തര്‍ജ്ജനി

മുഖമൊഴി

തീവണ്ടിയും പൗരാവകാശവും

ഇന്ത്യയിലെ റെയില്‍ഗതാഗതം കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ്. പലേടത്തും അങ്ങനെയല്ലാതെ പ്രാദേശികമായ യാത്രാസംവിധാനങ്ങള്‍ കമ്പനികളായി സര്‍ക്കാര്‍ മുന്‍കയ്യില്‍ത്തന്നെ ആരംഭിച്ചിട്ടുണ്ട്. ജീവിതത്തിന്റെ തിരക്കുകള്‍ വര്‍ദ്ധിക്കുകയും കൂടുതല്‍ യാത്രാസംവിധാനങ്ങള്‍ ആവശ്യമാവുകയും ചെയ്യുന്നതിന്റെ ഫലമായി ചെലവുകുറഞ്ഞതും സൗകര്യപ്രദവുമായ സംവിധാനം എന്ന നിലയില്‍ റെയില്‍വേയെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് നോക്കുന്നത്. ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് യാത്രാക്കൂലി കൂട്ടാതെ നിരന്തരം റെയില്‍വേ ബഡ്ജറ്റ് അവതരിപ്പിച്ച് വിസ്മയം സൃഷ്ടിച്ചതിനാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്ക് കൂലിവര്‍ദ്ധനവ് വരുത്തി ദുഷ്കീര്‍ത്തിവാങ്ങേണ്ട അവസ്ഥയും ഉണ്ടായി. കേരളത്തിലെ റെയില്‍വേ വികസനത്തെപ്പറ്റി പരാതികള്‍ ഓരോ ബഡ്ജറ്റ്കാലത്തും പറയുമെങ്കിലും പരിമിതമായ സൗകര്യങ്ങളില്‍ തിക്കിത്തിരക്കി തീവണ്ടികളില്‍ മലയാളികള്‍ ഇപ്പോഴും യാത്രചെയ്തുകൊണ്ടിരിക്കുന്നു. അതിനിടയിലാണ് റെയില്‍വേയെക്കുറിച്ച് പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

കൊച്ചിയിലെ ഒരു സ്വകാര്യകമ്പനിയിലെ ജോലിക്കാരിയായ സൗമ്യ എന്ന യുവതിയുടെ ദാരുണമായ അന്ത്യമാണ് തീവണ്ടിയാത്രകള്‍ എത്രത്തോളം സുരക്ഷിതമാണ് എന്ന ചോദ്യം ഉയര്‍ത്തിയത്. ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യുകയായിരുന്ന സൗമ്യ, ആ കംപാര്‍ട്ട്‌മെന്റില്‍ ആളൊഴിഞ്ഞതിനാല്‍ സുരക്ഷിതത്വത്തിനായി ജനറല്‍ കംപാര്‍ട്ട്‌മെന്റിലേക്ക് മാറി. അവിടെയും യാത്രക്കാരില്ലായിരുന്നു. ഗോവിന്ദച്ചാമിയെന്നയാള്‍ അവിടെ വെച്ചാണ് സൗമ്യയെ ആക്രമിച്ചത്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും നിലവിളിക്കുകയും ചെയ്ത സൗമ്യയെ സഹായിക്കാന്‍ നിലവിളി കേട്ടവര്‍പോലും ശ്രമിച്ചില്ലെന്നത് മലയാളിസമൂഹത്തിനാകെ അപമാനകരമായ കാര്യമാണ്. ട്രെയിനില്‍ നിന്നും ട്രാക്കിലേക്ക് തള്ളിയിട്ട സൗമ്യയെ പിന്നാലെ ചാടിയ അക്രമി തലയ്ക്കടിച്ച് പരിക്കേല്പിക്കുകയും കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയുമാണ് ചെയ്തത്.

തീവണ്ടിയാത്രയ്ക്കിടയില്‍ സംഭവിക്കുന്ന പ്രശ്നങ്ങള്‍ മാദ്ധ്യമങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങുന്നത് സൗമ്യയുടെ കൊലപാതകത്തോടെയാണ്. പാനീയത്തിലോ ഭക്ഷണത്തിലോ ഉറക്കമരുന്ന് നല്കി യാത്രക്കാരെ കൊള്ളയടിക്കപ്പെടുന്ന സംഭവം നിത്യേനയെന്നോണം നടക്കുന്നതാണ്. പരാതികള്‍ റെയില്‍വേ പോലീസില്‍ നിരന്തരം ഫയല്‍ചെയ്യപ്പെടുന്നതാണ്. ഇതില്‍ എത്ര കേസുകളില്‍ കുറ്റവാളികള്‍ പിടിക്കപ്പെട്ടിട്ടുണ്ട്? തീവണ്ടികളില്‍ സുരക്ഷിതത്വത്തിനായി റെയില്‍വേ പോലീസ് എന്ന ഒരു സംവിധാനം തന്നെ നിലവിലുണ്ട്. പ്ലാറ്റ്‌ഫോമുകളിലും തീവണ്ടിക്കകത്തും നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കുറ്റവാളികളെ നിയമസംവിധാനത്തിനു മുന്നില്‍ കൊണ്ടുവരുവാനും ഈ സംവിധാനത്തിന് സാധിക്കുന്നുണ്ടോ? യാത്രക്കാരായ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും തടയാന്‍ ഈ സംവിധാനം അപര്യാപ്തമാണോ? തിരുവനന്തപുരത്തെ സംസ്ഥാന ആസൂത്രണബോര്‍ഡ് ജിവനക്കാരിയായ ജയഗീതയുടെ അനുഭവങ്ങള്‍ ഈ ചോദ്യത്തിലേക്കാണ് നമ്മെ നയിക്കുന്നത്.

തീവണ്ടിയിലെ സ്ഥിരം യാത്രക്കാരിയായ ജയഗീത ഫസ്റ്റ്ക്ലാസ്സ് സൂപ്പര്‍ഫാസ്റ്റ് സീസണ്‍ടിക്കറ്റ് ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത്. സ്ഥിരമായി സഞ്ചരിക്കുന്ന ഇവരെ ഏ. സി കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യാന്‍ ടിക്കറ്റ് എക്സാമിനര്‍ ക്ഷണിക്കുന്നു. ഇത്തരം ആനുകൂല്യം നല്കി സ്ത്രീയാത്രികരെ സ്വന്തം ഇംഗിതങ്ങള്‍ക്ക് വിധേയമാക്കുന്ന ഒരു സംഘം തീവണ്ടികളുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഉദ്ദേശ്യശുദ്ധിയില്‍ സംശയം തോന്നിയതിനാല്‍ ക്ഷണം നിരസിച്ച ജയഗീതയെ രണ്ട് ടിക്കറ്റ് എക്‌സാമിനര്‍മാര്‍ ചേര്‍ന്ന് അധിക്ഷേപിക്കുന്നതോടെയാണ് പുറംലോകം സംഭവം അറിയുന്നത്. സ്ഥിരം യാത്രക്കാരില്‍ തങ്ങളുടെ ഇരകാളാകാനിടയുള്ളവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. പ്രശ്നത്തെത്തുടര്‍ന്ന് ജയഗീത ഭര്‍ത്താവിനോട് പ്ലാറ്റ്‌ഫോമിലെത്തുവാന്‍ ആവശ്യപ്പെട്ടു. പ്ലാറ്റ്‌ഫോമില്‍ കാത്തുനില്ക്കുകയായിരുന്ന ഭര്‍ത്താവിനെ, അദ്ദേഹത്തിന്റെ രാഷ്ട്രീയവും മറ്റും എടുത്തുപറഞ്ഞ് വെല്ലുവിളിച്ച ടിക്കറ്റ് എക്സാമിനര്‍ ഒരു അധോലോകത്തിന്റെ ഭാഗമാണെന്ന് ആരെങ്കിലും സംശയിക്കുന്നുവെങ്കില്‍ കുറ്റംപറയാനാവില്ല. പ്ലാറ്റേഫോമില്‍ നില്ക്കുകയായിരുന്ന റെയില്‍വേപോലീസിനോട് ജയഗീത പരാതി പറഞ്ഞെങ്കിലും ഒരു ഫലവുമുണ്ടായില്ല. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാനും പരാതികള്‍ക്ക് പരിഹാരം ഉണ്ടാക്കുവാനുമല്ലെങ്കില്‍ എന്തിനാണ് പൊതുഖജനാവിലെ പണം ചിലവഴിച്ച് കാക്കിവേഷക്കാരെ നിയോഗിച്ചിരിക്കുന്നത്? കുറ്റവാളികളെ സംരക്ഷിക്കുകയാണോ അവരുടെ ഉത്തരവാദിത്തം?

ജയഗീതയുടെ പരാതി പത്രക്കാര്‍ അറിയുകയും വലിയ മാദ്ധ്യമശ്രദ്ധനേടുകയും ചെയ്തതോടെ റെയില്‍വേ ടിക്കറ്റ് എക്സാമിനര്‍മാരെ സസ്പെന്റ് ചെയ്തു. തൊട്ടടുത്തദിവസം തന്നെ അവരെ തിരിച്ചെടുക്കുകയും ചെയ്തു. തിരിച്ചെടുക്കുന്നതിനെ ന്യായീകരിക്കാനായി യാത്രക്കാരിയുടെ ഭാഗത്തുണ്ടായ തെറ്റ് സ്ഥാപിക്കുവാന്‍ വിശദീകരണവുമുണ്ടായി. എന്നാല്‍ അതെല്ലാംതന്നെ ശുദ്ധനുണകളാണെന്ന് തൊട്ടടുത്ത ദിവസങ്ങളില്‍ നിരവധി യാത്രക്കാരുടെ സാക്ഷ്യങ്ങളിലൂടെ വെളിപ്പെട്ടതാണ്. യാത്രക്കാരിയുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടായാല്‍ത്തന്നെ, അവരെ സംഘംചേര്‍ന്ന് അധിക്ഷേപിക്കുവാനും പ്ലാറ്റ്‌ഫോമില്‍ കാത്തുനില്ക്കുകയായിരുന്ന ഭര്‍ത്താവിനെ തെറിവിളിക്കാനും വെല്ലുവിളിക്കാനും ഏത് റെയില്‍വേ നിയമമാണ് ഈ ടിക്കറ്റ് പരിശോധകന് അധികാരം നല്കുന്നത്? ഇത്തരക്കാരെ മാതൃകാപരമായ ശിക്ഷിക്കുന്നതിനു പകരം അവരോട് മൃദുസമീപനം റെയില്‍വേ കൈക്കൊള്ളുന്നത് എന്തുകൊണ്ടാണ്?

ഭരതസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിന്റെ ഭാഗമായി കൊളോണിയല്‍കാലത്ത് ആരംഭിക്കുകയും സ്വതന്ത്രഭാരതത്തില്‍ മുന്‍ഗണനാക്രമത്തില്‍ വികസിപ്പിച്ചെടുക്കുകയും ചെയ്ത ഈ സ്ഥാപനം മറ്റെല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുമെന്നതുപോലെ അഴിമതിയും പലവിധത്തിലുള്ള ക്രമക്കേടുകളും നടക്കുന്ന ഒരു സംവിധാനമാണെന്ന് ആരോപിച്ചാല്‍ അതില്‍ വലിയ അത്ഭുതം ആര്‍ക്കും തോന്നുകയില്ല. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും അധികാരമുള്ളവന് കയ്യിട്ടുവാരുവാനുള്ളതാണെന്ന ധാരണ മികച്ച കൊള്ളക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ തെളിയിക്കുകയും നമ്മുടെ രാഷ്ട്രീയക്കാരെല്ലാം അതിനോട് മൃദുസമീപനം പുലര്‍ത്തുകയുംചെയ്യുന്നതിനാല്‍ അഴിമതിവിമുക്തമായ റെയില്‍വേ എന്ന സ്വപ്നം ആരും കൊണ്ടുനടക്കാനിടയില്ല. എന്നാല്‍ ക്രിമിനലുകളുടെ തേര്‍വാഴ്ചാസ്ഥാനമായി അത് മാറുന്നത് അങ്ങേയറ്റം കുറ്റകരമാണ്. കമ്പ്യൂട്ടറൈസ്ഡ് റിസര്‍വ്വേഷന്‍ സംവിധാനം ആരംഭിക്കുന്നതുവരെ ടിക്കറ്റ്എക്‌സാമിനര്‍മാരെ പ്രീതിപ്പെടുത്തിയാല്‍ നിഷ്പ്രയാസം ബെര്‍ത്ത് സംഘടിപ്പിക്കാവുന്നവിധത്തിലായിരുന്നു കാര്യങ്ങള്‍. ഇപ്പോള്‍ ചാര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞതിനുശേഷം ഉണ്ടാവുന്ന ക്യാന്‍സലേഷനുകള്‍ ടിക്കറ്റ് പരിശോധകന് മാത്രം അറിയാവുന്ന കാര്യമാണ്. ക്രമമനുസരിച്ച് യാത്രക്കാര്‍ക്ക് കിട്ടേണ്ട സീറ്റുകളും ബെര്‍ത്തുകളുമാണ് അധോലോകത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ ഇംഗിതം സാധിച്ചെടുക്കുവാനായി ഉപയോഗപ്പെടുത്തുന്നത്. പൗരന്റെ അവകാശങ്ങള്‍ സ്വകാര്യവ്യക്തിയുടെ ഇംഗിതങ്ങളുടെ പൂര്‍ത്തീകരണത്തിനായി വിനിയോഗിക്കപ്പെടുകയും ഒരു സംവിധാനം അപ്പാടെ അതിനു് കീഴടങ്ങിയിരിക്കുകയുംചെയ്യുന്നത് കുറ്റകരമാണ്. റെയില്‍വേ പോലീസും അധികാരികളും പുലര്‍ത്തുന്ന നിസ്സംഗതയും മൃദുസമീപനവും പൗരാവകാശം ലംഘിക്കുന്നവരെ സംരക്ഷിക്കകയാണ് ചെയ്യുന്നത്.

Subscribe Tharjani |
Submitted by Sabu Kottotty (not verified) on Sat, 2012-03-10 21:41.

തീര്‍ച്ചയായും പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട വിഷയമാണിത്. സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്‍ക്കും ടിക്കറ്റ് എക്സാമിനര്‍മാരില്‍നിന്ന് മോശം പെരുമാറ്റങ്ങള്‍ അനുഭവപ്പെടാറുണ്ട്. ബ്ലോഗര്‍ അരുണ്‍ കായംകുളത്തിന്റെ ഒരു പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട് യാത്രചെയ്തപ്പോള്‍ അമൃത എക്സ്പ്രസ്സിലെ ഒരു എക്സാമിനര്‍ മോശമായി പെരുമാറിയിരുന്നു. കായംകുളം റയില്‍വേസ്റ്റേഷനില്‍ പരാതിബുക്കില്‍ രേഖപ്പെടുത്തിയ പരാതിയിന്മേല്‍ റയില്‍വേയുടെ വക ഒരു ക്ഷമാപണം എനിക്കു കിട്ടിയിരുന്നു. മറ്റു നടപടികളൊന്നും എടുത്തുകാണില്ലെന്നു കരുതുന്നു. അന്നും റയില്‍വേ പൊലീസിനോട് ഞാന്‍ പരാതിപറഞ്ഞപ്പോള്‍ പൊട്ടന്റെ ചെവിയില്‍ ശംഖ് ഊതുന്ന ഒരനുഭവമായിരുന്നു കിട്ടിയത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നിസ്സംഗതയാണുള്ളതെന്നത് തര്‍ക്കമില്ലാത്ത പരമാര്‍ത്ഥമാണ്. കൂട്ടം ചേര്‍ന്നു മെരുക്കുകയല്ലാതെ വേറേ മാര്‍ഗ്ഗമില്ലെന്നാണു തോന്നുന്നത്.