തര്‍ജ്ജനി

എല്‍. തോമസ് കുട്ടി

മലയാളവിഭാഗം,
കാലിക്കറ്റ് യൂനിവേഴ് സിറ്റി.

Visit Home Page ...

കവിത

വെണ്ടയ്ക്ക

പത്രി
കര്‍ഷകനല്ല
മീന്‍കാരനോ
കരുവാനോ
നെയ്ത്തുകാരനോ അല്ല.

അത്രയ്ക്കങ്ങ്
ഭക്തനല്ല
പ്രവര്‍ത്തകനല്ല
ജ്ഞാനിയോ
ഭോഗിയോ അല്ല.

ആള്‍ക്കൂട്ടത്തില്‍ക്കൂടില്ല
ഏകാന്തതയില്‍ ധ്യാനിക്കില്ല
വ്യത്യസ്തനല്ല
യാത്രികനോ സാഹസികനോ
മാന്ത്രികനോ അല്ല.

മലബന്ധംപോലുള്ള
ശരാശരി രോഗങ്ങളും
ഭാര്യ-തട്ടാന്‍ പോലുള്ള
ഉല്കടാശയങ്ങളും
ഭാരമേറ്റില്ല.

അരി, ഉപ്പ്, മുളക്
മീന്‍, മുട്ട, ബീഫ്
വെള്ളം
ശ്വാസം
എന്നിവ കിട്ടുംമുറയ്ക്ക്
അശിച്ച്
മരിച്ചു.

ചത്തശേഷം
കമ്മിറ്റിക്കാരെത്തി
പിരിവ്, പ്രഭാഷണം,സ്മാരകം,ആര്‍ക്കൈവ്
ഉണ്ടാക്കണം.

തിരുശേഷിപ്പുകള്‍ തെരഞ്ഞു
കണ്ണട, ഊന്നുവടി, ചെരുപ്പ്
ബനിയന്‍, പുസ്തകങ്ങള്‍
കേടാകാത്തവ ഒന്നും കിട്ടിയില്ല
ആകെ കിട്ടിയത്
അടുക്കളയലമാരയില്‍
വര്‍‍ഷങ്ങളായി
സൂക്ഷിച്ചുവെച്ചിരുന്ന
ഫ്രഷ് വെണ്ടയ്ക്ക.

Subscribe Tharjani |