാക്കളോടു പ്രതികാരംവീട്ടുമെന്നു സ്വപ്നംകാണാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വൈകാതെതന്നെ യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങിവന്ന്, പണം കടംവാങ്ങാന്‍ അവരെ ഫോണ്‍ ചെയ്യുകയാണ്.

റ്റൊബൈയാസ് വുള്‍ഫിന്റെ ശില്പതന്ത്രത്തിന്റെ തികവുമുഴുവന്‍ വെളിവാക്കുന്ന ഒരു കൊച്ചുകഥയാണ് ഈ സമാഹാരത്തിലെ ‘തലച്ചോറില്‍ ഒരു വെടിയുണ്ട’ (A Bullet in the Brain). ഭൂതകാലത്തിലെ ഒരു നിമിഷത്തിലേക്കും തിരികെയുമുള്ള കുതിപ്പും, ഒരു കഥാപാത്രത്തിന്റെ ഭാഗധേയം മുഴുവന്‍ വെളിവാക്കാന്‍ കെല്പുള്ള ഏതാനും ശിഥിലജീവിതഖണ്ഡങ്ങളുടെ തെരഞ്ഞെടുപ്പും, വായനയെയും ഭാഷയെയും കുറിച്ചുള്ള മനോഹരമായ സങ്കല്പങ്ങളും ഒത്തുചേര്‍ന്ന ഈ കഥ കഥാകാരന്റെ മാസ്റ്റര്‍സുകളിലൊന്നാണ്. വെടിയുണ്ടയുടെ കൃത്യതയോടെയും വേഗതയോടെയും തലച്ചോറുതുരന്നു കയറുന്ന ഏതാനും കഥകളുടെ ഈ സമാഹാരത്തിന് ഒരു മകുടമണി തന്നെയാണ് ഈ കഥ.

Subscribe Tharjani |