തര്‍ജ്ജനി

ഫാസില്‍

ഇ മെയില്‍ : fazilkalloor@gmail.com
ബ്ലോഗ് :http://fazilkathakal.blogspot.com

Visit Home Page ...

കഥ

വംഗം

കഫ്റ്റീരിയയില്‍ പൊറോട്ടകളുമായി ഗുസ്തി പിടിച്ചു കൊണ്ടിരിക്കേയാണ് അവര്‍ സംസാരിച്ചുകൊണ്ട് കയറിവന്നത്. വേങ്ങരക്കാരന്‍ മൂസാഹാജിയും ബംഗാളി നൂറുല്‍ ഇസ്ലാമും. ബംഗാളി എന്നു കേട്ടാല്‍ പശ്ചിമബംഗാളിനെയും കല്‍ക്കട്ടയേയുമൊന്നും ഓര്‍ത്തുപോവല്ലേ: ഗള്‍ഫില്‍ ബംഗാള്‍ എന്നു പറഞ്ഞാല്‍ ബംഗ്ലാദേശാണ്. ബംഗാളി ബംഗ്ലാദേശിയും. പശ്ചിമബംഗാളി ഇവിടെ കല്‍ക്കട്ടാവാലയാണ്.

സീരിയസായ ചര്‍ച്ചയായിരുന്നു അവര്‍ തമ്മില്‍ നടന്നുകൊണ്ടിരുന്നത്.

കുറച്ചുനേരം കേട്ടിരുന്നപ്പോള്‍ വിഷയം പിടികിട്ടി. ബംഗ്ലാദേശില്‍ ശൈഖ് ഹസീനയുടെ സര്‍ക്കാര്‍ പാസാക്കിയ ഭരണഘടനാബില്ലായിരുന്നു വിഷയം. ബില്ലിലൂടെ മുമ്പ് പട്ടാളഭരണകാലത്ത് ഭരണഘടനയില്‍ നിന്നു നീക്കം ചെയ്ത മതേതരത്വം പുനസ്ഥാപിക്കുവാനും എല്ലാ മതസ്ഥര്‍ക്കും തുല്യ അവകാശാധികാരങ്ങള്‍ ഉറപ്പുവരുത്താനും ശൈഖ് ഹസീനയുടെ സര്‍ക്കാര്‍ ശ്രമിക്കുന്നു.

ഇടയ്ക്കെപ്പോഴോ അവര്‍ ഭക്ഷണം ആവശ്യപ്പെടുകയും മുന്നിലെത്തിയ ഭക്ഷണവുമായി പോരുതുടങ്ങുകയും ചെയ്തിരുന്നു. ശൈഖ് മുജീബുര്‍ റഹ്മാനെ രാഷ്ട്രപിതാവായി പ്രഖ്യാപിച്ചതും മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ടീയം നിരോധിച്ചതുമൊക്കെ ചര്‍ച്ചയിലേക്കു കടന്നുവന്നു. ചര്‍ച്ചയും തീറ്റയും മന്ദഗതിയില്‍ നീങ്ങിക്കൊണ്ടിരിക്കേ അപ്രതീക്ഷിതമായി മൂസാഹാജി ഒരു ടോര്‍പിഡോ പ്രയോഗിച്ചു:

‘ യാ തോ ഹസീനാ യാ ഫിര്‍ ഖാലിദാ!......ശൂ ഹാദാ?’1

ചോദ്യം കേട്ടതോടെ വംഗദേശിയുടെ തൊണ്ടയില്‍ പൊറോട്ട കുരുങ്ങി. അയാളുടെ കണ്ണുതള്ളി.

‘ യാ തോ ഹസീനാ യാ ഫിര്‍ ഖാലിദാ ക്യാ ആപ്കോ യഹാം ഓര്‍ കോയീ മര്‍ദ്ദ് നഹീ ഹേ?’2

രണ്ടാമത്തെ ചോദ്യം കേട്ടതോടെ വംഗന്‍ ഭൂമി പിളര്‍ന്ന് അപ്രത്യക്ഷനായി.

‘ക്യാ ആപ് ഇന്ദിരാ കോ ഭൂല്‍ ഗയേ?’3 എന്നു ചോദിച്ചുകൊണ്ട് ‘അന്ന് ഇന്ത്യയില്‍ ആണുങ്ങള്‍ ഉണ്ടായിരുന്നില്ലേ’ എന്നു ചോദിക്കാതെ ചോദിച്ചുകൊണ്ട് അവന്‍ പൊങ്ങുന്നതും കാത്ത് ഞാനിരുന്നു.

‘ബേനസീര്‍ ഭൂട്ടോ, ഷെയ്ഖ് ഹസീന ,ഖാലിദാ സിയ….ക്യാ ഇന്‍ സബ്കി റോള്‍മോഡല്‍ ഇന്ദിരാ ഹൈ?’4 എന്ന ചോദ്യം കൊണ്ട് അവന്‍ മൂസാഹാജിയെ മലര്‍ത്തിയടിക്കുമെന്നും ഞാന്‍ പ്രതീക്ഷിച്ചു.

ഒന്നുമുണ്ടായില്ല. വംഗന്‍ പൊങ്ങിയതേയില്ല; ചരിത്രബോധത്തിന്റെ അഭാവത്താലാവണം. അതോ മുങ്ങിയിടത്തിരുന്ന് ശൈഖ് ഹസീനയ്ക്കെതിരെ കരുനീക്കങ്ങള്‍ നടത്തുകയാവുമോ?

കുറിപ്പുകള്‍

1. ഒന്നുകില്‍ ഹസീന അല്ലെങ്കില്‍ ഖാലിദ! എന്തായിത്?
2. ഹസീനയല്ലെങ്കില്‍ ഖാലിദ; നിങ്ങളുടെ നാട്ടില്‍ ആണുങ്ങളാരുമില്ലേ?
3. താങ്കള്‍ ഇന്ദിരയെ മറന്നുപോയോ?
4. ബേനസീര്‍ ഭൂട്ടോ, ഷെയ്ഖ് ഹസീന, ഖാലിദാ സിയ….ഇവരുടെയൊക്കെ
റോള്‍മോഡല്‍ ഇന്ദിരയായിരുന്നില്ലേ?

Subscribe Tharjani |