തര്‍ജ്ജനി

രാജു കാഞ്ഞിരങ്ങാട്

ചെനയന്നൂര്‍
കാഞ്ഞിരങ്ങാട് .പി .ഒ
കരിമ്പം .വഴി,
തളിപ്പറമ്പ്. 670 142. കണ്ണൂര്‍ ജില്ല.

Visit Home Page ...

കവിത

കാക്കക്കവിത

ഉപ്പന്റെചിനക്കല്‍ കേട്ടാണ്
അപ്പനുണരുക
ഒപ്പരം ഞാനും .
പൊടിച്ച ഉമിക്കരി
ചാണകത്തറയിലിട്ടുതരും
ഉണങ്ങിയ ഈര്‍ക്കില്‍
രണ്ടായി പകുത്തുതരും
പാളത്തൊട്ടിയില്‍
കിണര്‍ ജലം കോരിത്തരും
കൊപ്പരക്കളത്തിലേക്ക്‌
അപ്പന്റെ ഒപ്പരം ഞാനും പോകും.
അആ ഇഈ ഉ ഊ റബ്ബറിട്ട
പുസ്തകക്കെട്ടുകള്‍
ഇടവഴിയിലൂടെ സ്കൂളിലെക്കോടും
കഫംകെട്ടിയ അപ്പന്റെ -
തൊണ്ടയില്‍ നിന്ന്
ചുമയുടെ കഖഗഘങ ചിതറും
ഉണ്ടക്കൊപ്പരയാണ്
ഭൂമി ഉരുണ്ടതാണെന്ന്
എന്നെ പഠിപ്പിച്ചത്
ഉണങ്ങാനിട്ട കൊപ്പര
ഒളികണ്ണാലെ നോക്കുന്ന
കാക്ക വിരലുകളാണ്
തറ പറ പഠിപ്പിച്ചത്
വെള്ളകടലാസിലെ കറുത്ത-
അക്ഷരം
കൊപ്പരയ്ക്ക് മുകളിലെ
കാക്കയായിരുന്നു
കാക്കക്കാലുകള്‍ കോറിയതെല്ലാം
കവിതയായിരുന്നു
അങ്ങിനെയാണ് കാക്ക-
കവിതയായതു
കവിതയിലെ കാക്കയ്ക്ക്
ഏഴഴകായിരുന്നു

Subscribe Tharjani |